ഇരുള്‍സന്ദര്‍ശനങ്ങളിലൂടെ ഒരു ത്രസിപ്പിക്കുന്ന യാത്ര
കുറ്റാന്വേഷണ കൃതികള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് രണ്ടു തരത്തിലാണ്. ഒരു വിഭാഗം ആളുകള്‍ അത്തരം കൃതികള്‍ മാത്രം വായിച്ച് വായനയെ ആസ്വാദ്യകരമാക്കുന്നു. മറ്റൊരു വിഭാഗം ആളുകള്‍ മറ്റു കൃതികള്‍, അതായത് കൂടുതല്‍ അധ്വാനമെടുത്ത് വായിക്കേണ്ട കൃതികള്‍ വായിച്ചശേഷം വിശ്രമവും വിനോദവും ആഗ്രഹിക്കുമ്പോള്‍ അവര്‍ കുറ്റാന്വേഷണ നോവലുകള്‍ വായനയിലെടുക്കുന്നു. അത് രണ്ടാംതരം ആയതുകൊണ്ടല്ല അത്തരം വര്‍ഗീകരണത്തിന് ആളുകള്‍ മുതിരുന്നത്. കുറ്റാന്വേഷണ നോവലുകള്‍ക്ക് വായനക്കാരുടെ ഉദ്വേഗ ചിന്തകള്‍ക്ക് അയവ് വരുത്തി സാന്ത്വനം നല്‍കാന്‍ കഴിയുന്നുണ്ട്. ഗൗരവമുള്ള സാഹിത്യസൃഷ്ടികളെ വച്ച് നോക്കുമ്പോള്‍ അപസര്‍പ്പകനോവലുകള്‍ വായനക്കാരന് ആശ്വാസമാണ് പ്രദാനം ചെയ്യുന്നത്. എല്ലാ അപസര്‍പ്പക നോവലുകളും ആകാംക്ഷാ നിര്‍മാണം നടത്തുന്നവയല്ല. സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ ഉത്കണ്ഠകളും സന്ദിഗ്ധതകളും വ്യത്യസ്ത രീതിയില്‍ അവയില്‍ പ്രതിഫലിക്കുന്നുണ്ട്. സാധാരണ വായനക്കാരും ഗൗരമേറിയ സാഹിത്യ സൃഷ്ടികള്‍ വായിക്കുന്ന സാഹിത്യകാരന്മാര്‍ ഉള്‍പ്പെടെയുള്ളവരും അപസര്‍പ്പകനോവലുകളുടെ ആരാധകരാണ്. മലയാളത്തില്‍ മാത്രമല്ല ലോകസഹിത്യത്തിലെ അപസര്‍പ്പക നോവലുകളെക്കുറിച്ച് വ്യക്തമായ അവബോധം ഇന്നത്തെ വായന സമൂഹത്തിനുണ്ട്. പൊതുവേ മലയാള കുറ്റാന്വേഷണ നോവലുകളില്‍ ഭാഷാപരമായി സാങ്കേതികത്വം കുറവാണെങ്കിലും ചില ക്രൈം തില്ലറുകള്‍ അതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവയാണ്.
മുപ്പതു ലേഖനങ്ങള്‍ അടങ്ങിയ ഈ പുസ്തകത്തില്‍ പ്രശസ്തരും അതിപ്രശസ്തരുമായ പാശ്ചാത്യ എഴുത്തുകാരുടെ കുറ്റാന്വേഷണ കഥകളുടെ അവലോകനം നടത്തുകയാണ് പി. കെ രാജശേഖരന്‍
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും വിമര്‍ശകരും ലോക സാഹിത്യത്തിലെ ക്രൈം നോവലുകളുടെ ആരാധകരായിരുന്നു. എം പി പോളും സുകുമാര്‍ അഴീക്കോടുമൊക്കെ ആ ഗണത്തില്‍ പെടുന്നവരാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഒട്ടുമിക്ക കുറ്റാന്വേഷണ നോവലുകളും വായിച്ചുതീര്‍ത്ത വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. അതുപോലെ കുറ്റാന്വേഷണ സാഹിത്യത്തെപ്പറ്റി മലയാളത്തില്‍ ആദ്യമായി നിരൂപണമെഴുതിയത് എം പി പോളാണ്. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യം ഒരു പരിധിവരെ നിലവാരമില്ലാത്ത രചനയും ഭാവനാ ശൂന്യതയും കൊണ്ട് വളര്‍ന്നു വികസിക്കാതെ പോയത് ലോകസാഹിത്യത്തിലെ കുറ്റാന്വേഷണ നോവലുകളെ പ്രശസ്തമാക്കിയെന്ന് പറയാം. ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പേരുകേട്ട കുറ്റാന്വേഷണ നോവലെഴുത്തുകാരനില്‍നിന്ന് ഇന്നത്തെ നോവല്‍ സാഹിത്യം ഏറെ മുന്നോട്ടുപോയിരിക്കുന്നു. വായനക്കാരന്‍ തന്നെ കൊലയാളി ആകുന്ന ഒരു പുസ്തകം മാത്രമേ ഇനി എഴുതാന്‍ ബാക്കിയുള്ളൂയെന്നാണ് അതേപ്പറ്റി തമാശരൂപത്തില്‍ ഉമ്പര്‍ത്തോ എക്കോ പറഞ്ഞത്. ലോകസാഹിത്യത്തിലെ പ്രശസ്തമായ കുറ്റാന്വേഷണ നോവലുകളെ കുറിച്ച് ഒരു പഠനം നടത്തുകയാണ് പി കെ രാജശേഖരന്‍ തന്റെ പുതിയ പുസ്തകമായ ഇരുള്‍ സന്ദര്‍ശനങ്ങളിലൂടെ.
ഇരുള്‍ സന്ദര്‍ശനങ്ങള്‍ എന്നത് കുറ്റാന്വേഷണ ലോകസാഹിത്യത്തിന്റെ പലകാല കൃതികളിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരമാണ്. മലയാള നിരൂപണരംഗത്ത് ആദ്യമായാണ് കുറ്റാന്വേഷണ കൃതികളുടെ നിരൂപണം പുസ്തകമായി വരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ശ്രദ്ധേയമായ സാന്നിധ്യമായി ഇരുള്‍സന്ദര്‍ശനങ്ങള്‍ അടയാളപ്പെടുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാള സാഹിത്യത്തിന്റെ ബൗദ്ധിക മേഖലയായ നിരൂപണരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പി കെ രാജശേഖരന്‍ സ്വതസിദ്ധമായ ക്രൈം വായനയോടുള്ള തന്റെ താല്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുള്‍സന്ദര്‍ശനങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. മുപ്പതു ലേഖനങ്ങള്‍ അടങ്ങിയ ഈ പുസ്തകത്തില്‍ പ്രശസ്തരും അതിപ്രശസ്തരുമായ പാശ്ചാത്യ എഴുത്തുകാരുടെ കുറ്റാന്വേഷണ കഥകളുടെ അവലോകനം നടത്തുകയാണ് പി. കെ രാജശേഖരന്‍.
സാധാരണ കുറ്റാന്വേഷണ നോവലുകളില്‍ നിന്നും പോലീസ് അന്വേഷണങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു നോവല്‍ കൊലപാതകമെന്ന ഗൂഢാലോചനാ സിദ്ധാന്തം മുന്‍ നിര്‍ത്തി 1980കളിലെ ഫ്രഞ്ച്, യുറോപ്യന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യമേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അതിപ്രശസ്ത വ്യക്തികളുടെ ലൈംഗികജീവിതം വരെ പച്ചയ്ക്ക് തുറന്നുകാട്ടുകയും ചെയ്യുന്നു.
പലപ്പോഴും കൊലയ്ക്കും കൊലയാളിയെ കണ്ടെത്തലിനുമിടയില്‍ കുറ്റാന്വേഷകര്‍ക്കുമാത്രമല്ല കുറ്റാന്വേഷണ കഥയ്ക്കും കടന്നുപോകേണ്ടതായ കുറേ വഴിത്തിരിവുകളുണ്ട്. അനുമാനത്തെയും യുക്തിയെയും തെളിവിനെയും അപഗ്രഥനത്തെയും കൂട്ടുപിടിച്ച് യാത്ര ചെയ്യേണ്ട കുറേ ഇടങ്ങള്‍. അങ്ങനെ ഇത്തരം വഴിത്തിരിവുകളില്‍ കുറേ വഴി തെറ്റിക്കലുകള്‍ ഒളിപ്പിച്ചുവയ്ക്കുന്ന എഴുത്തുകാരുണ്ട്. ദസ്തയെവ്‌സ്‌കിയുടെ പാതയിലൂടെ സഞ്ചരിച്ച് വായനക്കാരനെക്കുറച്ച് ചുറ്റിക്കാമെന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് അര്‍ജന്റീനിയയിലെ ഗിലെര്‍മോ മാര്‍ട്ടി. അദ്ദേഹത്തിന്റെ ഓക്‌സ്‌ഫോഡ് മര്‍ഡേഴ്സ് എന്ന കൃതിയെ അനാവരണം ചെയ്യുകയാണ് തന്റെ ആദ്യ ലേഖനമായ 'കൊലയുടെ ഗണിതശാസ്ത്രത്തിലൂടെ'പി കെ രാജശേഖരന്‍. നിരവധി ബിരുദങ്ങളും ഡോക്ടറേറ്റും സ്വന്തമാക്കിയ ഗിലര്‍മോ മാര്‍ട്ടിനസ് തന്റെ ഗണിത ബുദ്ധി മുഴുവന്‍ എഴുതിയ കുറ്റാന്വേഷണ നോവലിലും പ്രയോഗിക്കുന്നു. മാത്തമാറ്റിക്കല്‍ ലോജിക്കും അപസര്‍പ്പക സാഹിത്യവും ഇഴചേര്‍ന്നുള്ളൊരു രീതിയിലാണ് ഓക്‌സ്‌ഫോഡ് മര്‍ഡേഴ്സ്‌ന്റെ രചന. ഗണിത ശാസ്ത്രജ്ഞര്‍ക്കുമാത്രം കുരുക്കഴിക്കാന്‍ കഴിയുന്ന സന്ദേശങ്ങളും അജ്ഞാതനായ കൊലയാളിക്കിടയില്‍ കുടുങ്ങുന്ന പോലീസും കൊലയാളി അവശേഷിപ്പിക്കുന്ന ഗണിതശ്രേണികള്‍ വിശദീകരിക്കാനെത്തുന്ന ശാസ്ത്രജ്ഞരുമെല്ലാം ചേര്‍ന്ന ഓക്്‌സ്‌ഫോഡ് മര്‍ഡേഴ്സ് എന്ന നോവലിന്റെ ആഖ്യാനം അത്രയും ഉദ്വേഗജനകമെന്നാണ് ലേഖകന്റെ പക്ഷം. കൊലപാതകമെന്ന് തോന്നിക്കാത്ത കൊലപാതകങ്ങളും അവയ്ക്കു മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളിലെ ചില ഗണിതശ്രേണീ സ്വഭാവമുള്ള ചിഹ്നങ്ങളും തമ്മിലുള്ള ബന്ധത്തെത്തുറിച്ചുള്ള ഇടപെടലുകളിലൂടെ പരമ്പരാഗതകുറ്റാന്വേഷണ നോവലുകളില്‍നിന്നും വഴിമാറി സഞ്ചരിക്കുന്ന കൃതിയണിത്. സാധാരണ അപസര്‍പ്പക കഥയില്‍നിന്ന് വ്യതിചലിച്ചു സഞ്ചരിക്കുന്ന ഗിലെര്‍മോ മാര്‍ട്ടിനസ് ദസ്തയെവ്‌സ്‌കിയുടെ എഴുത്തിനെ അനുസ്മരിപ്പിക്കുന്നുവെന്നാണ് ഈ ലേഖനത്തിലൂടെ എഴുത്തുകാരന്‍ വ്യക്തമാക്കുന്നത്. ദസ്തയെവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയുമെന്ന പ്രസിദ്ധ രചന കുറ്റാന്വേഷണ നോവലില്‍നിന്ന് വഴിമാറിസഞ്ചരിച്ചവയായിരുന്നു. കുറ്റാന്വേഷണത്തിലെ അനുമാനം, തെളിവ് എന്നീ മാനങ്ങളെ ഗണിതത്തിന്റെ യുക്തിയുമായി കൂട്ടിയിണക്കി പുതിയൊരു അപസര്‍പ്പകകഥയുടെ മാനങ്ങളാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പി. കെ രാജശേഖരന്റെ കണ്ടെത്തല്‍.
ഒരു അലക്കുവണ്ടിയുടെ രൂപത്തില്‍ മരണം സ്പര്‍ശിച്ച പ്രശസ്ത ഫ്രഞ്ച് ചിന്തകനായ റൊളാങ് ബാര്‍ത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണം അപകടമോ അതോ കൊലപാതകമോ എന്നതിന് വ്യക്തമായ നിഗമനത്തിലെത്തുന്നതിനും വേണ്ടി ലോറാങ് ബിനെ എന്ന എഴുത്തുകാരന്‍ എഴുതിയ കുറ്റാന്വേഷണ നോവലാണ് 'ഭാഷയുടെ ഏഴാമത്തെ ധര്‍മ്മം'. ഇതേ കുറിച്ചാണ് ഗ്രന്ഥകര്‍ത്താവിന്റെ മരണത്തെ പറ്റി ഒരു ഗൂഢാലോചനാ സിദ്ധാന്തം എന്ന ലേഖനത്തില്‍ രാജശേഖരന്‍ വിവരിക്കുന്നത്. സാധാരണ കുറ്റാന്വേഷണ നോവലുകളില്‍ നിന്നും പോലീസ് അന്വേഷണങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു നോവല്‍ കൊലപാതകമെന്ന ഗൂഢാലോചനാ സിദ്ധാന്തം മുന്‍ നിര്‍ത്തി 1980കളിലെ ഫ്രഞ്ച്, യുറോപ്യന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യമേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അതിപ്രശസ്ത വ്യക്തികളുടെ ലൈംഗികജീവിതം വരെ പച്ചയ്ക്ക് തുറന്നുകാട്ടുകയും ചെയ്യുന്നു. അത്തരത്തിലൊരു നോവല്‍ മലയാളത്തിലോ മറ്റു ഇന്ത്യന്‍ ഭാഷകളിലോ പുറത്തിറങ്ങിയാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാവുന്നതാണ്. ഭാഷയുടെ ആശയവിനിമയ രീതികളെക്കുറിച്ച് സിദ്ധാന്തവത്കരിച്ച യാക്കോബ്‌സന്‍ ഘടനാവാദത്തില്‍ ആറു ധര്‍മ്മങ്ങളെകൂടാതെ ഏഴാമതൊരു ധര്‍മ്മമായി മാന്ത്രികശക്തിയുള്ള ധര്‍മ്മത്തെ കണ്ടെത്തുന്നുവെന്നതാണ് നോവലിലെ സിദ്ധാന്തം. ഭാഷയുടെ ഈ ഏഴാം ധര്‍മ്മം സൂക്ഷിച്ചവരോ, കൈമാറ്റം വച്ചവരോ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നുവെന്നതാണ് നോവലിന്റെ ഇതിവൃത്തം. റൊളാങ് ബാര്‍ത്തിനുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഭാഷയുടെ ഏഴാം ധര്‍മ്മമെന്ന നോവല്‍ ആരംഭിക്കുന്നത്. ഭാഷശാസ്ത്രവും സ്വവര്‍ഗാനുരാഗവും മറ്റു മേഖലകളും നോവലില്‍ അരങ്ങുവാഴുന്നു. തത്വ ചിന്തകരായ ഴാങ് പോള്‍, സാര്‍ത്ര്, മിഷേല്‍ ഫുക്കോ, ഴാക്ക് ദറീദ, ഉമ്പര്‍ത്തോ എക്കോ തുടങ്ങിയവര്‍ നോവലിലെ ചില കഥാപാത്രങ്ങള്‍ മാത്രമാണ്. ഭാഷയുടെ ഏഴാം ധര്‍മ്മത്തെ തമാശകഥയായും ഗൂഢാലോചന സിദ്ധാന്തത്തിന്റെ സാഹിത്യമായുമൊക്കെ വായിക്കാമെന്നതാണ് പി കെ രാജശേഖരന്റെ അഭിപ്രായം. സാഹിത്യത്തില്‍ കൊടികെട്ടി വാണ മഹാരഥരായ എഴുത്തുകാരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ 'ചീത്ത'യാക്കുന്ന നോവല്‍ ലോക സാഹിത്യത്തിലെ തന്നെ വ്യത്യസ്ത കൃതിയായി നില്‍ക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്, അമേരിക്കന്‍ ഉത്തരാധുനിക ചിന്തകളെയെല്ലാം തുണിയുരിഞ്ഞു നിര്‍ത്തുന്നതാണ് ഭാഷയുടെ ഏഴാം ധര്‍മ്മം എന്ന നോവലെന്നാണ് ഗ്രന്ഥ കര്‍ത്താവിന്റെ മരണത്തെപ്പറ്റി ഒരു ഗൂഢാലോചന സിദ്ധാന്തത്തിലൂടെ ലേഖകന്‍ അഭിപ്രായപ്പെടുന്നത്.
രാഷ്ട്രീയവും കുറ്റകൃത്യങ്ങളും തമ്മിലും ഴിമതിയും കൊലപാതകവും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച് നിരവധി നാടകങ്ങള്‍ രചിച്ച പ്രശസ്തനായ എഴുത്തുകാരനാണ് ജര്‍മ്മനിയിലെ ഫ്രദ്‌റിഷ് ഡ്യൂറെന്‍മാറ്റ്. നാടകരചനയുടെ ഇടവേളകളില്‍ അദ്ദേഹം കുറ്റാന്വേഷണ നോവല്‍ രചനയിലും ഏര്‍പ്പെട്ടിരുന്നു. കുറ്റാന്വേഷണ സാഹിത്യ സൃഷ്ടികളുടെ അവബോധം അദ്ദേഹത്തെ ജനപ്രീതിയിലെത്തിച്ചു. പരമ്പരാഗത കുറ്റാന്വേഷണ രചനങ്ങളുടെ ശൈലികള്‍ തകര്‍ത്തുകൊണ്ടുള്ള ആന്റി ഡിക്ടറ്റീവ് നോവലുകളാണ് അദ്ദേഹം രചിച്ചത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ജഡ്ജിയും അയാളുടെ ആരാച്ചാരും' പരമ്പരാഗത യുക്തിബോധത്തില്‍ നിലനില്‍ക്കുന്ന അപസര്‍പ്പക നോവല്‍ സാഹിത്യത്തില്‍നിന്ന് വ്യതിചലിച്ച് എഴുതിയതാണ്. ഈ നോവലിനെക്കുറിച്ചാണ് അവസര്‍പ്പകനും ആരാച്ചാലും എന്ന ലേഖനത്തില്‍ പി കെ രാജശേഖരന്‍ പറയുന്നത്. അര്‍ബുദരോഗിയും പരാജിതനുമായ ഡിറ്റക്ടീവിനെ സൃഷ്ടിച്ചുകൊണ്ട് കുറ്റാന്വേഷണ നോവല്‍ സാഹിത്യത്തിലെ പതിവ് രീതികളെയെല്ലാം ഉപേക്ഷിക്കുകയായിരുന്നു ഡ്യൂറന്‍മാറ്റ് തന്റെ രചനയില്‍ ചെയ്തിരുന്നത്. ബൗദ്ധികമായി അതിമാനുഷകരെ പോലെ പെരുമാറുന്ന സ്ഥിരം നായിക സങ്കല്പത്തില്‍നിന്ന് ഭിന്നമായിരുന്നു ഡ്യൂറന്‍മാറ്റിന്റെ നായകന്‍. നന്മയും തിന്മയും നിറഞ്ഞ യുക്തിബോധത്തിന് വഴങ്ങുന്ന അതിസാധാരണ വ്യക്തി. സ്വാഭാവികമായും കഥയില്‍ നന്മ തിന്മയ്ക്കു മുകളില്‍ അധീശത്വം കൈവരിക്കുകയും ശുഭപര്യവസായിയായി തീരുകയും ചെയ്യുന്നു. കുറ്റാന്വേഷണ എഴുത്തിന്റെ വേറിട്ട ആഖ്യാന ശൈലിയെയാണ് ഇവിടെ പി. കെ രാജശേഖരന്‍ എടുത്തുകാണിക്കാന്‍ ശ്രമിക്കുന്നത്.
ടി എസ് എലിയട്ടിന്റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹത്തായ കുറ്റാന്വേഷണ നോവല്‍ വില്‍ക്കി കോളിന്‍സിന്റെ മൂണ്‍സ്റ്റാര്‍ (ചന്ദ്രകാന്തം) ആണ്. എലിയെട്ടിന്റെ പ്രബന്ധമായ വില്‍ക്കി കോളിന്‍സ് ആന്‍ഡിക്കന്‍സിലാണ് അദ്ദേഹം അത് വ്യക്തമാക്കിയത്. കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും മികച്ച ആദി മാതൃകയും കുറ്റാന്വേഷണ സ്വഭാവം തന്നെ മാറ്റിമറിച്ചതുമായ കൃതിയാണ് മൂണ്‍ സ്റ്റോണ്‍. ന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ രാഷ്ട്രീയവും പടര്‍ന്നുപിടിക്കുന്ന കറുപ്പിന്റെ ലഹരിയും അതിനടിമകളാകുന്ന യുവത്വത്തെയും വില്‍ക്കി കോളിന്‍സ് മൂണ്‍ സ്റ്റോണില്‍ അവതരിപ്പിച്ചു. കൊലയും വഞ്ചനയും തട്ടിപ്പും ഇതിവൃത്തമാക്കിയ അക്കാലത്തെ സെന്‍സേഷണല്‍ നോവലുകളുടെ താല്പര്യത്തെ മാനിക്കുന്ന വിധത്തിലായിരുന്നു കോളിന്‍സിന്റെ രചനകളെല്ലാം. ദി മൂണ്‍ സ്റ്റോണ്‍ എന്ന കൃതിയെക്കുറിച്ച് പി കെ രാജശേഖരന്‍ വെളിപ്പെടുത്തുന്നത് തന്റെ ലേഖനമായ 'ശാന്തമായ ഇംഗ്ലീഷ് ഭവനത്തെ ബാധിച്ച ഇന്ത്യന്‍ പൈശാചിക വജ്ര'ത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് ഒരു ബ്രിട്ടീഷ്‌സൈനികന്‍ ചന്ദ്രകാന്തം എന്ന വജ്രം മോഷ്ടിക്കുകയും തുടര്‍ന്നുള്ള നിഗൂഢതകളുമാണ് ഈ നോവലിന്റെ ആഖ്യാനത്തില്‍ പറയുന്നത്. പലയാളുകള്‍ എഴുതി തയ്യാറാക്കിയ വിവരങ്ങളുടെ രൂപത്തിലാണ് മൂണ്‍ സ്റ്റോണിന്റെ ആഖ്യാന ഘടനയെന്ന് പി.കെ രാജശേഖരന്‍ തന്റെ ലേഖനത്തില്‍ പറയുന്നു. വെറുമൊരു ജ്രമോഷണക്കഥയില്‍ ഒതുക്കിനിര്‍ത്താതെ കോളനിവാഴ്ച കാലത്തെ ബ്രിട്ടന്റെയും ഇന്ത്യയുടെയും ചരിത്രം കൂടി ആ നോവലില്‍ പ്രതിഫലിക്കുന്നുണ്ട്. ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയത്തിലെഴുതിയ ഒരു ആഖ്യാനത്തെ അപസര്‍പ്പകനോവലാക്കി മാറ്റിയെന്നതാണ് വില്‍ക്കി കോളിന്‍സിന്റെ വിജയമായി കണക്കാക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഈ കൃതി ഇന്നും വായനയില്‍ തിളങ്ങുന്നത് അത് വിഷയമാക്കുന്ന രാഷ്ട്രീത്തിന്റെയും ശാസ്ത്രത്തിന്റെയും ബലത്തിലാണ്. ബ്രിട്ടീഷ് സാമ്രാജ്യവും കോളനിവല്‍ക്കരിക്കപ്പെട്ട ഇന്ത്യയും തമ്മിലുള്ള ബന്ധമായും ദി മൂണ്‍ സ്റ്റോണ്‍ എന്ന കൃതിയെ പി.കെ രാജശേഖരന്‍ വായിക്കുന്നു.
ലോക കുറ്റാന്വേഷണസാഹിത്യത്തിലെ പെണ്‍സാന്നിധ്യമായ അഗത ക്രിസ്റ്റിയേയും അവരുടെ കൃതികളെയും കുറിച്ച് വിവരിക്കുന്ന ലേഖനമാണ് 'അഗതയുടെയും പെയ്‌റോട്ടിന്റെയും നൂറു വര്‍ഷങ്ങള്‍
ലോക കുറ്റാന്വേഷണസാഹിത്യത്തിലെ പെണ്‍സാന്നിധ്യമായ അഗത ക്രിസ്റ്റിയേയും അവരുടെ കൃതികളെയും കുറിച്ച് വിവരിക്കുന്ന ലേഖനമാണ് 'അഗതയുടെയും പെയ്‌റോട്ടിന്റെയും നൂറു വര്‍ഷങ്ങള്‍.' അപസര്‍പ്പക സാഹിത്യത്തിലെ ഏറ്റവും ജനപ്രിയമായ നാമമായിരുന്നു അഗത ക്രിസ്റ്റി. ആര്‍തര്‍ കോനല്‍ ഡോയലും ഷെര്‍ലോക്ക് ഹോംസും അരങ്ങുവാണ കുറ്റാന്വേഷണ വിഭാഗത്തിലേക്ക് കാലെടുത്തുവച്ച അഗതാ ക്രിസ്റ്റിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 57 ര്‍ഷം തുടര്‍ച്ചയായി എഴുതിക്കൊണ്ട് അറുപതിലധികം കുറ്റാന്വേഷണ നോവലുകളുടെ രചയിതാവാകാന്‍ അവര്‍ക്ക് കഴിഞ്ഞു. കുറ്റാന്വേഷണ നോവല്‍ മാത്രമല്ല ചെറുകഥകളും സമാഹാരങ്ങളും ാടകങ്ങളും കവിതകളുമായി സൃഷ്ടിയുടെ പര്യായമായിത്തന്നെ അഗത ക്രിസ്റ്റി മാറുകയായിരുന്നു. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെടുന്ന വ്യക്തിഗത ഗ്രന്ഥത്തിന്റെ കര്‍ത്താവും അഗതാക്രിസ്റ്റി തന്നെയായിരുന്നു. ഇംഗ്ലീഷ് കുറ്റാന്വേഷണ സുവര്‍ണ്ണ കാലഘട്ടത്തില്‍ (ക്ലാസിക് കാലഘട്ടത്തില്‍) നിലനിന്നിരുന്ന അഗതയുടെ മാതൃക ഇന്നാരും പിന്തുടരുന്നില്ലെങ്കിലും അഗതാ കൃസ്റ്റി ഇന്നും വായിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഷെര്‍ലോക്ക് ഹോംസിന്റെ പാത പിന്തുടര്‍ന്നാണ് അഗത ക്രിസ്റ്റി തന്റെ എഴുത്തുജീവിതം ആരംഭിച്ചത്. സ്വാഭാവികമായും ഹോംസിന്റെ കൃതികളുടെ ഒരു സ്വാധീനം അവര്‍ക്കുണ്ടായിരുന്നു. ലണ്ടന്‍ നഗരത്തെ കേന്ദ്രീകരിച്ചാണ് ഹോംസ് കൃതികള്‍ എഴുതിയതെങ്കില്‍ അഗത ക്രിസ്റ്റി തന്റെ കൃതികളുടെ ഭൂമിക ഗ്രാമങ്ങളിലേക്ക് കൂടി പടര്‍ത്തിവച്ചു. ഇതിവൃത്തത്തിന്റെ അപ്രതീക്ഷിതമായ വഴിതിരിവുകളും ായനാനുഭവങ്ങളും കുറ്റാന്വേഷണ ചരിത്ര വിഭാഗത്തില്‍ അഗതയെ വാഴ്ത്തപ്പെട്ട രാജ്ഞിയാക്കി. ഒന്നാം ലോകമഹായുദ്ധവും സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള സമരവുമടക്കം ബ്രിട്ടനെ അസ്വസ്ഥമാക്കിയ നാളുകളിലാണ് അഗത എഴുതിയതെങ്കിലും തന്റെ രചനയില്‍ അതൊന്നും പ്രതിഫലിക്കാതെ കുറ്റാന്വേഷണത്തിന്റെ ഒരു കഥാ നിര്‍മ്മിതി സുരക്ഷിതമായി പേനത്തുമ്പിലൊതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഗതയുടെ ഒട്ടുമിക്ക നോവലുകളിലും പ്രത്യക്ഷപ്പെട്ട നായകനായിരുന്നു ഹെര്‍ക്ക്യൂള്‍ പെയ്‌റൊട്ട്. ആക്ഷന്‍ നായകനായ ഷെര്‍ലക് ഹോംസില്‍നിന്ന് വ്യത്യസ്തനും ചിന്തകളിലൂടെ മാത്രം നിഗൂഢതയുടെ കുരുക്കഴിക്കാന്‍ കഴിയുന്ന ബുദ്ധിശാലിയായിരുന്ന നായകനാണ് അദ്ദേഹം. അഗതാ ക്രിസ്റ്റിയുടെ നോവലുകളും അന്വേഷണത്തെക്കുറിച്ചുള്ള പഠനങ്ങളും അവയുടെ പരിഭാഷകളും ഇന്നും ശ്രദ്ധിക്കപ്പെടുന്നത് എഴുത്തുകാരിയുടെ ആഖ്യാനത്തിന്റെ ശൈലി ഒന്നുകൊണ്ടുമാത്രമാണ്. കുറ്റാന്വേഷണകൃതികളില്‍ തല്പരരായ ഏതു രാജ്യത്തെ വായനക്കാരെയും ഹരം പിടിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള എഴുത്തിന്റെ ഉടമയാണ് അഗത ക്രിസ്റ്റിയെന്നു നിസ്സംശയം പി.കെ രാജശേഖരന്‍ അഭിപ്രായപ്പെടുന്നു.
വില്യം ഷേക്‌സ്പിയര്‍ എന്ന വിഖ്യാത എഴുത്തുകാരനെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി നിരവധി നിഗൂഢതകളുണ്ട്. ആരായിരുന്നു ഷേക്‌സ്പിയര്‍ എന്നതിന് കൃത്യമായ ഒരു ഉത്തരം കിട്ടാന്‍ അമേരിക്കയിലെ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ശില്പശാല തന്നെ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കൃതികളല്ലാതെ ആ വ്യക്തിയെക്കുറിച്ച് അറിയാനോ ആര്‍ജിച്ച വിദ്യാഭ്യാസത്തെക്കുറിച്ചോ ജീവിതരേഖകളെക്കുറിച്ചോ ഒരു വിവരവുമുണ്ടായിരുന്നില്ല. ആരാണ് ഷേക്‌സ്പിയര്‍ എന്നറിയാനായി അദ്ദേഹത്തിന് എഴുത്തും ജീവിതവും ആസ്പദമാക്കി രചിക്കപ്പെട്ട കൃതികള്‍ തന്നെ അനവധിയാണ്. ജെന്നിഫര്‍ ലീ കാരെല്‍ എന്ന ജെ. എല്‍ കാരെലിന്റെ 'ഷേക്‌സ്പിയര്‍ രഹസ്യം' എന്ന കൃതി ഷേക്‌സ്പിയറിന്റെ നിഗൂഢതകളിലേക്കും അദ്ദേഹത്തിന്റെ കൃതികളിലേക്കും ആ കാലത്തെ (പതിനാറാം നൂറ്റാണ്ടിലെ) ഇംഗ്ലണ്ടിന്റെ ചരിത്രത്തിലേക്കും വഴിതെളിയിക്കുന്നു. ഒരേസമയം വിജ്ഞാനവും ഉദ്വേഗവും കൗതുകവും കൂട്ടിയിണക്കാന്‍ ആ കൃതിക്ക് കഴിഞ്ഞുവെന്നതാണ് 'ഷേക്‌സ്പിയറുടെ രഹസ്യം 'എന്ന ലേഖനത്തില്‍ പി.കെ രാജശേഖരന്‍ പറയുന്നത്. പ്രമേയത്തിന്റെ ചരിത്രപശ്ചാത്തലങ്ങളെപ്പറ്റി തികഞ്ഞ അവബോധവും പാണ്ഡിത്യവും ഉണ്ടെങ്കിലേ നല്ലൊരു കുറ്റാന്വേഷണ നോവല്‍ എഴുതാനാവൂതെന്നും മലയാള കുറ്റാന്വേഷണ നോവല്‍ രംഗത്തെ ഒരു പരിധിവരെയുള്ള ശോഷണത്തിന് അതാണ് കാരണമെന്നും പി.കെ രാജശേഖരന്‍ ഷേക്‌സ്പിയര്‍ സീക്രട്ട് എന്ന ത്രില്ലറിനെ ആസ്പദമാക്കി എഴുതിയ ലേഖനത്തില്‍ പറയുന്നു. വിവരവും വിജ്ഞാനവും യുക്തിയും ഗൂഢാലോചന സിദ്ധാന്തവും കൂട്ടിയൊരുക്കി വിശ്വാസ്യതയുടെ രുചി ചേര്‍ത്ത് വായനക്കാര്‍ക്കായി ഒരുക്കിയ ആസ്വാദ്യകരമായ ഒരു വിരുന്നാണ് ഷേക്‌സ്പിയര്‍ സീക്രട്ട് എന്ന പുസ്തകം.
ശരാശരി വായനക്കാര്‍ക്ക് ഒരുപക്ഷേ അപ്രാപ്യമായ ആ ലോക വായനകളെയെല്ലാം സംഗ്രഹിച്ച് ഒരൊറ്റ പുസ്തകമാക്കി തയ്യാറാക്കിയതിലൂടെ വായനക്കാര്‍ക്ക് ലോക കുറ്റാന്വേഷണ കൃതികളിലെ കാണാ ചരടുകളും അഴിയാ കുരുക്കുകളും വ്യക്തമാകുന്നു
ഇരുള്‍ സന്ദര്‍ശനത്തില്‍ പ്രശസ്തരും അതിപ്രശസ്തരുമായ നിരവധി ലോക സാഹിത്യകാരന്മാരുടെ കുറ്റാന്വേഷണ രചനകളുടെ അപഗ്രഥനമാണ് നടത്തുന്നത്. ലയാള കുറ്റാന്വേഷണ സാഹിത്യത്തില്‍ ഭാവനയ്ക്കും ഭാഷയ്ക്കുമുള്ള അപചയം കൊണ്ടാണ് ലോകഭാഷയിലെ ഇത്തരം കൃതികള്‍ ശ്രദ്ധേയമാകുന്നതെന്ന് പറയാതെ വയ്യ. ശരാശരി വായനക്കാര്‍ക്ക് ഒരുപക്ഷേ അപ്രാപ്യമായ ആ ലോക വായനകളെയെല്ലാം സംഗ്രഹിച്ച് ഒരൊറ്റ പുസ്തകമാക്കി തയ്യാറാക്കിയതിലൂടെ വായനക്കാര്‍ക്ക് ലോക കുറ്റാന്വേഷണ കൃതികളിലെ കാണാ ചരടുകളും അഴിയാ കുരുക്കുകളും വ്യക്തമാകുന്നു. നിരൂപണ രംഗത്ത് ഇത്തരത്തിലൊരു പരീക്ഷണം ആദ്യമാണെന്ന് പറയാം. ൗരവമേറിയ സാഹിത്യ സൃഷ്ടികള്‍ വായിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക മുഷിപ്പിനെ മറികടക്കാനാണ് അപസര്‍പ്പ നോവലുകള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും അവ നല്‍കുന്ന മാനസിക ഉല്ലാസം ചെറുതല്ല. ഏതായാലും പി.കെ രാജശേഖരന്റെ കണ്ടെത്തലുകളും നിഗമനകളുമെല്ലാം ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുകയും അവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ വായനക്കാര്‍ക്കും ഉപകാരപ്രദമാണ്. എണ്ണിയാലൊടുങ്ങാത്ത ലോക സാഹിത്യത്തിലെ ക്രൈം ത്രില്ലറകളിലേക്കുള്ള വഴികാട്ടിയായി ഇരുള്‍ സന്ദര്‍ശനത്തെ നമുക്ക് കാണാം. ഇത്രയും രചനകളെ സമഗ്രമായി അപഗ്രഥിച്ച് താനറിഞ്ഞ അറിവുകളെ മറ്റു വായനക്കാരിലേക്കും എത്തിക്കാനുള്ള പി. കെ രാജശേഖരന്റെ ശ്രമം ശ്ലാഘനീയമാണ്. നിരൂപണരംഗത്തെ ക്രൈം ത്രില്ലറുകളുടെ നിരൂപണമായി ഇരുള്‍സന്ദര്‍ശനങ്ങള്‍ എല്ലാകാലത്തും അടയാളപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.