പതിനൊന്ന് ഭാഷകള്‍, പതിമൂന്ന് പുസ്തകങ്ങള്‍; ബുക്കേഴ്സ് ഡസൻ 2023
പതിനൊന്ന് ഭാഷകളിലായി പന്ത്രണ്ട് രാജ്യങ്ങളെയും നാല് ഭൂഖണ്ഡങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പതിമൂന്ന് പുസ്തകങ്ങളാണ് ഇന്റർനാഷണൽ ബുക്കർ സമ്മാനത്തിന്റെ 2023 ലെ ദീർഘപ്പട്ടികയിലുള്ളത്. ഇതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാനും ഒരു പേരുണ്ട്. തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുഗന്റെ "Pyre" (ചിത) എന്ന പുസ്തകം. വിവർത്തനം അനിരുദ്ധ് വാസുദേവ്. പ്രസാധനം പുഷ്കിൻ പ്രസ്. 2012 ൽ തമിഴിൽ പ്രസിദ്ധീകരിച്ച 'പൂക്കുഴി' എന്ന നോവലിന്റെ വിവർത്തനമാണിത്. ദുരഭിമാനക്കൊല എന്ന സാമൂഹിക വിപത്തിനെ അടിസ്ഥാനമാക്കിയുള്ള ഈ രചന സമർപ്പിച്ചിട്ടുള്ളത് അത്തരമൊരു മരണത്തിന് ഇരയായ ഇളവരശൻ എന്ന ദളിത് യുവാവിനാണ്.
ഇന്റർനാഷണൽ ബുക്കർ സമ്മാനം 2023 വിധികർത്താക്കൾ
ഇത്തവണത്തെ കമ്മിറ്റിയുടെ അദ്ധ്യക്ഷ ലെയ്ല സ്ലീമാനി എന്ന ഫ്രഞ്ച്- മൊറോക്കൻ എഴുത്തുകാരിയും പത്ര പ്രവർത്തകയുമാണ്. ഒപ്പമുള്ള നാലുപേരിൽ ടാൻട്വാൻ എംഗ് മലേഷ്യക്കാരനായ ഇംഗ്ലീഷിൽ എഴുതുന്ന നോവലിസ്റ്റാണ്. മാൻ ഏഷ്യൻ സമ്മാനം നേടുകയും ബുക്കർ സമ്മാന പട്ടികയിൽ മുൻ വർഷങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.
പാറുൾ സെഹ്‌ഗാൾ ഇന്ത്യൻ വംശജയാണ് എന്ന് പേര് സൂചിപ്പിക്കുന്നുണ്ടെങ്കിലും ന്യൂയോർക്കർ/ ന്യൂയോർക്ക് ടൈംസ് എഡിറ്റർ ആണ് എന്നുമാത്രമാണ് അറിയപ്പെടുന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയുമാണ്. ഫ്രെഡറിക് സ്റ്റൂഡമാൻ ഫിനാൻഷ്യൽ ടൈംസിന്റെ ലിറ്റററി എഡിറ്ററാണ്. ഉല്യം ബ്ലാക്കർ ബ്രിട്ടണിലെ അറിയപ്പെടുന്ന യുക്രെയ്നിയൻ ഭാഷാ വിവർത്തകനും എഴുത്തുകാരനും പൗരസ്ത്യ യൂറോപ്യൻ ഭാഷകളുടെ വകുപ്പിൽ അധ്യാപകനുമാണ്.
ഏറ്റവും ശ്രദ്ധേയം ഉല്യം ബ്ലാക്കറുടെ വാക്കുകളായിരുന്നു. "ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ എന്ന നിലയിൽ പുസ്തകങ്ങളെ സമീപിക്കുമ്പോൾ നമുക്ക് സാംസ്കാരികമായ ഒരു വിനയം വേണം".
വിധി കർത്താക്കളുടെ വായനാ പ്രതീക്ഷകൾ
ലെയ്‌ല സ്ലീമാനിയുടെ ബുക്കർ വായന തുടങ്ങും മുൻപ് അവർ ഇനിയുള്ള ദിവസങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്, "ഓരോ കഥയും എന്നെ ആശ്ചര്യപ്പെടുത്തുകയും നടക്കുകയും അവയിലോരോന്നും ഓർമയിൽ നിന്നും മാറാതെ നിൽക്കുകയും ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്".
ഫ്രഡറിക് സ്റ്റുഡമാൻ: "പരിചിതമായ ഇടങ്ങളിൽ നിന്നും മാറിയുള്ള വായന ഒരു നല്ല അനുഭവമായിരിക്കും എന്ന് ഞാൻ കരുതുന്നു".
ടാൻട്വാൻ എംഗ്: "എന്റെ ബുദ്ധിയോടും ഹൃദയത്തോടും ഒരുപോലെ സംസാരിക്കുന്ന പുസ്തകങ്ങളെയാണ് ഞാൻ അന്വേഷിക്കുന്നത്".
പാറുൾ സെഹ്‌ഗാൾ: "നല്ല പുസ്തകങ്ങൾ അവരുടേതായ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകതന്നെ ചെയ്യും".
ഏറ്റവും ശ്രദ്ധേയം ഉല്യം ബ്ലാക്കറുടെ വാക്കുകളായിരുന്നു. "ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ എന്ന നിലയിൽ പുസ്തകങ്ങളെ സമീപിക്കുമ്പോൾ നമുക്ക് സാംസ്കാരികമായ ഒരു വിനയം വേണം".
2005 മുതൽ 2015വരെ ഈ സമ്മാനം വിവർത്തനങ്ങൾക്ക് മാത്രമായി എന്ന് നിബന്ധനയില്ലായിരുന്നു. എന്ന് മാത്രമല്ല, ഒറ്റ പുസ്തകമായിരുന്നില്ല പരിഗണിച്ചിരുന്നത്. ഒരു എഴുത്തുകാരന്റെ മുഴുവൻ എഴുത്തുകളും ഒരുമിച്ചായിരുന്നു. കൂടാതെ, എല്ലാ വർഷവുമായിരുന്നില്ല, രണ്ട് കൊല്ലത്തിൽ ഒരിക്കൽ ആണ് ഇന്റർനാഷണൽ ബുക്കർ നൽകിയിരുന്നത്.
2023 ലെ ദീർഘപട്ടികയെക്കുറിച്ച്
ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയ 13 പുസ്തകങ്ങളും ഭാഷയുടെ ശക്തി ആഘോഷിക്കുന്നവയാണെന്ന് ലെയ്‌ല സ്ലീമാനി പ്രസ്താവിച്ചു. "ആത്യന്തികമായി നാമെല്ലാം മനുഷ്യരാണെന്ന് സാഹിത്യം നമ്മളെ മനസിലാക്കിക്കുന്നു. നാമെല്ലാവരും തന്നെ കരയും ആർദ്രരാകും പ്രണയിക്കും ഭയപ്പെടും. ഒരേ കാര്യങ്ങളെക്കുറിച്ചാണ് നാം വികാരഭരിതരാകുന്നത്. വാസ്തവത്തിൽ വിവർത്തനം എന്ന പ്രക്രിയയുടെ പ്രാധാന്യം ഇതുതന്നെ.
പുരസ്കാരത്തിന്റെ അഡ്മിനിസ്ട്രേറ്റർ ഫിയമെറ്റ റോക്കോ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു- വിവർത്തനം ചെയ്യപ്പെട്ട ഒരു പുസ്തകം വായിക്കുന്നത് ഒരു ആഗോള സാഹസികയാത്ര പോകും പോലെയാണ്. വിധികർത്താക്കൾ ഇവിടെ സൂക്ഷ്മമായി പരിശോധിച്ചത് എഴുത്തുകാരും അവരുടെ വിവർത്തകരും നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് എന്ത് പറയുന്നു എന്ന് മാത്രമല്ല, അത് എങ്ങനെ പറയുന്നു എന്ന് കൂടിയാണ്. വായനയ്ക്ക് അതിർത്തികൾ ഇല്ല എന്ന് ഈ പട്ടിക സൂചിപ്പിക്കുന്നു.
ഇന്റർനാഷണൽ ബുക്കർ സമ്മാന നിബന്ധനകൾ
ഏത് ലോക ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് 2022 മെയ് ഒന്നിനും 2023 ഏപ്രിൽ 30 നും ഇടയ്ക്ക് യു കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച നോവലോ ചെറുകഥാ സമാഹാരമോ ആയിരിക്കണം. 2005 മുതൽ 2015വരെ ഈ സമ്മാനം വിവർത്തനങ്ങൾക്ക് മാത്രമായി എന്ന് നിബന്ധനയില്ലായിരുന്നു. എന്ന് മാത്രമല്ല, ഒറ്റ പുസ്തകമായിരുന്നില്ല പരിഗണിച്ചിരുന്നത്. ഒരു എഴുത്തുകാരന്റെ മുഴുവൻ എഴുത്തുകളും ഒരുമിച്ചായിരുന്നു. കൂടാതെ, എല്ലാ വർഷവുമായിരുന്നില്ല, രണ്ട് കൊല്ലത്തിൽ ഒരിക്കൽ ആണ് ഇന്റർനാഷണൽ ബുക്കർ നൽകിയിരുന്നത്. 2015 നുശേഷം നിബന്ധനകൾ ഇന്നത്തേതുപോലെയായി. സമ്മാനത്തുകയായ അമ്പതിനായിരം പൗണ്ട്, എഴുത്തുകാരനും വിവർത്തകനും തുല്യമായി വീതിച്ച് നൽകും.
ദീർഘപ്പട്ടികയിൽ ഒരു പുസ്തകമെന്നതിന്റെ പ്രയോജനം
ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുന്ന തീയതിവരെ ഈ പതിമൂന്ന് പുസ്തകങ്ങൾക്കും കമ്പോളത്തിൽ കിട്ടുന്ന ദൃശ്യത തന്നെയാണ് എഴുത്തുകൾക്ക് പ്രധാന പ്രയോജനം. വായനക്കാർക്കും അവർ കേട്ടിട്ടില്ലാത്ത പുസ്തകങ്ങളെക്കുറിച്ച് അറിയാൻ കഴിയുകയും ചെയ്യും. പിന്നീടുള്ള പതിപ്പുകളിൽ "ബുക്കർ നാമനിർദേശം" ചെയ്യപ്പെട്ട പുസ്തകമായി ടാഗ് ചെയ്യുവാനും കഴിയും.
കഴിഞ്ഞ കൊല്ലത്തെ വിജയിയായ ഗീതാഞ്ജലി ശ്രീയുടെ "ടൂംബ്സ് ഓഫ് സാൻഡ്" പ്രസിദ്ധീകരിച്ച് ആദ്യ മാസം വിറ്റത് 473 പ്രതികളാണത്രെ. ദീർഘപ്പട്ടിക പുറത്തുവന്ന് ബുക്കർ പ്രഖ്യാപിക്കും വരെയുള്ള മെയ് മാസം വരെ 5000 കോപ്പിയും വിറ്റതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഒരു ഡസനിൽപ്പരം ഭാഷകളിൽ വിവർത്തനാവകാശം വിറ്റുപോവുകയും ചെയ്തു.
ബുക്കേഴ്സ് ഡസൻ
പെരുമാൾ മുരുഗന്റെ പുസ്തകം കൂടാതെ ദീർഘപ്പട്ടികയിൽ പന്ത്രണ്ട് പുസ്തകങ്ങളുണ്ട്.
1. മെറൈസ് കോൺഡേ (ദ ഗോസ്പൽ അക്കോർഡിങ് ടു ദ ന്യൂ വേൾഡ്)
ഇന്നേവരെയുള്ള ബുക്കർ പട്ടികകളിൽ ഇടം പിടിച്ചവരിൽ ഏറ്റവും പ്രായമുള്ള എഴുത്തുകാരിയാണ് (89 വയസ്) കരീബിയൻ സാഹിത്യത്തിലെ ശ്രേഷ്ഠ സാഹിത്യകാരിയായ മെറൈസ് കോൺഡേ. 1934 ൽ ഗ്വാഡലൂ എന്ന ഫ്രഞ്ച് പ്രവിശ്യയായ കരീബിയൻ ദ്വീപ സമൂഹത്തിൽ ജനിച്ച ഇവർ നിരവധി ആഫിക്കൻ രാജ്യങ്ങളിലും ഒടുവിൽ ന്യൂയോർക്ക് നഗരത്തിലും താമസിച്ചു. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് അദ്ധ്യാപികയായ വിരമിച്ച മെറൈസ് വംശം, സംസ്കാരം, ജൻഡർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് എഴുതാറുള്ളത്.
ഫ്രഞ്ച് ഭാഷയിൽ എഴുതുന്ന അവരുടെ 'ദ ഗോസ്പൽ എക്കോർഡിങ് റ്റു ദ ന്യൂ വേൾഡ്' എന്ന നോവലിന്റെ ഇതിവൃത്തം, പാസ്കൽ എന്ന അത്ഭുത ശിശുവായി കരുതപ്പെടുന്ന മിശിഹയാണെന്ന് സംശയിക്കപ്പെടുന്ന, വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്.
ഞരമ്പുകളെ ബാധിച്ച ഒരസുഖം കാരണം കാഴ്ച നഷ്ടപ്പെടുന്നത് ഉൾപ്പെടെ ഉള്ള വൈകല്യങ്ങൾ ബാധിച്ച മെറൈസ് തന്റെ ഭർത്താവും വിവർത്തകനുമായ റിച്ചാർഡ് ഫിൽകോക്സിന് പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ് ഈ നോവൽ. ഫിൽകോക്സ് ഇത് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം ചെയ്താണ് 'ദ ഗോസ്പൽ എക്കോർഡിങ് റ്റു ദ ന്യൂ വേൾഡ്'. കോൺഡേയ്ക്ക് 2015 ൽ ബുക്കർ നാമനിർദ്ദേശം ലഭിച്ചിരുന്നു.
2. അമാൻഡ സ്വെൻസൺ (എ സിസ്റ്റം സോ മാഗ്നിഫിസെന്റ് ഇറ്റ് ഈസ് ബ്ലെൻഡിങ്ങ്)
വിവർത്തകയും എഴുത്തുകാരിയുമായ അമാൻഡ സ്വെൻസൺ മുപ്പത്തിയഞ്ച് വയസുകാരിയാണ് ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി. അലി സ്മിത്തിന്റെ പുസ്തകങ്ങൾ സ്വീഡിഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തതാണ്. ആദ്യമായാണ് അമാൻഡയുടെ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. വിവർത്തനം നിക്കോള സ്‌മോളിയുടെത്. പ്രസവത്തിൽ ഒരുമിച്ച് പിറന്ന മൂന്ന് കുട്ടികളിൽ ഒരാൾ ആശുപത്രിയിൽ വച്ച് മാറിപ്പോയിരിക്കാം എന്ന് കേൾക്കുമ്പോൾ അവർ മൂവരുടെയും ജീവിതം മാറിമറിയുന്നതെങ്ങനെ എന്ന് പറയുന്ന സരസവും വൈകാരികവും ഇതിഹാസ സമാനവുമായ ആഖ്യാനം.
3. ക്ലെമെൻസ് മെയർ (വൈൽ വീ വേർ ഡ്രീമിംഗ്)
ക്ലെമെൻസ് മെയറുടെ ആദ്യ രചനയാണ് ഈ ജർമ്മൻ നോവൽ. 2006 ൽ രചിക്കപ്പെട്ട ഈ നോവലിന് ഇപ്പോഴാണ് ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടാകുന്നത്. കേറ്റി ഡെർബിഷയറുടെ വിവർത്തനത്തിൽ ബുക്കർ പട്ടികയിലെത്തിയ പുസ്തകം പറയുന്നത് ബർലിൻ മതിലിന്റെ പതനത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ്. അസ്തമയത്തിനും ഉദയത്തിനും ഇടയ്ക്കുള്ള കാലത്തെ അരക്ഷിതാവസ്ഥകളും അസ്വസ്ഥതകളും വെളിപ്പെടുത്തുന്ന പച്ചയായ ഭാഷയിലുള്ള വൈകാരികമായ ഈ രചനയിൽ ജർമ്മൻ ഏകീകരണത്തിന്റെ കാണാക്കഥകൾ മൂന്ന് കൗമാരക്കാരുടെ കണ്ണിലൂടെ നാം കാണുന്നു. മെയറുടെ മറ്റൊരു രചനയായ 'ബ്രിക്ക്സ് ആൻഡ് മോർട്ടാർ' കേറ്റി ഡെർബിഷയറുടെ തന്നെ വിവർത്തനത്തിൽ 2017 ലെ ബുക്കർ ലിസ്റ്റിൽ ഉണ്ടായിരുന്നു. എഴുത്തിലേക്ക് തിരിയും മുൻപ് സെക്യൂരിറ്റി ഗാർഡായും, ഡ്രൈവറായും നിർമാണ തൊഴിലാളിയായും ഒക്കെ മെയർ ജോലി ചെയ്തിട്ടുണ്ട്.
4. ആൻഡ്രെയ് കുർക്കോവ് ( ജിമ്മി ഹെൻഡ്രിക്സ് ലൈവ് ഇൻ ല് വീവ്)
ല് വീവ് നഗരത്തിന്റെ നേർച്ചിത്രമായ ഈ നോവൽ അവിടെ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ്. കറുത്ത ഹാസ്യത്തിലും മാജിക് റിയലിസത്തിലും പൊതിഞ്ഞ കഥനം ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയത് ബുക്കർ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വിവർത്തക 24കാരിയായ റൂബൻ വൂളി.
5. ജോർജി ഗോസ്പോഡിനോവ്
ബൾഗേറിയൻ ഭാഷയിൽ നിന്ന് ബുക്കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ നോവലായ ടൈം ഷെൽട്ടറിന്റ പശ്ചാത്തലം സൂറിച്ചിലുള്ള ഒരു അൾഷീമേഴ്സ് ചികിത്സാകേന്ദ്രമാണ്. ആ കെട്ടിടത്തിന്റെ ഓരോ നിലയിലും അതിസൂക്ഷ്മമായി പുനഃസൃഷ്ടിക്കപ്പെടുന്ന ഭൂതകാലങ്ങളുണ്ട്. ചികിത്സയ്ക്ക് വരുന്നവരെ അത് പുറകിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ എവിടെയോ വച്ച് ഭൂതകാലം വർത്തമാനകാലത്തിലേക്ക് കടന്നുവരാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാവൃത്തം. ഏഞ്ചല റോഡിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം വായനക്കാരോട് ചോദിക്കുന്ന ചോദ്യം ഇതാണ്. "എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ചരിത്രത്തിൽ എന്താണ് എവിടെയാണ് നമ്മുടെ സ്ഥാനം".
6. ചിയോൺ മീയോങ്ങ്ക്വാൻ (വെയിൽ)
തെക്കൻ കൊറിയയുടെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന മൂന്നു തലമുറയിലുള്ള കഥാപാത്രങ്ങളെ പിന്തുടരുന്ന ഇതിഹാസസമാനമായ ആഖ്യാനമാണ് വെയിൽ. ഡോൺ കിസോത്തേയെ ഓർമിപ്പിക്കുന്ന സരസകഥനം വായനക്കാരനെ കൊറിയയുടെ ചരിത്രം ഭൂപ്രദേശങ്ങൾ എന്നിവയിലൂടെ കൊണ്ടുപോകുന്നു. 2003 ൽ കൊറിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച പുസ്തകം ഇംഗ്ളീഷിലെത്താൻ രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു. നോവലിസ്റ്റ് സിനിമാ സംവിധായകനും കൂടിയാണ്. പരിഭാഷക 'ചീയങ്ങ് കിം'.
7. സൂ ജിങ്ക്ഷി (നൈൻത് ബിൽഡിങ്)
ബീജിങിൽ ചൈനീസ് സാംസ്കാരിക വിപ്ലവകാലത്ത് നടക്കുന്ന കഥ, ആ കാലഘട്ടത്തിന്റെ ഇതുവരെ കാണാത്ത ഒരു വശം വ്യക്തമാക്കുന്നു. ഇരുണ്ട കാലങ്ങൾ എഴുത്തിലുണർത്തുന്ന കറുത്ത ഹാസ്യം കൊണ്ട് ജിങ്ക്ഷി പറയുന്നത് അത്തരമൊരു ഭരണത്തിന്റെ കീഴിൽ വ്യർത്ഥമാകുന്ന ഒരു യുവത്വത്തിന്റെ കഥയാണ്. ജിങ്ക്ഷിയുടെ നോവലുകളിലെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നടത്തിയിട്ടുള്ള ജെറമി ടിയാങ് മുൻ ബുക്കർ വിധി കർത്താവ് കൂടിയാണ്.
ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്നവരുടെ നിത്യജീവിതത്തിലെ വിരസമായ നിമിഷങ്ങളുടെയും അതിനിടയിൽ വന്നുപോകുന്ന സാർത്ഥകമായ മനുഷ്യ മുഹൂർത്തങ്ങളുടെയും സങ്കലനമാണ് 'നൈൻത് ബിൽഡിങ്'.
8. ഗോസ് (സ്റ്റാൻഡിങ് ഹെവി)
ഐവറി കോസ്റ്റിൽ നിന്നും അനധികൃത വിദ്യാർഥിയായി പാരീസിൽ വന്ന് നാട്ടിലേക്ക് മടങ്ങും വരെ ഉപജീവനത്തിന് സെക്യൂരിറ്റി ഗാർഡായി ജോലി നോക്കിയ പാട്രിക് അർമാൻഡ്- ജ്ബാക്ക ബ്രഡെയുടെ തൂലികാ നാമമാണ് ഗോസ്. ഇന്നദ്ദേഹം ഫോട്ടോഗ്രാഫറും എഴുത്തുകാരനും തിരക്കഥാകൃത്തും പത്രാധിപരുമാണ്.
ഐവറി കോസ്റ്റിൽ നിന്നും ഫ്രാൻസിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയുടെ രണ്ട് കാലഘട്ടങ്ങളാണ് സ്റ്റാൻഡിങ് ഹെവി പറയുന്നത്. ഫ്രഞ്ച് കൊളോണിയൽ കാലവും വർത്തമാന കാലവുമാണ് ആഖ്യാനകാലഘട്ടം. ആ കഥ സരസമായി മനുഷ്യത്വമാനത്തോടെ പറയാൻ ഇവിടെ ഉപയോഗിച്ചിട്ടുള്ള ശബ്ദം ഒരു സെക്യൂരിറ്റി ഗാർഡിന്റെയാണ്. ഫ്രഞ്ചിൽ നിന്നും ഈ പുസ്തകം ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്തിട്ടുള്ള ഫ്രാങ്ക് വിൻ മുൻ ബുക്കർ വിധി കർത്താവാണ്.
9. വിഗ്‌ദീസ് ജോർ (ഇസ് മദർ ഡെഡ് ?)
ഈ നോർവീജിയൻ എഴുത്തുകാരി അന്നാട്ടിലെ സമകാലീന സാഹിത്യരംഗത്ത് ഇന്നൊരു വിവാദ നായികയാണ്. നോസ്‌ഗാർഡിന്റെ ഓട്ടോ ഫിക്ഷൻ തരംഗം സൃഷ്‌ടിച്ച ഓളത്തിൽ, എഴുതപ്പെടുന്നത് എല്ലാം അങ്ങനെയൊരു കണ്ണുകൊണ്ട് കാണാൻ വായനക്കാർക്ക് ഒരു താത്പര്യം ഉണ്ടായി. അക്കാരണം കൊണ്ട് ജോർ രചിച്ച ഒരു നോവലിനെ സ്വന്തം കുടുംബം തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. സ്വന്തം സഹോദരി തന്നെ അതിന് മറുപടിയെന്ന പോലെ മറ്റൊരു നോവലെഴുതി. അമ്മ കേസ് കൊടുക്കും എന്ന് പറഞ്ഞു. അതൊക്കെ കഴിഞ്ഞ ഉടൻ ജോർ എഴുതിയ നോവലാണ് 'ഇസ് മദർ ഡെഡ്?'. ഇതിലെ നായിക ജോഹാന്ന വിധവയായി തിരിച്ച് ഓസ്‌ലോയിൽ എത്തുകയാണ്. മാതൃത്വം എന്ന വിഷയത്തിൽ അവരുടെ ആർട്ട് വർക്കുകളുടെ പ്രദർശനത്തിന് ഒരുങ്ങുമ്പോൾ അത് ജോഹാന്നയ്ക്കും അമ്മയ്ക്കും ഇടയിൽ ഉണ്ടാക്കുന്ന വൈഷമ്യങ്ങളാണ് ഇതിവൃത്തം. ചാർലറ്റ് ബാർസ് ലുണ്ട് ആണ് വിവർത്തക.
10. ഈവ ബൽത്താസർ (ബൗൾഡർ)
കാറ്റലൻ ഭാഷയിൽ നിന്നും ബുക്കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യത്തെ നോവലാണിത്. ക്വീർ ലൈംഗികതയുടെ വികാരതലങ്ങൾ, സ്വാതന്ത്ര്യം, മാതൃത്വം, സ്നേഹം തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കുന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെതിട്ടുള്ളത് ജൂലിയ സാഞ്ചസ്.
11. ലോറാങ്ങ് മോവീഞ്ഞേ (ദ ബർത്ത്ഡേ പാർട്ടി)
നമ്മളിൽ നിന്നും മറ്റുള്ളവരിൽ നിന്നും നാം ഒളിച്ചുവയ്ക്കുന്ന കഥകൾ ചുരുളഴിക്കുന്നതിൽ വിദഗ്ധനായ മോവീഞ്ഞേയുടെ 'ബർത്ത്ഡേ പാർട്ടി' ഫ്രാൻസിന്റെ പ്രാന്ത പ്രദേശത്തെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ ഒറ്റ ദിവസത്തിൽ നടക്കുന്ന കഥയാണ്. സ്വൈര ജീവിതം നയിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കയറിവരുന്ന ഭീകരാനുഭവങ്ങൾ വായിച്ച് പോകാൻ വായനക്കാരന് നല്ല ധൈര്യം വേണമെന്ന് വിമർശകർ പറയുന്നു. ഹൊറർ ടോണിലുള്ള പുസ്തകം പരിഭാഷപ്പെടുത്തിയത് ഡാനിയൽ ലെവിൻ ബെക്കർ.
12. ഗൊഡലുപ്പെ നെറ്റിൽ (സ്റ്റിൽബോൺ)
മെക്സിക്കൻ നോവലിസ്റ്റായ ഗൊഡലുപ്പെ നെറ്റിൽ ഈ നോവലിൽ തേടുന്നത് 'കുട്ടികൾ വേണമോ' എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. രണ്ട് സ്വതന്ത്ര സ്ത്രീകൾ, കരിയറിസ്റ്റുകൾ, ഒരാൾ വന്ധ്യംകരണം നടത്തിയിട്ടുണ്ട്. മുപ്പതുകളിലാണ് പ്രായം. ഒടുവിൽ എപ്പോഴോ അവരിലൊരാളെ മാതൃത്വവും മറ്റെയാളെ പ്രണയവും മാടി വിളിക്കുന്നു. അപ്പോഴുണ്ടാകുന്ന സങ്കീർണതകളാണ് ഈ സ്പാനിഷ് കൃതിയുടെ കഥാതന്തു. സ്വാതന്ത്ര്യത്തിന്റെ നിർവചനമെന്തെന്നാണ് ഇതിലെ അന്വേഷണം. വിവർത്തനം റോസലിൻഡ് ഹാർവെ.