'ധ്യാനനിമഗ്നമായ ഭൂമിയുടെ ഉള്ളുണര്‍ത്തുന്ന ഉദയാസ്തമയങ്ങള്‍'; ബുക്കര്‍ പുരസ്‌കാരം സാമന്ത ഹാര്‍വെയുടെ 'ഓര്‍ബിറ്റലി' ന്
ഒ.വി. വിജയന്റെ 'ബഹിരാകാശക്കപ്പല്‍' എന്നൊരു പദപ്രയോഗം ഓര്‍മയുണ്ടല്ലോ. തീര്‍ത്തും കാല്‍പനികമായ അത്തരമൊരു ബഹിരാകാശക്കപ്പലിലിരുന്ന്, സദാ ധ്യാനനിരതമായ ഈ ഭൂമിക്കുമേല്‍ ഇച്ഛകളേതുമില്ലാതെ ഉദിച്ചസ്തമിക്കുന്ന സൂര്യനക്ഷത്രങ്ങളെ സാകൂതം വീക്ഷിക്കുന്ന അരഡസന്‍ വ്യോമയാത്രികരിലൂടെ പ്രഭാവമാര്‍ന്ന പ്രപഞ്ചതേജസ്സ് അനാവൃതമാക്കപ്പെടുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലാണ് ഇത്തവണ ബുക്കര്‍പ്രൈസിന് അര്‍ഹമായത്.
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വെയുടെ ഈ കൃതി 2024ലെ ബുക്കര്‍ സമ്മാനത്തിന് അര്‍ഹമായതിലൂടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് അഞ്ച് നോവലുകളില്‍ നിന്നും വ്യതിരിക്തമായി കാലത്തോടൊപ്പം സഞ്ചരിക്കുന്ന മാസ്റ്റര്‍പീസുകളിലൊന്നായി പുരസ്‌കാര നിര്‍ണയസമിതിയാല്‍ വാഴ്ത്തപ്പെടുകയും ചെയ്തു.
ബുക്കര്‍ സമ്മാനങ്ങളുടെ ചരിത്രത്തില്‍, ഏറ്റവും രണ്ടാമത്തെ ചെറിയ പുസ്തകമാണ് ഓര്‍ബിറ്റല്‍ എന്നൊരു വിശേഷണം കൂടിയുണ്ട്. മൊത്തം 136 പേജ് മാത്രം
മാതാപിതാക്കള്‍ കലഹിച്ച് പിരിഞ്ഞതിന്റെ കഠിനമായ നീറ്റലുമായി കഴിഞ്ഞുപോന്ന കയ്‌പേറിയ കൗമാരമാണ് സാമന്തയുടേത്. ബില്‍ഡറായിരുന്ന അച്ഛന്റെ പീഡനം സഹിക്കാതെ പിരിഞ്ഞുപോയ അമ്മ. അനാഥത്വത്തിന്റെ അനിശ്ചിതത്വവുമായി ആരുടെയൊക്കെയോ സഹായത്തോടെ സാമന്തയുടെ പഠനം. ഫിലോസഫിയില്‍ ബിരുദം. കെന്റ്, ഷെഫീല്‍ഡ് നഗരങ്ങളില്‍ ചെലവിട്ട യൗവനം.
പിന്നീട് ജപ്പാനില്‍. ക്രിയേറ്റീവ് റൈറ്റിംഗില്‍ ഗവേഷണബിരുദം. എഴുത്തായിരുന്നു എപ്പോഴും സാമന്തയ്ക്ക് സാന്ത്വനം. ഫിക്ഷനുകളുടെ നിറം പുരണ്ട ലോകം. കിനാവുകളുടെ കാലിഡോസ്‌കോപ്പ്. ടോക്കിയോ റസ്‌റ്റോറന്റുകളില്‍ നിന്ന് സുഷി തിന്നാന്‍ കൊതി. അരിഷ്ടിച്ച് കഴിഞ്ഞ നാളുകള്‍.
- ബുക്കര്‍, തികച്ചും അപ്രതീക്ഷിതമായ പുരസ്‌കാരലബ്ധി. അതിയായ സന്തോഷമുണ്ടെനിക്ക്. ഭൂമിയുടെ നിലനില്‍പിനു വേണ്ടി, ഭൂമിയുടെ ചരാചരങ്ങളുടെ അഭിജാതമായ അന്തസ്സിനു വേണ്ടി, നിതാന്ത ശാന്തിയുടേയും പൂര്‍ണമായ സ്വച്ഛതയുടേയും വീണ്ടെടുപ്പിനു വേണ്ടി എന്റെ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നുവെന്നാണ് സാമന്ത ഹാര്‍വെയുടെ ആദ്യപ്രതികരണമായി പുറത്ത് വന്നത്.
ബുക്കര്‍ സമ്മാന നിര്‍ണയ സമിതിഅംഗവും പ്രമുഖ ഗ്രന്ഥകാരനുമായ എഡ്മണ്ട ഡി വാള്‍ പറയുന്നു: ആധുനികമായ രചനാചാരുതയുടേയും സമകാലികമായ ഇതിവൃത്തത്തിന്റെയും കാര്യത്തില്‍ മറ്റു കൃതികളെ ഓര്‍ബിറ്റല്‍ ബഹുദൂരം പിന്നിലാക്കിയെന്ന് ഞങ്ങള്‍ വിലയിരുത്തി. അമൂല്യമായ ഈ ലോകത്തിന്റെ സചേതനമായ സ്പന്ദനങ്ങളാണ് ഓര്‍ബിറ്റലിലെ ഓരോ വാക്കിലും മുഴങ്ങിക്കേള്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ സാമന്തയുടെ ഈ നോവല്‍ പേപ്പര്‍ബാക്കില്‍ ലഭ്യമാണ്. ഇക്കൊല്ലം ബ്രിട്ടനില്‍ 'ഓര്‍ബിറ്റല്‍' വിറ്റുപോയത് 29000 കോപ്പികളാണ്. 'ദ ഗാര്‍ഡിയന്‍' പത്രത്തിന്റെ ലിറ്റററി എഡിറ്റര്‍ അലക്‌സാണ്ട്‌റാ ഹാരിസ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ: ബഹിരാകാശയാത്രികരായ കഥാപാത്രങ്ങള്‍ പ്രതിദിനം അനുഭവിച്ചറിഞ്ഞ പതിനാറ് വിധം സൂര്യോദയങ്ങളുടേയും പതിനാറു വിധം സൂര്യാസ്തമയങ്ങളുടേയും വൈവിധ്യം നിറഞ്ഞ അതീവഹൃദ്യമായ നറേഷനാണ് ഓര്‍ബിറ്റല്‍. എല്ലാറ്റിനും മൗനസാക്ഷിയാകുന്ന ഭൂമിയുടെ നിശ്ശബ്ദ തപസ്സ്, നിര്‍മ്മമായ നിലപാട്തറ, നിസ്സങ്കോചമായ നിലനില്‍പ്. ഇവയെല്ലാം വായനക്കാരന്റെ ഉള്ളുലയ്ക്കുംവിധമാണ് സാമന്ത വരച്ചിടുന്നത്. ഒരു സയന്‍സ് ഫിക്ഷനിലേക്ക് ഇതിനെ ചുരുക്കിക്കെട്ടാനാവില്ല.
ബുക്കര്‍ സമ്മാനങ്ങളുടെ ചരിത്രത്തില്‍, ഏറ്റവും രണ്ടാമത്തെ ചെറിയ പുസ്തകമാണ് ഓര്‍ബിറ്റല്‍ എന്നൊരു വിശേഷണം കൂടിയുണ്ട്. മൊത്തം 136 പേജ് മാത്രം. 1977 ല്‍ ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ പെനിലോപ് ഫിറ്റ്‌സ് ജെറാള്‍ഡിന്റെ ഓഫ്‌ഷോര്‍ എന്ന കൃതിയാണ് ബുക്കര്‍ ചരിത്രത്തില്‍ ഏറ്റവും ചെറുത്- 132 പേജ്. ഓര്‍ബിറ്റലിനെക്കാള്‍ നാലു പേജ് കുറവ്! ചെറുതാണ് മനോഹരം -സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍ - എന്നുകൂടി നോക്കിയാണോ ഓര്‍ബിറ്റല്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടതെന്ന ചോദ്യത്തിന് ജഡ്ജിംഗ് പാനല്‍ അംഗത്തിന്റെ മറുപടി: "ഒരിക്കലുമല്ല. മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു. നാം ഉദ്ദേശിച്ചതെന്തോ അത്രയും ഉള്‍ക്കനം നിശ്ചയമായും ഓര്‍ബിറ്റലിനുണ്ട് -പേജുകളുടെ എണ്ണം കുറവാണെന്നതൊന്നും മാനദണ്ഡമേയല്ല, ഒരിക്കലും. എഴുത്തുകാരി സമര്‍ഥിക്കാനുദ്ദേശിവയത്രയും അവരുടെ മനോഗതങ്ങള്‍ക്കനുസരിച്ച് നക്ഷത്രദീപ്തിയോടെ നോവലില്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്. ക്രാഫ്റ്റിന്റെ കാര്യത്തില്‍ അവരെ വെല്ലാന്‍ പുതിയ കാലത്ത് ബ്രീട്ടീഷ് എഴുത്തുകാരുടെ എണ്ണം തുലോം കുറവ് എന്നു കൂടി ഞങ്ങള്‍ക്കഭിപ്രായമുണ്ട്".
ബഹിരാകാശക്കപ്പലുമായി ബന്ധപ്പെട്ട ഒരു കഥാബീജം തന്റെ മനസ്സിലെന്തോ ഭ്രമണം ചെയ്യുന്നതായി അനുഭവവേദ്യമാകാറുണ്ടായിരുന്നുവെന്ന് സാമന്ത ഹാര്‍വെ ബി.ബി.സി ലേഖകനോട് പറയുന്നു. "ഇതേക്കുറിച്ച് ആധികാരികമായി എഴുതാന്‍ എനിക്കറിയില്ല. അതിന്റെ ശാസ്ത്രനിയമങ്ങളുമറിയില്ല. പക്ഷേ ആകാശവും ഭൂമിയും അവയുടെ ചലനാത്മകമായ ആവേഗങ്ങളും സന്ത്രാസങ്ങളും എന്നുമെനിക്ക് ലഹരിയായിരുന്നു. ഭ്രമാത്മകമായിരുന്നു. എന്റെ എഴുത്ത് രീതിയിലേക്ക് വ്യോമശാസ്ത്രത്തിന്റേയും ഒരു പരിധിയോളം പ്രപഞ്ചനിയമങ്ങളുടേയും മിഥ്യയും ഉണ്‍മയും ഇട കലര്‍ന്ന ബിംബങ്ങളേയും പ്രതീകങ്ങളേയും ഞാന്‍ ഒപ്പം കൂട്ടി. താരനിബിഢമായ വാനം കണക്കെ അസംഖ്യം രൂപകല്‍പനകളുടെ സഹസഞ്ചാരിണിയായി മാറിയ പ്രകാശം പെയ്ത രാത്രികളില്‍ ഞാന്‍ കുത്തിയിരുന്നെഴുതി. കീബോര്‍ഡിലൂടെ എന്റെ വിരലുകള്‍ കൊള്ളിയാനുകള്‍ കണക്കെ മിന്നിനീങ്ങി.'ഓര്‍ബിറ്റലി' ന്റെ ആദ്യവായനക്കാരിരൊരാളായ, ബഹിരാകാശയാത്രികന്‍ കൂടിയായ സുഹൃത്ത് ടിം പീക്ക് എന്നെ വീഡിയോകോളില്‍ വിളിച്ച് അഭിനന്ദിച്ചു: സാമന്താ, ഗ്രേറ്റ്... സൂപ്പര്‍ വര്‍ക്ക്" (വ്യോമശാസ്ത്ര എഴുത്തില്‍ എന്റെ ദൗത്യം വിജയിച്ചുവെന്ന് തോന്നി പുളകിതയായ ആദ്യനിമിഷമെന്ന് ഗ്രന്ഥകാരി).
ഓര്‍ബിറ്റല്‍, സാമന്തയുടെ അഞ്ചാമത്തെ പുസ്തകമാണ്. ദ വൈല്‍ഡര്‍നെസ്(2009 ല്‍ ഈ നോവല്‍ ബുക്കര്‍ സമ്മാനത്തിന്റെ ലോംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു), ഡിയര്‍ തീഫ്, ഓള്‍ ഈസ് സോംഗ്, ദ വെസ്‌റ്റേണ്‍ വിന്‍ഡ് എന്നിവയാണ് മറ്റു കൃതികള്‍. ഉറക്കവുമായി ബന്ധപ്പെട്ട ഇന്‍സോംനിയ എന്ന അസുഖത്തെക്കുറിച്ച് 'ഷേപ്‌ലെസ് അണ്‍ ഈസ്' എന്നൊരു ഓര്‍മക്കുറിപ്പും സാമന്തയുടേതായുണ്ട്.അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ആറു ഗഗനചാരികള്‍ ആകാശാതിര്‍ത്തികള്‍ ഭേദിച്ച്, ഋതുപരിവര്‍ത്തനങ്ങളുടെ നിയതമായ പരിധികളത്രയും മറി കടന്ന് നടത്തുന്ന സാഹസിക സഞ്ചാരത്തിലൂടെ ഏറ്റുവാങ്ങുന്ന അനുഭവങ്ങളെ ഹൃദയവര്‍ജകമായി അവതരിപ്പിക്കാന്‍ കാണിച്ച സാമന്തയുടെ രചനാവൈഭവത്തെയാണ് ബുക്കര്‍ പ്രൈസ് നിര്‍ണയസമിതിയോടൊപ്പം ബ്രിട്ടനിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ സാഹിത്യലോകവും ആദരിക്കുന്നത്. അത് കൊണ്ടു തന്നെ 'ഓര്‍ബിറ്റല്‍', നവീനമായൊരു ഭാവുകത്വത്തിലേക്ക് ലോകസാഹിത്യത്തിന്റെ കിളിവാതില്‍ തുറന്നിടുന്നു.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് ചോദിച്ചവരോട് സാമന്ത പറഞ്ഞു: "പുതിയൊരു ബൈക്ക് വാങ്ങണം, അതില്‍ ജപ്പാനിലേക്ക് യാത്ര ചെയ്യണം, ടോക്കിയോയിലെ കഫേയിലിരിക്കണം. സുഷി ഭക്ഷിക്കണം. ക്ലേശഭരിതമായ കൗമാരം ചെലവിട്ട ജാപ്പനീസ് നഗരങ്ങളിലൂടെ, ഗൃഹാതുരതയോടെ അലഞ്ഞുതിരിയണം."