അധികാരത്തിന്റെ മറവിക്കെതിരെ പോരാട്ടം നടത്തിയ, നാടുകടത്തപ്പെട്ട മിലൻ കുന്ദേര
'അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്ത്‌നില്‍പ്പ് മറവിക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍, ഫാസിസത്തിന്റെ വേരുകള്‍ പല രാജ്യങ്ങളിലും കൂടുതല്‍ ആഴ്ന്നു പോകുന്ന സന്ദര്‍ഭത്തില്‍ അന്തരിച്ച മിലന്‍ കുന്ദേരയുടെ ഈ വാക്കുള്‍ക്ക് ഒരുപാട് പ്രാധാന്യമുണ്ട്.
പലപ്പോഴും എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹം. വിമര്‍ശനം ഉന്നയിച്ചതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പലതവണ പുറത്താക്കപ്പെട്ട വ്യക്തി കൂടിയാണ് മിലന്‍ കുന്ദേര. കൃതികളിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും തലമുറകള്‍ക്കപ്പുറവും അത് പകര്‍ന്ന് കൊടുക്കയും ചെയ്ത അതുല്യ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്.
ചെക്കോസ്ലോവാക്യയിലെ ബ്രണോയില്‍ 1929 ഏപ്രില്‍1നാണ് മിലന്‍ കുന്ദേരയുടെ ജനനം. ചെക്ക് സംസ്‌കാരവും സോഷ്യലിസവും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം 1948 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. എന്നാല്‍ കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. വിദ്വേഷ ചിന്തകള്‍ക്കും വ്യക്തികേന്ദ്രീകരണത്തിനും പ്രാധാന്യം നല്‍കിയെന്നാരോപിച്ചായിരുന്നു ആ പുറത്താക്കല്‍. ഇതിന്റെ അനന്തര ഫലമായി കുന്ദേരയ്ക്ക് ചലച്ചിത്ര അക്കാദമിയിലെ പഠനം നിര്‍ത്തേണ്ടി വരുകയും ചെയ്തു. അവിടെ സംഗീതവും സാഹിത്യവും അഭ്യസിച്ച് കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
1953 ല്‍ പുറത്തിറങ്ങിയ 'മാന്‍ എ വൈഡ് ഗാര്‍ഡന്‍' എന്ന കവിതാസമാഹാരത്തിലൂടെയാണ് മിലന്‍ കുന്ദേര എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യലിസ്റ്റ് റിയലിസത്തെയായിരുന്നു ആ പുസ്തകത്തില്‍ കൈകാര്യം ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും വീണ്ടും പുറത്താക്കപ്പെടുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയുമായുള്ള ബന്ധം കൂടുതല്‍ വഷളായി. അങ്ങനെ ആദ്യം പുറത്താക്കുന്നതിന് കാരണമായ വ്യക്തിഗത പ്രവണതകള്‍ പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ചയായി. 1967 ല്‍ അദ്ദേഹത്തിന്റെ ആദ്യ നോവലായ ദ ജോക്ക് പ്രസിദ്ധീകരിച്ചു.
വ്യക്തികളുടെ വികാരങ്ങളെയും വിചാരങ്ങളെയും അതിസൂക്ഷ്മമായി നോവലിലേയ്ക്ക് ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു മിലൻ കുന്ദേര
1968 ല്‍ പ്രാഗ് വസന്തത്തിനെതിരെയുള്ള അക്രമാസക്തമായ അടിച്ചമര്‍ത്തലിനെതിരെ അദ്ദേഹം ശബ്ദിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് 1969 ല്‍ എഴുത്തുകാരുടെ സംഘടനയില്‍ നിന്നും 1970ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. ഫിലിം അക്കാദമിയില്‍ അദ്ദേഹത്തിന്റെ അധ്യാപന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി. അദ്ദേഹത്തിന്റെ നാടകങ്ങള്‍ നീക്കം ചെയ്തു. കൂടാതെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കുകയും പുസ്തകശാലകളില്‍ നിന്ന് കുന്ദേരയുടെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു.
വ്യക്തികളുടെ വികാരങ്ങളെയും വിചാരങ്ങളെയും അതിസൂക്ഷ്മമായി നോവലിലേയ്ക്ക് ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് കൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റത്തിൽ കുന്ദേര പങ്കാളിയായതായിരുന്നു ചെക്ക് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ പൗരത്വം നിഷേധിക്കുന്നതിന് വരെ കാരണമായതും.
മിലന്‍ കുന്ദേരയുടെ പ്രശസ്ത നോവലായ 'ദ അണ്‍ബെയറബില്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്' പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതായിരുന്നു. 1984 ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ പിന്നീട് അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലതും ചെക്കോസ്ലോവാക്യയില്‍ നിരോധിക്കപ്പെട്ടിരുന്നു. നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ കുന്ദേരയ്ക്ക് ചെക്കോസ്ലോവാക്യയില്‍ പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു. അങ്ങനെ നാടുകടത്തപ്പെട്ട ഏറ്റവും പ്രശ്‌സതനായ എഴുത്തുകാരനായി അദ്ദേഹം ഫ്രാന്‍സില്‍ ജീവിതം നയിച്ചു.
'പ്രാഗ് വസന്തത്തിന്റെ മണത്തെയും രുചിയെയും ഭാഷയെയും സംസ്‌കാരത്തെയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോയി'
മിലൻ കുന്ദേര
1979 ല്‍ ചെക്കോസ്ലോവാക്യയില്‍ പൗരത്വം നിഷേധിച്ച മിലന്‍ കുന്ദേര പിന്നീട് ഫ്രാന്‍സിലേയ്ക്കാണ് കുടിയേറുന്നത്. 1981 ല്‍ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. നിരോധനമേര്‍പ്പെടുത്തിയപ്പോഴും മിലന്‍ കുന്ദേര തന്റെ എഴുത്ത് തുടര്‍ന്നിരുന്നു. ലൈഫ് ഈസ്എൽസ്വെയർ , ദി ഫെയര്‍വെല്‍ വാള്‍ട്ട്‌സ് എന്നീ നോവലുകള്‍ ഫ്രാന്‍സിലാണ് പ്രസിദ്ധീകരിച്ചത്. ഫ്രാന്‍സിലാണെങ്കിലും തന്റെ പല കൃതികള്‍ക്കും അദ്ദേഹം ചെക്കോസ്ലോവാക്യയിലെ പശ്ചാത്തലം വ്യാപകമായി ഉപയോഗിച്ചിരുന്നു.
വെല്‍വെറ്റ് വിപ്ലവത്തിന് ശേഷവും കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിന് ശേഷവും ഒരിക്കലും അദ്ദേഹം തിരിച്ച് ജന്മനാട്ടിലേക്ക് പോയില്ല. ഒരു തിരിച്ച് പോക്കിനെക്കുറിച്ച് സ്വപ്‌നം കാണുന്നില്ലെന്നായിരുന്നു ജര്‍മ്മന്‍ വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. 'പ്രാഗ് വസന്തത്തിന്റെ മണത്തെയും രുചിയെയും ഭാഷയെയും സംസ്‌കാരത്തെയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോയി'. ഇത്തരത്തിലൊരു പരാമര്‍ശവും അഭിമുഖത്തിലുണ്ടായിരുന്നു. കുന്ദേരയുടെ നോവലുകള്‍ 1990 മുതല്‍ ചെക്കോസ്ലോവാക്യയില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയെങ്കിലും 'ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്' പ്രസിദ്ധീകരിക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടിവന്നു. 2006 ലാണ് ആദ്യമായി അത് പ്രസിദ്ധീകരിക്കുന്നത്.
40 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ ചെക്കോസ്ലോവ്യ സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തിന് പൗരത്വം നല്‍കിയിരുന്നു
ലോകമെമ്പാടും മികച്ച രീതിയില്‍ വില്‍ക്കപ്പെട്ട ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരം നേടിയ നോവല്‍. പിന്നീട് അത് സിനിമയാക്കപ്പെട്ടു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ ചെക്കോസ്ലോവാക്യ സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തിന് പൗരത്വം നല്‍കിയിരുന്നു. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുള്ള അവസാനത്തെ നോവല്‍.