'സ്വാതന്ത്ര്യത്തിൻ്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദം'; അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം
വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ പിന്റർ പുരസ്‌കാരം നൽകിവരുന്നത്.
' ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലും ഇരുട്ടിലും ഒരു നക്ഷത്രമായിരുന്നു അരുന്ധതിയുടെ കൃതികള്‍'
പെൻ പിന്റർ ജൂറി
2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്. ഇംഗ്ലീഷ് പെന്‍ 2009-ലാണ് പുരസ്‌കാരം സ്ഥാപിച്ചത്. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍. അരുന്ധതി റോയ് അനീതിയുടെ അടിയന്തിരമായ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നുവെന്ന് ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക് ചൂണ്ടിക്കാട്ടി.
'ഇന്ത്യ ലോകത്തിന്റെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിമാറുമ്പോള്‍ അവള്‍ (അരുന്ധതി റോയ്) യഥാര്‍ത്ഥത്തില്‍ ഒരു അന്താരാഷ്ട്ര ചിന്തകയാകുന്നു. അവരുടെ ശക്തമായ ശബ്ദം നിശബ്ദമാക്കേണ്ടതല്ല,' അദ്ദേഹം പറഞ്ഞു. 'സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ്' അരുന്ധതി എന്നും ജൂറി അംഗം ഖാലിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. 'അരുന്ധതിയുടെ കൃതികള്‍ ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലും ഇരുട്ടിലും ഒരു നക്ഷത്രമായിരുന്നു' എന്നും ജൂറി ചൂണ്ടിക്കാട്ടി.
അരുന്ധതിക്കെതിരെ യുഎപിഎ ചുമത്താൻ ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ വി കെ സെ്കസേന അനുമതി നൽകിയതിന് പിന്നാലെയാണ് പുരസ്‌കാരം തേടിയെത്തുന്നത്. 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതി റോയിയെയും കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.
2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന് 'ആസാദി ദ ഓണ്‍ലി വേ' എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റിന്റെ പരാതി പ്രകാരമായിരുന്നു ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്‌നന്റ് ഗവര്‍ണര്‍ അനുവദി നല്‍കിയിരുന്നു.