പ്രണയവും രാഷ്ട്രീയവും പറയുന്ന 'കെയ്‌റോസ്'; ബുക്കർ പുരസ്‌ക്കാരം ജർമൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിനും വിവർത്തകനും
പ്രണയവും, ബെർലിൻമതിലിന്റെ തകർച്ചയും അതിനെ തുടർന്നുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ആവിഷ്കരിച്ച നോവല്‍ കെയ്‌റോസിന്റെ സ്രഷ്ടാക്കള്‍ക്ക് ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്‌ക്കാരം. ജർമ്മൻ എഴുത്തുകാരി ജെന്നി എർപെൻബെക്ക്, നോവലിന്റെ പരിഭാഷകന്‍ മൈക്കൽ ഹോഫ്മാന്‍ എന്നിവര്‍ പുരസ്കാരം പങ്കിടും. ബുക്കര്‍ പുരസ്‌ക്കാരം ലഭിക്കുന്ന പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ജര്‍മന്‍ എഴുത്തുകാരിയാണ് ജെന്നി എർപെൻബെക്ക്. ബുക്കർ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യത്തെ പുരുഷ പരിഭാഷകൻ കൂടിയാണ് മൈക്കൽ ഹോഫ്മാൻ.
1986 ൽ ഈസ്റ്റ് ബെർലിനിൽ ഒരു ബസിൽ കണ്ടുമുട്ടുന്ന 19 വയസ്സുള്ള ഒരു വിദ്യാർഥിയും 50 വയസ്സുള്ള വിവാഹിതനും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ഒരുക്കിയിരിക്കുന്നത്.
57 കാരിയായ ജെന്നി എർപെൻബെക്ക് ബെർലിനിലാണ് ജനിച്ചത്, മുമ്പ് ഓപ്പറ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു ജെന്നി എർപെൻബെക്കിന്റെ മുൻകാലകൃതികളായ ദ എൻഡ് ഓഫ് ഡേയ്സ് (2014), ഗോ, വെന്റ്, ഗോൺ (2017) എന്നിവ 2018 ൽ ബുക്കർ പുരസ്‌കാരത്തിനായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
66 കാരനായ ഹോഫ്മാനെ 'ലോകത്തെ ഏറ്റവും സ്വാധീനിച്ച ജർമ്മൻ - ഇംഗ്ലീഷ് വിവർത്തകൻ' എന്നാണ് അറിയപ്പെടുന്നത്. കവിതയ്ക്കും സാഹിത്യ നിരൂപണത്തിനുമൊപ്പം ഫ്‌ലോറിഡ സർവകലാശാലയിൽ അധ്യാപകൻ കൂടിയാണ് അദ്ദേഹം.
ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10, ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ്, സെൽവ അൽമാഡയുടെ നോട്ട് എ റിവർ, ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്, ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ എന്നിവയായിരുന്നു ബുക്കർ പുരസ്‌കാരത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്ത മറ്റ് പുസ്തകങ്ങൾ.
ഇംഗ്ലീഷിൽ എഴുതിയതോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോ ആയ ഗ്രന്ഥങ്ങളാണ് ബുക്കർ പുരസ്‌ക്കാരത്തിനായി പരിഗണിക്കുക. ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്‌പോഡിനോവ് എഴുതിയ ടൈം ഷെൾട്ടർ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ചത്.