കരയ്ക്കടിഞ്ഞ സ്വര്‍ണമല്‍സ്യങ്ങള്‍
പുനത്തിൽ കുഞ്ഞബ്ദുള്ള (ഏപ്രിൽ 3, 1940- ഒക്ടോബർ 27, 2017)
'മൗലാനാ ഇനാം ഖുറേഷി' എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഴുപതുകളിലെ ഏതോ ഒരു ആഴ്ചയില്‍, എഎസിന്റേയോ നമ്പൂതിരിയുടെയോ എന്നോര്‍മയില്ല, മനോഹരമായ ഇല്ലസ്‌ട്രേഷനോടെ അച്ചടിച്ച് വന്ന കഥയാണ് കുഞ്ഞബ്ദുള്ളയുടെ ഞാന്‍ വായിച്ച ആദ്യകഥ. അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ മാതൃഭൂമിയുടെ ബാലപംക്തി പേജില്‍ നിന്നാരംഭിച്ച് താളുകള്‍ ഇടത്തോട്ടാണ് മറിച്ചുകൊണ്ടിരുന്നത്. എന്റെയും ചില അപക്വരചനകള്‍ അന്ന് മാതൃഭൂമി, ചന്ദ്രിക ബാലപംക്തികളില്‍ അച്ചടിച്ചു വന്നിരുന്ന കാലമായിരുന്നു അത്. മൗലാനാ ഇനാം ഖുറേഷി എന്ന രസികന്‍ തലക്കെട്ടും മനോഹരമായ ചിത്രവും പെട്ടെന്ന് എന്റെ കാഴ്ചയെ പിടിച്ചു നിര്‍ത്തി. അതിലേറെ, അതെഴുതിയ ആളുടെ പേരിന്റെ കൗതുകം പുനത്തില്‍ കുഞ്ഞബ്ദുള്ള.
വീണ്ടും 'പുനത്തില്‍ കഥകള്‍' വന്നു. 'മായിന്‍കുട്ടി സീതി' എന്ന കഥയും ആയിടയ്ക്ക് മാതൃഭൂമിയിലാണ് പ്രസിദ്ധീകരിച്ചത്. നമ്പൂതിരിയുടെ വര ആ കഥയ്ക്ക് കസവ് ചാര്‍ത്തി. മദ്രസാധ്യാപകനായ മായിന്‍കുട്ടി സീതിയെപ്പോലുള്ള നിരവധി മൊല്ലാക്കമാര്‍, കടത്തനാട്ടില്‍ മാത്രമല്ല, ഞങ്ങളുടെ ഏറനാട്ടിലും ഇഷ്ടം പോലെയുണ്ടായിരുന്നു. തുപ്പല് കൂട്ടി സ്ലേറ്റ് മായ്‌ക്കെടാ എന്നൊക്കെയുള്ള മൊല്ലാക്കയുടെ ആജ്ഞകളും കടുത്ത ശകാരങ്ങളും അക്കാലത്തെ ഏറ്റവും രസകരമായ വായനാനുഭവമായി.
സാത്വികനായ പൊറ്റെക്കാട്, പല്ല് തേക്കാന്‍ നാട്ടില്‍ നിന്ന് ഉമിക്കരി പൊതിഞ്ഞുകണ്ടുവന്നതും തടിയന്‍ പുസ്തകത്തില്‍, യാത്രക്കിടെയുള്ള ഓരോ ചെറുതും നിസ്സാരമെന്ന് നമുക്ക് തോന്നുന്നതുമായ സംഭവങ്ങളത്രയും വള്ളിപുള്ളി വിടാതെ ഡയറി പോലെ എഴുതുന്ന, പൊറ്റെക്കാടിന്റെ നിഷ്‌ക്കളങ്കതയെപ്പറ്റി പറഞ്ഞായിരുന്നു പുനത്തില്‍ സംസാരം തുടങ്ങിയത്
പിന്നെ വരുന്നു, മലയാളത്തിന്റെ മാസ്റ്റര്‍പീസ് സ്മാരകശിലകള്‍. പിന്നാലെ അലിഗഡിലെ തടവുകാരന്‍, മരുന്ന്, മേഘക്കുടകള്‍, പരലോകം.. അസാധാരണ ശക്തിയുള്ള കഥാപാത്രങ്ങള്‍, വൈവിധ്യമാര്‍ന്ന കഥാപരിസരം, ലളിതമായി കഥ പറഞ്ഞു പോകുന്ന രചനാപാടവം, നര്‍മഭാസുരമായ ഇമേജുകള്‍.
ദുബായിയില്‍ എസ്.കെ. പൊറ്റെക്കാടിനോടൊപ്പം കുഞ്ഞബ്ദുള്ള നടത്തിയ സൗഹൃദ സന്ദര്‍ശനത്തിനിടെയാണ് ആദ്യമായി ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ഇഎം ഹാഷിം, നസീം പുന്നയൂര്‍, പികെ പാറക്കടവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയ രണ്ട് സാഹിത്യകാരന്‍മാര്‍ക്കും സ്വീകരണം. ദീര്‍ഘകാല പരിചിതരെപ്പോലെയാണ് കുഞ്ഞബ്ദുള്ള ഞങ്ങളോട് ഇടപെട്ടത്. സാത്വികനായ പൊറ്റക്കാട്, പല്ല് തേക്കാന്‍ നാട്ടില്‍ നിന്ന് ഉമിക്കരി പൊതിഞ്ഞുകണ്ടുവന്നതും തടിയന്‍ പുസ്തകത്തില്‍, യാത്രക്കിടെയുള്ള ഓരോ ചെറുതും നിസ്സാരമെന്ന് നമുക്ക് തോന്നുന്നതുമായ സംഭവങ്ങളത്രയും വള്ളിപുള്ളി വിടാതെ ഡയറി പോലെ എഴുതുന്ന, പൊറ്റക്കാടിന്റെ നിഷ്‌ക്കളങ്കതയെപ്പറ്റി പറഞ്ഞായിരുന്നു പുനത്തില്‍ സംസാരം തുടങ്ങിയത്. ഇതൊക്കെ കേട്ട് പൊറ്റക്കാടും പൊട്ടിച്ചിരിച്ചു.
പിന്നീട് കുഞ്ഞബ്ദുള്ള, സൗദി അറേബ്യയിലെത്തി. ദമാമിലെ ദാറുല്‍ഹനാന്‍ ക്ലിനിക്കില്‍ സുഹൃത്ത് ഡോ. ബാബു അയച്ചുകൊടുത്ത വിസയിലെത്തിയ അദ്ദേഹം കുറച്ചുകാലം ദമാമില്‍ ജോലി ചെയ്തു. ഞാനന്ന് ജിദ്ദയിലുണ്ട്. അദ്ദേഹം വിളിച്ച് പറഞ്ഞു: എനിക്കൊന്ന് ഉംറ ചെയ്യണം. ഞാനും അബൂബക്കറും കൂടി (ടി.പി. അബൂബക്കര്‍, കേരളദേശം വാരികാ പത്രാധിപര്‍) ജിദ്ദയില്‍ വരുന്നുണ്ട്.
ഞാനും സുഹൃത്തുക്കളായ വി. ഖാലിദ്, ഹനീഫ കൊച്ചന്നൂര്‍ എന്നിവരും ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇരുവരേയും സ്വീകരിച്ചു. കണ്ണൂര്‍ക്കാരനായ ഹാഷിംക്കയോടൊപ്പമായിരുന്നു (ബങ്കര്‍ ഇന്റര്‍നാഷനല്‍) പുനത്തിലും അബൂബക്കറും താമസിച്ചത്. പിറ്റേന്ന് ഞാനും ഖാലിദും കൂടി രണ്ടുപേരെയും കൊണ്ട് മക്കയിലേക്ക് പോയി. ഉംറയുടെ നിര്‍വൃതിയില്‍ അദ്ദേഹം പറഞ്ഞു: എനിക്ക് ഇതേക്കുറിച്ച് എഴുതണം, കുറച്ച് റഫറന്‍സ് ഗ്രന്ഥങ്ങള്‍ സംഘടിപ്പിക്കണം. ഈ അനുഭവം അവിസ്മണീയം.
പിന്നെ ജിദ്ദയിലെ ചില ചെറുസ്വീകരണങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവയ്ക്കു ശേഷം നാലാംനാള്‍ ദമാമിലേക്ക് മടങ്ങിയ പുനത്തില്‍ അധികകാലം സൗദിയില്‍ തുടര്‍ന്നില്ല. (നഷ്ടജാതകം എന്ന പുസ്തകത്തില്‍ ഞങ്ങളോടൊപ്പമുള്ള മക്കാ യാത്രാനുഭവങ്ങള്‍ പുനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്). 'കന്യാവന'ങ്ങളുടെ പിറവിയും ആ നോവലില്‍ മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത'യില്‍ നിന്നുള്ള വരികള്‍ മോഷ്ടിച്ചുവെന്ന പരാതിയുമൊക്കെ ഇക്കാലത്താണുണ്ടായത്. കലാകൗമുദി ഖണ്ഡശ പ്രസിദ്ധീകരിച്ച കന്യാവനങ്ങള്‍, കുറച്ച് കൂടി സാവകാശത്തോടെ എഴുതിയിരുന്നെങ്കില്‍, ഒരു പക്ഷേ മരുന്നിനേയും സ്മാരകശിലകളേയും പിന്നിലാക്കുമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്ലാജ്യറിസമെന്ന ആരോപണത്തിന്റെ ശരശയ്യയില്‍ പിടയുന്ന ആ നല്ല മനുഷ്യന്‍ പറഞ്ഞു: ആരാണിതിന് പിന്നിലെന്ന് എനിക്കറിയാം.
ഒറ്റപ്പാലത്ത് വെച്ചായിരുന്നു 'മരുന്ന്' എഴുതിത്തീര്‍ത്തത്. ഞങ്ങളുടെ പൊതു സുഹൃത്തായ, സ്വന്തം കുടുംബാംഗത്തെപ്പോലെ ഞങ്ങളൊക്കെ സ്‌നേഹിക്കുന്ന പിടി നരേന്ദ്രമേനോന്‍ എന്ന ബാബുവേട്ടനാണ് പുനത്തിലിന് നോവലെഴുതാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്. പാലാട്ട് റോഡിലെ ഒരു സുഹൃത്തിന്റെ ഒഴിഞ്ഞുകിടന്ന വീട്, കാഥികന്റെ പണിപ്പുരയായി. നല്ല പാചകക്കാരനുമാണ് കുഞ്ഞബ്ദുല്ല
ബാബുവേട്ടന്റെ അമ്മ പറഞ്ഞു കൊടുത്ത ഒരു കഥയില്‍ നിന്ന് 'നാരി മികച്ചിടം' ( മനോരമ വാര്‍ഷികപ്പതിപ്പ്) എന്നൊരു നോവലെറ്റും, നോവലെഴുത്തിന്റെ നോവിനിടെ, മറുപിള്ള പോലെ പിറന്നു.
ഇതിനിടെ സകുടുംബം ഞങ്ങളൊരു ഡല്‍ഹിയാത്രയും നടത്തി. ബാബുവേട്ടന്റെ കുടുംബം, പുനത്തില്‍, എന്റെ കുടുംബം പത്ത് നാള്‍ ഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ താമസം. അന്ന് ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്റെ ഔദ്യോഗിക വസതിയില്‍ ഡിന്നര്‍. രാജ്യസഭാംഗമായിരുന്ന എം.എ. ബേബിയും ഭാര്യ ബെറ്റിയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ അവിചാരിതമായി എത്തിയ മഹാനടന്‍ നസറുദ്ദീന്‍ ഷായുമായുള്ള കൂടിക്കാഴ്ച. പ്രസിദ്ധ നര്‍ത്തകി ഭാരതി ശിവജിയുടെ മോഹിനിയാട്ടം.. ഓരോ രാത്രിയിലും കുഞ്ഞബ്ദുള്ളയുടെ തമാശക്കഥകള്‍. ഇടയ്ക്ക് തപ്പിത്തടഞ്ഞുള്ള വര്‍ത്തമാനങ്ങള്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തി. കോഴിക്കോട് പ്രസ് ക്ലബില്‍ എന്റെ ആദ്യത്തെ പുസ്തകപ്രകാശനത്തിന് (ഒലീവ് മരങ്ങള്‍ ചോര പെയ്യുന്നു) കുഞ്ഞിക്ക വന്നു, രസകരമായി പ്രസംഗിച്ചു. എം.വി ദേവനോടൊപ്പമാണ് വന്നത്. ദേവന്‍ സാറാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇതിനിടയ്ക്ക് കുഞ്ഞിക്കയ്ക്ക് വ്യക്തിപരമായ കുറെ സങ്കടങ്ങള്‍. മകള്‍ നാസിയുടെ വിവാഹമോചനം. അതിന്റെ അനിവാര്യമായ വ്യവഹാരങ്ങള്‍. നാസിയുടെ രണ്ടാം വിവാഹത്തിന്റെ ആലോചനകളും ആദ്യ വിവാഹത്തിന്റെ സെറ്റില്‍മെന്റുമൊക്കെ നടന്നത് ഒറ്റപ്പാലത്ത് ബാബുവേട്ടന്റെ തറവാട്ടിലായിരുന്നു. ഭാഗ്യത്തിന് രണ്ടാം കല്യാണം ഏറ്റവും ശുഭകരമായി. മണ്ണാര്‍ക്കാട് കല്ലടി കുടുംബത്തില്‍ നിന്നുള്ള ജലീല്‍, കുഞ്ഞബ്ദുള്ളയുടെ നല്ല മരുമകനും ഉത്തമ സുഹൃത്തുമായി.
മക്കള്‍ നബുവും (നവാബ്) ആസാദും നല്ല നിലയിലായി. പക്ഷേ പ്രതിഭയുടെ ധൂര്‍ത്തപുത്രനെന്ന പോലെ ക്രമേണ ജീവിതത്തില്‍ തികഞ്ഞ അരാജകവാദിയുമായി പുനത്തില്‍. പലപ്പോഴും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണു. ഏകാന്തവൃദ്ധന്‍ എന്ന് അദ്ദേഹം അവസാന നാളുകളില്‍ സ്വയം വിശേഷിപ്പിച്ചു.
ശൈശവത്തില്‍ തന്നെ കുഞ്ഞബ്ദുള്ള പ്രിയപ്പെട്ട ഉമ്മയെ കാണുന്നത് ചങ്ങലയില്‍ ബന്ധിതയായാണ് മുഴുഭ്രാന്ത് വന്ന ഉമ്മ. ഉന്‍മാദത്തിന്റെ ഉച്ചവെയിലിലും ആ ഉമ്മ മകനെ ഉപദ്രവിച്ചില്ല. ഉമ്മയോടൊപ്പം അവസാന ഉറക്കം
അവസാനം കുഞ്ഞിക്കയെ കണ്ടത് മരിക്കുന്നതിന് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് സ്പാന്‍ ഹോട്ടലില്‍. ഏറെ പരിക്ഷീണനായിരുന്നു. രോഗം ആ മനുഷ്യസ്‌നേഹിയെ കീഴടക്കാന്‍ തുടങ്ങിയിരുന്നു. ചുറുചുറുക്കും ഊര്‍ജസ്വലതയുമുണ്ടായിരുന്ന അദ്ദേഹത്തിന് പരസഹായം അപരിഹാര്യമായി മാറി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവന്റെ ധര്‍മസങ്കടങ്ങളുമായാണ് അവസാനകാലം അദ്ദേഹം കഴിഞ്ഞുകൂടിയത്. പ്രതിഭയുടെ ധൂര്‍ത്തുപുത്രന്റെ അന്ത്യം, അടുത്ത് നില്‍ക്കുന്നവരെ മാത്രമല്ല, അകന്നു നില്‍ക്കുന്നവരേയും സങ്കടക്കടലിലാഴ്ത്തി.
കോഴിക്കോട് കടപ്പുറത്തെ സീക്വീന്‍ ഹോട്ടലില്‍ നിന്ന് പുറപ്പെട്ട് ഇരമ്പിയെത്തുന്ന അറബിക്കടലിന്റെ ഹൃദയത്തിലേക്ക് പതുക്കെ നടന്ന് പോകണം, കടലിലേക്കിറങ്ങി നടന്നു നടന്ന് നീങ്ങണം. അപ്പോള്‍ എന്നെ തിരയെടുക്കും, ഞാന്‍ കടലിലൊടുങ്ങും.. ഉവ്വ്, മരണബോധം അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചിരുന്നു.
ശൈശവത്തില്‍ തന്നെ കുഞ്ഞബ്ദുള്ള പ്രിയപ്പെട്ട ഉമ്മയെ കാണുന്നത് ചങ്ങലയില്‍ ബന്ധിതയായാണ് മുഴുഭ്രാന്ത് വന്ന ഉമ്മ. ഉന്‍മാദത്തിന്റെ ഉച്ചവെയിലിലും ആ ഉമ്മ മകനെ ഉപദ്രവിച്ചില്ല. ഉമ്മയോടൊപ്പം അവസാന ഉറക്കം. ആചാരവെടിയ്ക്കിടെ, 2017 ഒക്ടോബര്‍ 27 ന്, മടപ്പള്ളി ഖബറിടത്തിലെ പച്ചമണ്ണ് ആ വലിയ എഴുത്തുകാരനെ, ഏറ്റുവാങ്ങി.
ഖബറിനു മീതെ നൊച്ചില്‍ച്ചെടി നട്ടു, മീസാന്‍ കല്ല് നാട്ടി. (മീസാന്‍ കല്ലിന് സ്മാരകശിലകള്‍ എന്ന് പേര് മാറ്റം നിര്‍ദേശിച്ചത് പുനത്തിലിന്റെ ഗുരു എം.ടി). അവിടെ മേഘക്കുടകള്‍ നിവര്‍ന്നില്ല.. തുലാമഴ മാറി നിന്നുവോ? കരയ്ക്കടിഞ്ഞ സ്വര്‍ണമല്‍സ്യം പോലെ പൂക്കുഞ്ഞൂബിയുടെ പിടച്ചിലുയര്‍ന്നുവോ? അദ്രമാന്റെ കുതിരയുടെ കുളമ്പടി. എറമുള്ളാന്റെ ബാങ്ക് വിളി. പൂക്കുഞ്ഞുബിയും കുഞ്ഞിക്കയോട് പഴയ കഥകള്‍ പറഞ്ഞ് പറഞ്ഞ് നാലു കൊല്ലം ഉറക്കമിളച്ചു കിടക്കുന്നുണ്ടാവണം. പള്ളിപ്പറമ്പില്‍ ഖാന്‍ ബഹദൂര്‍ പൂക്കോയതങ്ങളുടെ ആജ്ഞകളുയര്‍ന്നുവോ എന്നറിയില്ല. കാരക്കാട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് അവസാനവണ്ടിയുടെ ചൂളം വിളിയുയര്‍ന്നു.