ദേശമംഗലം രാമകൃഷ്ണന് 
കേശവദേവ് പുരസ്‌കാരം

ദേശമംഗലം രാമകൃഷ്ണന് കേശവദേവ് പുരസ്‌കാരം

മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള ഡയബ് സ്ക്രീൻ കേരള പുരസ്കാരം കരൾ രോഗ വിദഗ്‌ധൻ ഡോ. സിറിയക് എബി ഫിലിപ്സിന്
Updated on
1 min read

ഈ വർഷത്തെ പി കേശവദേവ് സ്മാരക സാഹിത്യ പുരസ്‌കാരം കവിയും അദ്ധ്യാപകനുമായ ദേശമംഗലം രാമകൃഷ്ണന്. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂറി ചെയർമാൻ ജോർജ് ഓണക്കൂർ, പി കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ തിരുവനന്തപുരത്താണ് വിജയിയെ പ്രഖ്യാപിച്ചത്.

അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ചിതൽ വരുംകാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെകണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെപ്രധാന കാവ്യ ഗ്രന്ഥങ്ങൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം, വെണ്മണി അവാർഡ്, ചെന്നൈ ആശാൻപ്രൈസ് എന്നിവ നേടിയിട്ടുണ്ട്. 

കേരള സർവകലാശാലയിൽ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹം കാലിക്കറ്റ്  സർവകലാശാലയിൽ എമറൈറ്റ്സ് പ്രൊഫസർ, മദിരാശി സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വകുപ്പ് മേധാവി തുടങ്ങിയപദവികളും വഹിച്ചു.

ഡോ. സിറിയക് എബി ഫിലിപ് സ്
ഡോ. സിറിയക് എബി ഫിലിപ് സ്

മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയ ഡയബ് സ്ക്രീൻ കേരള പുരസ്കാരം കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരൾരോഗ വിദഗ്‌ധൻ ഡോ. സിറിയക് എബി ഫിലിപ്സിന് സമ്മാനിക്കും. "The liver Doc" എന്ന നാമധേയത്തിൽ സോഷ്യൽ മീഡിയയിലൂടെ ആരോഗ്യവിദ്യാഭ്യാസം നൽകി വരുന്ന ഡോക്ടറാണ് സിറിയക്.

ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചികിത്സ സ്വീകരിക്കുന്നതിലൂടെയും മദ്യപാനത്തിലൂടെയും ഉണ്ടാകുന്ന ഗുരുതര കരൾ രോഗങ്ങളെപ്പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി അവബോധം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.

ജൂൺ ഏഴിന് വൈകിട്ട് 4:30 നു തിരുവനന്തപുരം മുടവന്മുകളിലുള്ള കേശവദേവ് ഹാളിൽ നടക്കുന്ന പി കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഡോ. ജ്യോതിദേവ് പറഞ്ഞു. മന്ത്രി ആർ ബിന്ദു കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തും.  

logo
The Fourth
www.thefourthnews.in