'പുറപ്പാടിന്റെ പുസ്തകം', ഏകാന്തതയുടെയും പലായനത്തിന്റെയും ചരിത്രം
സ്വന്തം ദേശം ഉപേക്ഷിക്കേണ്ടി വരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം നാടിന്റെ സ്പന്ദനങ്ങൾ നിറഞ്ഞ കഴിഞ്ഞ കാലം ഓർമ മാത്രമായി അവശേഷിക്കുന്നു. ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടുകൊണ്ട് പലായനം ചെയ്യുന്നവർ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന കാഴ്ച അസാധാരണമല്ല. ഭൂതകാലത്തെ നിരാകരിച്ചു കൊണ്ട് നിസ്സംഗതയോടെ ജീവിക്കുക എളുപ്പമല്ല എന്നും പറയേണ്ടി വരും. പുതിയ അഭയകേന്ദ്രത്തെ അവർ അഭിമുഖീകരിക്കുന്ന രീതിയും സങ്കീർണമാണ്. ഒരിടം ഉപേക്ഷിച്ച് മറ്റൊരു ദേശത്തേക്ക് പോകുക എന്നത് പലായനത്തിന്റെ തീർത്തും ലളിതവും അരാഷ്ട്രീയവുമായ നിർവചനമായി കാണാം. ഭൂമിശാസ്ത്രപരമായ കെട്ടുപാടുകൾ മാറ്റിനിർത്തിക്കൊണ്ട്, ഗഹനവും സംഘർഷഭരിതവുമായ മാനസികവ്യവഹാരങ്ങളും നഷ്ടഭാരങ്ങളും ഏകാന്തതയും പേറുന്ന അനിശ്ചിതയാത്രയാണിത്. രണ്ടു കരകൾക്കിടയിലുള്ള ലക്ഷ്യമില്ലാത്ത പ്രയാണമാണ് അഭയാർഥികളുടെ ജീവിതം. കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ പുറപ്പാടിന് സദൃശമായി ഒരു തുരുത്തിലെത്തിച്ചേരുന്ന കഥാപാത്രങ്ങൾ നടത്തുന്ന ജീവസന്ധാരണ പ്രക്രിയയെയാണ് വി ജെ ജയിംസിന്റെ 'പുറപ്പാടിന്റെ പുസ്തകം' എന്ന നോവലിൽ ചിത്രീകരിക്കുന്നത്. ഡി സി ബുക്സിന്റെ രജതജൂബിലി പ്രമാണിച്ച് നടത്തിയ നോവൽ മത്സരത്തിൽ സമ്മാനാർഹമായ ഈ കൃതിയുടെ ഇരുപത്തഞ്ചാം വർഷമാണിത്.
കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ പുറപ്പാടിന് സദൃശമായി ഒരു തുരുത്തിലെത്തിച്ചേരുന്ന കഥാപാത്രങ്ങൾ നടത്തുന്ന ജീവസന്ധാരണ പ്രക്രിയയെയാണ് വി ജെ ജയിംസിന്റെ 'പുറപ്പാടിന്റെ പുസ്തകം' എന്ന നോവലിൽ ചിത്രീകരിക്കുന്നത്
കുഞ്ഞൂട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ദാർശനികസമസ്യകളും ജ്ഞാനാന്വേഷണവും അസ്തിത്വദുഃഖവുമൊക്കെ ഒരു തുരുത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് 'പുറപ്പാടിന്റെ പുസ്തകത്തി'ൽ. കൃത്യമായ കാര്യകാരണങ്ങളില്ലാതെ എന്തും ചെയ്യാൻ മടിയില്ലാത്ത വേട്ടക്കാരുടെ കൺവെട്ടത്ത് നിന്ന് ജീവൻ രക്ഷിക്കാനായി പലായനം ചെയ്യേണ്ടി വന്ന അന്നാമ്മ എന്ന വല്യമ്മച്ചിയിൽ നിന്നാണ് കുഞ്ഞൂട്ടിയുടെ കുടുംബത്തിന്റെ പ്രയാണം ആരംഭിക്കുന്നത്. അപ്രതീക്ഷിതമായ മുറിവിനെ ഉണക്കിക്കൊണ്ട് പ്രകൃതി തന്നെ മറ്റൊരു അഭയകേന്ദ്രം അവരുടെ അധിവാസത്തിനായി ഒരുക്കിക്കൊടുക്കുന്ന കാഴ്ചയാണ് സംജാതമായത്. എങ്കിലും നിസ്സഹായതയുടെ അഗാധതയിലും പിടിച്ചു നിൽക്കാൻ ഒരിടമെങ്കിലും കാണുമെന്ന പ്രതീക്ഷ അവർ വെച്ചു പുലർത്തി.
ആവർത്തിക്കപ്പെടുന്ന പ്രക്രിയയായി പലായനം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കരയ്ക്കും കടലിനും അതിരിനും തുരുത്തിനും മാറ്റങ്ങളുണ്ടാവുന്നു. വാഗ്ദത്തഭൂമി അന്വേഷിച്ചു പുറപ്പെടുന്നവരുടെ യാത്രകൾ മാത്രം തുടർന്നു കൊണ്ടിരിക്കുന്നു.
മേൽസൂചിപ്പിച്ച ഈ പലായനത്തിനൊടുവിൽ കുഞ്ഞൂട്ടിയുടെ പിതാവായ സവാരിയാസിനെയും മാതാപിതാക്കളെയും പോട്ടത്തുരുത്തിൽ എത്തിച്ചത് ചോനാച്ചുവായിരുന്നു. തുരുത്തിൽ എത്തിച്ചേർന്ന നാടോടിയായ മുനിയാണ്ടിയിൽ നിന്ന് ചോനാച്ചു വിഷവൈദ്യം അഭ്യസിച്ചു. എന്നാൽ ഇതിനിടയിൽ അയാളുടെ ഭാര്യയുമായി മുനിയാണ്ടി നാടുവിടുന്നുണ്ട്. ചോനാച്ചുവിന്റെ സ്വാധീനത്താൽ മകൻ കൊപ്പനും വിഷചികിത്സയെ കുറിച്ച് അറിവുണ്ടായി. ആവർത്തനങ്ങളിലൂടെ കടന്നു പോകുന്ന ലോകത്തിന്റെ സഞ്ചാരപഥം, എന്നാൽ ചലനാത്മകമായ മാറ്റങ്ങളെ തുരുത്തിൽ കൊണ്ടുവരുന്നില്ല. ശാശ്വതമായ വിഷാദത്തെ അടയാളമായി സ്വീകരിച്ച തുരുത്തിൽ ഭൂതകാലം മരവിച്ച ഓർമകളായും ഭാവി തീർച്ചപ്പെടുത്താനാവാത്ത ശ്ലഥചിത്രങ്ങളുടെ രൂപങ്ങളായും നിലനിൽക്കുന്നു. വല്യമ്മച്ചി പറഞ്ഞു കൊടുത്ത മഹാപ്രയാണത്തിന്റെ കഥകൾ അവസാനിക്കുന്നത് അകലെയെങ്ങോയുള്ള ചാമപ്പൊറ്റയിലായിരുന്നു. മലകൾക്കപ്പുറത്തുള്ള അവിടേക്ക് പോയവരൊന്നും തിരിച്ചുവരില്ലെന്ന തത്വത്തിലൂടെ ജീവിതത്തിന്റെ അസ്തിത്വപരമായ ദർശനമാണ് വല്യമ്മച്ചി കൊച്ചുമകനു ചൊല്ലിക്കൊടുത്തത്. പിൽക്കാലജീവിതത്തിൽ തനിക്ക് സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും വീഴ്ചകളും ലോകത്തിന്റെ അസ്ഥിരഭാവത്തിന്റെ പ്രതിഫലനമായേ കുഞ്ഞൂട്ടി കണക്കിലാക്കുന്നുള്ളു. സൂസന്നയും കൊപ്പനും എഴുത്താശാനും മുരളിയും നന്ദിനിയും അനീറ്റയും പാറൂട്ടിയും മറ്റും അടങ്ങിയ തുരുത്തിലെ ശപിക്കപ്പെട്ട കഥാപാത്രങ്ങളുടെ ദുരന്തങ്ങൾ അയാളിലെ ആത്മവിശ്വാസത്തിന്റെ ഉറവയെ ഇല്ലാതാക്കിയ സംഭവങ്ങളായിരുന്നു. മൂടിക്കെട്ടിയ അവ്യക്തതകളെ പാടെ മായ്ചുകളയുന്ന ഔഷധം അയാൾക്ക് പകർന്നുകൊടുക്കാൻ ആരുമുണ്ടായില്ല. 'സ്വയം ആശ്വസിക്കണമെങ്കിൽ അവനവന്റെ മുറിവിനേക്കാൾ വലിയൊരു മുറിവിനെ തിരിച്ചറിഞ്ഞാൽ മാത്രം മതി' എന്ന കുഞ്ഞൂട്ടിയുടെ വിശ്വാസം അയാളെ മുന്നോട്ടു നയിക്കുന്ന സിദ്ധാന്തമായി തീരുന്നു.
വൈയക്തികമായ ഇച്ഛകൾ സഫലീകരിക്കുന്നതിലുണ്ടാകുന്ന ദുർഘടങ്ങൾക്ക് തുരുത്ത് സാക്ഷ്യം വഹിക്കുന്നു. അഗ്നിക്ക് സമാനമായ ഇച്ഛയിൽ നിന്ന് രൂപം കൊള്ളുന്ന സന്താപം താങ്ങുക എന്നത് സമ്മർദങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. തുരുത്തിലെ മനുഷ്യരിൽ തൃഷ്ണയുടെ അംശങ്ങൾക്ക് വശംവദരാകുന്നവരും ആസക്തിയുടെ അഗ്നിനാളങ്ങളെ പരാജയപ്പെടുത്തുന്നവരുമുണ്ട് എന്ന് വ്യക്തമാണ്. അവസാനമില്ലാത്ത കാലരാശിയിലെ ഓരോ നിമിഷവും വേവലാതികളോടെയും വിഭ്രാമകതയോടും ജീവിച്ചുപോകുന്ന കഥാപാത്രങ്ങളെ കുഞ്ഞൂട്ടിയുടെയും ഉണിച്ചീരയുടെയും ദിവാകരമേനോന്റെയും എഴുത്താശാന്റെയും ഒക്കെ രൂപത്തിലും ഭാവത്തിലും നമുക്ക് കാണാം. അസ്തിത്വ വിഷാദങ്ങളുടെ തടവറയെ ഭേദിച്ചുകൊണ്ട് വിശാലമായ ലോകത്തേക്ക് രക്ഷപ്പെടാൻ പ്രയാസപ്പെടുന്ന കഥാപാത്രങ്ങളുടെ വിവിധ ഭാവങ്ങൾ 'പുറപ്പാടിന്റെ പുസ്തക'ത്തിൽ അനാവൃതമാകുന്നു. അവ ശമിപ്പിക്കാനുള്ള പോംവഴികൾ പ്രദാനം ചെയ്യുന്നതിൽ പ്രകൃതി പിശുക്ക് കാണിക്കുന്നുണ്ട് എന്ന സന്ദേഹവും ഉടലെടുക്കുന്നു. ചഞ്ചലമായ പ്രപഞ്ചത്തിന് പിന്നിൽ അചഞ്ചലമായത് ശാന്തി തേടിയുള്ള പലായനങ്ങളാണെന്ന സത്യം കുഞ്ഞൂട്ടിക്ക് പതുക്കെ തെളിഞ്ഞു കിട്ടി. നശ്വരമായ ലോകത്തിലെ അനന്തമായ സഞ്ചാരപഥങ്ങളിലൂടെ ശരീരത്തോടൊപ്പം പിച്ച വെയ്ക്കാൻ മടിക്കുന്ന ജാഗ്രത്തിന് മുന്നിൽ ഏവരെയും പോലെ അയാളും തളരുന്നുണ്ട്. മനുഷ്യരുടെ സത്തയും ബാഹ്യമായ ചുറ്റുപാടുകളും തമ്മിലുള്ള വിനിമയങ്ങളുടെ ദിശയറിയാതെ പരിഭ്രാന്തപ്പെടുന്ന സാധാരണക്കാരുടെ പ്രതിനിധിയായി കുഞ്ഞൂട്ടി പരിണമിക്കുന്നു.
സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും ഭയപ്പെടുന്ന അരക്ഷിതരായ മനുഷ്യരുടെ ചിന്തകളുടെ ആരക്കാലുകൾ ഉറപ്പിച്ചിരിക്കുന്നത് തുരുത്തിലാണെന്ന് ഉറപ്പിച്ചു പറയാം. പോയകാലത്തെ ഇരുണ്ട സംഭവങ്ങളെ ദീപ്തമാക്കി സ്മൃതിപഥത്തിലേക്ക് മടക്കി കൊണ്ടുവരാൻ കുഞ്ഞൂട്ടി ഒരിക്കലും ആഗ്രഹിക്കുന്നില്ല. പ്രപഞ്ചത്തിന്റെ ഭൗതിക തലങ്ങളിൽ ബോധവാനാകുമ്പോഴും ആരുടെയൊക്കെയോ സഹായത്താൽ ജീവൻ തിരിച്ചു പിടിച്ച ഒരാളുടെ മനോനിലയാണ് അയാൾക്കുള്ളത്. പ്രകാശവർഷങ്ങൾക്കപ്പുറത്ത് നിന്ന് സന്ദേശമയയ്ക്കുന്ന നക്ഷത്രങ്ങളെ വിശകലനം ചെയ്യുന്ന കുഞ്ഞൂട്ടിയേ നോവലിൽ കാണാം. ഇരുട്ടിൽ ദിശാസൂചിയാകുന്ന നാം കാണുന്ന നക്ഷത്രങ്ങൾ എന്നോ കത്തിയെരിഞ്ഞതാവാം. ഭൂമിയിലെ ചരാചരങ്ങൾ പോലും നക്ഷത്രങ്ങളുടെ കത്തിയെരിയലിൽ നിന്നുദയം കൊണ്ടാണെന്ന് വരുമ്പോൾ ഉണ്മയയെയും മായയെയും തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നത് എളുപ്പമല്ല. നമ്മുടെ നിയന്ത്രണത്തിലല്ലാതെ ലോകഗതി പരിണമിക്കുമ്പോൾ മനുഷ്യരുടെ മനോയാനാവും പ്രവചനാതീതവുമാവുന്നു. അസത്തിൽ നിന്ന് സത്തിലേക്ക്, ഇരുളിൽ നിന്ന് പ്രകാശത്തിലേക്ക്, മൃത്യുവിൽ നിന്ന് അമരത്വത്തിലേക്ക് ഉള്ള യാത്ര അങ്ങനെ സംഗതമാവുകയാണ്. നിസ്സംഗതയിൽ നിന്ന് മറുതീരം കടക്കാൻ, ഏകതാനതയിൽ നിന്ന് മുക്തി നേടാൻ ശരീരത്തിലെ ഓരോ അണുവും പ്രസരിപ്പിന്റേതായ താളം കണ്ടെത്തേണ്ടി വരുമെന്നതും ഇതോടൊപ്പം വായിക്കണം. പലായനത്തിന്റെ തിക്തതകളിലൂടെ കടന്നു പോയ ഒരു കുടുംബത്തിലെ അടുത്ത തലമുറയിലെ പ്രതിനിധി എന്ന നിലയിൽ, ദാർശനികമായ കാഴ്ചപ്പാടോടെ അതിന്റെ നാൾവഴികളെ രേഖപ്പെടുത്തേണ്ടത് കുഞ്ഞൂട്ടിയുടെ ദൗത്യമായി തീരുന്നു. 'പുറപ്പാടിന്റെ പുസ്തകം' അയാൾ എഴുതി തുടങ്ങുന്നത് ഈ ഉദ്ദേശ്യം കൂടി മനസ്സിൽ കുറിച്ച് വെച്ചുകൊണ്ടാണ്.
പോട്ടത്തുരുത്തിൽ ആദ്യമായെത്തിയ ‘അഭയാർത്ഥി’യാണ് പോട്ടച്ചെടി എന്ന പേരിലറിയപ്പെട്ട ചെടിയുടെ തണ്ട് അവിടെ നട്ടത്. ജീവന്റെ അംശങ്ങളെ തുരുത്തിൽ ആവാഹിക്കുന്നതിന്റെ ആദ്യ പടിയായി അത് മാറി. ജീവന്റെ ഉയിർപ്പുകൾക്കൊപ്പം മരണത്തിന്റെ മ്ലാനതയും തുരുത്തിൽ സാധാരണമായിരുന്നു. ചുരുക്കത്തിൽ ജീവജാലങ്ങളുടെ ഇടക്കാല താമസത്തിനായുള്ള ഇടമായി തുരുത്ത് പരിണമിച്ചു. മരണശേഷം ജീവിതം സാക്ഷാത്കരിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി ജീവിച്ചവരായിരുന്നോ തുരുത്തിലുള്ളവർ എന്ന സംശയത്തിന് ന്യായമുണ്ട്. സങ്കടങ്ങളിൽ നിന്നുള്ള മോചനവും മോഹപ്രാപ്തിക്കുള്ള അദമ്യമായ ആഗ്രഹവും ഇതിനു പിന്നിലുണ്ട്. തുരുത്തിലെ ജ്ഞാനവ്യവഹാരങ്ങളുടെ പൊരുൾ ചില വിശ്വാസപ്രമാണങ്ങളിൽ അധിഷ്ഠിതമായി നിലകൊള്ളുന്നു. ജലരാശിയിൽ അധികാരമുള്ള കായൽപ്പൊട്ടൻ ഭയം ജനിപ്പിക്കുന്നതും മൽസ്യരാജാവുമായി ഉടമ്പടിയുള്ള ചിറമല്ലൻ ചെമ്മീൻകെട്ട് പൊലിപ്പിക്കുന്നതും ഇതിന്റെ ദൃഷ്ടാന്തമാണ്.
നോവലിന്റെ അന്തർധാരയായ തത്വം ഘടാകാശത്തിന്റെയും മഹാകാശത്തിന്റെയും രൂപത്തിൽ എഴുത്തുകാരൻ പറഞ്ഞു വെക്കുന്നുണ്ട്. കുടത്തിലെ ശൂന്യതയിൽ നിന്നും അനന്തമായ ആകാശത്തിലേക്ക് എത്തുന്ന യാത്രയെയാണ് ആഖ്യാനം പ്രതീതിവൽക്കരിക്കുന്നത്. ജീവിതത്തിന്റെ അർത്ഥവ്യാപ്തിയെ കുറിച്ചുള്ള ബോധ്യങ്ങൾ തുരുത്തിലെ അന്തേവാസികളെ അലട്ടിയിരുന്നില്ല. മരണമെന്ന പുരാതനഭയം ഗ്രസിക്കുന്ന മനുഷ്യരെക്കാൾ ആത്മദുഃഖം ബാധിച്ചവരെയാണ് തുരുത്തിൽ കാണാനാവുന്നത്. ഉഷ്ണകാലത്തെ അതികഠിനമായ ചൂടിനേയും മഞ്ഞുകാലത്ത് കിനിഞ്ഞിറങ്ങുന്ന തണുപ്പിനെയും പ്രതിരോധിക്കാൻ പഠിച്ചവർ വ്യക്തിപരമായ വ്യഥകളെ ചെറുത്തുനിൽക്കുന്നതിൽ പൂർണമായും വിജയിക്കുന്നില്ല. അതിജീവനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കാനുള്ള സാമർഥ്യം അവർക്കുണ്ടായിരുന്നില്ല എന്ന് വ്യക്തം. അഴിമുഖത്തോടടുക്കുമ്പോൾ, കടലിൽ ലയിച്ചു ചേരുന്നതോടെ പുഴയുടെ സ്വത്വം നഷ്ടമാവുന്നു. അഭയകേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അഭയാർത്ഥികളായ മനുഷ്യർക്ക് പൂർവകാലത്തിന്റെ ഓർമ്മകൾ ഉടലിനെ കാക്കുന്ന പുതപ്പാവാതിരിക്കുന്നത് പോലെയാണത്. എന്നാൽ അതിജീവനവും ദുഷ്കരമാവുക എന്നത് നിർഭാഗ്യകരമെന്നേ പറയേണ്ടൂ. ആ ഗണത്തിൽ പെട്ട മനുഷ്യർ തുരുത്തിലുണ്ട്. അഭയം തേടിയെത്തിയ തുരുത്തിൽ നിന്ന് തന്റേതല്ലാത്ത കാരണത്താൽ പുറപ്പെട്ടു പോകേണ്ടി വന്ന ചാത്തുട്ടി ഇത്തരത്തിൽ ഒരു കഥാപാത്രമാണ്. അതുപോലെ ചിരിയങ്കനെന്ന ഡേവിഡിന് പട്രീഷ എന്ന ഫ്രഞ്ച്കാരിയിൽ ജനിച്ച അനീറ്റയുടെയും സമാധാനപരമായ ജീവിതം കാംക്ഷിച്ച് തുരുത്തിലെത്തിയ മുരളിയുടെ ദാരുണമരണവും ഇവിടെ പരാമർശിക്കണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ തുരുത്തിലെ അടയാളമുദ്രകളാവുന്ന നിശ്ശബ്ദതയും അന്ധകാരവും അധിവാസജനതയുടെ അസ്വസ്ഥഭരിതമായ ജീവിതം കൂടുതൽ ഇരുണ്ടതാക്കി. യാഥാർഥ്യങ്ങൾക്ക് മേൽ മായയും മിഥ്യയും വിളയാട്ടം നടത്തുന്ന ഭൂമികയിൽ ജീവിതം പലപ്പോഴും നിശ്ചലമായി തീരുന്നു. 'ഒരേ ഉണ്മയെ കാഴ്ചപ്പാടുകളുടെ വ്യതിയാനത്തിൽ വ്യത്യസ്ത സത്യങ്ങളായി തിരിച്ചറിയുകയാണ്' എന്ന കുഞ്ഞൂട്ടിയുടെ വിചാരം അയാളിൽ ജനിക്കുന്ന ധാരണകളെ വിവേചനമില്ലാതെ നില നിർത്തുന്നുണ്ട്. പല തരത്തിലുള്ള തോന്നലുകൾ ആവിർഭവിക്കുന്നതോടെ സാങ്കൽപ്പിക ലോകത്തെ ജീവിയായി മനുഷ്യർ പരിണമിക്കുന്നു. ഭൗതികശക്തികൾ ആത്മീയശക്തികളെ സ്വാധീനിക്കുന്നുവെന്ന വിശ്വാസത്തിനും എന്നാൽ അതല്ലാ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന പ്രമാണത്തിനും ഇടയിൽ ദൈവവും മനുഷ്യരുമായുള്ള സംഘർഷം കരുത്താർജ്ജിക്കുക്കുകയും ചെയ്യുന്നുണ്ട്. പ്രതീക്ഷയുടെ തിരിവെട്ടത്തിനായി ചില വിശ്വാസങ്ങളെ റദ്ദുചെയ്യാനും മറ്റു ചിലതിനെ ആശ്രയിക്കാനും അവർ സന്നദ്ധരാവുന്നു. നന്ദിനിക്കായി മുരളി ചെയ്തതും വേറൊന്നായിരുന്നില്ല. ഭൗതികവാദിയായിരുന്ന അയാൾ ഭഗവതിയെ വിളിച്ച് അപേക്ഷിക്കാൻ ആരംഭിച്ചു. ഇങ്ങനെയുള്ള വ്യതിരിക്തമായ സാഹചര്യങ്ങൾക്ക് ആഖ്യാനം ഊന്നൽ കൊടുക്കുന്നുണ്ട്. പ്രകൃതി എല്ലാ കഥകളും എഴുതി പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന കുഞ്ഞൂട്ടിയുടെ വിശ്വാസം പ്രകൃതിയും ആത്മാവും ഇന്ദ്രിയാനുഭവവും തമ്മിലുള്ള വ്യവഹാരങ്ങളെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.
പ്രാണനെ കൈവെടിയാനുള്ള ആഗ്രഹം മനുഷ്യരിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങളെ മുൻകൂട്ടി തിട്ടപ്പെടുത്താനാവില്ല. 'നിറഞ്ഞു നിൽക്കുന്ന അനുഭവത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് ഒറ്റപ്പെടുന്ന അവസ്ഥയായി' മരണത്തെ പറ്റി ആഖ്യാനത്തിൽ സൂചിപ്പിക്കുന്നു. പിതൃഭാരത്തിന്റെ മുൾക്കിരീടം ചുമക്കേണ്ടി വന്ന കൊപ്പന് വിഷം തീണ്ടുകയും അയാൾ സ്വയം വിധിച്ച ചികിത്സ പിഴയ്ക്കുകയും ചെയ്തു. അങ്ങനെ വ്രണങ്ങളും വടുക്കളുമുള്ള ഒരു ബീഭത്സരൂപമായി അയാൾ മാറി. ജീവിതം മടുത്ത അയാൾ ഒടുവിൽ ഒരു രാത്രിയിൽ വള്ളത്തിന്റെ കയർ അഴിച്ചെടുത്ത് അതിന്റെ നടുവിൽ ഒരു അലക്കുകല്ല് ചുറ്റിയിട്ടു. കയറിന്റെ ഒരറ്റം അയാളുടെ നായയുടെ കഴുത്തിലും മറ്റേയറ്റത്തെ കുരുക്ക് തന്റെ കഴുത്തിലുമിട്ട് ഇരുകൈകളും കൊണ്ടും അലക്കുകല്ല് താങ്ങിയെടുത്ത് കായലിലേക്ക് എറിഞ്ഞു. തിരോധാനത്തിന്റെ വ്യത്യസ്തമായ വഴി അയാൾ തെരഞ്ഞെടുക്കുകയായിരുന്നു. അവിചാരിതമായി തുരുത്തിലേക്കുള്ള വഴി തെറ്റിയ അനീറ്റയുടെ അന്ത്യവും പരിതാപകരമായിരുന്നു. ചമരക്കായകൾ കടിച്ച് ശരീരമാകെ നീലനിറം വ്യാപിച്ച നിലയിലാണ് അവളുടെ മൃതദേഹം കണ്ടെടുത്തത്. ഇതുപോലെ ഭൂമിയിലെ അല്ലലുകളിൽ നിന്നും പട്ടിണിയിൽ നിന്നും കര കേറ്റാനെന്നോണം കടൽ കൊണ്ട് പോയ പാറൂട്ടിയും ഒരു ദുരന്തകഥാപാത്രമായി അവശേഷിക്കുന്നു.
വ്രണങ്ങൾ പടർന്ന ശരീരം മൂലം പുറത്തിറങ്ങാൻ പോലും സാധിക്കാത്ത ചെത്തുകാരൻ, പക്ഷിയെ പിടിക്കാൻ മരത്തിൽ വലിഞ്ഞു കേറി അപകടത്തിൽ പെട്ട് ഇല്ലാതായ എഴുത്താശാൻ, സ്വയം ജീവിതവേഷം അഴിച്ചുവെച്ച തെരേസ എന്നിങ്ങനെ പരാജയപ്പെട്ട മനുഷ്യരുടെ പട്ടിക നീളുകയായിരുന്നു. ഉറ്റവരൊക്കെ നഷ്‌ടമായ കുഞ്ഞൂട്ടി ഒറ്റയായ്മയുടെ തുരുത്തിൽ സ്വയം തടവുകാരനായി. വരണ്ട യാത്രയും അഴുക്കു പുരണ്ട മടുപ്പും വെളിച്ചമില്ലാത്ത ആലോചനയും ചേർന്ന അയാളുടെ ജീവിതം അപ്രസന്നമായിരുന്നു. സൂസന്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു രഹസ്യം സൂക്ഷിക്കേണ്ടി വരുകയെന്നതും അയാളെ അരക്ഷിതനാക്കി. കുറ്റബോധവും ഏകാന്തതയും സന്ദിഗ്ധതയും കുഞ്ഞൂട്ടിയെ ഒരു ദുരന്തമുഖത്തിലെത്തിക്കുന്നുണ്ട്. 'പാപങ്ങളുടെ നീക്കിയിരുപ്പ് പരിശോധിക്കുകയാണെങ്കിൽ ആരും ആരെയുടെയും പിന്നിലാവുന്നില്ല' എന്ന ആത്മഗതം സ്വയം ആശ്വാസം കൊള്ളാൻ അയാളെ പ്രേരിപ്പിക്കുമോ എന്ന സന്ദേഹം ബാക്കി നിൽക്കുകയാണ്. ഒടുവിൽ, പൂർണമാകാത്ത ജീവിതസന്ധികളെ അംഗീകരിച്ചുകൊണ്ട് എഴുതി പൂർത്തിയാകാത്ത ‘പുറപ്പാടിന്റെ പുസ്തകം’ എന്നന്നേക്കുമായി ഉപേക്ഷിക്കാൻ അയാൾ തീരുമാനമെടുത്തു. എഴുതിക്കൊണ്ടിരുന്ന പുസ്തകത്തെ തള്ളിപ്പറയാൻ വരെ അയാൾ സന്നദ്ധനായി. പൂർണമാകാത്തതിൽ നിന്ന് പൂർണത സൃഷ്ടിക്കാനാവുമോ എന്ന അയാളുടെ സവിശേഷ നോട്ടം മാത്രമാണ് അവശേഷിക്കുന്നത്. അഭാവത്തിന്റെ അഭാവത്തിൽ നിന്നാണ് ചൈതന്യം ഉണ്ടായതെന്ന ദർശനശാസ്ത്ര പ്രകാരം മണ്ണിൽ വീണടിഞ്ഞ ജഡതുല്യമായ വസ്തുവിൽ നിന്നും ജ്ഞാനേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമമാവും. തുരുത്തിൽ നിന്ന് പുതുനാമ്പുകൾ മുളയ്ക്കാനുള്ള ഊർജവും അങ്ങനെ സ്വായത്തമാവുമെന്നു തീർച്ചയാണ്.
വല്യമ്മച്ചി പറഞ്ഞു കൊടുത്ത ഹോമപ്പക്ഷിയുടെ കഥ ആഖ്യാനത്തെ ബന്ധിപ്പിക്കുന്ന ഇഴയായി മാറുന്നുണ്ട്. മേഘം വിട്ട് ഭൂമിയിലറങ്ങിയ ഒരു ഹോമപ്പക്ഷിയെ ചാമപ്പൊറ്റയിലെ ഒരൊറ്റക്കാലിമരത്തിലുണ്ടായിരുന്ന കഴുകന്മാർ കൊത്തിപ്പറിക്കുകയായിരുന്നു. തിരിച്ചു പറക്കാൻ പോലും കഴിവില്ലാതെ ആ പക്ഷി വീണു പോയി. നോവലിൽ പലയിടങ്ങളിലായി സൂചിപ്പിക്കുന്ന പെൺകുട്ടികളുടെ (ദുർ)മരണങ്ങൾ ഇതോർമിപ്പിക്കുന്നു. സൂസന്നയും തെരേസയും അനീറ്റയും പാറൂട്ടിയും ഹോമപ്പക്ഷിയുടെ പ്രതീകമായി അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം. അസുഖബാധിതയായി തുരുത്ത് വിട്ടു പോയ നന്ദിനിയെയും ഇക്കൂട്ടത്തിൽ പെടുത്താം. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദുരിതങ്ങളെയും ദുരന്തങ്ങളെയും നേരിടുന്ന മനുഷ്യരാൽ നിറഞ്ഞ തുരുത്തിൽ നിന്ന് രക്ഷപ്പെടുന്ന ചാത്തുട്ടി പ്രസ്തുത യാത്രാവഴിയിൽ നിന്ന് സ്വയം വിടുതൽ തേടി.
ആവർത്തിക്കപ്പെടുന്ന പ്രക്രിയയായി പലായനം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കരയ്ക്കും കടലിനും അതിരിനും തുരുത്തിനും മാറ്റങ്ങളുണ്ടാവുന്നു. വാഗ്ദത്തഭൂമി അന്വേഷിച്ചു പുറപ്പെടുന്നവരുടെ യാത്രകൾ മാത്രം തുടർന്നു കൊണ്ടിരിക്കുന്നു. നിരന്തരപ്രയാണത്തിന്റെ അധ്യായങ്ങളിൽ മനുഷ്യരിൽ രൂപം പ്രാപിക്കുന്ന സൂക്ഷ്മഭേദങ്ങളെ ഒറ്റനോട്ടത്തിൽ നിർവചിക്കാനാവില്ല. ലോകത്തിന്റെ സാരസ്വരൂപമായിട്ടുള്ള ഉണ്മയെ ആവാഹിക്കുന്ന മനുഷ്യരാൽ ചുറ്റപ്പെട്ട തുരുത്തെന്ന ചാലകശക്തിയെ ഭ്രമണം ചെയ്യുന്ന ആഖ്യാനരീതിയാണ് 'പുറപ്പാടിന്റെ പുസ്തകത്തി'ലേത്. സ്വാഭാവികമായും നോവലിലെ രംഗങ്ങൾ കാൽനൂറ്റാണ്ടിനിപ്പുറവും പ്രസക്തമാവുന്നത് പ്രാഥമികമായി അത് മനുഷ്യരുടെ വിങ്ങലുകളെയും സംഘർഷങ്ങളെയും അസ്വസ്ഥതകളെയും അഭിമുഖീകരിക്കുന്നത് കൊണ്ടുകൂടിയാണ്.
ഓർമ്മകൾ പോലും മരവിക്കുന്ന മനുഷ്യരുടെ തനിച്ചാകൽ വ്യാഖ്യാനങ്ങൾക്കതീതമായി നിലനിൽക്കുന്നുണ്ട് . മുൻകൂട്ടി തയ്യാറാക്കാത്ത ജീവിതചക്രത്തിലേക്ക് കടന്നു വരുന്ന പ്രക്ഷുബ്ധമായ ചില സന്ദർഭങ്ങൾ മനുഷ്യരെ അസ്വസ്ഥരാക്കുന്നു. അസ്തിത്വദുഃഖങ്ങൾ അസ്വതന്ത്രമാക്കുന്ന ഇടങ്ങളിൽ മനുഷ്യരുടെ ഉയിരും ഉടലും പ്രതീക്ഷാഭരിതമാവുന്നത് അതിജീവനയത്നങ്ങളിലൂടെയാണ്. ശാന്തിയുടെ നീരൊഴുക്ക് കാംക്ഷിക്കുന്ന അവർക്ക് അല്ലലുകളില്ലാത്ത ജീവിതം സാധ്യമാവട്ടെ എന്ന് പ്രത്യാശിക്കാം . അടച്ചിട്ട മുറിയിലെ ജാലകത്തിലൂടെ മാത്രം ആകാശത്തെ കാണുന്നവരുണ്ടാവും. ഭൂമിയിൽ ചുവടുറപ്പിച്ചുകൊണ്ടുള്ള സ്വച്ഛമായ ആകാശക്കാഴ്ച അവർക്ക് അപ്പോഴും അന്യമായിരിക്കും. വാതിലുകൾ അടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയിൽ, ഏകരായിത്തീരുന്നവർ ജീവിത തൃഷ്ണയെ കൈവെടിയുന്നില്ല. വിശാലമായ ഒരു ലോകത്തേക്കുള്ള പ്രവേശനമാർഗമായി അത് പരിണമിക്കുന്നു. അത്തരം ഏകാന്തതയുടെയും പലായനത്തിന്റെയും കാമനയുടെയും ചരിത്രം കൂടിയാണ് 'പുറപ്പാടിന്റെ പുസ്തകം'.