'മലയാളത്തിന് ലഭിച്ച അംഗീകാരം'; സരസ്വതി സമ്മാന്‍ അംഗീകാരത്തില്‍ സന്തോഷം പ്രകടപ്പിച്ച് പ്രഭാവര്‍മ
കവി പ്രഭാവര്‍മയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം. 'രൗദ്രസാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് അംഗീകാരം. കെ കെ ബിര്‍ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്.
12 വര്‍ഷത്തിനുശേഷമാണ് സരസ്വതി സമ്മാന്‍ വീണ്ടും മലയാളത്തെ തേടിയെത്തുന്നത്. പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ മലയാളിയാണ് പ്രഭാവര്‍മ. കെ അയ്യപ്പണിക്കര്‍, എൻ ബാലാമണി അമ്മ, സുഗതകുമാരി എന്നിവര്‍ക്കാണ് ഇതിനുമുന്‍പ് പുരസ്‌കാരം ലഭിച്ചത്.
വളരെയേറെ സന്തോഷകരവും അഭിമാനകരവുമായ നിമിഷമെന്നാണ് സരസ്വതി സമ്മാന്‍ ലഭിച്ചതിനെക്കുറിച്ച് പ്രഭാവര്‍മ പ്രതികരിച്ചത്. സരസ്വതി സമ്മാൻ ഒരിക്കൽക്കൂടി കേരളത്തിലേക്കെത്തുന്നതിന് താൻ കാരണമായത് ചെറിയ കാര്യമല്ലെന്നും നമ്മുടെ ഭാഷയ്ക്കു കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
''ഒരു വ്യാഴവട്ടത്തിനുശേഷം കിട്ടിയ പുരസ്‌കാരം. ഈ അവസരം എനിക്ക് കിട്ടിയതിന് നമ്മുടെ ഭാഷയാണ് കാരണം. എന്റെ ഭാഷയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. രൗദ്രസാത്വികം എന്റെ മൂന്നാമത്തെ കാവ്യാഖ്യായികയാണ്. രൗദ്രസാത്വികത്തിലൂടെ ഒരു നോവലിനെ കാവ്യാത്മകമാക്കുകയായിരുന്നു. ഈ പുരസ്‌കാരം കവിതയ്ക്കു മാത്രമുള്ളതല്ല.''
''കോളേജ് കാലത്തേ എന്റെ കവിത അംഗീകരിക്കപ്പെട്ടതാണ്. കവിതയെ ഒരിക്കലും മാറ്റിനിര്‍ത്തി ജീവിച്ച ആളല്ല ഞാന്‍. അരനൂറ്റാണ്ടായി കവിതയ്ക്കായി ജീവിച്ച ആളാണ്,'' പ്രഭാവർമ പറഞ്ഞു.
1991-ലാണ് ബിര്‍ള ഫൗണ്ടേഷന്‍ സരസ്വതി സമ്മാന്‍ നല്‍കിത്തുടങ്ങിയത്. പ്രശസ്ത ഹിന്ദി കവി ഹരിവംശറായി ബച്ചനായിരുന്നു പുരസ്‌കാരം ആദ്യമായി ലഭിച്ചത്. തമിഴ് എഴുത്തുകാരി ശിവശങ്കരിക്കായിരുന്നു കഴിഞ്ഞവര്‍ഷം പുരസ്‌കാരം.