ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 

ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 

വർത്തമാനകാല പരിസരത്തുനിന്നുകൊണ്ട് കവിതയുടെ ബഹുസ്വരതകളെ സംവേദനം ചെയ്യുകയാണ് ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ ‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിലൂടെ പി എൻ ഗോപീകൃഷ്ണൻ
Updated on
3 min read

രോഗാതുരവും വേട്ടയാടപ്പെടുന്നതുമായ കാലഘട്ടത്തിന്റെ ആവിഷ്കരണമായാണ് പി എൻ ഗോപീകൃഷ്ണൻ കവിതകൾ എഴുതുന്നത്. ഉത്തരാധുനികതയുടെ ഘട്ടത്തിൽനിന്നുകൊണ്ട് ഫാസിസ്റ്റ് ശക്തികൾക്കും അധികാര ഭീകരതയ്ക്കുമെതിരെ കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും തന്നെ ശബ്ദമുയർത്താൻ ഗോപീകൃഷ്ണൻ ശ്രമിക്കുന്നു. കവിതയെ സാഹിത്യരൂപം മാത്രമായി കാണാതെ ജീവിക്കുന്ന ദേശത്തിന്റെ പേരായി അടയാളപ്പെടുത്തുമ്പോൾ തന്നിൽ രൂപപ്പെടുന്ന സൃഷ്ടികളെല്ലാം (കവിതകളും ലേഖനങ്ങളും) കാലത്തോട് സംവദിക്കുന്ന ഘടകങ്ങളായിത്തീരുന്നു. ഗോപീകൃഷ്ണനു സമ്മാനിക്കുന്നതിലൂടെ ഇക്കൊല്ലത്തെ ഓടക്കുഴൽ പുരസ്‌കാരം അർഹമായ കരങ്ങളിലേക്ക് തന്നെയാണ് എത്തുന്നത്.

ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ ‘കവിത മാംസ ഭോജിയാണ്’ എന്ന സമാഹരത്തിൽ 41 കവിതകളാണുള്ളത്. അധികാര രാഷ്ട്രീയത്തിനെതിരെയുള്ള രൂക്ഷ വിമർശനമായും നിസ്സഹായതയുടെ അടയാളമായും കവിതയെ ഗോപീകൃഷ്ണൻ ഉപയോഗിച്ചിരിക്കുന്നു

ഏറ്റവും സ്ഫോടനശേഷിയുള്ള ആയുധമാണ് പി എൻ ഗോപീകൃഷ്ണന് കവിത. ഒരു രഹസ്യ വ്യവഹാരം പോലെ പുറത്തിറങ്ങിയാൽ പ്രക്ഷുബ്ധമാകാനുള്ള എല്ലാ സാധ്യതകളെയും വിലയിരുത്തിക്കൊണ്ടു തന്നെ ശാസ്ത്രവും നന്മയെപ്പറ്റിയുള്ള വിശ്വാസവും തിന്മയെപ്പറ്റിയുള്ള പേടിയും ഉൾക്കൊണ്ട് കവിതയുടെ ലോകത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നു. വൃത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, വൃത്തത്തിൽ ജീവിക്കാതെ കവിതയിൽ ജീവിക്കാൻ  ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ. എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ കവിതകളുടെ ഗരിമ ഒട്ടും ചോർത്തിക്കളയുന്നുമില്ല. ഭാഷയ്ക്കുള്ളിൽ പുതിയ ഭാഷ രൂപീകരിച്ചുകൊണ്ടാണ് ഓരോ പുതിയ കവിതയുടെയും പിറവി. ഫാസിസമെന്ന കേന്ദ്രീകൃത ശക്തിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കാർഡുകളായി രൂപപ്പെട്ട ലോകത്തെയും ഐഡികളായി പരിണാമം ചെയ്യപ്പെട്ട മനുഷ്യരേയും ഓർത്തെടുക്കുകയാണ് പി എൻ ഗോപീകൃഷ്ണൻ.

ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 
ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം

ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ ‘കവിത മാംസ ഭോജിയാണ്’ എന്ന സമാഹരത്തിൽ 41 കവിതകളാണുള്ളത്. അധികാര രാഷ്ട്രീയത്തിനെതിരെയുള്ള രൂക്ഷ വിമർശനമായും നിസ്സഹായതയുടെ അടയാളമായും കവിതയെ ഗോപീകൃഷ്ണൻ ഉപയോഗിച്ചിരിക്കുന്നു. ജീവിതത്തിലെ തീക്ഷ്‌ണമായ അനുഭവങ്ങളെ ആലേഖനം ചെയ്യുന്നതോടൊപ്പം സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കൂടി വെളിപ്പെടുത്തുന്നതാണിവ. ഏറ്റവും മിനുസമാർന്ന തൊലിക്കകത്തുനിന്നുകൊണ്ട് വർഗീയതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ പല്ലും നഖവുമുയർത്തി ആക്രമിക്കാൻ ശേഷിയുള്ളതാണ് ഇതിലെ ഓരോ കവിതകളും.  

'മസാല ദോശയുടെ മാതാവ്' എന്ന കവിത നോക്കാം...

 ഹോട്ടലിൽ ഞാൻ

 പതുക്കെ ആവശ്യപ്പെടുന്നു

 മസാല ദോശ

 വിളമ്പുകാരൻ

 ഉച്ചത്തിൽ കൂവുന്നു

 മസാല ദോശയ് യ് യ്

 ഞാൻ കൽപ്പിച്ച

 ദോശ എന്ന വാക്കിനെ തന്നെയോ

 അയാൾ

 പെരുപ്പിച്ചത്?

 അല്ല

 ഞാൻ കൽപ്പിച്ചത്

 രുചിക്കാനുള്ള വാക്ക്

 അയാൾ പെരുക്കിയത്

 വിളമ്പാനുള്ള വാക്ക്

 എനിക്കത് തീറ്റി

 അയാൾക്കത് വസ്തു

 ആ വാക്ക് പിടിച്ചെടുത്ത

 പാചകക്കാരിക്ക്

 അത്

 വെന്തെരിയുന്ന  വൃത്തം

 ഹോട്ടൽ ഉടമയ്ക്ക്

 ഇടയ്ക്കിടെ വില കൂട്ടി

 അളവ് കുറച്ച്

 വിറ്റഴിക്കേണ്ട ചരക്ക്

ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 
ചരിത്രത്തോട് ചേര്‍ന്നു നടന്ന വായനാവഴി

മസാല ദോശയുടെ മാതാവ്

ഇതിൽ ആര്?

തീ പറഞ്ഞു ഞാനാണ്

ഞാനാണ് ആ വാക്കിനെ ചുട്ടെടുത്തത്

അതിനുമുമ്പ് ആ വാക്കിന്റെ ഡി എൻ എ ആ വാക്കിൽ ഇല്ലായിരുന്നു

തീ  സൃഷ്ടിച്ചത്ര ദൈവം സൃഷ്ടിച്ചിട്ടില്ല.

സാധാരണക്കാരന്റെ വിഭവത്തിന്റെ ചരിത്രം അന്വേഷിക്കുക മാത്രമല്ല മനുഷ്യചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് കവി നടത്തുന്നത്. പുരോഗതിയിലേക്കുള്ള മനുഷ്യന്റെ ആദ്യ കാൽവയ്പ് തീ ഉപയോഗിച്ച് പാകം ചെയ്തതാണ്. ഏതൊരു വിഭവത്തിന്റെയും എന്നതുപോലെ മനുഷ്യപുരോഗതിയുടെയും മാതാവായി തീയെ  അടയാളപ്പെടുത്തുകയാണ് ഇവിടെ. ഉരുളക്കിഴങ്ങ് പാടങ്ങളിൽ, വഴിവെട്ടിയ കാളവണ്ടികളിൽ, ലോറികളിൽ, പാണ്ടികശാലകളിൽ ഒക്കെയുള്ള അധ്വാനത്തിന്റെയും ശാസ്ത്ര പുരോഗതിയും  മഹത്വം കവിതയിൽ ധ്വനിപ്പിക്കുന്നു.

സോപ്പ് എന്ന കവിത സമർപ്പിച്ചത് സോപ്പിനെപ്പറ്റി അസ്സൽ കവിത എഴുതിയ ഫ്രാൻസിസ് പൊഞ്ചേയ്ക്ക് ആണ്.

സോപ്പ് 

 പല പേരുകളിൽ അത്

 എന്റെ ശരീരത്തെ തേടി വന്നു

 പെരുകുന്ന ഓരോ കോശത്തിലും

 ആദ്യത്തെ ഉമ്മ നൽകാൻ

 ആ വരവ്

 വെറും വരവായിരുന്നില്ല

 പലയിടങ്ങളിൽ നിന്ന്

 ചിലപ്പോൾ കടൽ കടന്ന്

 എന്റെ നഗ്നത

 എന്നെക്കാൾ കൂടുതൽ

 അതിനറിയാം

എന്നിട്ടും ഒരു സോപ്പും

 ഇതു വരെ ഒരു സ്വപ്നത്തിലും

മുഖ്യ കഥാപാത്രം ആയില്ല.

ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 
ദൈവത്തിന്റെ 'ചോയ്‌സ്', നിശ്ചയദാർഢ്യത്തിന്റെയും 

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്

 ഏറ്റവും ഉജ്ജലമായ മരണവും

 അതിന്റേത്

 ഒരു തെളിവും ബാക്കി വയ്ക്കാതെ

 ഒരു ഓർമ്മയും അവശേഷിപ്പിക്കാതെ

 അവസാന തുള്ളിയും അലഞ്ഞ്

 ഞങ്ങളോ

മരിച്ചാൽ ആരുടെയോ വിസർജ്യം പോലെ

കുറച്ചുനേരം അങ്ങനെ കിടക്കും 

ആദ്യം ഭൂമിയുടെ ഉപരിതലത്തിൽ 

പിന്നീട് ഭൂമിക്കടിയിൽ.

എത്ര യാഥാർത്ഥ്യമാണ് കവിതയായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ ഓരോ രോമകൂപങ്ങളെയും അറിയുന്ന സോപ്പിന്റെ ജീവിതവും മരണവും ആരോർക്കുന്നു? ഒരു തെളിവും ബാക്കിയാക്കാതെ ഒരു ഓർമ പോലും അവശേഷിക്കാതെ അവസാന തുള്ളിയും അലിഞ്ഞ് മനുഷ്യനുമായി ചേർന്നാണ് അവ തീരുന്നത്. എന്നാൽ മനുഷ്യനോ? മരിച്ചാൽ മറ്റാരുടെയോ വിസർജ്യം പോലെ ഭൂമിക്ക് ഉപരിതലത്തിലും പിന്നീട് അതിനടിയിലുമായി അങ്ങനെ കിടക്കും.

'അർഹതയും സംവരണമാണ്' എന്ന കവിതയിൽ ദളിത് ജീവിതത്തിന്റെ ശോചനീയാവസ്ഥകൾ വിവരിക്കുന്നു

'വെട്ടിക്കളഞ്ഞ വരി' എന്ന കവിതയിൽ വരികൾ കവിയെ ഉറക്കം കെടുത്തുന്ന സന്ദർഭമാണ് വിവരിക്കുന്നത്. എന്തിനാണ് കവിതയിൽനിന്ന് വെട്ടിമാറ്റിയതെന്ന് അന്വേഷണവുമായാണ് വരികളെത്തുന്നത്. പകരം ചേർത്ത് വരികൾക്കുള്ള യോഗ്യത അന്വേഷിക്കുമ്പോഴും വെട്ടിമാറ്റിയ വരികൾ കത്തിയെടുത്ത്  കവിയെ ആക്രമിക്കുന്നു. കവി സംശയിക്കുകയാണ് ആരെയാണ് താൻ സംരക്ഷിക്കേണ്ടത് - കവിതയെയോ അതോ തന്നെ തന്നെയോ എന്ന്.

സത്യാനന്തരകാല കവിതകളിലെ ഓരോ കവിതയും കാലവുമായി സംവദിക്കുന്ന കവിതകളാണ്.

ഓരോ വീടും 

ഓരോ വീടും കണക്കു കൂട്ടുകയാണ്

പത്രം വായിച്ചു കണക്കുകൂട്ടുന്നു

പാഠപുസ്തകം വായിച്ച്  കണക്കുകൂട്ടുന്നു

അടുക്കളയിൽ തിളപ്പിച്ചും 

ഫ്രിഡ്ജിൽ തണുപ്പിച്ചും 

കുളിമുറിയിൽ അലക്കിയും കണക്കുകൂട്ടുന്നു.

 ടി.വി കണ്ട് കണക്കുകൂട്ടുന്നു.

 ഉണ്ടു ഉറങ്ങിയും

ഇണ ചേർന്നും

സ്വയംഭോഗം ചെയ്തും 

വായിലച്ചും കണക്കുകൂട്ടുന്നു.

ആ കണക്കിന്റെ ഉത്തരം

പ്രഖ്യാപിക്കുന്ന അന്ന്

കഷ്ടം, ആ വീട് ഇല്ലാതാകുന്നു.

സത്യാനന്തര കവിതകളിലെ ഒരു കവിത മാത്രമാണിത്.  എത്ര കണക്കു കൂട്ടിയിട്ടും തെറ്റുന്ന ജീവിത കണക്കുകളെ ഓർമിപ്പിക്കുന്ന കവിതയാണിത്.

ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 
പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 

'അർഹതയും സംവരണമാണ് ' എന്ന കവിതയിൽ ദളിത് ജീവിതത്തിന്റെ ശോചനീയാവസ്ഥകൾ വിവരിക്കുന്നു. 

ബെംഗളുരു എന്ന നഗരം എത്ര മനോഹരവും വൃത്തിയുമുള്ളതാണെങ്കിലും അവിടത്തെ കക്കൂസുകൾ നിറഞ്ഞാൽ ആ നഗരവും അഴുക്കു ചാലാവും, കഴിക്കുന്ന ഭക്ഷണം ഓക്കാനിപ്പിക്കും. ബെംഗളുരുവിനെ വൃത്തിയാക്കാൻ ഒരു കോളനിവാസി വേണം. അംബേദ്കറിന്റെ പ്രതിമയുള്ള കോളനിയിലെ കണ്ണട വെച്ച തീട്ടം വാരുന്ന  തിമ്മപ്പന്റെ അരികിൽ വരണം. ദളിതന്റെ അർഹതയും അന്വേഷിച്ചിറങ്ങിയവന്റെ സംവരണവും വ്യക്തമാക്കുന്ന കവിതയാണിത്

'എന്തുകൊണ്ടാണ് സ്വസ്ഥതകളിൽ അ ചേരുന്നത്?' എന്ന കവിത നോക്കാം. 

എന്തുകൊണ്ടാണ് ചത്ത ഒരു പാറ്റയെ കൊണ്ടുപോകും പോലെ ഉറുമ്പുകൾ മനുഷ്യരെ വലിച്ചിഴക്കാത്തത്?

എന്തുകൊണ്ടാണ് കതിരുകളെ പോലെ തത്തകൾ മനുഷ്യരെ കൊത്തിപ്പറക്കാത്തത്?

എന്തുകൊണ്ടാണ് ഒരാടും പച്ചിലയല്ലാത്ത പച്ച മനുഷ്യനെ തിന്നാത്തത്?

കാരണങ്ങൾ വളരെ ചെറുതാണ് പക്ഷേ നാം അവയെ വലുതെന്ന് വിചാരിക്കുന്നു.

ചുരുക്കത്തിൽ വർത്തമാന കാലത്ത് നിന്നുകൊണ്ട് കവിതയുടെ ബഹുസ്വരതകൾ  സംവേദനം ചെയ്യുകയാണ് പി എൻ ഗോപീകൃഷ്ണൻ

നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം കയ്യേറ്റങ്ങൾ കൂടിയാണെന്നും സസ്യങ്ങളെയും മൃഗങ്ങളെയും മനുഷ്യർ ഉറ്റുനോക്കുകയും പഠിക്കുകയും ചെയ്യുന്നതുപോലെ അവയെല്ലാം മനുഷ്യരെയും ഉറ്റുനോക്കുകയും പഠിക്കുകയും ചെയ്യുകയാണെന്നും കവി പറയുന്നു. മനുഷ്യൻ ഭൂതക്കണ്ണാടിവെച്ച് ചെറുതുകളെ വലുതാക്കുമ്പോൾ അവയെല്ലാം മറ്റൊരു കണ്ണാടി കൊണ്ട് മനുഷ്യനേയും ചെറുതാക്കി മാറ്റുന്നു. മനുഷ്യന്റെ സ്വസ്ഥതകളിൽ എന്തുകൊണ്ടാണ് അ വന്നുചേരുന്നത് എന്ന അന്വേഷണത്തിന്റെ സാക്ഷിപത്രമാണ് ഈ കവിത.

കവിത സമാഹാരത്തിന്റെ പേര് സൂചിപ്പിക്കുന്ന കവിതയായ 'കവിത മാംസ ഭോജിയാണ് ' എന്ന കവിത കവിത / ആശയം ഒരു കവിയെ എങ്ങനെയെല്ലാം ആക്രമിക്കുന്നു എന്നതിന്റെ സൂചനയാണ്. നഖങ്ങൾ ഉയർത്തി ഏതിരുട്ടിലും ചാടിവീഴാൻ തക്കം പാർത്തിരിക്കുന്ന നരഭോജിയായ ജീവിയെ പോലെയാണ് കവിത എന്ന് കവി പറയുന്നു. കവിത ഇറങ്ങി നടക്കുന്നത് രാത്രിയിലാണ്; പക്ഷേ, സംസാരിക്കുന്നതാകട്ടെ പകലിന്റെ ഭാഷയും. നാളമായി വേഷം കെട്ടിയ ഇടിമന്നലാണ് കവിത. കവിത എപ്പോഴും വാദിക്കുന്നത് യുദ്ധങ്ങൾക്ക് വേണ്ടിയാണ് പക്ഷേ അതിന്റെ ഭാഷ സമാധാനമാണ്. കണ്ണീരുകൊണ്ട് 'കവിത'യെഴുതുന്ന ക്രൂരതകളെപ്പോലെ ഒരു യുദ്ധവും മനുഷ്യരുടെ പ്രതലത്തിൽ എഴുതിവച്ചിട്ടില്ലെന്നും കൂടി കവി ചേർക്കുന്നു. കവിയുടെ ഹൃദയത്തിൽ ചോര പൊടിച്ചുകൊണ്ട്, അത്രയധികം സൃഷ്ടിയുടെ വേദന അറിഞ്ഞുകൊണ്ട് മാത്രമാണ് ഓരോ കവിതയും പിറവിയെടുക്കുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 
'അമ്പലപ്പുഴ സിസ്റ്റേഴ്‌സ്': കഥ തത്ത്വചിന്തയുമാണ്

ചുരുക്കത്തിൽ വർത്തമാനകാലത്ത് നിന്നുകൊണ്ട് കവിതയുടെ ബഹുസ്വരതകൾ  സംവേദനം ചെയ്യുകയാണ് പി എൻ ഗോപീകൃഷ്ണൻ. ക്യാമറയില്ലാത്ത ഒരു ലോകം ശുചിമുറി മാത്രമാണെന്നും കവി ഓർമ്മിപ്പിക്കുന്നു. ഐഡികളായും ഐഎസ് ബി നമ്പറുകളായും (ISBN) മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരും യു എ പി എ ഇരകളും  ജാതിയും മതവും ലിംഗവും വെച്ച്  വ്യക്തിത്വം  നിർണയിക്കപ്പെടുന്നവരും  ഉൾപ്പെടുന്നതാണ് ഗോപീകൃഷ്ണന്റെ കവിതകൾ. മലയാള കവിതയുടെ പുരാതന ശേഖരങ്ങളിലേക്ക് പോകാതെ ശാസ്ത്രവും പ്രപഞ്ചസത്യവും അനുഭവങ്ങളുടെ തീഷ്ണതകളുമാണ് പി എൻ ഗോപീകൃഷ്ണൻ തന്റെ കവിതകൾക്ക് ഇന്ധനമാക്കുന്നത്.

logo
The Fourth
www.thefourthnews.in