കലയുടെ സമന്വയത്തിൽ വിരിഞ്ഞ യശോധരയുടെ ജീവിതം

കലയുടെ സമന്വയത്തിൽ വിരിഞ്ഞ യശോധരയുടെ ജീവിതം

കലാ-സംഗീത-കഥാകഥന മാന്ത്രികതയിൽ വിരിഞ്ഞ യശോധരയുടെ ജീവിതമാണ് ‘ദോ നൈനാ... ഏക് കഹാനി’ എന്ന നൃത്തശില്പത്തിൽ അനുപമ രാമചന്ദ്രനും ലത കുര്യൻ രാജീവും ആവിഷ്കരിച്ചത്
Updated on
3 min read

ഒരു ദശാബ്ദത്തോളം ഒഡിഷയിൽ താമസിച്ച കാലത്ത്, ബുദ്ധമത സംസ്‌കാരത്തിന്റെ ആഴവും വ്യാപ്തിയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ബുദ്ധമതം സ്വീകരിക്കാനായി സിംഹാസനം ത്യജിച്ച, അശോക ചക്രവർത്തി ഭരിച്ചിരുന്ന കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നല്ലോ ഇന്നത്തെ ഒഡീഷ. അതുകൊണ്ടുതന്നെ, ഈ ഭൂമിയിൽ ബുദ്ധന്റെ ജീവിതം മുഴുവൻ കഥകളായി പകർന്നുനൽകുന്ന ക്ഷേത്രങ്ങളും ചുമർചിത്രങ്ങളും ശിൽപ്പങ്ങളും നിറഞ്ഞുനിൽക്കുന്നു. 

ഒഡിഷയിലെ ബുദ്ധക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ പക്ഷേ, ഒരു അഭാവം എന്നെ അസ്വസ്ഥയാക്കി - സിദ്ധാർഥന്റെ ജീവിതപങ്കാളിയായിരുന്ന യശോധര. പ്രബോധോദയം വരുന്നതിന് മുൻപുള്ള ബുദ്ധന്റെ ഭാര്യയായിരുന്ന ആ വനിതയെ ചരിത്രം മറക്കുന്നത് എന്തുകൊണ്ട്? യശോധരയെക്കുറിച്ച് എത്രപേർക്ക് അറിയാമെന്ന് ഞാൻ ചിന്തിച്ചിരുന്നു.  അങ്ങനെയിരിക്കെ യാദൃച്ഛികമായാണ് യശോധരയെ കേന്ദ്രീകരിച്ച് ഒരു കലാപരിപാടി ഉണ്ടാകുന്നുവെന്ന് കേട്ടത്. എന്റെ സുഹൃത്ത് അനു പ്രഖ്യാപിച്ച സർഗാത്മക സംഗമ സായാഹ്നം. കേട്ടയുടൻതന്നെ തീരുമാനിച്ചു, ഞാൻ തീർച്ചയായും പങ്കെടുക്കും എന്നത്!

"ദോ നൈന ... ഏക് കഹാനി" (രണ്ടു നയനങ്ങൾ, ഒരു പുരാണം) എന്ന അപൂർവമായ കലാവിരുന്നിന് കഴിഞ്ഞ ദിവസം അനന്തപുരി സാക്ഷിയായി. യശോധരയുടെ ജീവിതം എന്തായിരുന്നു? ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് അനുപമ രാമചന്ദ്രന്റെ അതുല്യമായ സർഗത്മക നേതൃത്വത്തിൽ ‘ദോ നൈനാ… ഏക് കഹാനി…’ എന്ന പരിപാടി സംഘടിപ്പിച്ചത്.

ഹൃദയങ്ങളെ സ്പർശിക്കുന്ന ചിത്രകല, ആത്മാവിനെ ഉണർത്തുന്ന സംഗീതം, കാലത്തെ മറികടക്കുന്ന കഥാകഥനം എന്നിവയെ ഒന്നിപ്പിച്ച ഈ ആകർഷകമായ പ്രോഗ്രാം, തിരുവനന്തപുരത്തെ ഗണേശം സൂര്യ നാടകക്കളരിയിലെ ചെറുതും സുന്ദരവുമായ വേദിയിൽ വെച്ച് അരങ്ങേറി. മറവിയിലാഴ്ന്നുപോയ ഒരു കഥയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന മാന്ത്രിക ലോകമായി ഈ വേദി മാറി. ലത കുര്യൻ രാജീവിന്റെ സംവിധാനമികവും ഉൾക്കാഴ്ചയും യശോധരയുടെ ജീവിതകഥയെ മനോഹരമായ അനുഭവമാക്കി മാറ്റി. സന്ധ്യ ശ്യാമയുടെ അനായാസമായ ആഖ്യാനം ഈ കഥയ്ക്ക് ജീവൻ പകർന്ന്, യശോധരയുടെ ജീവിതത്തെ ആഴത്തിൽ ആവിഷ്കരിച്ചു. യശോധരയുടെ ജീവിതത്തെ കലയിലൂടെ അനാവരണം ചെയ്ത ഈ പരിപാടിയിൽ, ചിത്രങ്ങളുടെ ലേലം ഉൾപ്പെടെയുള്ള വരുമാനം, പാലിയം ഇന്ത്യയ്ക്ക് സംഭാവന ചെയ്തത് മറ്റൊരു പ്രത്യേകതയായിരുന്നു. 

തിരുവനന്തപുരത്ത് നടന്ന 'ദോ നൈനാ… ഏക് കഹാനി' എന്ന പരിപാടിയിൽനിന്ന്
തിരുവനന്തപുരത്ത് നടന്ന 'ദോ നൈനാ… ഏക് കഹാനി' എന്ന പരിപാടിയിൽനിന്ന്

വേദിയുടെ ഹൃദയഭാഗത്ത്, അനുപമ രാമചന്ദ്രൻ, എവിലിൻ ഡിസൂസ, സിമി ഇസ്മായിൽ എന്നീ ചിത്രകാരികൾ തത്സമയം ചിത്രം വരച്ചുകൊണ്ടിരുന്നു. കഥ പുരോഗമിക്കുന്നതോടെ, അവരുടെ കാൻവാസുകളിൽ പുതിയൊരു ലോകം പിറന്നു. ബ്രഷ് കൊണ്ടുള്ള ഓരോ വരയും കഥയുടെ ആഴം വർധിപ്പിച്ചു. അനുവിന്റെ 'എക്കോസ് ഓഫ് ഹോപ്പ്' എന്ന ചിത്രം, ചുവന്ന സാരിയുടുത്ത്, ഒരു കുഞ്ഞിനെ കയ്യിലേന്തി, അഴിഞ്ഞ ചുരുൾമുടിയോടെ  അസ്തമയസൂര്യനെ നോക്കിനിൽക്കുന്ന സ്ത്രീയുടെ രൂപമായിരുന്നു. യശോധരയുടെ വിരഹവും മനോവേദനയും തീവ്രമായി പ്രതിഫലിപ്പിച്ച ഈ ചിത്രം എന്നെ ഏറെയാകർഷിച്ചു. എവിലിൻറെ 'അവേക്കനിങ് ടു ദി വേൾഡ്സ് ഹ്യൂസ്' എന്ന ചിത്രം, തരളിതമായ വർണങ്ങളിലൂടെ ചിത്രീകരിച്ചത്, യാഥാർഥ്യത്തിലേക്കു തള്ളിവിടപ്പെട്ട യശോധരയുടെ സങ്കീർണമായ വികാരങ്ങളെയാണ്. സിമിയുടെ 'ദി എംബ്രേസ്' എന്ന ചിത്രം - ചുവന്ന സാരിയുടുത്ത ഒരു സ്ത്രീയുടെ നെഞ്ചിൽ വിരിഞ്ഞ താമര - തന്റെ ജീവിത സത്യത്തോടുള്ള പൊരുത്തപ്പെടലിന്റെ ശാന്തമായ പ്രതീകമായിരുന്നു.

കലയുടെ സമന്വയത്തിൽ വിരിഞ്ഞ യശോധരയുടെ ജീവിതം
'മരണവംശം': കൊലയ്ക്കും പ്രണയത്തിനുമിടയില്‍ ആര്‍ത്തനാദം പോലെ ജീവിതം

മധുശ്രീ നാരായണൻ, ദേവനാരായൺ എസ് പി, ആദിത്യ എസ് പി എന്നിവരുടെ സംഗീതസംയോജനം അത്ഭുതകരമായിരുന്നു.  ജനപ്രീതിയാർജിച്ച ഹിന്ദി, മലയാള ഗാനങ്ങളുടെ തിരഞ്ഞെടുപ്പ് കഥാപാത്രത്തിന്റെ ജീവിതയാത്രയുടെ വൈകാരിക ആഴം വർധിപ്പിച്ചു.  മധുശ്രീയുടെ ശക്തമായ വോക്കൽസ് ശ്രദ്ധേയമായിരുന്നു, പ്രത്യേകിച്ചും ‘ഇക് പ്യാർ കാ നഗ്മ ഹൈ’ എന്ന ഗാനം. ദേവനാരായണന്റെ മൃദുവായ ഗിറ്റാർ വായനയും മധുര ശബ്ദവും വികാരങ്ങൾക്ക് പൂർണത നൽകി; ഞങ്ങൾ പ്രേക്ഷകരെ സന്തോഷത്തിൽ തലയാട്ടാൻ പ്രേരിപ്പിച്ച സ്വരം. പക്ഷേ എന്നെ അതിശയിപ്പിച്ചത് ആദിത്യയുടെ ശാന്തമായ ശബ്ദമാണ് - എത്ര വേണമെങ്കിലും ആവർത്തിച്ച് കേൾക്കാവുന്ന മാധുര്യം. ‘കുച്ച് തോ ലോഗ് കഹേങ്കെ’ എന്ന പാട്ട് എന്റെ 'സ്ലീപ് പ്ലേലിസ്റ്റിൽ' തീർച്ചയായും ഉൾപ്പെടുത്തും!

 'ദോ നൈനാ… ഏക് കഹാനി' പരിപാടിയുടെ ഭാഗമായ കലാകാരന്മാരും കലാകാരികളും
'ദോ നൈനാ… ഏക് കഹാനി' പരിപാടിയുടെ ഭാഗമായ കലാകാരന്മാരും കലാകാരികളും

സന്ധ്യ ശ്യാമയുടെ ഹൃദയസ്പർശിയായ  വ്യാഖ്യാനമായിരുന്നു പരിപാടിയുടെ കാതൽ. അനുപമമായ അവതരണം യശോധരയുടെ സങ്കീർണമായ വികാരങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടി. വേദിയിൽ യശോധര പുനർജനിച്ചപ്പോൾ അവളുടെ വേദനയും ആശയും പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. തന്റെ നവജാത ശിശുവിനെ ഒരുനോക്ക് പോലും കാണാതെ, നിശബ്ദമായി അവരെ രണ്ടുപേരെയും ഉപേക്ഷിച്ച് സിദ്ധാർഥൻ യാത്രയായ ആ ദൗർഭാഗ്യകരമായ രാത്രിയിൽ യശോധര അനുഭവിച്ച വ്യസനങ്ങൾ അവർ വ്യക്തമായി വിവരിച്ചു. ജീവിതത്തിലുടനീളം യശോധാരയുടെ മനസ്സിനെ അലട്ടിയ ചോദ്യങ്ങൾ സന്ധ്യ അവതരിപ്പിച്ചു. അന്നത്തെയും ഇന്നത്തെയും സ്ത്രീകൾക്കു താദാത്മ്യം തോന്നുന്ന സാർവത്രികമായ ചോദ്യങ്ങളാണ് അവർ അവതരിപ്പിച്ചത്. സ്നേഹം, നഷ്ടം, അംഗീകരിക്കൽ എന്നീ വിഷയങ്ങളെ ആഴത്തിൽ തൊട്ടുകൊണ്ട് ആഖ്യാനം ആത്മാർഥമായിരുന്നു. യശോധരയുടെ മനസ്സിലെ പലവിധ ആന്തരിക സംഘർഷങ്ങൾ, പ്രത്യേകിച്ച് സിദ്ധാർഥനോടുള്ള സ്നേഹവും അദ്ദേഹത്തിന്റെ തീരുമാനത്തോടുള്ള ദേഷ്യവും തമ്മിലുള്ള സംഘർഷം എന്നിവ സന്ധ്യ വിലയിരുത്തി. എന്നിരുന്നാലും, യശോധരയുടെ ജീവിതത്തിന്റെ സങ്കീർണതകളെ കൂടുതൽ ആഴത്തിൽ പര്യവേക്ഷണം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ അത് കൂടുതൽ മികച്ച അനുഭവമാകുമായിരുന്നുവെന്നു തോന്നി.

യശോധരയുടെ ജീവിതം കാൻവാസിൽ പകർത്തി, സംഗീതത്തിലൂടെയും കഥകളിലൂടെയും അതിന് ജീവൻ നൽകിയ ഈ പരിപാടി അത്ഭുതകരമായ ദൃശ്യാനുഭവമായിരുന്നു. ചിത്രലേഖനിയുടെ ഓരോ സ്പർശവും ഓരോ കഥ പറയുന്നതുപോലെ അനുഭൂതി സമ്മാനിച്ചു. ഓരോ സ്വരവും ഓരോ വാക്കും ഹൃദയങ്ങളെ സ്പർശിച്ചു. പാലിയം ഇന്ത്യയ്ക്കുള്ള സംഭാവനയിലൂടെ, ഈ കലാവിരുന്ന് ഒരു സാമൂഹിക പ്രതിബദ്ധതയുടെയും ഉദാഹരണമായി. 

ചരിത്രം പറഞ്ഞുതന്ന കഥകളെ പുനർവിചിന്തനം ചെയ്യാനും ചരിത്രത്തിൽ നിശബ്ദരായ സ്ത്രീകളെ തിരിച്ചറിയാനും ഈ സായാഹ്നം നമ്മെ പ്രേരിപ്പിച്ചു. ഇതിലൂടെ യശോധരയുടെ ജീവിതം വീണ്ടും പ്രസക്തമായി, കലയിലൂടെ അനശ്വരമായി എന്നത് എനിക്കേറെ സന്തോഷം നൽകുന്നു. 

logo
The Fourth
www.thefourthnews.in