മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍

മയ്യഴിയുടെ ഹംസഗീതമായ നോവല്‍ ആരംഭം മുതല്‍ അനുസ്യൂതം ചര്‍ച്ച ചെയ്യപ്പെടുകയും അനുകൂലമായും പ്രതികൂലമായും വാദപ്രതിവാദങ്ങള്‍ ഉയരുകയും ചെയ്ത് നിത്യവിസ്മയമായ സൃഷ്ടിയാണ്
Updated on
2 min read

ചില പേരുകള്‍ ചില സ്ഥലങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകാണാം. കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഇത് ദൃശ്യമാണ്. തകഴിയെന്ന് കേള്‍ക്കുമ്പോള്‍ സാഹിത്യകാരന്‍ ശിവശങ്കരപ്പിള്ളയെ ഓര്‍ക്കുന്നതുപോലെ അടൂര്‍ എന്ന സ്ഥലനാമം ഗോപാലകൃഷ്ണന്‍ എന്ന പേരുമായി യോജിക്കുന്നതുപോലെ. ഊരും പേരും ഒന്നിക്കുന്നതാണ് 'വയലാര്‍'. അതിനോട് രാമവര്‍മ്മ എന്നുപോലും ചേര്‍ക്കേണ്ടതില്ലെന്ന് സാരം. അതുപോലെയാണ് മയ്യഴി എന്ന് കേള്‍ക്കുമ്പോള്‍ മുകുന്ദന്‍ എന്ന പേര് മനോമുകുരത്തില്‍ ശോഭിക്കുന്നത്.

മയ്യഴിയുടെ സാഹിത്യകാരനാണ് എം മുകുന്ദന്‍. മാതൃഭൂമി ആഴ്ചപതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന എം മുകന്ദന്റെ ഏറ്റവും പ്രധാനവും പ്രസിദ്ധവുമായ നോവല്‍ മലയാള സാഹിത്യത്തിന് നവീന ഭാവുകത്വം പ്രദാനം ചെയ്ത രചനയാണ്. 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു,' 'ഈ ലോകം അതിലൊരു മനുഷ്യന്‍' തുടങ്ങിയ നോവലുകള്‍ വെളിച്ചം കണ്ടിരുന്നെങ്കിലും മയ്യഴിയുടെപ്പുഴയുടെ തീരങ്ങളില്‍ എന്ന കൃതിയാണ് എം മുകുന്ദന് ആരൂഢം നല്‍കിയത്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍
മരണത്തിലും മാർക്വേസ് ആയിരുന്നു ശരി; വേണ്ടായിരുന്നു

പ്രസാധനം ചെയ്ത് (1974) അരനൂറ്റാണ്ട് തികഞ്ഞ മയ്യഴിയുടെ ഹംസഗീതമായ ഈ നോവല്‍ ആരംഭം മുതല്‍ അനുസ്യൂതം ചര്‍ച്ച ചെയ്യപ്പെടുകയും അനുകൂലമായും പ്രതികൂലമായും വാദപ്രതിവാദങ്ങള്‍ ഉയരുകയും ചെയ്ത് നിത്യവിസ്മയമായ സൃഷ്ടിയാണ്. പല സംവിധായകരും ഈ നോവല്‍ സിനിമയിലേക്ക് മൊഴിമാറ്റം ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും ആ ഉദ്യമങ്ങള്‍ ഒന്നുംതന്നെ സഫലമായില്ല. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലെ മൊഴിമാറ്റത്തിന് അനായാസം വഴങ്ങാത്ത രചനയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ദാസനും വെള്ളിയാംകല്ലിലെ തുമ്പികളായ ആത്മക്കളുമെല്ലാം ബോധദാര രീതി മലയാളത്തില്‍ സമ്പന്നത നേടുന്നതിന്റെ അടയാളമായി മാറി. ആധുനികതയുടെ അരങ്ങില്‍ ദാസനും കൂട്ടരും പിന്നെ തുമ്പികളും പതിറ്റാണ്ടുകള്‍ നിറഞ്ഞാടുകതന്നെയായിരുന്നു.

എം മുകന്ദനെ ആദ്യമായി കാണുന്നത് ഇന്ദ്രപ്രസ്ഥത്തില്‍ തന്നെ. എഴുപത്തിയേഴിലോ എട്ടിലോ ആയിരുന്നു ആ കണ്ടുമുട്ടല്‍. അന്ന് ഞാന്‍ താമസിച്ചിരുന്ന ഗ്രീന്‍പാര്‍ക്ക് വഴി മാളവിയ നഗറിലേക്കു പോകുന്ന 520 എന്ന ബസില്‍വെച്ചായിരുന്നു ആദ്യം കണ്ടത്. അദ്ദേഹം അന്ന് സൗത്ത് ഡല്‍ഹിയിലായിരുന്നു താമസം. 1977ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ഇദംപ്രദമായി ജനത സര്‍ക്കാര്‍ അധികാരത്തിലേറി മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ഭരിച്ചിരുന്ന കാലം.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍
ഒരിക്കൽ ഒരു പ്രണയകാലത്ത്

'മുകുന്ദന്‍ സാറല്ലേ' എന്ന ചോദ്യത്തിന് മൃദുമന്ദഹാസത്തോടെയുള്ള മറുപടി: 'അതെ'.

'നോവലുകള്‍ വായിച്ചിട്ടുണ്ട്.'

'സന്തോഷം.'

ഒരു സീറ്റ് ഒഴിഞ്ഞപ്പോള്‍ അദ്ദഹം പറഞ്ഞു: 'ഇരുന്നോളൂ'.

'വേണ്ട, സാറിരിക്കൂ.'

ആ യാത്രയ്ക്ക് ശേഷം പലതവണ പലസ്ഥലങ്ങളില്‍വെച്ച് അദ്ദേഹത്തെ കാണുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം സ്വന്തം കാറോടിച്ചുപോകുമ്പോള്‍ ഒരു ലിഫ്റ്റ് കിട്ടി. അന്നത്തെ സംഭാഷണങ്ങളെല്ലാം സമകാലിക സാഹിത്യ വിഷയങ്ങള്‍ തന്നെയായിരുന്നു.

പുരസ്‌കാരങ്ങള്‍ എം മുകുന്ദനെ തേടിവന്നുകൊണ്ടിരുന്നു. അപൂര്‍വമായിമാത്രമേ അദ്ദേഹം മലയാളി അസോസിയേഷന്റെയും മറ്റും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. എന്റെ ജേഷ്ഠന്‍ ഗോപിനാഥനും എം മുകുന്ദനും ഏതാണ്ട് ഒരേസമയം (1962) ഡല്‍ഹിയിലെത്തിയവരാണ്. അന്ന് മലയാളികള്‍ കുറവായിരുന്നെങ്കിലും നിരവധി സാഹിത്യകാരന്മാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ ഒ വി വിജയനും കാക്കനാടനും വി കെ എന്നുമായിരുന്ന സീനിയേഴ്സ്. ചെറിയൊരു കാലം സേതുവും എം പി നാരായണപിള്ളയും ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് സക്കറിയയും മറ്റും അവിടെ എത്തുന്നത്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍
ബൃന്ദാ കാരാട്ട് പറയുന്ന റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം

ഒ വി വിജയും എം മുകുന്ദനും എന്നും ഏകാകികളായിരുന്നു. അവരുടെ കൂടെ കൂട്ടുകാരെയൊന്നും കണ്ടിരുന്നില്ല. കേരള ക്ലബ്ബിലെ വൈകുന്നേരത്തെ കഥാവായനയിലും ചര്‍ച്ചയിലും മറ്റും പങ്കെടുക്കുക പതിവില്ലാത്തതിനാല്‍ അന്നത്തെ സാഹിത്യകാരന്മാരുമായി അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ല. കൊണോട്ട് പ്ലേസിലെ കേരള ക്ലബ്ബായിരുന്നു സാഹിത്യത്തിലെ താരങ്ങളുടെയും ഭിക്ഷാംദേഹികളുടെയും സംഗമസ്ഥാനം.

ഇടയ്ക്കും തലയ്ക്കും അവിടെയും ഇവിടെയും കണ്ടുമുട്ടാറുണ്ടായിരുന്നെങ്കിലും വലിയ അടുപ്പം മുകുന്ദനുമായി ഉണ്ടായിരുന്നില്ല. പ്രധാന കാരണം ജേഷ്ഠന്റെ സുഹൃത്താണെന്നത് തന്നെ. മയ്യഴിയുടെ പുഴയുടെ തീരങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഖസാക്കിനെകുറിച്ചെന്നപോലെ തന്നെ കൂടുതല്‍ എഴുതപ്പെട്ട ഒരു കൃതികൂടിയാണ് മകുന്ദന്റെ 'മയ്യഴി'.

ഹരിദ്വാറിലും ഈലോകം അതിലൊരു മനുഷ്യനിലും വിരിഞ്ഞ് തുടങ്ങിയ അസ്ഥിത്വ വാദത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ന്ന് ഒരു പൂക്കാലമാകുന്നത് 'മയ്യഴിപ്പുഴയുടെ തീരങ്ങളിലാണെന്ന്'പറയാം. ഇക്കാലത്തുതന്നെ മകുന്ദന്‍ ശക്തമായ ചെറുകഥകളും എഴുതിയിരുന്നു. അത് ഉദാത്തമായത് 'ഡല്‍ഹി 81' എന്ന കഥയിലാണ്. അതുപോലെ കാമുകിയുടെ നഗ്‌നമേനി കാണുവാന്‍ മോഹിച്ച് ഈച്ചയായി മാറിയ ആള്‍ അവളുടെ അച്ഛന്റെ മുന്നിലൂടെ കുളിമുറിയിലേക്ക് പറന്നുപോകുന്നതും അവിടെ വെച്ച് പല്ലി വിഴുങ്ങുന്നതും അനുപമമായ രീതിയിലാണ് മുകുന്ദന്‍ ആവിഷ്‌കരിച്ചത്. എല്ലാവരെയും പരിചയപ്പെടുത്തുന്ന രാമന്‍ നായരോട് തന്‍ ആരാണെന്ന് ചോദിക്കുന്ന കഥാപാത്രവും അവസിസ്മരണീയമാണ്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍
ആശാൻകവിത: കാറ്റിൽത്തൂവിയ വിത്തുകൾ

'സിനിമായ' എന്ന ഇംഗ്ലീഷ് മാസികയുടെ അസിസ്റ്റന്റ് എഡിറ്ററായി ജോലി നോക്കവെ അദ്ദേഹത്തിന്റെ ആസ്ഥാനമായ ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററില്‍വെച്ച് ഒരിക്കല്‍ ഒരു ഫിലിം അപ്രീസിയേഷന്‍ കോഴ്സ് (നാഷണല്‍ ഫിലീം അര്‍ക്കൈവുമായി സഹകരിച്ച്) നടക്കുകയുണ്ടായി. അന്ന് മുകുന്ദനുമായി ഏറെനേരം സംസാരിക്കുവാന്‍ കഴിഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായനക്കാര്‍ ഏറ്റെടുത്തതിലും ചര്‍ച്ചകള്‍ ചെയ്യപ്പെടുന്നതിനും ഏറെ സന്തുഷ്ടനായിരുന്നു അദ്ദേഹം. അരനൂറ്റാണ്ട് തികയുമ്പോഴും നോവലിന് പുതിയ എഡിഷന്‍സ് വരുന്നതും നോവലിസ്റ്റ് സജീവമായി തുടരുന്നതും സാഹിത്യത്തിലെ അപൂര്‍വത തന്നെ. മലയാളത്തില്‍ അത് എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്കും സ്വന്തം.

logo
The Fourth
www.thefourthnews.in