കലയും ചരിത്രാന്വേഷണവും
കലയെ ചരിത്രമെഴുത്തിന്റെ ഉപാധിയായി കാണാനാകുമോ എന്നതിന് ഉത്തരാധുനിക ചരിത്രരചനാരീതി നല്‍കുന്ന ഉത്തരം ചിന്തനീയമാണ്. ചരിത്രം പലതാണെന്നിരിക്കെ ചരിത്രരചനയുടെ മാധ്യമങ്ങളും രീതിശാസ്ത്രവും ബഹുസ്വരമാണെന്ന് കാണാം. ഈ ബഹുസ്വരതയിലൂന്നിയാണ് കല ചരിത്രരചനയെ സമീപിക്കുന്നത്. വസ്തുനിഷ്ഠതയാണ് ചരിത്രത്തിന്റെ സവിശേഷസ്വഭാവം എന്ന ധാരണയെ പുനര്‍വിചിന്തനം ചെയ്യുകയും, വസ്തുനിഷ്ഠതയുടെ പരിമാണങ്ങളെ പരിശോധിക്കുകയുമാണ് സമകാലിക കലയിലെ ചരിത്രാന്വേഷണങ്ങള്‍. 2024 നവംബര്‍ 9 മുതല്‍ 13 വരെ കോട്ടയം ലളിതകലാ അക്കാദമി ഗാലറിയില്‍ നടന്നുവന്ന ''കോതായം'' എന്ന ചിത്രപ്രദര്‍ശനം കേരളത്തിലെ ബുദ്ധസംസ്‌കാരത്തിലേക്കുള്ള അന്വേഷണങ്ങളാണ് മുന്‌പോട്ടുവച്ചത്. ഡോ. അജയ് ശേഖര്‍, അനിരുദ്ധ് രാമന്‍ എന്നിവരുടെ ചിത്രങ്ങളും ബുദ്ധസംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുമായിരുന്നു പ്രദര്‍ശനത്തിന്റെ ഉള്ളടക്കം. ചരിത്രപരമായി അര്‍ഥോത്പാദനസാധ്യത അട്ടിമറിക്കപ്പെട്ട ചിഹ്നങ്ങളെ നേരിട്ടുപയോഗിച്ചുകൊണ്ട് ചരിത്രത്തിന്റെ മറവിയിലാക്കപ്പെട്ട അധ്യായത്തെ സംബോധനചെയ്യുകയായിരുന്നു ഈ പ്രദര്‍ശനം. അത്തരത്തില്‍ നോക്കുമ്പോള്‍ ഈ പ്രദര്‍ശനത്തില്‍ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് പലതിനും ചുട്ടെഴുത്തുകളുടെ (signages) സ്വഭാവമുണ്ടെന്ന് പറയാം. അര്‍ഥോത്പാദനപ്രക്രീയയിലേര്‍പ്പെടാന്‍ ശേഷിയുള്ള ചിഹ്നങ്ങളുടെ സംഘാതമെന്ന് ചുട്ടെഴുത്തുകളെ മനസിലാക്കാം. ചിഹ്നങ്ങളുടെ അര്‍ഥോത്പാദനശേഷിയും അര്‍ഥോത്പാദനപ്രക്രീയയും അതുത്പാദിപ്പിക്കുന്ന അര്‍ഥം തന്നെയും പല സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കലയെ ചരിത്രാന്വേഷണ, ചരിത്രാഖ്യാനോപാദിയായി മുന്‍പോട്ടുവെക്കുകയാണ് ഈ കലാകാരന്മാര്‍. ചിഹ്നങ്ങള്‍ അര്‍ഥം ഉത്പാദിപ്പിക്കുന്നത് അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടാണ്.
അധികാരം അര്‍ഥോത്പാദനപ്രക്രിയയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതുകാണാം. ഒരേ ചിഹ്നങ്ങള്‍ വിവിധ സാംസ്‌കാരിക സാമൂഹിക സാഹചര്യങ്ങളില്‍ അവിടെ നിലനില്‍ക്കുന്ന അധികാരബന്ധങ്ങളുമായി ചേര്‍ന്നും ഇടറിയും അര്‍ഥോത്പാദനത്തെ ബഹുസ്വരമാക്കുന്നതുകാണാം. അര്‍ത്ഥനിര്‍മ്മിതിയില്‍ അധികാരം നിരന്തരം ഇടപെട്ടുകൊണ്ടാണിരിക്കുന്നത്. അധികാരം നിര്‍ണയിക്കുന്ന അര്‍ഥം മറ്റ് അര്‍ഥസാധ്യതകളെ മറികടന്ന് കളംപിടിക്കുകയും മറ്റൊരു അധികാരകേന്ദ്രം നിലവില്‍ വരുന്നതുവരെ സ്ഥിരപ്പെടുകയും ചെയുന്നു. അതിനാല്‍ തന്നെ ഒറ്റ അര്‍ഥം എന്ന ശുദ്ധരൂപത്തെ വാഗ്ദാനം ചെയ്യാന്‍ ഒരു ചിഹ്നത്തിനും സാധിക്കില്ലായെന്നുവരുന്നു. ഒരു ചിഹ്നവും ഒരൊറ്റ അര്‍ഥത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നില്ലായെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ അധികാരത്തെ സവിശേഷമായി വിശകലനം ചെയ്യേണ്ടത് ഈ സന്ദര്‍ഭത്തില്‍ അത്യാവശ്യമാണ്. അധികാരം എല്ലായിപ്പോഴും മൂര്‍ത്തമായിരിക്കണമെന്നില്ല. അധികാരത്തിന് ഒരു അബ്‌സ്ട്രാക്ട് സ്വഭാവം കൂടിയുണ്ട്. അധികാരത്തിന്റെ ഈ അമൂര്‍ത്ത ഒരു ഒളിച്ചുകളികൂടിയാണെന്ന് പറയേണ്ടിവരും. സാമൂഹികഘടനയുമായി ബന്ധപ്പെട്ട അധികാരത്തിന്റെ ഇടപെടലിനെ മനസ്സിലാക്കുമ്പോള്‍ നമ്മുടെ നിത്യജീവിതത്തെയും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ശീലങ്ങളെയും അധികാരത്തിന്റെ പ്രയോഗമണ്ഡലങ്ങളായി മനസിലാക്കാം.സ്ഥിരമായി കണ്ടുശീലിച്ചതും, എടുത്തുപയോഗിച്ചതും, പറഞ്ഞുറച്ചതുമൊക്കെ നിത്യജീവിതത്തില്‍ ഉറച്ചുപോയത് അധികാരബന്ധങ്ങളുടെ പ്രവര്‍ത്തനം കൊണ്ടുകൂടിയാണ്. എന്നുമുപയോഗിക്കുന്ന ഒരു വാക്കിനോ പ്രയോഗത്തിനോ ചിഹ്നത്തിനോ ഇപ്പോളുപയോഗിക്കുന്ന അര്‍ഥം കൈവന്നത് ഈ വഴിയാണെന്ന് പറയാം. മാതൃഭാഷയെപ്പറ്റി ദില്യൂസും ഗ്വത്താരിയും A Thousand Plateaus എന്ന പുസ്തകത്തില്‍ പറഞ്ഞതിനെ ഇവിടെ ചേര്‍ത്താലോചിക്കാവുന്നതാണ്. 'There is no mother tongue, only a power takeover by a dominant language within a political multiplicity. Language stabilises around a parish, a bishopric, a capital.' (7) അധികാരത്തിന്റെ നിത്യജീവിതത്തിലുള്ള ഈ ഒളിച്ചുകളി അതിനെ സ്ഥിരപ്പെടുത്തുന്നതിലും പ്രധാനപങ്കുവഹിക്കുന്നുണ്ട്. അധികാരത്തിന്റെ നിത്യജീവിതത്തിലുള്ള ഈ anonymity യെ അഴിച്ചെടുത്ത് അതിന്റെ പ്രവര്‍ത്തനത്തെ മനസിലാക്കുകയും അതിന്റെ ഇടപെടലുകളെയും അട്ടിമറി സാധ്യതയേയും തുറന്നുകാണിക്കുകയും ചെയ്യുകകൂടിയാണ് സമകാലിക ചരിത്രമെഴുത്തിന്റെയും മറ്റേതൊരു വിമര്‍ശനാത്മക വ്യവഹാരത്തിന്റെയും പ്രധാനലക്ഷ്യം. അതിനാല്‍തന്നെ കലയിലെ ചരിത്രമെഴുത്ത് അധികാരത്തിന്റെ subtletyകളെ തുറന്നുവയ്ക്കുകകൂടിചെയ്യുന്നു.
അധികാരത്തിന്റെ അമൂര്‍ത്തസ്വഭാവത്തെ ചിഹ്നങ്ങള്‍ വളരെ വ്യക്തമായി ഉള്‍ക്കൊള്ളുന്നത് കലാചരിത്രത്തില്‍ തന്നെ പലയിടങ്ങളിലും കാണാന്‍ സാധിക്കും. ബിനോയി പി. ജെ. എഴുതിയ തലകീഴായ ജലപിരമിഡ് എന്ന പുസ്തകത്തിലെ ഒരു നിരീക്ഷണത്തെ ഇവിടെ ചേര്‍ത്താലോചിക്കാവുന്നതാണ്. കൊളോണിയല്‍ ആധുനികത മുന്‌പോട്ടുവച്ച അക്കാദമിക് റിയലിസം എന്ന ദൃശ്യഭാഷയെ കലയിലെ മദ്രാസ് സ്‌കൂള്‍ തള്ളിപ്പറഞ്ഞത് പ്രാദേശിക ആധുനികതയെ മുന്‌പോട്ടുവച്ചുകൊണ്ടാണ്. അവിടെ കൊളോണിയല്‍ ദൃശ്യഭാഷക്ക് ബദലായി കെ. സി. എസ്. പണിക്കര്‍ ഉള്‍പ്പടെയുള്ളവര്‍ മുന്‌പോട്ടുവച്ച ദൃശ്യഭാഷ താന്ത്രിക് ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയുമായിരുന്നു. ഈ ദൃശ്യഭാഷ എത്രത്തോളം ബ്രാഹ്‌മിണിക്കല്‍ ആണെന്നും ഫോക് എന്നും ആദിമമെന്നും പ്രാദേശികമെന്നുമൊക്കെ താന്ത്രിക് ചിഹ്നങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് പ്രശ്‌നവത്കരിക്കേണ്ടതാണെന്നും ബിനോയി പി. ജെ.യെ വായിക്കുമ്പോള്‍ തെളിഞ്ഞുകിട്ടുന്നു. പ്രാദേശിക ആധുനികത മുന്‌പോട്ടുവച്ച ചിഹ്നസഞ്ചയങ്ങളുപയോഗിച്ചുള്ള അമൂര്‍ത്ത രചനകളിലെ കലാഭാഷയുടെ ജനകീയതക്ക് വിലങ്ങുതടിയായതും ഒരുപക്ഷെ പ്രാദേശികഫോക് അനുഭവവുമായും ജനജീവിതവുമായും താന്ത്രിക് ചിഹ്നങ്ങള്‍ക്കും അവയിലൂന്നിയ അമൂര്‍ത്ത ദൃശ്യഭാഷക്കും ബന്ധമില്ലാതിരുന്നതുകൊണ്ടുകൂടിയാവാം.
ദൃശ്യോത്പാദനത്തെയും, ദൃശ്യോത്പാദനചരിത്രത്തെയും, ദൃശ്യത്തിന്റെ ചരിത്രജീവിതത്തെത്തന്നെയും അധികാരത്തിന്റെ ബലതന്ത്രങ്ങളെ മുന്‍നിറുത്തി സൂക്ഷ്മവായനകള്‍ക്ക് വിധേയമാക്കേണ്ടിവരുന്നു. ചരിത്രമെഴുത്ത് അതിനാല്‍ തന്നെ മേല്പറഞ്ഞതുപോലെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നു. ചരിത്രമെഴുത്ത് (historiography) ഒരു പാഠ്യവിഷയമല്ലാതിരിക്കുകയും, ചരിത്രം രാഷ്ട്രീയസംഭവങ്ങളുടെയും യുദ്ധങ്ങളുടെയും രേഖീയമായ വിവരണമായി ചുരുക്കപ്പെടുകയും ചെയ്യുന്നിടത്താണ് ചരിത്രമെഴുത്തിന്റെ ദത്തങ്ങളെയും, വിഷയങ്ങളെയും, രീതിശാസ്ത്രത്തെയും അവതരണപ്രക്രീയയെ തന്നെയും പുനര്‍വിചിന്തനം ചെയ്യേണ്ടിവരുന്നത്. മേല്‍സൂചിപ്പിച്ച ''കോതായം'' എന്ന ചിത്രപ്രദര്‍ശനം അത്തരത്തില്‍ ചരിത്രത്തോടുള്ള സവിശേഷമായ ഇടപെടലാണ് എന്നുകാണാം. പെയിന്റിങ്ങുകളൊടൊപ്പം ഫോട്ടോഗ്രാഫുകളും അടങ്ങുന്നതായിരുന്നു ഈ ചിത്രപ്രദര്‍ശനം. Archeology സൂക്ഷ്മതയല്ല കലാപ്രദര്ശനത്തിലെ ബൗദ്ധശേഷിപ്പുകളുടെ ഫോട്ടോഗ്രാഫുകളില്‍ കാണാനാവുക, മറിച്ച് അവയെ സമകാലിക ആവാസവ്യവസ്ഥകളില്‍ നിന്ന് അടര്‍ത്തിയെടുക്കാതെ അധികാരബന്ധങ്ങളുടെ നടുവില്‍പ്പെട്ട ചരിത്രാവശേഷിപ്പുകളായി പകര്‍ത്തിയിരിക്കുകയാണിവിടെ. മ്യൂസിയം ആര്‍ട്ടിഫാക്റ്റുകളുടെ exclusivityയല്ല മറിച്ച് ഒരു ഗാലറിയില്‍ പ്രദര്ശിപ്പിക്കപ്പെടുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുകയും അതുവഴി പൊതുവിടത്തില്‍ ഇടപെടുകയും ചെയുന്ന ദൃശ്യങ്ങളുടെ സഞ്ചയമാണ് ഇവിടെ ഫോട്ടോഗ്രാഫുകള്‍. ചരിത്രം മ്യൂസിയത്തില്‍ നിന്നും നടക്കാനിറങ്ങിയ മട്ട്. മറ്റൊരു കാര്യം, ഒരു വസ്തു അത് എവിടെയിരിക്കുന്നവെന്നതിലും അതിന്റെ അവതരണം എങ്ങനാണെന്നതിലുമൊക്കെ ആശ്രയിച്ചാണ് അതിന്റെ പദവിമൂല്യം നിര്‍ണയിക്കുന്നത്.
ഒരു മ്യൂസിയത്തിലിരിക്കുന്ന വസ്തുവിന്റെ പദവിമൂല്യമല്ല ഒരു ഓക്ഷന്‍ ഹൗസില്‍, അതെയാവില്ല ഒരു ക്ഷേത്രവളപ്പില്‍. സ്ഥലം മാറുമ്പോള്‍ വസ്തുവും മാറുന്നു, അതുത്പാദിപ്പിക്കുന്ന അര്‍ഥവും അതിന്റെ സംവേദനശേഷിയും മാറുന്നു. ഈ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്, ''കോതായ''ത്തിലെ ബൗദ്ധചരിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍. കലയെ ചരിത്രരചനയുടെ മാധ്യമമാക്കാമോ എന്ന അന്വേഷണമാണ് അജയ് ശേഖറും അനിരുദ്ധ് രാമനും മുന്‌പോട്ടുവെക്കുന്നത്. നിലവിലിരിക്കുന്ന ബ്രാഹ്‌മിണിക്കല്‍ ആഖ്യാനങ്ങളുടെ അധികാരസ്ഥാനത്തെ ചോദ്യം ചെയ്യുകയും സംസ്‌കാരത്തിന്റെ പരിണാമപദ്ധതിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുള്ള ഇടങ്ങളെ തിരയുകയുമാണ് ഈ കലാപ്രദര്‍ശനം ചെയ്തത്. ചരിത്രമെഴുത്തിന്റെ രീതിശാസ്ത്രത്തെ ദത്തങ്ങളും അവയുടെ വിശകലനത്തിനുപയോഗിക്കുന്ന രീതിശാസ്ത്രവും ഒന്നുപോലെ സ്വാധീനിക്കുന്നുണ്ട്. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഫോട്ടോഗ്രാഫുകളിലെ ഓരോ ഇമേജും സംസാരിക്കുന്നത് ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും വൈവിധ്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണ്. 'Between Memory and History: Les Lieux de Mémoire' എന്ന ലേഖനത്തില്‍ Pierre Nora വസ്തുക്കളും ഇടങ്ങളും ഓര്‍മയെ ചുരത്തുന്ന ഇടങ്ങളാകുന്നു (Objects/ sites secreting memory) എന്ന് പ്രസ്താവിക്കുന്നുണ്ട്. ചരിത്രമെഴുത്ത് ഓര്‍മയുടെ അട്ടിമറികളെയും സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്നുവെന്ന് കാണാം. ചരിത്രവും കലയും ഇടപെടുകയും കലരുകയും ഇടറുകയും ചെയ്യുന്ന ഇടങ്ങള്‍ കൂടിയുണ്ടെന്ന് ''കോതായം'' ഓര്‍മിപ്പിച്ചു. ചരിത്രം ഒറ്റക്കല്‍മണ്ഡപമായില്ലെന്നും ഇടനാഴികളും അറകളും ജനല്‍ വാതിലുകളുടെ തുറസുകളും നിലവറകളുമൊക്കെയുള്ള ഇടയ്ക്കിടെ പണിയുകയും പൊളിക്കുകയും ചെയ്യപ്പെടുന്ന അസ്ഥിരമായ നിര്മിതിയാണെന്നും അവിടെ കലയ്ക്ക് ഇടപെടാന്‍ പാകത്തിനുള്ള തുറവികളുണ്ടെന്നും മനസിലാക്കാം.
ചിത്രങ്ങൾക്ക് കടപ്പാട് : കോതായം എന്ന ചിത്രപ്രദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ