പൊൻകുന്നം വർക്കി: ഡെമോക്രാറ്റിക് ന​ഗരം തുറങ്കിലടച്ച അനേകം എഴുത്തുകാരിൽ ഒരാൾ
GardeniQ

പൊൻകുന്നം വർക്കി: ഡെമോക്രാറ്റിക് ന​ഗരം തുറങ്കിലടച്ച അനേകം എഴുത്തുകാരിൽ ഒരാൾ

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയെന്ന് വിശേഷിപ്പിക്കുന്ന മലയാളത്തിന്റെ കഥാകൃത്തും നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന പൊൻകുന്നം വർക്കി ഓർമ്മയായിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു.
Updated on
2 min read

എഴുത്തുകളിൽ നിഴലിച്ചിരുന്നത് അഹങ്കാരവും നിഷേധവും. എങ്കിലുമാ അഹങ്കാരിയുടെ ചട്ടക്കൂടുകൾ പൊളിച്ചുമാറ്റിയുളള വഴിമാറി നടത്തങ്ങൾ ആസ്വദിക്കാൻ വായനക്കാർ ഏറെയായിരുന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയെന്ന് വിശേഷിപ്പിക്കുന്ന മലയാളത്തിന്റെ കഥാകൃത്തും നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന പൊൻകുന്നം വർക്കി ഓർമ്മയായിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. 1939-ൽ 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിത എഴുതിക്കൊണ്ടാണ് ഇദ്ദേഹം സാഹിത്യ രംഗത്തേക്കു കടക്കുന്നത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ അം​ഗീകാരം ലഭിച്ചു. തന്റെ കഥാപാത്രങ്ങളെ നിഷേധികളായും തന്റേടികളായും പടച്ചുവിട്ട എഴുത്തുകാരൻ സമൂഹത്തിൽ ചില പ്രത്യേക വിഭാ​ഗങ്ങളിൽ കൊള്ളരുതാത്തവനായി. പക്ഷെ യുവതലമുറയുടെ വളർച്ചയെ പിന്നോട്ടുവലിക്കുന്ന മത മാമൂലുകൾക്ക് തിരിച്ചടിയായ എഴുത്തുകളാൽ സമൂഹത്തിലെ മറ്റൊരു വിഭാ​ഗം പൊൻകുന്നം വർക്കിയെ ചർച്ചാവിഷയമാക്കി. അങ്ങനെ അക്കാലത്തെ യുവാക്കളിൽ നൂതന ആശയങ്ങൾ മുളക്കാനും പഴയ ചിട്ടകളുടെ പുനർപഠനം സാധ്യമാകാനും കാരണക്കാരനായി.

ബിരുദശേഷം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച പൊൻകുന്നം വർക്കിയെ കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ അധ്യാപന ജോലിയിൽനിന്നും പുറത്താക്കി. സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചുകൊണ്ട് 'മോഡൽ' എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു.

''ഞാൻ സി.പി രാമസ്വാമി അയ്യരുടെ ജയിലിൽ കിടക്കുകയാണ്. എനിക്ക് സൂപ്രണ്ടിൽ കൂടി നീണ്ട ഒരറിയിപ്പു കിട്ടി. കഥകളും നാടകങ്ങളും വഴി ക്ലാസ്‌വാറിനു ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തടങ്കലിൽ വച്ചിരിക്കുന്നത്. മാപ്പുചോദിച്ചാൽ ഗവൺമെന്റ് അതേപ്പറ്റി പരിഗണിക്കുന്നതായിരിക്കും. ഇതായിരുന്നു അറിയിപ്പ്. അതിനും കുറേ മുൻപ് ചീഫ് സെക്രട്ടറിയും എനിക്ക് ഒരു അറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. ഞാൻ അന്ന് ഒരധ്യാപകനായിരുന്നു. ഞാൻ പുതിയ തലമുറയെ സോഷ്യലിസത്തിലേക്ക് നയിക്കുന്നതിനാൽ പിരിച്ചുവിട്ടു ശിക്ഷിക്കാതിരിക്കാൻ ഇരുപത്തിനാലുമണിക്കൂറിനകം സമാധാനം കൊടുത്തു കൊള്ളണമെന്ന്. ശരി. കഥയെഴുതിയതുകൊണ്ടാണല്ലോ. ഞാൻ സഹിച്ചുകൊള്ളാം. ഇതായിരുന്നു എന്റെ സമാധാനം.'' പൊൻകുന്നം വർക്കിയുടെ ആത്മകഥയായ 'എന്റെ വഴിത്തിരിവി'ലെ വരികളാണിത്. പുതുതലമുറയെ സാമൂഹികാവബോധമുള്ളവരാക്കി വാർത്തെടുക്കണമെന്ന ഒരധ്യാപകന്റെ ആ​ഗ്രഹത്തെയും അദ്ദേഹത്തിന്റെ എഴുത്തുകളെയും തുറങ്കിലടച്ച അധികാരികളുടെ ഓരോ നടപടിയെയും അദ്ദേഹം സ്വന്തം എഴുത്തുകളിലൂടെ തന്നെ വിമർശിക്കുകയും ചെയ്തിരുന്നു.

പൊൻകുന്നം വർക്കി: ഡെമോക്രാറ്റിക് ന​ഗരം തുറങ്കിലടച്ച അനേകം എഴുത്തുകാരിൽ ഒരാൾ
സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം

നിലവിലെ സാമൂഹ്യരീതികൾക്ക് എതിരെയുളള പോരാട്ടമെന്നവണ്ണം, നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. നവലോകം(1951), ആശാദീപം(1953), സ്‌നേഹസീമ(1954) എന്നീ സിനിമകൾക്ക് കഥയും സംഭാഷണവുമെഴുതി. സത്യഭാമ, ഭാര്യ(1962), സുശീല, കടലമ്മ, സ്‌കൂൾ മാസ്റ്റർ, കളഞ്ഞുകിട്ടിയ തങ്കം, അൾത്താര(1964), കാട്ടുപൂക്കൾ(1965), ഗംഗാസംഗമം(1971) എന്നീ സിനിമകൾക്ക് സംഭാഷണമെഴുതി. ചലനം(1975), മകം പിറന്ന മങ്ക(1977) എന്നീ സിനിമകൾ നിർമിക്കുകയും സംഭാഷണമെഴുതുകയും ചെയ്തു. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. സ്വാതന്ത്ര്യസമര സേനാനിക്കുള്ള താമ്രപത്രം നേടി. കേരള സാഹിത്യഅക്കാദമി അവാർഡ്, വള്ളത്തോൾ സമ്മാനം, കലാദർശന അവാർഡ്, കൊടുപ്പുന്ന സ്മാരക പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ലളിതാംബിക അന്തർജനം അവാർഡ്, മദ്രാസ് സർവകലാശാല പുരസ്‌കാരം, പദ്മപ്രഭാ പുരസ്‌കാരം എന്നീ ബഹുമതികൾക്ക് അർഹനായി. ശബ്ദിക്കുന്ന കലപ്പ, ദൈവത്തേക്കാൾ ഞാൻ പേടിക്കുന്നത്, ഡെമോക്രസി, എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ട കഥകൾ. ഭർത്താവ്, സ്വർഗം നാണിക്കുന്നു, ഞാൻ ഒരധികപ്പറ്റാണ്, വിശറിക്കു കാറ്റുവേണ്ട തുടങ്ങി കാണികളിൽ ആവേശമായ നാടകങ്ങൾക്കും കാരണക്കാരനായി.

logo
The Fourth
www.thefourthnews.in