ആര് ആരെന്ന നിഗൂഢതയുടെ രാവണൻകോട്ട

ആര് ആരെന്ന നിഗൂഢതയുടെ രാവണൻകോട്ട

മാനുവൽ ജോർജിന്റെ ‘സനാരി’ നോവൽ വായനാനുഭവം പങ്കുവച്ച് എഴുത്തുകാരൻ വി ജയദേവ്.
Updated on
5 min read

നോവലുകളെക്കൊണ്ട് എന്താണു പ്രയോജനം?

എന്തും സാധ്യമാണ് എന്നൊരു പുതിയകാല സാമൂഹികസാഹചര്യം ഉണ്ടാക്കിയെടുത്തു എന്നതാണു നോവല്‍ എന്ന വാക്കെഴുത്തു രൂപത്തിന്റെ ഏറ്റവും വലിയ സംഭാവന എന്നു ബോധ്യമാക്കും വിധത്തിലാണ് ഇന്നു കഥയെഴുത്തിന്റെ വെര്‍ബല്‍ ലാന്‍ഡ്‌സ്‌കെയ്പ് വികസിതമായിരിക്കുന്നത്. മനുഷ്യജീവിതപരിസരങ്ങളുടെ ഏതെല്ലാം ഇടങ്ങളിലേക്കു അതു സൂക്ഷ്മവീക്ഷണം നടത്തും എന്നു പ്രവചിക്കാനാവാത്ത അവസ്ഥ. മുന്‍പൊക്കെ സ്ഥല-കാല എഴുത്തിടത്തു പറഞ്ഞുവയ്ക്കുന്ന കഥയ്ക്കു വളരെ പരിമിതമായ ദിശാരാശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദേശചരിത്രം, പ്രണയം, ഫ്യൂഡല്‍ മേല്‍ക്കോയ്മ അടിസ്ഥാനമാക്കിയ ദേശക്രമം തുടങ്ങി പരിമിതമായ വികാസപരിണാമങ്ങളേ സാധ്യമായിരുന്നുള്ളൂ.

ആ നിലയില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ പല കഥകളിലേക്കും പല പറച്ചിലുകളിലേക്കും നോവല്‍/കഥ പിരിഞ്ഞുപിളര്‍ന്നു പോവുകയുണ്ടായി. ഭാഷയിലെയും പറച്ചിലിലെയും ഈ ഉള്‍സ്‌ഫോടനങ്ങള്‍ നോവലിന്റെ ബൗദ്ധികപരിസരത്തുണ്ടാക്കിയതു പുതിയ യോണറുകളുടെ (ഴലിൃല) വൈവിധ്യമാണ്. ഏതു വിഭാഗത്തില്‍ പെട്ട നോവല്‍ എന്നു സൂചിപ്പിക്കുന്ന സംജ്ഞ എന്നൊരു നിര്‍വചനത്തില്‍ നിന്ന്, യോണര്‍ എന്നതു പുതിയ ഭാവനയുടെ ജനിതകച്ചേര്‍പ്പു തന്നെയായി മാറി.

നേരത്തേ മലയാളത്തിലെ ക്ലാസിക്കല്‍, മോഡേണ്‍ നോവലുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളല്ല പുതിയ കാലത്തെ നോവലുകള്‍ പ്രശ്‌നവത്ക്കരിക്കുന്നത്. പ്രണയം, ദേശചരിത്രം, സാമൂഹികരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളുടെ കൂട്ടത്തിലേക്കു മിസ്റ്ററി എഴുത്ത് എന്ന കുറ്റാന്വേഷണ- മന്ത്രവാദ- ജനപ്രിയ സാഹിത്യവും ചേര്‍ന്നുനിന്നു എന്നതൊഴിച്ചാല്‍, രണ്ടായിരത്തിന്റെ ആദ്യകാലം വരെ മലയാളം നോവല്‍ ഏകതാനമായ വാര്‍പ്പുമാതൃകകളില്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു.

പോസ്റ്റ് മിലേനിയം ഭാവന

രണ്ടായിരാമാണ്ടിനു ശേഷം മലയാളി ഭാവനയില്‍ തുടരെത്തുടരെ ഉരുള്‍പൊട്ടലുകളുണ്ടായി എന്നൊരു നിരീക്ഷണത്തെ സാധൂകരിക്കുന്നതായിരുന്നു ഉത്തര മിലേനിയം ഭാവനയുടെ എഴുത്തുചാട്ടങ്ങള്‍. കുറ്റാന്വേഷണത്തിലും മന്ത്രവാദത്തിലും അഭിരമിച്ചിരുന്ന പഴയ കാലത്തെ യോണറുകളുടെ സ്ഥാനത്തു വേറിട്ടൊരുതരം എഴുത്തിന്റെ ജനകീയമായ സ്വീകാര്യതയാണ് പിന്നീടു കാണാന്‍ കഴിഞ്ഞത്. മിസ്റ്ററി എഴുത്ത് എന്ന നിഗൂഢതയുടെ അനാവരണം തന്നെയായിരുന്നു അത്. ശാസ്ത്രത്തിന്റെ ലോകത്തു പുതിയ ഗവേഷണതാവഴികള്‍ സൃഷ്ടിക്കുന്നതിനനുസരിച്ച് ഈ മിസ്റ്ററി എഴുത്തിലും പലതരം ഉപ യോണകളുണ്ടായി (sub genre).

മലയാളത്തിലെ മിസ്റ്ററി എഴുത്ത് മന്ത്രവാദ, പ്രേത, കൊലപാതക കുറ്റാന്വേഷണ കഥാപരിസരത്തു മാത്രം അഭിരമിച്ചിരുന്ന കാലം വിട്ട് അതു പുതിയ ഉപ യോണറുകളിലേക്കു കൂടി കടന്നിരിക്കുന്നു. സൈബര്‍, മെഡിക്കല്‍, ആക്ഷന്‍, കോണ്‍സ്പിറസി, ക്രൈം, ഹിസ്റ്റോറിക്കല്‍, ഹൊറര്‍, ലീഗല്‍, മിലിട്ടറി, സൈക്കോളജിക്കല്‍, സയന്‍സ് ഫിക്ഷന്‍, ശാസ്ത്രബോധ്യത്തിന് അപ്പുറത്തുള്ള പാരാനോര്‍മല്‍, പൊളിറ്റിക്കല്‍, റൊമാന്റിക് സസ്‌പെന്‍സ്, സ്‌പൈ, ഫിനാന്‍ഷ്യല്‍ ത്രിലറുകള്‍ ഇന്നു മലയാളത്തിലും കരുത്തു തെളിയിച്ചുതുടങ്ങിയിരിക്കുന്നു.

ഞാനാര് എന്ന വലിയ ചോദ്യത്തിന്റെ ഉത്തരം തേടല്‍ ഒരുപക്ഷേ പൗരാണിക കാലം തൊട്ടു തുടങ്ങിയ ഒന്നാണ്. ഇന്നും അതിനു കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. സനാരിയില്‍ മാനുവല്‍ ജോര്‍ജ് അന്വേഷിക്കുന്നതും ഇതേ ചോദ്യത്തിന്റെ ഉത്തരം കൂടിയാണ്.

ആഖ്യാനതലത്തില്‍ വന്ന തലമുറമാറ്റം

പുതിയ യോണറുകളും ഉപ യോണറുകളും മലയാളം എഴുത്താളന്മാരുടെ ഭാവനയുടെ കനലുകള്‍ ഊതിക്കത്തിക്കുമ്പോഴും മലയാളി വായനക്കാരുടെ വിചാരങ്ങളെയും വിസ്മയത്തെയും പൊള്ളിപ്പനിപ്പിക്കുമ്പോഴും പക്ഷെ, ആഖ്യാനരീതിയില്‍ വലിയ മാറ്റങ്ങള്‍ പരിമിതമായേ ഉണ്ടായിക്കണ്ടുള്ളൂ. പുതിയ ഭാവനയില്‍ അഭിരമിക്കുമ്പോഴും കഥപറച്ചിലിന്റെ പഴയ വാര്‍പ്പുമാതൃകയില്‍ നിന്നു കുതറിമാറാന്‍ ഏറെയൊന്നും ശ്രമങ്ങള്‍ നടന്നിട്ടില്ല എന്നു തന്നെ. പുതിയ ഭാവനയെ പരമ്പരാഗത കഥ പറച്ചിലിന്റെ ക്ലാസിക്കല്‍ പരിസരത്തു നിന്നു പറിച്ചുനടാന്‍ ശ്രമങ്ങള്‍ ഏറെ വൈകിയാണെങ്കിലും ആരംഭിച്ചുകഴിഞ്ഞു എന്നുതന്നെ വേണം വിചാരിക്കാന്‍. നിഗൂഢതയെ വിവരിക്കുവാന്‍ അതിനിഗൂഢവും മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഗൂഢാലോചനകള്‍ നടത്തുന്ന ഒരു പുതിയ നിര എഴുത്തുകാരെങ്കിലും ശ്രമിക്കുന്നുണ്ട്.

ഒരു നിഗൂഢത കഥാപരിസരത്തു സംഭവിക്കുക, അതിനെ കണ്ടെത്താന്‍ ഒരു കുറ്റാന്വേഷകന്‍ ഇറങ്ങിപ്പെടുക, പല നിരീക്ഷണങ്ങളിലൂടെ അയാള്‍ കുറ്റവാളിയെ കണ്ടെത്തുക, കുറ്റവാളിയുടെ കുറ്റരീതി അഥവാ മോഡസ് ഓപ്പറാന്‍ഡി വിശദമാക്കുക എന്നിങ്ങനെയായിരൂന്നു മലയാളത്തിലെ മിസ്റ്ററി എഴുത്തിന്റെ, അല്ലെങ്കില്‍ മിസ്റ്ററി ചിത്രീകരണത്തിന്റെ ഒരു വാര്‍പ്പു രീതി. പുതിയ കാലത്തു പുതിയ ഭാവനപരിസരങ്ങള്‍ ഉണ്ടാകുകയും നാളിതുവരെ വിചാരിക്കപ്പെടാത്ത രീതിയില്‍ മിസ്റ്ററി നിര്‍മിക്കപ്പെടുകയും ചെയ്തിട്ടും ഈ വാര്‍പ്പുരീതിയിലല്ലാതെ കഥ പറയാന്‍ എഴുത്തുകാര്‍ മടിച്ചു. തങ്ങള്‍ സൃഷ്ടിച്ച നിഗൂഢതയെ എങ്ങനെയെങ്കിലും പറഞ്ഞുതീര്‍ക്കുക എന്നതു മാത്രമായി അവരുടെ ബാധ്യത.

എഴുത്തുമാറ്റത്തിന്റെ അനിവാര്യത

എന്നാല്‍, അതേറെക്കാലം തുടര്‍ന്നു പോകാന്‍ കഴിയാത്ത അവസ്ഥയിലേക്കാണു പുതിയ ഭാവനയുടെ ഉന്മാദം കൊണ്ടെത്തിച്ചത്. അതുവരെ ഭാവന ചെയ്യാന്‍ പോലും സാധിക്കാതിരുന്ന ഈ ഉന്മാദത്തെ കഥയിലാക്കുക എന്ന ദൗത്യം പഴയ വാര്‍പ്പുമാതൃകങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അപ്പുറത്തേക്കു തിടുക്കം പൂണ്ടു. പുതിയ ഭാവനാവികാസങ്ങള്‍ക്കനുസരിച്ചു പുതിയ എഴുത്തു പറച്ചിലുകള്‍ ആവശ്യമാണ് എന്ന അനിവാര്യതയിലേക്കാണ് അതെത്തിച്ചത്. വായനയ്‌ക്കൊത്തു വാക്കു കൊത്തിയിരുന്ന കാലത്തില്‍ നിന്നു ഭാവനയ്‌ക്കൊത്തു വായനയെ കൊത്തിയൊരുക്കുക എന്ന പുതിയൊരു രസതന്ത്രത്തിലേക്കു മാറാതെ പുതിയ ഭാവനയെ പറഞ്ഞുഫലിപ്പിക്കാന്‍ സാധിക്കില്ല എന്നൊരു പൊട്ടിത്തെറിക്കു മുന്‍പേയുള്ള വിങ്ങലിലേക്കാണ് അതെത്തി നിന്നത്.

ഏറ്റവും പുതിയ കാല മിസ്റ്ററി ഭാവനയെഴുത്തില്‍ അതു സൃഷ്ടിച്ചത് വിപ്ലവാത്മകമായ മാറ്റങ്ങളായിരുന്നു. പരമ്പരാഗത മിസ്റ്ററിയെഴുത്തില്‍, സംഭവിച്ചിരിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ നിഗൂഢത അനാവരണം ചെയ്യുക എന്നതു മാത്രമല്ല തങ്ങളുടെ എഴുത്തുദൗത്യമെന്നു ചുരുക്കം ചില എഴുത്തുകാരെങ്കിലും തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്നുതന്നെ വേണം പറയാന്‍. മിസ്റ്ററി എഴുത്തിന്റെ ജഡതയില്‍, കുറ്റാന്വേഷണത്തിന്റെ പതിവു രീതിയില്‍ സൗന്ദര്യാത്മകത കൂടി ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നിടത്താണ് അതിന്റെ ജനിതകമാറ്റം എന്നു കൂടി പറയാം. പരമ്പരാഗത മിസ്റ്ററിയെഴുത്തുന്റെ തുടര്‍ച്ചയല്ല പുതിയ കാലത്തെ മിസ്റ്ററിയെഴുത്ത്. അതു പൂര്‍വപാഠങ്ങളില്‍ നിന്നുള്ള പൂര്‍ണമായ വിഛേദനമാണ്. പുതിയ ഉന്മാദഭാവനയെ ഉന്മാദവും സൗന്ദര്യവും കുഴച്ച് എഴുതുകയാണ്.

Summary

കുറ്റകൃത്യമല്ല മാനുവലിനെ ഉത്ക്കണ്ഠപ്പെടുത്തുന്ന ഒരു പരാമീറ്റര്‍ എന്നു നിസ്സംശയം പറയാം. കാരണം, അയാള്‍ ഉദ്ദേശിക്കുന്നതു കുറ്റത്തെ ഒരു വാഗ് ഭൂപടമാക്കാനാണ് (വെര്‍ബല്‍ ലിറ്റററിസ്‌പെയ്‌സ്)

ആര് ആരെന്ന നിഗൂഢതയുടെ രാവണൻകോട്ട
'എവിടെ ജോണ്‍?': കവിതയും ചരിത്രവും സിദ്ധാന്തങ്ങളും

മിസ്റ്ററിയും കല തന്നെ

ദുരൂഹതയുടെ എഴുത്തുകാര്‍ക്കു മുഖ്യധാരാ എഴുത്തുകാരില്‍ നിന്നും മുഖ്യധാരാ സാഹിത്യത്തില്‍ നിന്നും പരമ്പരാഗത വായന ഒരു വാക്കകലം കല്‍പ്പിച്ചുകൊടുത്തിരുന്നു എന്നു കാണാന്‍ കഴിയും. അപസര്‍പ്പക എഴുത്തുകാരന്‍ എന്നൊരു അകലം. ഭാവനയുടെയും സൗന്ദര്യാത്മകതയുടെയും മനോജ്ഞമായൊരു ചേരുവ മുഖ്യധാരാ നോവലുകളിലേതു പോലെ അപസര്‍പ്പകത്തില്‍ ഇല്ലെന്നൊരു മൂന്‍വിധിയായിരുന്നു അത്. ആ വിലയിരുത്തല്‍ ഏറെക്കുറെ ശരിയുമായിരുന്നു. ലോക ക്ലാസിക്കുകള്‍ക്കൊപ്പം തന്നെയാണു ' ഡ്രാക്കുള' യ്ക്കു സ്ഥാനമെങ്കിലും ബ്രാം സ്റ്റോക്കര്‍ സമാനസ്ഥാനത്തായിരുന്നില്ല. ലോക ക്ലാസിക്കുകളെന്നാല്‍ ശാശ്വതമായ മനുഷ്യസത്യാവസ്ഥയുടെ ചിത്രീകരണമാണ് എന്നൊരു പൂര്‍വ ധാരണയുടെ പുറത്തായിരുന്നു അത്. തത്ത്വശാസ്ത്രങ്ങളുടെ ഒളിച്ചുകടത്തലാണ് എഴുത്തുകാരന്റെ യശസിന്റെ റിക്ച്ടര്‍ സ്‌കെയില്‍ എന്നൊരു യാഥാസ്ഥികത കൊണ്ടുമാണ്.

കുറ്റാന്വേഷണ എഴുത്തുകള്‍ക്കു മുഖ്യധാരാ സാഹിത്യത്തിന്റെ ലാവണ്യസിദ്ധാന്തങ്ങള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നു കാണാം. കഥാകൃത്തു സൃഷ്ടിച്ച നിഗൂഢതയെ അനാവരണം ചെയ്യുക. ദുരൂഹതകളോടു മനുഷ്യന്റെ എക്കാലത്തുമുള്ള താല്‍പ്പര്യത്തെയും ജിജ്ഞാസയെയും തൃപ്തിപ്പെടുത്തുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളായിരുന്നു അപസര്‍പ്പകങ്ങള്‍ക്ക്. അവന്റെ സ്വത്വപരവും അതിഭൗതികവുമായ പ്രഹേളികകളെ മുഖ്യധാരാ സാഹിത്യം കൈകാര്യം ചെയ്തുകൊള്ളും എന്നൊരു സമാശ്വാസവും ഉണ്ടായിരുന്നു.

കുറ്റാന്വേഷണ, മിസ്റ്ററി എഴുത്തിലേക്കു ആര്‍ട്ടിനെക്കൂടി കൊണ്ടുവരാനുള്ള ശ്രമമാണു പുതിയ കാലത്തെ ഈ ശാഖയിലെ എഴുത്തുകാര്‍ ശ്രമിക്കുന്നത് എന്നു കാണാന്‍ വിഷമമില്ല. മിസ്റ്ററി എഴുത്തില്‍ നിര്‍മിത മിസ്റ്ററിയെക്കുറിച്ചു മാത്രമല്ല മറ്റു പലതും പറയാന്‍ ശ്രമിച്ചുതുടങ്ങിയിരിക്കുന്നു. അതില്‍ ചരിത്രവും പ്രണയനിരാസവും രതിയും എല്ലാം കടന്നുവന്നുതുടങ്ങിയിരിക്കുന്നു. ദേശ എഴുത്തിനെക്കൂടി മിസ്റ്ററി എഴുത്തിന്റ ഭാഗമാക്കിത്തുടങ്ങിയിരിക്കുന്നു എന്നതാണ് മിസ്റ്ററി എഴുത്തില്‍ കാലം കാത്തുവച്ചിരിക്കുന്ന പാരഡൈം ഷിഫ്റ്റ്.

മുപ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹക്ഷണക്കത്തില്‍ ചോരപ്പാടുകള്‍ കൈവിരലടയാളങ്ങളായി മാറിയ ഒരു ദുരൂഹതയില്‍ തുടങ്ങുന്ന അന്വേഷണം....

സനാരിയിലെ വേറിട്ട എഴുത്തുചാട്ടങ്ങള്‍

മാനുവല്‍ ജോര്‍ജിന്റെ 'സനാരി' യുടെ വായനാപരിസരത്തു മിസ്റ്ററി എഴുത്തിലെ മാറ്റച്ചട്ടങ്ങള്‍ സുവ്യക്തമായി കാണാന്‍ കഴിയും. മിസ്റ്ററി എഴുത്തിന്റെ ഭാവുകത്വപരിണാമത്തിന്റെ ടെക്സ്റ്റ്ബുക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്ന നോവലാണു സനാരി. അതില്‍ മാനുവല്‍ ജോര്‍ജ് പറഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നത് പത്തുനാല്‍പ്പതു കൊല്ലം മുമ്പു നടന്ന ഒരു കുറ്റകൃത്യത്തിന്റെ അല്ലെങ്കില്‍ കുറ്റകൃത്യങ്ങളുടെ കാര്യമാണെങ്കിലും അതു മാത്രമല്ല അയാള്‍ പറയാന്‍ ശ്രമിക്കുന്നത്. 'എ ഡെബു മിസ്റ്ററി ത്രിലര്‍' എന്നാണു പുസ്തകം സനാരിയെ വിശേഷിപ്പിക്കുന്നതെങ്കിലും പരമ്പരാഗതവായനക്കൂട്ടില്‍ നിന്നു പുറത്തേക്കു തിടുക്കപ്പെടുകയാണ് അത്.

എന്താണു സനാരിയെ സമകാലിക ത്രിലറുകളില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നത് എന്നു പറയാനാണ് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പ്രത്യേകം സ്‌കെച്ച് ചെയ്തു പരാമര്‍ശിച്ചത്. ആ പറഞ്ഞതിലേക്കുള്ള മിസ്റ്ററി എഴുത്തിന്റെ വഴിയിലേക്കുള്ള സഞ്ചാരമാണു മാനുവല്‍ സനാരിയില്‍ നടത്തുന്നത്. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ അതാരു നടത്തി, അതിന്റെ കാരണം (Motive) എന്ത് എന്നു കണ്ടുപിടിക്കുക അല്ലെങ്കില്‍ അതൂ നറേറ്റ് ചെയ്യുക എന്നതു മാത്രമാണു ത്രിലറിന്റെ ബാധ്യത. താന്‍ തന്നെ സൃഷ്ടിച്ചെടുത്ത കുരുക്കിനെ കുരുക്കഴിച്ചു കാണിക്കുക. എന്നാല്‍, കൃത്യമായി പറഞ്ഞാല്‍ സനാരിയില്‍ ഫിക്ഷനെ മാനുവല്‍ കൈകാര്യം ചെയ്തിരിക്കുന്നത് ആ ഒരു നിര്‍ദ്ദിഷ്ട ഉത്തരവാദിത്തത്തിനു മാത്രമല്ല. സനാരി സമീപകാല ത്രിലറുകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതു അതുകൊണ്ടും കൂടിയാണ്.

ആര് ആരെന്ന നിഗൂഢതയുടെ രാവണൻകോട്ട
മായ്ച്ചുകളയാനാവാത്ത 'കറ'കൾ

കുറ്റം എന്ന യോണര്‍

കുറ്റവാളിയെ ചൂണ്ടിക്കാണിച്ചതുകൊണ്ടു മാത്രം ഒരു മിസ്റ്ററി എഴുത്താളിന്റെ അവസാനിക്കുന്നില്ല എന്നൊരു തിരിച്ചറിവു സമകാലിക മിസ്റ്ററി എഴുത്തില്‍ വന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, അതിനെ പ്രത്യക്ഷമായി അവതരിപ്പിക്കുന്ന രീതി സനാരിയില്‍ ഇതാദ്യമാണെന്നു തന്നെ പറയേണ്ടിവരും. കുറ്റകൃത്യമല്ല മാനുവലിനെ ഉത്ക്കണ്ഠപ്പെടുത്തുന്ന ഒരു പരാമീറ്റര്‍ എന്നു നിസ്സംശയം പറയാം. കാരണം, അയാള്‍ ഉദ്ദേശിക്കുന്നതു കുറ്റത്തെ ഒരു വാഗ് ഭൂപടമാക്കാനാണ് (വെര്‍ബല്‍ ലിറ്റററിസ്‌പെയ്‌സ്). അതുവഴി കുറ്റവാളിയെയല്ല, കുറ്റത്തെത്തന്നെ ഒരു പുതിയ യോണര്‍ ആക്കാനാണ്.

കുറ്റവാളി പിടിക്കപ്പെട്ടാലും കുറ്റം പിന്നെയും മറഞ്ഞിരിക്കുമെന്നു സ്ഥാപിക്കാനാണു മാനുവല്‍ സനാരി എഴുതിയത് എന്നു വിചാരിക്കാന്‍ വേറെ കാരണം വേണ്ടതില്ല. അതു തന്നെയാണു സനാരിയുടെ വേറിട്ട ശേഷിപ്പും.

മുപ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വിവാഹക്ഷണക്കത്തില്‍ ചോരപ്പാടുകള്‍ കൈവിരലടയാളങ്ങളായി മാറിയ ഒരു ദുരൂഹതയില്‍ തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് ഏതെങ്കിലും ഒരു ബിന്ദുവിലേക്കല്ല. സങ്കീര്‍ണതകളുടെ വിശാല മേച്ചില്‍പ്പുറത്തേക്ക്. അന്വേഷണത്തെ, അന്വേഷകന്റെ, വായനക്കാരന്റെ എല്ലാ സംശയങ്ങളും ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുകയല്ല മറിച്ച് പല ബിന്ദുക്കളില്‍. പല കാലങ്ങളില്‍, തട്ടി പല തലങ്ങളിലേക്കു ചിതറുകയാണ്. ആരുടെയൊക്കെയോ ഹിഡന്‍ അജണ്ടകളിലേക്കാണ്. അങ്ങനെ നിഗൂഢത വലിയ കാല - ദേശങ്ങളിലേക്ക് നിറയുകയാണ്. സാധാരണ കുറ്റാന്വേഷണ നോവലുകളില്‍ കാണുന്ന തരത്തില്‍, അന്വേഷണങ്ങളുടെയും തെളിവുകളുടെയും കണ്‍വെര്‍ജന്‍സ് അല്ല, മറിച്ച് ഡൈവര്‍ജന്‍സ് ആണ് മാനുവല്‍ ജോര്‍ജ് പറഞ്ഞുവയ്ക്കുന്നത്.

ഭാവനയുടെ ഉന്മാദം അയാളെ വഴിതെറ്റിക്കുന്നത് പല കാലങ്ങളിലേക്കും ബഹുസ്വര മനുഷ്യരാഷ്ട്രീയങ്ങളിലേക്കുമാണ്. അതുകൊണ്ടുതന്നെ ആയാസകരമായ ഒരു നോവല്‍ രചനയായി സനാരി മാറുന്നു.

ആര് ആരെന്ന നിഗൂഢതയുടെ രാവണൻകോട്ട
മനുഷ്യരില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത മനുഷ്യർ

അന്വേഷണത്തിന്റെ വഴികളിലേക്കു വെറുപ്പും പ്രണയവും മതവും ആചാരങ്ങളും വിശ്വാസങ്ങളും പൊള്ളയായ വര്‍ഗീയ പൊങ്ങച്ചങ്ങളും കടന്നു വരുന്നു. തമ്മില്‍ തമ്മില്‍ ശത്രു എന്നന്വേഷിക്കുന്ന ഒരു കാലവും ചരിത്രവും അനാവൃതമാകുന്നു.

കുറ്റാന്വേഷണ കഥകളുടെ പതിവ് വാര്‍പ്പ് പ്രകാരം എളുപ്പത്തില്‍ പറഞ്ഞുതീര്‍ക്കാവുന്ന ഒരു കഥ പറഞ്ഞു പൊലിപ്പിക്കാന്‍ കഥാകൃത്തിന് ഏറെയൊന്നും ആയാസപ്പെടേണ്ടതല്ല. എന്നാല്‍ മാനുവല്‍ ആയാസപ്പെടാന്‍ തന്നെ തീരുമാനിക്കുകയാണ് ഈ നോവല്‍ രചനയില്‍. കാരണം അയാളുടെ ഭാവനയുടെ ഉന്മാദം അയാളെ വഴിതെറ്റിക്കുന്നത് പല കാലങ്ങളിലേക്കും ബഹുസ്വര മനുഷ്യരാഷ്ട്രീയങ്ങളിലേക്കുമാണ്. അതുകൊണ്ടുതന്നെ ആയാസകരമായ ഒരു നോവല്‍ രചനയായി സനാരി മാറുന്നു.

ഞാനാര് എന്ന വലിയ ചോദ്യത്തിന്റെ ഉത്തരം തേടല്‍ ഒരുപക്ഷേ പൗരാണിക കാലം തൊട്ടു തുടങ്ങിയ ഒന്നാണ്. ഇന്നും അതിനു കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. സനാരിയില്‍ മാനുവല്‍ ജോര്‍ജ് അന്വേഷിക്കുന്നതും ഇതേ ചോദ്യത്തിന്റെ ഉത്തരം കൂടിയാണ്. ആരാണ് ആരുടെ ആര് എന്ന വേറിട്ട ചോദ്യത്തിന്റെ ഉത്തരമാണെന്ന് മാത്രം.

logo
The Fourth
www.thefourthnews.in