ആശാൻകവിത: കാറ്റിൽത്തൂവിയ വിത്തുകൾ
'ആശാൻപ്രതിമകൾ ഉണ്ടായെങ്കിലും ആശാൻകൃതികൾ പ്രതിമകൾ ആയില്ല' എന്ന വാക്യം ഇയ്യിടെ, കവി പി എൻ ഗോപീകൃഷ്ണൻ എഴുതിയ ആശാൻലേഖനത്തിലേതാണ്. കവിത പോലെ മനോഹരവും ധ്വനിനിർഭരവുമാണത്. പ്രതിമയാവുക എന്നാൽ കാലത്തിൽ നിശ്ചമാവുക എന്നാണർത്ഥം. ഇത്തരമൊരു സ്തംഭനമോ സ്ഥാവരമായ നിലയോ ആശാൻകൃതികൾക്കില്ല എന്നാണ് ഗോപീകൃഷ്ണൻ പറയുന്നത്. മലയാളിയോടൊപ്പം ഒരു നൂറ്റാണ്ടു സഞ്ചരിച്ച കവിതയാണത്. പ്രതിമ സ്ഥലത്തിന്റേതാണെങ്കിൽ കവിത കാലത്തിന്റേതാണ്. കാറ്റിൽപ്പതിച്ച വിത്തുകൾ പോലെയാണത്. കാലവും ചരിത്രവും ചേർന്ന് അതിനെ പുതിയ കൃഷിഭൂമികളിൽ വിതയ്ക്കും. ഇങ്ങനെ വിതയും കൊയ്ത്തും അവിരാമം നടക്കുന്ന ഒരു പാഠത്തിന്റെ പേരാകുന്നു ആശാൻകവിത എന്നത്.
എ ആറും മുണ്ടശ്ശേരിയും സുകുമാർ അഴീക്കോടും കുട്ടിക്കൃഷ്ണമാരാരും കെ ഭാസ്കരൻ നായരും എം ആർ ലീലാവതിയും പി കെ ബാലകൃഷ്ണനും എം കെ സാനുവും കെ എം ഡാനിയേലും പി പവിത്രനും എൻ അജയകുമാറുമെല്ലാം ആശാൻകവിതയെക്കുറിച്ചെഴുതി. ഇതിൽ ആദ്യത്തേത് (നളിനി യുടെ അവതാരിക) കഴിഞ്ഞ നൂറ്റാണ്ടിന്റെ ദ്വിതീയദശകത്തിലായിരുന്നു എങ്കിൽ എൻ അജയകുമാർ ആശാനെക്കുറിച്ചെഴുതുന്നത് ഏറെക്കുറെ ഒരു നൂറ്റാണ്ടിനു ശേഷമാണ്.
ഇത്രയേറെ നിരൂപണവിധേയവും പഠനവിധേയവുമായ ഒരു കവിത, നമ്മുടെ ഭാഷയിൽ വേറേ ഇല്ല. എൻ കൃഷ്ണപിള്ളയും വിഷ്ണു നാരായണൻ നമ്പൂതിരിയും ഗുരു നിത്യചൈതന്യയതിയുമൊക്കെ ആശാൻകവിതയാൽ അഭിഭൂതരായി അതിനെപ്പറ്റി എഴുതിയവരാണ്. ഡോ അയ്യപ്പപ്പണിക്കരും ആശാൻകവിതയെപ്പറ്റി ഒന്നിലേറെ ലേഖനങ്ങൾ എഴുതി. എം എൻ വിജയന്റെ മനോവിശ്ലേഷണപരമായ അപഗ്രഥനത്തിനും ആ കവിത വിധേയമായി. ബി ഉണ്ണിക്കൃഷ്ണന്റെ 'ലക്കാനിയൻ' വായനയുമുണ്ടായിട്ടുണ്ട് , ആശാന്റെ 'ലീല'യ്ക്ക് . ഇതേ കൃതിയുടെ 'ലക്കോഫിയൻ'വായനയുമുണ്ട്. രസവും ധ്വനിയും തൊട്ട്, ലക്കാനും ലക്കോഫും വരെയാണ് ആശാൻകവിത പഠിക്കാൻ ഉപയോഗിക്കപ്പെട്ട സിദ്ധാന്തങ്ങൾ. എല്ലാറ്റിലും ആ കവിത കൂടുതൽ തെളിഞ്ഞു. പണ്ട് വാഗ്ഭടാനന്ദൻ , 'പ്രരോദന'ത്തിലെ ഒരു ശ്ലോകത്തെ എല്ലാ ഭാരതീയകാവ്യമീമാംസകളുമുപയോഗിച്ച് വായിച്ചതിനു ശേഷം ആ ശ്ലോകം സർവ്വോൽക്കൃഷ്ടമാണെന്നു പറയുന്നുണ്ട്. ഇതുപോലെയാണ് ആശാനെ ഏറ്റവും പുതിയ പാശ്ചാത്യസിദ്ധാന്തമുപയോഗിച്ചു വായിക്കുന്നതും. സിദ്ധാന്തവും കവിതയും ഒരുപോലെ തിളങ്ങുന്നു അവയുടെ പരസ്പരഘർഷണത്താൽ.
ലീലയെ മുൻനിർത്തിപ്പറഞ്ഞത് മുഴുവൻ ആശാൻ കവിതയ്ക്കും ബാധകമാണ്. സീതയുമതേ, ഈ നൂറ്റാണ്ടിലെ സ്ത്രീയുടെയും സ്ത്രീത്വത്തിന്റെയും ദർപ്പണമാകാനുള്ള ശേഷി ആശാന്റെ സീതയ്ക്കുണ്ട്
'ലീല' എന്ന നായികാനാമത്തെ അതിനു സാധ്യമായ എല്ലാ അർത്ഥത്തിലും വായിക്കാൻ ഇന്നു നമുക്കാവുന്നു. ലീലയെന്നാൽ ഒരു ശൃംഗാരചേഷ്ടയുടെ പേരും കളി(play)യുമാണെന്നോർത്താൽ ആ നായികയുടെ സ്വഭാവവും വെളിപ്പെടും. 'തടശില പോലെ തരംഗലീലയിൽ' എന്നിടത്തെ ലീല വേറൊരു ലീലയാണെങ്കിലും. അവൾ തന്നെയാണ് മദനസവിധത്തിൽ 'ചിറകു വിതിർത്ത കപോതി'യായും കയ്പു പോയ 'പരിണതഫല'മായും 'അതിമോഹലോഹിതാംഗി'യായുമൊക്കെ സ്വയം മാറുന്നത്. 'അരുളും ഭ്രമമൊന്നു കാൺകിൽ നിൻ/തിരുമെയ്, സുന്ദരി, നാരിമാർക്കുമേ' എന്ന സഖീവാക്യവും' മന്ദുര കണ്ട വാജി' എന്ന ഉപമാനവുമൊക്കെ ശ്രദ്ധേയമാണ്. 'നിറയും രതി ലോകസംഗ്രഹം കുറിയാക്കാ സഖി, കൂസലാർന്നിടാ' എന്നതു പോലെ അദമ്യയാണ് ലീല. ഒരു പക്ഷേ ആശാന്റെ നായികമാരുടെ കൂട്ടത്തിൽ ഏറ്റവും കൂടിയ തോതിൽ ഭാവിയുടെ സമകാലിക .
ലീലയെ മുൻനിർത്തിപ്പറഞ്ഞത് മുഴുവൻ ആശാൻ കവിതയ്ക്കും ബാധകമാണ്. സീതയുമതേ, ഈ നൂറ്റാണ്ടിലെ സ്ത്രീയുടെയും സ്ത്രീത്വത്തിന്റെയും ദർപ്പണമാകാനുള്ള ശേഷി ആശാന്റെ സീതയ്ക്കുണ്ട്. മനുഷ്യൻ മരണസമസ്യയ്ക്കു മുന്നിൽ നിസഹായനായി നിൽക്കുമ്പോഴൊക്കെ 'വീണപൂ'വും 'പ്രരോദന'വും പുതിയ അർത്ഥശക്‌തിയോടും അധികാർത്ഥദീപ്തിയോടും കൂടി ഉയിർത്തെഴുന്നേൽക്കും.' ജാതി രക്ഷസണവൊരിടങ്ങളിൽ' ഒക്കെ 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും പുതിയ പ്രസക്തിയോടെ പ്രത്യക്ഷപ്പെടും. ഭൂമിയിൽ പ്രണയമുള്ള കാലത്തോളം 'നളിനി'യും 'ലീല' യും 'കരുണ'യും വായിക്കപ്പെടും. ആശാൻകവിതയും അതിന്റെ പ്രസക്തിയും ഒരു ശതാബ്ദം കൊണ്ടവസാനിക്കുന്നില്ല. വരുന്ന നൂറ്റാണ്ടിലും അതു വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് ഞാനോ നിങ്ങളോ ആയിരിക്കില്ലെന്നു മാത്രം.