പുറംലോകത്തിന്റെ സ്നേഹം കൊതിച്ച് സജീവൻ

പുറംലോകത്തിന്റെ സ്നേഹം കൊതിച്ച് സജീവൻ

പക്ഷേ ആ ആശ്വാസവും ആഹ്ളാദവും സജീവന്റെ ഏറ്റവും പുതിയ എഴുത്തിൽ കാണാനില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. പതിവുപോലെ ശുഭാപ്തിവിശ്വാസത്തോടെയല്ല സജീവൻ എഴുതി നിർത്തുന്നത്.
Updated on
2 min read

തടവറയിൽ പേരുകളില്ല. നമ്പറുകൾ മാത്രം. എന്റെ ജീവിതത്തിലേക്ക് സജീവൻ കടന്നുവന്നതും ഒരു നമ്പറായിത്തന്നെ: പ്രിസണർ സി - 4178.

വിയ്യൂരിലെ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോം ആണ് ഇപ്പോൾ സജീവന്റെ ആവാസകേന്ദ്രം. ജയിലിൽ കയറിയുമിറങ്ങിയുമുള്ള ജീവിതത്തിന് ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് തികയുന്നു. ഇപ്പോഴത്തെ ശിക്ഷ അടുത്ത വർഷം ഏപ്രിലിൽ തീരും. ചിലപ്പോൾ ജനുവരിയിൽ തന്നെയുണ്ടായേക്കാം വിടുതൽ. അൻപതിനായിരം രൂപ ഫൈൻ അടക്കണമെന്ന് മാത്രം.

സന്തോഷിക്കേണ്ട സമയമാണ്; പുസ്തകങ്ങളുടെ കടുത്ത ആരാധകനായതുകൊണ്ട് വിശേഷിച്ചും. അക്ഷരങ്ങളുടെ ലോകത്ത് സ്വതന്ത്രനായി വിഹരിക്കാമല്ലോ. ഇരുമ്പഴികളെ പേടിക്കേണ്ട, മടുപ്പിക്കുന്ന ഒരേ തരം കാഴ്ചകളിലും കേൾവികളിലും ജീവിതത്തെ തളച്ചിടേണ്ട.

പക്ഷേ ആ ആശ്വാസവും ആഹ്ളാദവും സജീവന്റെ ഏറ്റവും പുതിയ എഴുത്തിൽ കാണാനില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. പതിവുപോലെ ശുഭാപ്തിവിശ്വാസത്തോടെയല്ല സജീവൻ എഴുതി നിർത്തുന്നത്. നിശബ്ദമായ ഒരു വിങ്ങൽ ആ വാക്കുകളിലെങ്ങോ മറഞ്ഞുനിൽക്കുന്നതുപോലെ. തടവറയിൽ നിന്ന് പുറത്തിറങ്ങിയാൽ എങ്ങോട്ട് എന്ന ചോദ്യം തലയ്ക്കു മുകളിൽ തൂങ്ങിനിൽക്കുന്നതുകൊണ്ടാവാം.

പുറംലോകത്തിന്റെ സ്നേഹം കൊതിച്ച് സജീവൻ
നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

"ജയിലിലെ ഞങ്ങളുടെ ഫ്രീഡം റേഡിയോ ചാനലിൽ ഞാൻ സ്ഥിരമായി ആവശ്യപ്പെട്ട് കേൾക്കുന്ന രണ്ടു പാട്ടുകളുണ്ട്; ഒന്ന്, ആരോരുമില്ലാത്ത തെണ്ടി പക്ഷേ ആറടിമണ്ണിന്റെ ജന്മി. ആറടിമണ്ണിന്റെ ജന്മി എന്ന സിനിമയിലെ പാട്ട്. പിന്നെ, കുറ്റവാളിയിലെ ജനിച്ചുപോയി മനുഷ്യനായ് ഞാൻ... രണ്ടും പഴയ ഗാനങ്ങൾ."- സജീവൻ എഴുതുന്നു.

ആദ്യഗാനത്തെ സ്വന്തം ജീവിതവുമായി ചേർത്തുവെക്കുന്നു സജീവൻ. "എന്റെ ജീവിതസത്യമുണ്ട് ആ പാട്ടിൽ. സ്വന്തബന്ധങ്ങൾ ഉപേക്ഷിച്ച എനിക്ക് ഈ ഭൂമിയിൽ പോകാനിടമില്ല. ഇവിടുന്ന് പുറത്തിറങ്ങിയാൽ സഹായിക്കാനാരുമില്ല താനും. പുസ്തകസ്നേഹത്തിലൂടെയും വായനക്കാരനെന്ന നിലയിലും പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രശസ്തനായെങ്കിലും പുറം ലോകത്തിന് എന്നെ ആവശ്യമില്ല."

"പത്തനാപുരത്തെ ഗാന്ധിഭവൻ നടത്തുന്ന സോമരാജൻ സാറിന് ഞാൻ എഴുതിയിരുന്നെങ്കിലും മറുപടിയില്ല. ബാക്കിയെല്ലാം ഞാൻ ഈശ്വരനിൽ സമർപ്പിക്കുന്നു. മറ്റൊരു വഴിയും എന്റെ മുന്നിലില്ല..."

നീണ്ട ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സജീവന്റെ കത്ത് വന്നത്. മുൻപ് മാസത്തിലൊരിക്കലെങ്കിലും കിട്ടും മനോഹരമായ കൈപ്പടയിലുള്ള ആ എഴുത്ത്. ആനുകാലികങ്ങളിൽ വരുന്ന പാട്ടു ലേഖനങ്ങൾ വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാനാണ്. എന്നും ജീവിതത്തിന്റെ ഭാഗമായിരുന്ന, ഇപ്പോഴും കൂടെകൊണ്ടുനടക്കുന്ന പഴയ ഹിന്ദി, മലയാളം പാട്ടുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ വേറെ. കോഴിക്കോട്ടും മുംബൈയിലും ചെലവഴിച്ച കാലമാണ് തന്നെ പാട്ടുകളുടെ പ്രണയിയാക്കിയതെന്ന് പറയാറുണ്ട് സജീവൻ. അന്നും ഇന്നും പുസ്തകങ്ങൾ തന്നെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ. മോഷണത്തിന്റെയും ഭവനഭേദനത്തിന്റെയും വഴിയിലേക്കിറങ്ങിച്ചെന്നതു പോലും പുസ്തകങ്ങൾ വാങ്ങിക്കൂട്ടാൻ ആയിരുന്നില്ലേ?

സജീവൻ വായിക്കാത്ത എന്റെ പുസ്തകങ്ങൾ കുറവ്. ചിലതൊക്കെ ഞാൻ തന്നെ അയച്ചുകൊടുത്തവ, മറ്റുള്ളവ ജയിലിലെ പുസ്തകശാലക്ക് വേണ്ടി ശേഖരിച്ചവയും. "രവിയുടെ പുസ്തകങ്ങൾക്ക് ഇപ്പോൾ വേറെയും ആവശ്യക്കാരുണ്ട്. ജയിലിലെ സഹജീവികൾ. തമ്പി, ബെന്നി, ചന്ദ്രൻ, സുമേഷ്, സുനി.. എല്ലാവരും പഴയ പാട്ടുകളുടെ ആരാധകർ."

സ്വന്തം ജീവിതത്തെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ സജീവൻ. "ഇടക്കാലത്ത് ചില മാനസിക പ്രയാസങ്ങൾ കാരണം മുടങ്ങിപ്പോയ ആത്മകഥയെഴുത്ത് ഇപ്പോൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ അന്തരീക്ഷത്തിൽ എഴുത്ത് പ്രയാസമാണെങ്കിലും പരമാവധി ശ്രമിച്ച് എഴുതുന്നു. ഇവിടം വിടും മുൻപ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ."

ആർഭാട ജീവിതത്തിനു വേണ്ടി കൗമാരയൗവനങ്ങൾ ധൂർത്തടിച്ചുകളഞ്ഞ ഒരു ഒറ്റപ്പാലംകാരന്റെ മാനസാന്തരത്തിന്റെ കഥകൂടിയായിരിക്കും ആ ആത്മകഥ. പ്രശസ്തമായ തറവാട്ടിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ ഇരട്ടമക്കളിൽ ഒരാളായി ജനിച്ച് തലശേരി ബ്രണ്ണൻ സ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ സ്തുത്യർഹമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1980 ൽ മുംബൈയിലേക്ക് വണ്ടി കയറിയതോടെയാണ് സജീവന്റെ ജീവിതം മാറിമറിഞ്ഞത്; താറുമാറായതും. അത് നാടകീയതകൾ നിറഞ്ഞ മറ്റൊരു കഥ.

പഴയ പാട്ടുകൾ ആവശ്യപ്പെട്ടുകൊണ്ട് റേഡിയോ സ്റ്റേഷനുകൾക്കയക്കുന്ന കത്തുകൾക്ക് പ്രതികരണമുണ്ടാകാറില്ല എന്നതാണ് ഇപ്പോൾ സജീവന്റെ മറ്റൊരു ദുഃഖം. "എഴുത്തുകൾ മാത്രമാണ് ഇവിടെ എന്നെപ്പോലുള്ളവരുടെ ആശ്വാസം. വാട്ട്സാപ്പ്, ഫേസ്ബുക്ക് ഒക്കെ ഞങ്ങൾക്ക് അപ്രാപ്യമാണ് എന്നറിയാമല്ലോ രവിക്ക്. നമുക്കിഷ്ടപ്പെട്ട പാട്ടുകൾ എപ്പോഴും കേൾക്കാൻ ഭാഗ്യമുണ്ടാവണം എന്നില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെ എഴുതുന്ന കത്തുകൾ അവഗണിക്കപ്പെടുമ്പോൾ നിരാശ തോന്നും."

ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ ജീവിതം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് സ്വാഭാവികമായി തോന്നുന്ന നിരാശ മാത്രം. കൈവിട്ടുപോയ കുറെ നല്ല ഓർമ്മകളിലേക്ക് തിരികെ നടത്താൻ പാട്ടുകൾ മാത്രമല്ലേയുള്ളൂ ഇനി ആശ്രയം....

കത്തിനൊടുവിൽ, അടുത്ത് വായിച്ചുതീർത്ത റോബിൻ ശർമ്മയുടെ ദി മങ്ക് ഹു സോൾഡ് ഹിസ് ഫെറാറി എന്ന പുസ്തകത്തിലെ പ്രിയപ്പെട്ട വരികളും കുറിച്ചിട്ടുണ്ട് സജീവൻ: "There are no mistakes in life, only lessons..... From struggle comes strength. Even pain can be a wonderful teacher....."

logo
The Fourth
www.thefourthnews.in