ടി ജെ എസ് ജോർജിന് അസൂയ തോന്നിയ ഒരേയൊരാള്‍

ടി ജെ എസ് ജോർജിന് അസൂയ തോന്നിയ ഒരേയൊരാള്‍

പുസ്തകത്തിന്റെ ആമുഖത്തിൽ ആന്റണി എഴുതിയ പോലെ, മറ്റു പലരും പത്രപ്രവർത്തനത്തിന്റെ വർത്തമാനകാലത്ത് ജീവിച്ചപ്പോൾ എന്നും അതിന്റെ പിറ്റേന്ന് ജീവിച്ച ആളായിരുന്നു തോമസ് ജേക്കബ്
Updated on
3 min read

സഖാവ് പിണറായി വിജയൻ ലെഫ്റ്റ് വിംഗിലും രാഹുൽ ഗാന്ധി റൈറ്റിലും പ്രധാനമന്ത്രി നരേന്ദ്രമോദി സെൻട്രൽ സ്‌ട്രൈക്കറുടെ റോളിലും കളിക്കുന്ന ഒരു ഫുട്ബോൾ ടീമിനെ പരിശീലിപ്പിച്ച്‌, ഈഗോയുടെ ലാഞ്ചന പോലുമില്ലാത്ത വിജയസഖ്യമാക്കി മാറ്റിയെടുക്കാൻ കഴിവുള്ള ഒരൊറ്റയാളെ ഉള്ളൂ ഈ ഭൂമിമലയാളത്തിൽ: തോമസ് ജേക്കബ്.

തമാശയല്ല, സത്യമാണ്. അപാരമായ തന്ത്രജ്ഞത മാത്രം പോരാ നയതന്ത്രജ്ഞത കൂടി വേണം ഇതുപോലുള്ള ഘടാഘടിയൻ കൂട്ടുകെട്ടുകളെ ഒരേ നുകത്തിൽ വെച്ചുകെട്ടിക്കൊണ്ടുപോകാൻ. രണ്ടും വേണ്ടുവോളമുണ്ട് തോമസ് സാറിന്റെ ആവനാഴിയിൽ. പഴയൊരു ഫുട്ബോൾ ശൈലി കടമെടുത്താൽ, കളിക്കളത്തിലെ കുമ്മായവരക്ക് പുറത്തിരുന്ന് സ്വന്തം കുട്ട്യോളെ കൊണ്ട് സ്കോർ ചെയ്യിക്കാനും ആവശ്യമെങ്കിൽ സെൽഫ് ഗോൾ വരെ അടിപ്പിക്കാനും കഴിയും ഈ കോച്ചിന്. അറ്റകൈയ്ക്ക് അവസാന പതിനഞ്ചു മിനിറ്റ് ബൂട്ടണിഞ്ഞു കളിക്കാനിറങ്ങാനും മടിക്കില്ല അദ്ദേഹം; ശൂന്യതയിൽ നിന്ന് ഗോളുകൾ സൃഷ്ടിക്കാനും.

ചെറു ചെറു വാചകങ്ങളിൽ ലളിതവും സുതാര്യവുമായ എഴുത്ത്, വാക്കുകളിൽ നിന്ന് വാക്കുകളിലേക്കും വാചകങ്ങളിൽ നിന്ന് വാചകങ്ങളിലേക്കുമുള്ള അനർഗ്ഗളമായ ഒഴുക്ക്, മേമ്പൊടിക്ക് നിഷ്കളങ്കമായ നർമ്മവും. പത്രവായന പഴംപുരാണമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിലും തോമസ് ജേക്കബ് എന്ന ബൈലൈനിനെ നിത്യഹരിതമായി നിലനിർത്തുന്നത് ഇതൊക്കെ തന്നെ.

"കളിച്ചത് കേരളം; ജയിച്ചത് ബംഗാൾ" പോലുള്ള തലക്കെട്ടുകൾക്ക് വലിയ പ്രസക്തിയില്ല അവിടെ. കളിക്കുന്നതും കളിപ്പിക്കുന്നതും ഗോളടിക്കുന്നതും ഒക്കെ ഒരാൾ തന്നെ: തോമസ് ജേക്കബ്. ജയിക്കുന്നതാകട്ടെ തോമസ് സാർ കൂടി ഉൾപ്പെട്ട മലയാള മനോരമ എന്ന പ്രസ്ഥാനവും. ഒരു വ്യത്യാസം മാത്രം. കളി ജയിച്ചാൽ മറ്റു ചില കോച്ചുകളെപ്പോലെ മാധ്യമ സമ്മേളനം വിളിച്ചുകൂട്ടി ബഡായിയടിക്കാനൊന്നും നിൽക്കില്ല മൂപ്പർ; വീമ്പു പറച്ചിലൊക്കെ കളിക്കാർക്കും പരിവാരങ്ങൾക്കും വിട്ടുകൊടുത്ത്, ആരുടേയും കണ്ണിൽപ്പെടാതെ സ്ഥലം വിട്ടുകളയും.

തോമസ് സാറിനെ കുറിച്ചുള്ള ഈ കുറിപ്പ് ഫുട്ബോളിൽ നിന്ന് കിക്കോഫ് ചെയ്യുന്നതിൽ ഒരു കാവ്യനീതിയുണ്ട്. ഞാൻ അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത് പന്തുകളിലേഖനങ്ങളിലൂടെയാണ്. 'ഓൾറൗണ്ടർ' എന്ന പേരിൽ മനോരമയിൽ തോമസ് ജേക്കബ് എഴുതിയിരുന്ന ഫുട്ബോൾ അവലോകനങ്ങളിൽ പേരെടുത്ത ആ പിൽക്കാല ഭാഷാ ശൈലിയുടെ മിന്നലാട്ടമുണ്ടായിരുന്നു. ചെറു ചെറു വാചകങ്ങളിൽ ലളിതവും സുതാര്യവുമായ എഴുത്ത്, വാക്കുകളിൽ നിന്ന് വാക്കുകളിലേക്കും വാചകങ്ങളിൽ നിന്ന് വാചകങ്ങളിലേക്കുമുള്ള അനർഗ്ഗളമായ ഒഴുക്ക്, മേമ്പൊടിക്ക് നിഷ്കളങ്കമായ നർമ്മവും. പത്രവായന പഴംപുരാണമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിലും തോമസ് ജേക്കബ് എന്ന ബൈലൈനിനെ നിത്യഹരിതമായി നിലനിർത്തുന്നത് ഇതൊക്കെ തന്നെ.

എഴുതുന്നത് മോഹൻലാലിന്റെ തോൾ ചെരിച്ചുള്ള നടത്തത്തെ കുറിച്ചോ ഉമ്മൻ ചാണ്ടിയുടെ ചപ്രത്തലമുടിയെ കുറിച്ചോ കൊറിയൻ സ്വേച്ഛാധിപതി കിമ്മിന്റെ കണ്ണിൽച്ചോരയില്ലായ്മയെ കുറിച്ചോ കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ചോ കോവിഡ് മഹാമാരിയെക്കുറിച്ചോ ആവട്ടെ, സർവതിലും ഉണ്ടാകും സവിശേഷമായ ആ ടി ജെ ടച്ച്. പത്രപ്രവർത്തനത്തിലെ കാൽപ്പനികതീര വിഹാരികളായ എന്നെപ്പോലുള്ളവരെ അസൂയാകുലരാക്കുന്ന ഒന്ന്.

വിംസിയെപ്പോലെ, വി കെ എന്നിനെപ്പോലെ, അബുവിനെ പോലെ വായനയേയും എഴുത്തിനേയും ഏറെ സ്വാധീനിച്ച ശൈലിയുടെ ഉടമ

"ഒരേ ഒരു തോമസ് ജേക്കബ്" എന്ന പേരിൽ (പ്രസാധനം: ഡി സി ബുക്സ്) ആന്റണി കണയംപ്ലാക്കൽ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകത്തിലെ കുറിപ്പുകൾ വായിച്ചപ്പോഴും തോന്നി അതേ വികാരം. ഇത്രയേറെ അസൂയ അർഹിക്കുന്ന മറ്റേത് സമകാലീന പത്രപ്രവർത്തകനുണ്ടാകും മലയാളത്തിൽ? (ഈ ലോകമെങ്ങും ചുറ്റിക്കറങ്ങി അനേകമനേകം പത്രപ്രവർത്തകരുമായി ഇടപഴകിയിട്ടുണ്ടെങ്കിലും എനിക്ക് അസൂയ തോന്നിയിട്ടുള്ളത് ഒരേ ഒരു മനുഷ്യനോടാണ്: തോമസ് ജേക്കബ്ബിനോട് -- ടി ജെ എസ് ജോർജ്ജ്).

തോമസ് സാറിന്റെ കീഴിൽ ജോലി ചെയ്യാനോ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ക്ലാസ്സിലിരിക്കാനോ ഭാഗ്യമുണ്ടായിട്ടില്ല എനിക്ക്. എങ്കിലും നാല് പതിറ്റാണ്ടിലെത്തുന്ന മാധ്യമപ്രവർത്തന ജീവിതത്തിൽ അദൃശ്യ സാന്നിധ്യം പോലെ എന്നും ഒപ്പമുണ്ടായിരുന്നു അദ്ദേഹം. വിംസിയെപ്പോലെ, വി കെ എന്നിനെപ്പോലെ, അബുവിനെ പോലെ വായനയേയും എഴുത്തിനേയും ഏറെ സ്വാധീനിച്ച ശൈലിയുടെ ഉടമ. മനോരമയിൽ ജോലി ചെയ്യാനുള്ള അവസരം മുപ്പത് വർഷം മുൻപ് സ്വമേധയാ നിഷേധിച്ചതിൽ ഇന്ന് ദുഃഖം തോന്നുന്നുവെങ്കിൽ അതിന്റെ ഒരേയൊരു കാരണം തോമസ് ജേക്കബ് സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല എന്നതിൽ മാത്രം.

ഒറ്റ നോട്ടത്തിൽ അപ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങൾ പോലും ടി ജെയുടെ പരിചരണത്തിൽ ക്ലാസ്സിക് കോപ്പികളായി മാറുന്ന ഇന്ദ്രജാലം അനുകരിക്കുക എളുപ്പമല്ല എന്നറിയാം. എങ്കിലും ചുമ്മാ ഒന്ന് ശ്രമിക്കുന്നതിൽ എന്തുണ്ട് തെറ്റ്?

സിനിമാതാരം പ്രസവിച്ചാൽ പോലും പിറ്റേന്നത്തെ പത്രത്തിൽ ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി എഴുതേണ്ടി വരിക എന്നത് ഏത് പത്രപ്രവർത്തകന്റെയും ദുർവിധിയാണ്; അന്നും ഇന്നും എന്നും. പ്രമുഖരുടെ മരണം, ജന്മവാർഷികം, ഓർമ്മദിനം, പുരസ്‌കാര ലബ്ധി, വിവാഹം, നൂലുകെട്ട് തുടങ്ങി സകലമാന വിഷയങ്ങളെ പറ്റിയും ജോലിയുടെ ഭാഗമായി ക്ലിപ്ത സമയപരിധിക്കുള്ളിൽ കുറിപ്പുകളെഴുതേണ്ടിവരും അവർക്ക്; ചിലപ്പോഴൊക്കെ തുടർച്ചയായ ദിവസങ്ങളിൽത്തന്നെ. അപ്പോഴൊക്കെ നേരിടാറുള്ള ഒരു ചോദ്യമുണ്ട്: "എന്തെടാ നീ തോമസ് ജേക്കബിന് പഠിക്കുകയാണോ?''

പരിഹാസമായല്ല, അംഗീകാരമായിത്തന്നെ കാണുന്നു ഞാൻ ആ ചോദ്യത്തെ. ഒറ്റ നോട്ടത്തിൽ അപ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങൾ പോലും ടി ജെയുടെ പരിചരണത്തിൽ ക്ലാസ്സിക് കോപ്പികളായി മാറുന്ന ഇന്ദ്രജാലം അനുകരിക്കുക എളുപ്പമല്ല എന്നറിയാം. എങ്കിലും ചുമ്മാ ഒന്ന് ശ്രമിക്കുന്നതിൽ എന്തുണ്ട് തെറ്റ്? മനോരമ വീക്കിലിയിലെ "കഥക്കൂട്ടി"ൽ സംഗീത സംബന്ധിയായ കുറിപ്പുകൾ എഴുതും മുൻപ് സംശയനിവാരണത്തിനായി തോമസ് സാർ വല്ലപ്പോഴുമൊക്കെ വിളിക്കുമ്പോൾ, ഉള്ളിലെ ജേർണലിസ്റ്റ് തെല്ലൊരഹങ്കാരത്തോടെ ഷർട്ടിന്റെ കോളർ ചെറുതായൊന്ന് പൊക്കിവെക്കും: "എന്നാലും മാധ്യമലോകത്തെ അതികായന്റെ സംശയം തീർത്തുകൊടുക്കാൻ തക്കവണ്ണം വളർന്നല്ലോ നീ. മിടുക്കൻ."

എഴുതിയ പുസ്തകങ്ങളിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന 'പൂർണേന്ദുമുഖി'ക്ക് അവതാരിക എഴുതിയത് തോമസ് സാറാണ്.

പുസ്തകത്തിന്റെ ആമുഖത്തിൽ ആന്റണി എഴുതിയ പോലെ, മറ്റു പലരും പത്രപ്രവർത്തനത്തിന്റെ വർത്തമാനകാലത്ത് ജീവിച്ചപ്പോൾ എന്നും അതിന്റെ പിറ്റേന്ന് ജീവിച്ച ആളായിരുന്നു തോമസ് ജേക്കബ്. മനോരമ കോഴിക്കോട് എഡിഷനെ കാൽ ലക്ഷത്തിൽ നിന്ന് ഒരു ലക്ഷമാക്കി വളർത്തിയതിന്റെയോ പത്രത്തിന്റെ മൊത്തം പ്രചാരം 24 ലക്ഷവും വായനക്കാരുടെ എണ്ണം ഒരു കോടിയും കടത്തിവിട്ടതിന്റെയോ പേരിലാവില്ല വരും കാലം തോമസ് ജേക്കബിനെ ഓർക്കുക. പത്രം എന്നത് സാധാരണക്കാരന് കൂടി അവകാശപ്പെട്ടതാണെന്നും വാർത്ത സാധാരണക്കാരന് മനസ്സിലാക്കാൻ വേണ്ടിയുള്ളതാണെന്നുമുള്ള പൊതുബോധത്തിൽ ഊന്നിയ പരിഷ്കാരങ്ങളിലൂടെയും നിലപാടുകളിലൂടെയുമാകും.

എഴുതിയ പുസ്തകങ്ങളിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന 'പൂർണേന്ദുമുഖി'ക്ക് അവതാരിക എഴുതിയത് തോമസ് സാറാണ്. മാധ്യമ ജീവിതം കനിഞ്ഞുനല്കിയ അപൂർവ സൗഭാഗ്യങ്ങളിൽ ഒന്ന്. ആ കുറിപ്പിൽ അദ്ദേഹം എഴുതിയ വാക്കുകൾ എഴുത്തുജീവിതത്തിൽ ലഭിച്ച ഏറ്റവും മഹത്തായ പുരസ്കാരമായിത്തന്നെ കാണുന്നു ഞാൻ:

"ജീവിതം ഒരു വലിയ എൽ പി റെക്കോർഡ് ആണെന്നും ഓർമ്മയുടെ ഗ്രാമഫോൺ സൂചി കൊണ്ട് അതിൽ തൊടുന്നയിടത്തെല്ലാം പാട്ട് കേൾക്കുമെന്നും അറിയാവുന്ന ഒരാൾ എഴുതിയ പുസ്തകമാണിത്. പാട്ട് കേട്ടുകേട്ട് ജീവിതം തന്നെ ഒരു മഹാഗാനമാണെന്ന് തിരിച്ചറിഞ്ഞൊരാൾക്കേ ഇങ്ങനെയൊരു പുസ്തകമെഴുതാനാകൂ...."

നന്ദി, തോമസ് സാർ... കാതുകളിൽ സംഗീതം ചൊരിഞ്ഞ ആ വാക്കുകൾക്ക്.

logo
The Fourth
www.thefourthnews.in