ഇരകളുടെ ജീവചരിത്രം അഥവാ അതിജീവനത്തിന്റെ മാനിഫെസ്റ്റോ
ശ്രീലങ്കയിലെ ബാട്ടിക്കളോവയില്‍ ഒരു നാടോടികഥയുണ്ട്. അവിടുത്തെ കല്ലടി പാലത്തിനരികില്‍ രാത്രികാലത്ത് നിന്നാല്‍ മത്സ്യങ്ങള്‍ പാട്ടുപാടുന്നത് കേള്‍ക്കാന്‍ കഴിയുമെന്നതാണ് കഥ. 'മീന്‍ പാടും തേന്‍ രാജ്യം' എന്ന് തങ്ങളുടെ നാടിനെ അവര്‍ വിളിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ പല തരത്തില്‍ വെല്ലുവിളി നേരിട്ട് ബാട്ടിക്കളോവയില്‍ എത്തിയ ജീവ എന്ന സ്ത്രീക്ക് അതുകേള്‍ക്കാന്‍ വയ്യ. കാരണമുണ്ട്. അവരുടെ മകള്‍, അവള്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞ ഒരു കഥയാണ് അതിന് കാരണം. മകള്‍ മണിമേഖല പറഞ്ഞത് യുദ്ധത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളാണ് മീനുകളായി പുനര്‍ജനിക്കുന്നതെന്നതാണ്. വംശീയ പോരാട്ടത്തില്‍ മരിച്ചുപോയ തന്റെ മകളായിരിക്കുമോ മീനായി വന്ന് പാട്ടു പാടുന്നതെന്ന തോന്നലാണ് ജീവയ്ക്കുള്ളത്. ' ഇപ്പോള്‍ ഞാന്‍ കൊക്കടിച്ചോലയില്‍നിന്ന് കല്ലടിയിലേക്ക് പോകാറില്ല... മീന്‍ പാടും പാട്ട് ഒരിക്കലും കേട്ടിട്ടില്ല. ഒരു പക്ഷെ .. ഒരു പക്ഷെ ആ പാട്ട് പാടുന്ന മീന്‍ എന്റെ മകള്‍ തന്നെ ആണെങ്കിലോ' എന്നാണ് ജീവ ചോദിക്കുന്നത്.
ശ്രീലങ്കയുടെയോ, വംശീയ യുദ്ധത്തിന്റെ ചരിത്രത്തിലോ, പക്ഷെ ജീവയില്ല. അവരെ പോലുള്ള ആയിരങ്ങളില്ല. മുഖ്യധാരാ ചരിത്രം അങ്ങനെയാണ്
ശ്രീലങ്കയുടെയോ, വംശീയ യുദ്ധത്തിന്റെ ചരിത്രത്തിലോ, പക്ഷെ ജീവയില്ല. അവരെ പോലുള്ള ആയിരങ്ങളില്ല. മുഖ്യധാരാ ചരിത്രം അങ്ങനെയാണ്. വിജയിയുടെ കഥകള്‍ക്കാണ് അവിടെ സ്ഥാനം. പരാജിതരുടെ പാളിപ്പോയ തന്ത്രങ്ങളെക്കുറിച്ച് അതില്‍ പറഞ്ഞേക്കാമെന്ന് മാത്രം. എന്നാല്‍ വിജയികൾക്കും പരാജിതര്‍ക്കും അപ്പുറം നില്‍ക്കുന്നവരുണ്ട്. ലോകത്തെമ്പാടുമുള്ള അത്തരത്തിലുള്ള ലക്ഷകണക്കിന് ആളുകളുടെ പ്രതിനിധികളെക്കുറിച്ച് മലയാളി വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് സുധാ മേനോന്‍ തന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ എന്ന പുസ്തകത്തിലൂടെ.
മുഖ്യധാരാ ചരിത്രം ആരുടെ കഥയാണ് വിവരിക്കുന്നത്? അതിജീവിക്കപ്പെട്ടവന്റെ, അല്ലെങ്കില്‍ ചിലപ്പോള്‍ പരാജിതന്റെ. വിജയിയും പരാജിതനുമെന്ന ദ്വന്ദ്വങ്ങള്‍ക്കപ്പുറത്ത് ചരിത്രത്തില്‍ അവശേഷിക്കുന്നവര്‍ എവിടെയാണ്. ആധിപത്യമുറപ്പിക്കാനുള്ള മത്സരത്തിനിടയില്‍ ഞെരിഞ്ഞമരുന്നവര്‍? തങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന പോരാട്ടങ്ങളുടെ പോലും ഇരയാക്കപ്പെടുന്നവര്‍. ചരിത്രം വിജയിയുടെ കഥ മാത്രമല്ല, വിജയിച്ചതിന് ശേഷം ആധിപത്യം സ്ഥാപിച്ചവരുടെ വര്‍ണനകളുമാണ്. സുധാ മേനോന്റെ പുസ്തകത്തിന്റെ പ്രത്യേകത വിജയിയെക്കുറിച്ചുള്ള വര്‍ണനകളും പരാജിതരെക്കുറിച്ചുളള സഹതാപ കഥകള്‍ക്കുമപ്പുറത്ത് ജീവിക്കുന്നവരെക്കുറിച്ച് എഴുതി എന്നതാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ആഭ്യന്തര യുദ്ധങ്ങളാലും നയ സമീപനങ്ങളുടെയും ഇരായക്കപ്പെട്ടവരുടെ കഥ പറയുന്നതോടൊപ്പം അവരില്‍നിന്ന് ജീവിതം കവര്‍ന്ന സംഭവങ്ങളുടെ വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു ചരിത്രം 'അദൃശ്യമാക്കിയ മുറിവുകളില്‍.'
സങ്കുചിത ദേശീയതയുടെയും ഫ്യൂഡലിസത്തിന്റെയും ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതമാണ് ഇവിടെ വിവരിക്കുന്നത്
പാകിസ്താനിലെ അപഹരിക്കപ്പെട്ട ആകാശങ്ങള്‍ എന്ന അധ്യായം തുടങ്ങുന്നതിന് മുൻപ് വിര്‍ജീനിയ വൂള്‍ഫിന്റെ ഒരു വരി ഗ്രന്ഥകാരി ഉദ്ധരിക്കുന്നുണ്ട്. 'ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യമില്ല, സ്ത്രീയെന്ന നിലയില്‍ ഈ ലോകം തന്നെയാണ് എന്റെ രാജ്യം' എന്ന വിര്‍ജീനിയ വൂള്‍ഫിന്റെ വാക്കുകളുകളുടെ അര്‍ഥം പാകിസ്താനിലെ സിന്ധിലെ സ്ത്രീ ജീവിതങ്ങളുടെ ചിത്രീകരണത്തിലൂടെ ബോധ്യമാകും. 3000 ബി സിയില്‍ ലോകത്തിലെ ആദ്യ നദീതട സംസ്‌കാരം ഉടലെടുത്ത തെരുവുകളില്‍ ഇപ്പോള്‍ കഴിയുന്നത് നീതി നിഷേധത്തിന്റെ ഇരകളാക്കപ്പെട്ട ജീവിതങ്ങളാണ്. സങ്കുചിത ദേശീയതയുടെയും ഫ്യൂഡലിസത്തിന്റെയും ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതമാണ് ഇവിടെ വിവരിക്കുന്നത്. ഫ്യൂഡലിസത്തിന്റെയടക്കമുള്ള എല്ലാ നീതിരഹിത സംവിധാനങ്ങളുടെയും ഇരകള്‍ സാധാരണ മനുഷ്യര്‍ ആണെങ്കിലും ആണ്‍കൂട്ടം ലിംഗപരമായ ആധിപത്യത്തിലൂടെ സ്ത്രീ ജീവിതത്തെ നിതാന്ത ദുരിതത്തില്‍ നിലനിര്‍ത്തുന്നതിന്റെ കഥയാണ് സൈറയിലൂടെ വിവരിക്കുന്നത്.
മതത്താലും ഫ്യൂഡല്‍ ബോധത്താലും വംശീയ യുദ്ധത്താലും മുറിവേറ്റ സ്ത്രീ ജീവിതങ്ങളുടെ മാത്രമല്ല, അവരുടെ അതിജീവനത്തിന്റെ കഥകൂടിയാണ് ഈ പുസ്തകം പറയുന്നത്. സവിശേഷമായി തോന്നിയത് വംശീയത, മതം തുടങ്ങിയവയുടെ ഇരകളാക്കപ്പെടുന്ന സ്ത്രീകളിലൊതുങ്ങാതെ സുധാ മേനോന്‍ തന്റെ അന്വേഷണത്തില്‍ സര്‍ക്കാരിന്റെ വികസന നയങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്. നവലിബറല്‍ വികസനത്തിന്റെ ആദ്യ ബസ് പുറപ്പെട്ട സംസ്ഥാനമെന്നായിരുന്നു അന്ന് മാധ്യമങ്ങള്‍ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാപ്രദേശിനെ വിശേഷിപ്പിച്ചത്.
കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് സുധാ മേനോന്‍ ആന്ധ്രയിലേക്ക് പോയത്. 'ക്ഷേമരാഷ്ട്ര'ത്തില്‍നിന്നുള്ള പിന്‍മാറ്റം കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമായ കാലം. എങ്ങനെയാണ് മൊണ്‍സാന്റോയടക്കമുള്ള ബഹുരാഷ്ട്ര കുത്തകകള്‍ കര്‍ഷകരുടെ നിസ്സഹായത മുതലെടുത്ത് അവരെ നിത്യദുരിതത്തിലേക്കും പലപ്പോഴും ജീവിതത്തില്‍നിന്നു തന്നെയും ഇല്ലാതാക്കുന്നതെന്ന വിവരണമാണ് രേവമ്മയുടെ ജീവിത കഥയിലൂടെ പറയുന്നത്.
ചെറുത്തുനില്‍ക്കുന്നവരെയും അധിനിവേശക്കാരെയും ഒരേ അളവില്‍ മനുഷ്യരോട് പാതകം ചെയ്തവര്‍ എന്ന തോന്നല്‍ ചില ഘട്ടങ്ങളില്‍ ഈ പുസ്തകം വായിക്കുമ്പോള്‍ എനിക്കുണ്ടായി
ഈ പുസ്തകത്തില്‍ പരമാര്‍ശിച്ച സംഭവങ്ങള്‍, സ്ത്രീകള്‍ എല്ലാം ഓരോരോ സംവിധാനത്തിന്റെ ഇരകളാണ്. ഇരകളാക്കപ്പെട്ടവരില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതേ സമയം ചെറുത്തുനിൽപ്പ് നടത്തുന്നവരെയും ഇരപിടിയന്മാരെയും ഒരേ പോലെ കാണേണ്ടതില്ല. അനീതിയ്‌ക്കെതിരെ ചെറുത്തുനില്‍ക്കുന്നവര്‍ വേട്ടക്കാരുടെ അതേ വഴികളിലൂടെ സഞ്ചരിക്കുന്നതിന്റെ കൂടി ദുരന്തങ്ങളാണ് ശ്രീലങ്കയിലും മറ്റും കണ്ടത്. അത് ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ പുസ്തകത്തിന്റെ പരിധിയില്‍ ആ അന്വേഷണം വരുന്നതുമല്ല. വ്യക്തി അനുഭവത്തിന്റെയും അവരുടെ അതിജീവനത്തിന്റെയും കഥകളിലൂടെയാണ് ഈ പുസ്തകം രൂപപ്പെടുത്തിയത് കൊണ്ടാകാം, ചെറുത്തുനില്‍ക്കുന്നവരെയും അധിനിവേശക്കാരെയും ഒരേ അളവില്‍ മനുഷ്യരോട് പാതകം ചെയ്തവര്‍ എന്ന തോന്നല്‍ ചില ഘട്ടങ്ങളില്‍ ഈ പുസ്തകം വായിക്കുമ്പോള്‍ എനിക്കുണ്ടായി.
ഒഴുക്കുള്ള ഭാഷയില്‍, തീവ്രാനുഭവങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകം. എങ്കിലും വായിച്ചുതീരുന്നതുവരെ കശ്മീരിലെ സ്ത്രീകളുടെ ജീവിതം കൂടി ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സൈന്യത്തിനും സായുധ പ്രതിരോധത്തിനും, ഉറ്റവരുടെ അപ്രത്യക്ഷമാകലിനുമിടയിലുള്ള അവരുടെ അതിജീവനത്തിന്റെ കഥകൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ നന്നായേനെ എന്ന് മാത്രം. വരുംകാലത്ത് സ്ത്രീകളുടെ പ്രതിരോധത്തെയും അതിജീവിനത്തിന്റെയും കഥകള്‍ എഴുതി നമ്മുടെ നോണ്‍ ഫിക്ഷന്‍ ശാഖയെ കൂടുതല്‍ ഗഹനമാക്കാന്‍ സുധാ മേനോന് കഴിയും എന്ന് ഈ പുസ്തകം വായിച്ചവര്‍ക്ക് തര്‍ക്കമുണ്ടാവില്ല.