അടങ്ങ് കഥാകാരാ, ഒരു പൊടിക്ക്
വ്യത്യസ്തമായ കഥകൾ കൊണ്ട് സമകാലിക മലയാള കഥാസാഹിത്യത്തിൽ സ്വന്തമായൊരു ഇരിപ്പിടം നേടിയെടുത്ത എഴുത്തുകാരനാണ് ഉണ്ണി ആർ. വേറിട്ട വിഷയങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പല കഥകളെയും വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'അടങ്ങ് മലയാളീ 'എന്ന പുസ്തകം വിമർശനാത്മകമായ ഒരു വായന അർഹിക്കുന്ന ഒന്നാണ്.
ഉണ്ണി പലപ്പോഴായി എഴുതിയ നേരത്തെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ രതിക്കഥകൾ ചേർത്തു തയ്യാറാക്കിയ പുതിയ പുസ്തകമാണ് 'അടങ്ങ് മലയാളീ: പത്ത് രതിക്കഥകൾ’. പേരുകേട്ടാൽ കപട സദാചാരവാദികളായ മലയാളികളോടുള്ള താക്കീതാണെന്ന് തോന്നുമെങ്കിലും അത് ശരിക്കും ഒരു മുഖംമൂടി മാത്രമാണെന്ന് വായനയിലൂടെ തെളിയും. രതിക്കഥകൾ എന്ന പേരിലൂടെ തന്നെ നമ്മൾ മലയാളികളുടെ ഇടയിലേക്ക് ഒരു ചൂണ്ടയിടയുകയാണ് എഴുത്തുകാരൻ. രതിക്കഥകൾ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഈ പുസ്തകം അതിന്റെ കവർ ഡിസൈൻ കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു. രതിക്കഥകൾ വായിക്കാനുള്ള സ്വാഭാവികമായ ഒരു ത്വരയെ പലമടങ്ങ് വർധിപ്പിക്കുന്ന കവർ ചിത്രം വ്യക്തമായ കച്ചവട ലക്ഷ്യത്തോടെ തന്നെ തയാറാക്കിയതാണ്.
ആണൊരുത്തന്റെ വൃത്തികെട്ട നോട്ടത്തെ നേരിടാൻ പാകത്തിൽ പെണ്ണുങ്ങൾ വളർന്നത് ഉണ്ണി ആറിന്റെ ‘അടങ്ങ് മലയാളീ’ കാണുന്നില്ല
സ്വയംഭാഗം, വാത്സ്യായനൻ, പ്രിയനേ വാഴ്ത്തപ്പെട്ട പാപീ, മാവ് വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകൻ, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, ജലം, നീലച്ചിത്രം, ലീല എന്നിവയാണ് സമാഹാരത്തിലെ കഥകൾ. ആദ്യ കഥയായ സ്വയംഭാഗം തന്നെ എടുക്കാം.. പേര് കേട്ട് സംശയിക്കേണ്ട, അക്ഷരം തെറ്റിയത് ഒന്നുമല്ല സ്വയംഭാഗം തന്നെ. കഥയിലെ നായകർ മാധ്യമപ്രവർത്തനം പഠിക്കാനായി തിരുവനന്തപുരം നഗരത്തിലെത്തിയ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. സംഭവം നടക്കുന്നത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. ഈ കഥാപാത്രങ്ങൾ വേണ്ടുവോളം വായനാശീലരും തികഞ്ഞ പാണ്ഡിത്യവും നാട്ടിൽ നടക്കുന്നതും നടന്നതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചു നല്ല ബോധമുള്ളവരുമാണ്.
ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം സംസാരിച്ചത് ഇങ്ങനെ. "തന്റെ ബ്രായുടെ ഹുക്ക് അഴിഞ്ഞു കിടക്കുന്നു ( ചെറുപ്പക്കാരൻ), " ഓ അത് അങ്ങനെ ഇട്ടതാ താനും അടിയിലൊന്നും ഇടാറില്ല അല്ലേ ( ചെറുപ്പക്കാരി)". വായിച്ചു കോരിത്തരിക്കാൻ പാകത്തിനാണ് എഴുത്തുകാരൻ ആ സന്ദർഭം ഒരുക്കിവച്ചത്. മലയാള സാഹിത്യത്തിലേയും ലോക സാഹിത്യത്തിലേയും സകലമാന എഴുത്തുകാരേയും കഥയിൽ കഥാപാത്രങ്ങൾ പരാമർശിക്കുന്നുണ്ട്. എഴുത്തുകാരന്റെ പാണ്ഡിത്യം കൂടി കഥാപാത്രങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു കാഴ്ച തന്നെ.
തിരുവനന്തപുരം നഗരത്തിൽ കുറച്ചുകാലം താമസിച്ചിട്ടുള്ള വായനക്കാർക്ക് അല്പം ഭൂതകാലക്കുളിർ അനുഭവിക്കാൻ പാകത്തിൽ നഗരത്തിന്റെ ഭൂമിശാസ്ത്രവും പ്രകൃതിയും കഥാപാത്രങ്ങളുടെ നടത്തത്തിലൂടെ എഴുത്തുകാരൻ വിവരിക്കുമ്പോൾ സ്വാഭാവികമായും വായനക്കാർക്ക് കഥ കൺമുന്നിൽ നടന്നതോ, നടക്കുന്നതോ ആയ ഒരു അനുഭവം വരാം. എന്നിരുന്നാലും രതിക്കഥകൾക്ക് നഗരത്തിന്റെ ഭൂമിശാസ്ത്രമോ പ്രകൃതി വർണ്ണനയോ വിഷയമല്ല എന്നുള്ളതും ശ്രദ്ധേയമാണ്.
ആണും പെണ്ണും തമ്മിൽ കാമം എന്ന ഒറ്റ വികാരം മാത്രമാണ് സ്ഥായിയായുള്ളതെന്നു സ്ഥാപിച്ചെടുക്കാനുള്ള ഗൂഢ ശ്രമമാണ് എഴുത്തുകാരൻ ഇവിടെ നടത്തുന്നത്. എഴുത്തുകാരൻ ഉൾപ്പെട്ട മലയാളി പുരുഷ വർഗ്ഗത്തിൽ എല്ലാവരും ഒരൊറ്റ കറുത്ത വട്ടത്തിലേക്ക് ചുരുങ്ങി പോകുന്നു.
ഇനി നമ്മുടെ അഭ്യസ്തവിദ്യനായ ചെറുപ്പക്കാരൻ ദൂരെ നിന്ന് നടന്നുവരുന്ന ഒരു സ്ത്രീയുടെ പൊക്കിൾ കണ്ടിട്ട് " ഇരുവശവും രണ്ട് കല്ലുകളിട്ടാൽ ഒരു അപ്പിക്കുഴി " എന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരു സ്ത്രീയുടെ ശരീരത്തെ അത്രകണ്ട് അപമാനിച്ചിട്ടും കൂടെയുള്ള ചെറുപ്പക്കാരി ഏതൊരു മനുഷ്യ ശരീരവും മലം വഹിക്കുന്നതാണല്ലോ എന്ന് സ്വയം സമാശ്വിക്കുന്നു. 'ഹിഗിൻ ബോതംസ് 'എന്ന പുസ്തകക്കടയുടെ പേരിനെ സ്വയംഭോഗം ആക്കാനും 'മലയ മാരുതത്തെ' വദനസുരതമാക്കാനും വിദഗ്ധരാണ് നമ്മുടെ കഥാപാത്രങ്ങൾ.
പ്രേമം വെറും തട്ടിപ്പാണെന്നും ഞാൻ കാമത്തിന്റെ ആളാണെന്നും ചെറുപ്പക്കാരൻ സമ്മതിക്കുന്നുണ്ട്. ഒമ്പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുമ്പോൾ തുടങ്ങിവച്ച സ്വയംഭോഗത്തെ നേരത്തെ സൃഷ്ടിച്ചെടുത്ത റെക്കോർഡുകൾ പോലെയാണ് കഥയിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. സ്വയംഭോഗം (ഹിഗിൻ ബോതംസ് ) നടത്തിയതും നിന്നെ സ്വപ്നത്തിൽ റൂമിലേക്ക് വരുത്തി വദനസുരതം ചെയ്തു എന്നു പറഞ്ഞതുമെല്ലാം ഇവിടെ ചെറുപ്പക്കാരി കയ്യുംകെട്ടി കേട്ടു നിൽക്കുകയായിരുന്നു.
തുറന്ന സ്ഥലത്ത് വെച്ച് സ്വയംഭോഗം ചെയ്യാനുള്ള യുവതിയുടെ ആഗ്രഹത്തെ സാധിച്ചു കൊടുക്കാനും, അയാൾക്ക് ചെയ്യാനുമായി (സ്വയംഭോഗം ) കടൽത്തീരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്ന ചെറുപ്പക്കാരൻ ക്രിയയിൽ വിജയിക്കുകയും, പൂർത്തിയാവാതെ വിഷമിക്കുന്ന പെൺകുട്ടിയാകട്ടെ " എനിക്ക് വഴിയറിയില്ല രക്ഷിക്കൂ" എന്ന് അയാളോട് കെഞ്ചുകയുമാണ്. അവളെ സഹായിക്കാനായി രണ്ടാം ക്രിയയിലേക്ക് അയാൾ തുനിഞ്ഞിറങ്ങുന്നതാണ് കഥാന്ത്യം.
തിരുവനന്തപുരം നഗരത്തിൽ കുറച്ചുകാലം താമസിച്ചിട്ടുള്ള വായനക്കാർക്ക് അല്പം ഭൂതകാലക്കുളിർ അനുഭവിക്കാൻ പാകത്തിൽ നഗരത്തിന്റെ ഭൂമിശാസ്ത്രവും പ്രകൃതിയും കഥാപാത്രങ്ങളുടെ നടത്തത്തിലൂടെ എഴുത്തുകാരൻ വിവരിക്കുമ്പോൾ സ്വാഭാവികമായും വായനക്കാർക്ക് കഥ കൺമുന്നിൽ നടന്നതോ, നടക്കുന്നതോ ആയ ഒരു അനുഭവം വരാം
ആണും പെണ്ണും തമ്മിൽ കാമം എന്ന ഒറ്റ വികാരം മാത്രമാണ് സ്ഥായിയായുള്ളതെന്നു സ്ഥാപിച്ചെടുക്കാനുള്ള ഗൂഢ ശ്രമമാണ് എഴുത്തുകാരൻ ഇവിടെ നടത്തുന്നത്. എഴുത്തുകാരൻ ഉൾപ്പെട്ട മലയാളി പുരുഷ വർഗ്ഗത്തിൽ എല്ലാവരും ഒരൊറ്റ കറുത്ത വട്ടത്തിലേക്ക് ചുരുങ്ങി പോകുന്നു. മാത്രമല്ല സ്ത്രീകൾ സ്വയം ലൈംഗിക താൽപര്യം പൂർത്തീകരിക്കാൻ (അതിൽ മുൻ പരിചയം ഉണ്ടായിട്ടു കൂടി ) പരാജയപ്പെടുന്നവരായും ചിത്രീകരിച്ചിരിക്കുന്നു.
'മുഷ്ടികൾ ചലിപ്പിച്ചുകൊണ്ട് ആനന്ദധാര ഒഴുക്കുന്ന' പതിവ് രീതി തന്നെയാണ് ഓരോ കഥയിലും കാണാൻ സാധിക്കുന്നത്. മലയാളി ചെറുപ്പക്കാർ ദ്വയാർത്ഥ വിദഗ്ധരും സഹപാഠികളായാലും കളി നടത്താൻ തയ്യാറായി നിൽക്കുന്നവരും ആണെന്നുമുള്ള ഒരു ധ്വനി കൂടി കഥ അവശേഷിപ്പിക്കുന്നതായി നമുക്ക് തോന്നും.
സ്വയംഭാഗം എന്ന കഥയുമായി ചേർത്തുവയ്ക്കാവുന്ന കഥയാണ് ‘പെണ്ണും ചെറുക്കനും’. ആഗ്രഹിച്ച പെണ്ണിനേയും കൊണ്ട് ആൾക്കാരുടെ കണ്ണ് വെട്ടിച്ച് ദൂരെ എവിടെയെങ്കിലും മാറിയിരിക്കാനും അല്പം തട്ടലും മുട്ടലും ഒക്കെയായി ഉള്ളിലെ പൂതി നടപ്പിലാക്കാനും തയ്യാറെടുക്കുന്നവനാണ് ഇവിടെ ചെറുക്കൻ. എന്നാൽ പെണ്ണാകട്ടെ വകതിരിവുള്ളവളാണെന്നാണ് ഭാവം. ബോർഡ് നോക്കാതെ തിരക്കിൽ ഓടിക്കയറിയ ബസിൽ നിന്ന് ഏതായാലും കയറിയില്ലേ ഇനി ഇറങ്ങണ്ട എന്ന് കരുതി ഇരിക്കുന്നവളാണ്. ചെറുപ്പക്കാരന്റെ നോട്ടവും ഭാവവും കൃത്യമായി അറിഞ്ഞിട്ടും അവന്റെ കപട കണ്ണുനീരിന്റെ മുന്നിൽ പതറി പോകുന്നവളാണ്.
ഒരിക്കലും കയറാൻ പാടില്ലാത്ത ബസിലാണ് കയറിയത് എന്ന് അറിയുന്ന നിമിഷം ചാടിയിറങ്ങാൻ കെൽപ്പുള്ളവളും, ആണൊരുത്തന്റെ വൃത്തികെട്ട നോട്ടത്തെ (അവൻ എത്ര അടുപ്പമുള്ളവനായാലും ശരി) നേരിടാൻ പാകത്തിൽ ഇന്നത്തെ പെണ്ണുങ്ങൾ വളർന്നതും ഉണ്ണി കാണുന്നില്ല. കാമം എന്ന വികാരത്തെ സാക്ഷാത്കരിക്കാൻ എന്തും ചെയ്യാൻ തയ്യാറാവുന്ന ഒരുപറ്റം പുരുഷന്മാരുടെ മേധാവിത്വത്തെ തന്നെയാണ് ഓരോ കഥയിലും എഴുത്തുകാരൻ നിർമിച്ചെടുക്കുന്നത്. പ്രേമം എന്നത് സെക്കൻഡറി ആണെന്നും കാമം തന്നെയാണ് ഓരോ മനുഷ്യന്റെയും ആത്യന്തികഭാവം എന്നും ആവർത്തിച്ച് സ്ഥിരീകരിക്കാൻ ശ്രമിക്കുന്നു.
സ്വയംഭാഗം എന്ന കഥയുമായി ചേർത്തുവയ്ക്കാവുന്ന കഥയാണ് ‘പെണ്ണും ചെറുക്കനും’. ആഗ്രഹിച്ച പെണ്ണിനേയും കൊണ്ട് ആൾക്കാരുടെ കണ്ണ് വെട്ടിച്ച് ദൂരെ എവിടെയെങ്കിലും മാറിയിരിക്കാനും അല്പം തട്ടലും മുട്ടലും ഒക്കെയായി ഉള്ളിലെ പൂതി നടപ്പിലാക്കാനും തയ്യാറെടുക്കുന്നവനാണ് ഇവിടെ ചെറുക്കൻ.
അന്യന്റെ കിടപ്പറയിലേക്ക് വരെ ഒളിഞ്ഞുനോക്കാൻ മടിക്കാതിരിക്കുകയും തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്നു വാശി പിടിക്കുകയും ചെയ്യുന്ന ടിപ്പിക്കൽ മലയാളിയുടെ പൊതുബോധത്തെ വിലക്കാനെന്നവണ്ണമാണ് 'അടങ്ങ് മലയാളീ’ എന്ന് എഴുത്തുകാരൻ ആക്രോശിക്കുന്നത്.
ഇവിടെയും ഒരു ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അരുതാത്തതെന്തോ നടക്കും എന്നും അത് നടക്കാൻ പാടില്ല എന്നുമുള്ള ധാരണ വെച്ച് പുലർത്തുന്ന മലയാളികളുടെ പ്രതിനിധിയായി വാസുദേവൻ എന്ന മനുഷ്യൻ രംഗത്ത് വരുന്നു. ആണിന്റെയും പെണ്ണിന്റെയും ലീലാവിലാസങ്ങൾ ഒളിഞ്ഞുനിന്നു കാണുകയും എരിവും പുളിയും ചേർത്ത് തളർന്നു കിടക്കുന്ന ഭാര്യയുടെ അടുത്ത് വന്ന് വിവരിക്കുകയുമാണ് അയാൾ. അതുകൊണ്ടരിശം മുഴുവൻ തീരാതെ അയാൾ അവരുടെ വസ്ത്രങ്ങളും ഫോണും അടിച്ചുമാറ്റുകയാണ് അയാൾ.
ഞാൻ ഉണ്ടില്ലേലും നിന്നെ ഊട്ടുമെന്നും ഉടുത്തില്ലേലും നിന്നെ ഉടുപ്പിക്കും എന്നുമുള്ള ബൈബിൾ വചനം ഒരാവേശത്തിൽ പെണ്ണിനോട് പറഞ്ഞുപോയ ചെറുക്കൻ അതൊരു വിനയായി മാറിയത് അറിഞ്ഞില്ല. വന്നു, കണ്ടു, കീഴടക്കി എന്നു പറയുന്നതുപോലെ തന്റെ സംതൃപ്തിക്ക് വേണ്ടതെല്ലാം ചെയ്തു അവളെ മാറ്റിനിർത്തുന്ന ആൺ വർഗങ്ങളുടെ പ്രതിനിധി തന്നെയാണ് ഈ ചെറുക്കനും. "എന്നെ കെട്ടിപ്പിടിച്ച് സ്നേഹിച്ചിട്ട് പോയാൽ മതി"യെന്ന് പറയുന്ന പെണ്ണിനോട് ദേഷ്യത്തോടെ "നേരം വൈകി വല്ലോരും കണ്ടാൽ അതു മതി" എന്നു പറഞ്ഞ് അവളിൽ നിന്ന് വേർപെട്ടു നടക്കുകയാണയാൾ.
പെണ്ണും ചെറുക്കനും എന്ന കഥ ആണിന്റെ അധികാരത്തെയും ചൂഷണം ചെയ്യാനുള്ള സാമർത്ഥ്യത്തെയും വരച്ചിടുന്ന കഥയാണ്. രതിക്കഥകളുടെ ലിസ്റ്റിലേക്ക് എടുത്തു വയ്ക്കാൻ പാകത്തിന് കഥ മാത്രമേയുള്ളൂ രതി ഇല്ല ഇതിൽ എന്നതാണ് സത്യം.
ജലം എന്ന കഥയിലെ അശോകൻ ഭ്രാന്തമായ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്ന നായകനാണ്. ഒബിച്വറി ഒബ്സെഷൻ പോലെ അയാളുടെ മറ്റൊരു ഒബ്സെഷനാണ് വെള്ളം.
ജലം എന്ന കഥയിലെ അശോകൻ ഭ്രാന്തമായ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്ന നായകനാണ്. ഒബിച്വറി ഒബ്സെഷൻ പോലെ അയാളുടെ മറ്റൊരു ഒബ്സെഷനാണ് വെള്ളം. സെക്സ് നടത്തുന്നതാകട്ടെ ബാത് ടബ്ബിൽ അല്ലെങ്കിൽ ഷവറിനടിയിൽ. ശരീരത്തിൽ നനവില്ലെങ്കിൽ ഡെഡ് ബോഡി പോലെ എന്നാണ് അശോകന്റെ വാദം. വെള്ളത്തിൽ ഒരുമിച്ച് ഒഴുകലാണ് അയാളുടെ രതി താൽപര്യം.
വിധവകളുടെ ജീവിതവും അവരുടെ ലൈംഗിക താൽപര്യങ്ങളുമൊക്കെ പഠന വിഷയമാക്കി ഗവേഷണം നടത്തുന്ന നന്ദിതയാണ് അശോകന്റെ പാർട്ണർ. ഭാര്യയല്ലെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. അയാളുടെ ഭ്രാന്ത് സഹിക്കുന്ന ഒരുവളാണ് താനെന്ന് കഥയിൽ നന്ദിത സ്വയം അടയാളപ്പെടുത്തുന്നു. വർഷങ്ങളോളം ഒന്നിച്ച് താമസിച്ചിട്ടും അശോകന്റെ അമ്മയെ ഇതുവരെ നന്ദിത കണ്ടിട്ടില്ല. അവർ യൗവ്വന യുക്തയാണെന്നും സുന്ദരിയാണെന്നും കഥയിൽ വെളിപ്പെടുത്തുന്നുണ്ട്. പ്രായമുണ്ടെങ്കിലും യോഗ ചെയ്തു ശരീരസൗന്ദര്യം നിലനിർത്തുന്ന സ്ത്രീയാണ് അശോകന്റെ അമ്മ എന്നതും നന്ദിത തന്റെ സുഹൃത്തിനോട് പറയുന്നുണ്ട്.
അശോകന്റെ അമ്മ മരിച്ചു എന്നത് അശോകൻ തന്നെയാണ് നന്ദിതയെ അറിയിക്കുന്നത് പൂർണ നഗ്നനായി കസേരയിൽ ഇരുന്ന് യാതൊരു മുഖഭാവമാറ്റവും കൂടാതെയാണ് സ്വന്തം അമ്മയുടെ മരണവാർത്ത അയാൾ പറയുന്നത് എന്നതും ശ്രദ്ധേയമാണ്. അമ്മയുടെ മൃതദേഹം കുളിപ്പിക്കാൻ സ്വയം ഒരുങ്ങി അകത്തുകയറി വാതിലടച്ച് വെള്ളം തുറന്നു വിടുന്ന അശോകന്റെ ചിത്രം കാണിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്. ഇവിടെ നന്ദിതയുടെ മനസ്സിലൂടെയാണ് ബാക്കി കഥയും കഥയുടെ വരികൾക്കിടയിലൂടെയും വായിച്ചെടുക്കേണ്ടത്.
പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത അമ്മയും മകനും, ശരീരത്തിൽ യൗവ്വനം നിലനിർത്തുന്ന അമ്മ, അശോകന് അമ്മയോട് കേവലം മകൻ എന്ന സ്നേഹം മാത്രമല്ലെന്നും തന്നോടുള്ള ലൈംഗിക താൽപര്യം മനസ്സിലാക്കിയ അമ്മ തന്നെയാണ് മകനെ കാണുന്നതിൽ നിന്ന് വിലക്കുന്നത് എന്ന് മനസ്സിലാക്കാം.
അമ്മയെ പ്രാപിക്കുന്നത് അവരുടെ മരണശേഷം (ഡെഡ് ബോഡി ) മാത്രമേ നടക്കൂ എന്നതും അശോകന് വ്യക്തമാണ്. അതിന്റെ ബാക്കിപത്രമെന്നോണമാണ് അമ്മയുടെ ശവ ശരീരത്തിലേക്ക് വെള്ളം ഒഴിച്ച് അയാൾ തന്റെ ഭാവനയിൽ ജീവൻ വെപ്പിക്കുന്നതും ഒരുമിച്ചൊഴുകാൻ പാകത്തിന് അയാൾ തന്നെ അമ്മയെ കുളിപ്പിക്കാൻ തയ്യാറാകുന്നതും.
പാരമ്പര്യ ചിന്താരീതികളെ മുഴുവൻ മേൽകീഴ് മറിക്കുന്ന അശോകന്റെ രതി താല്പര്യങ്ങളും ഭ്രാന്തമായ രീതികളും ആവിഷ്കരിക്കുന്ന കഥയാണ് ജലം. കാമം പൂർത്തിയാക്കാൻ ഏതെങ്കിലും ഒരു സ്ത്രീ ശരീരമാഗ്രഹിക്കുന്ന ഒരാളാണ് ഇവിടെ അശോകൻ. അത് അമ്മയായാലും പങ്കാളിയായാലും അയാൾക്ക് ഒരുപോലെ തന്നെ. ഭ്രാന്തൻ രീതിയിലുള്ള രതി രീതികളും കഥകളും വായനക്കാരെ മുഷിപ്പിക്കാൻ പാകത്തിലാണ് ഇതിൽ ചേർത്തിരിക്കുന്നത്.
ആകാരസൗകുമാരവും സമ്പത്തും എന്തിനും തയ്യാറായി ചൊൽപ്പടിക്ക് നിൽക്കുന്ന കുറെ സുഹൃത്തുക്കളും ചേർന്നതാണ് കുട്ടിയപ്പൻ. വിചിത്രമായ ലൈംഗിക താൽപര്യങ്ങളെ, ഒരു പക്ഷേ തന്റെ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെ ജീവിതത്തിലേക്ക് പകർത്തുന്നതിന്റെ ഭാഗമെന്നോണമാണ് കുട്ടിയപ്പൻ കഥയിൽ നിറഞ്ഞു നിൽക്കുന്നത്.
ലീല എന്ന കഥയും മേൽപ്പറഞ്ഞ കഥയിലേതുപോലെ ഭ്രമാത്മക രീതിയിലുള്ള രതി താൽപര്യങ്ങളുള്ള കുട്ടിയപ്പന്റെ ജീവിതമാണ് വായനക്കാരന് കാട്ടിത്തരുന്നത്. ആകാരസൗകുമാരവും സമ്പത്തും എന്തിനും തയ്യാറായി ചൊൽപ്പടിക്ക് നിൽക്കുന്ന കുറെ സുഹൃത്തുക്കളും ചേർന്നതാണ് കുട്ടിയപ്പൻ. വിചിത്രമായ ലൈംഗിക താൽപര്യങ്ങളെ, ഒരു പക്ഷേ തന്റെ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെ ജീവിതത്തിലേക്ക് പകർത്തുന്നതിന്റെ ഭാഗമെന്നോണമാണ് കുട്ടിയപ്പൻ കഥയിൽ നിറഞ്ഞു നിൽക്കുന്നത്.
നാട്ടുകാർക്കിടയിൽ കുട്ടിയപ്പൻ കൃത്യമായ ഒരു ഇമേജ് തന്നെ രൂപപ്പെടുത്തി എടുക്കുന്നുണ്ട്. സമ്പത്തും ആഭിജാത്യവും കൊണ്ട് ഏതുതരത്തിലുള്ള സന്തോഷത്തേയും കൈപ്പടിയിൽ ഒതുക്കുന്നവൻ . കുട്ടിയപ്പനോളം എല്ലാം തികഞ്ഞ ആണൊരുത്തൻ ആ നാട്ടിൽ ഇല്ല എന്ന രീതിയിൽ തന്നെയാണ് ആളുകളുടെ ബഹുമാനവും. എന്നാൽ കുട്ടിയപ്പൻ തികഞ്ഞ പരാജയമാണെന്ന് വായനക്കാർക്ക് ക്രമേണ മനസ്സിലാകുന്നു. ഊതിവീർപ്പിച്ച ബലൂൺ പോലെ പൊള്ളയായ വെറും കുമിള മാത്രമാണയാൾ. കുട്ടിയപ്പൻ നേരിട്ടറിഞ്ഞ പെണ്ണുങ്ങൾ തന്നെയാണ് അതിന് തെളിവ്.
കഥയിൽ രണ്ട് ഭാഗത്ത് കുട്ടിയപ്പനും അയാളുടെ ആഗ്രഹം തീർക്കാൻ എത്തിയ പെണ്ണുങ്ങളുമായുള്ള ഇടപെടലിന്റ സന്ദർഭം വിവരിക്കുന്നുണ്ട്. ഒന്നിൽ താൻ മരിച്ചു കിടക്കുന്നതായി അഭിനയിക്കും അരികിലിരുന്ന് വാവിട്ടു കരയണം എന്നാണ് പെണ്ണിന് കൊടുക്കുന്ന നിർദ്ദേശം. മറ്റേയാളോട് പൂർണ നഗ്നയായി അയാൾക്കു മുന്നിൽ നൃത്തം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. രണ്ട് സന്ദർഭത്തിന്റേയും അന്ത്യത്തിൽ ആ സ്ത്രീകളെ കുട്ടിയപ്പൻ നെറ്റിയിൽ ഉമ്മ വെച്ച് യാത്രയാക്കുന്നു. ഇതിൽ നിന്നും അയാൾ പരാജയപ്പെട്ട ലൈംഗിക ജീവിതം നയിക്കുന്ന ആളാണെന്ന ചിത്രമാണ് വായനക്കാർക്ക് ലഭിക്കുന്നത്.
കുട്ടിയപ്പന്റെ മൂന്നാമത്തെ വിചിത്രമായ ആഗ്രഹം നടപ്പിലാക്കുന്നതാണ് ലീല എന്ന കഥയിലെ സന്ദർഭം. ആനയുടെ തുമ്പിക്കൈയിൽചാരിവെച്ച് നഗ്നയായ ഒരുവളെ ഭോഗിക്കണം അതാണ് അയാളുടെ ആഗ്രഹം. ആ ആഗ്രഹം കേട്ടപാതി വണ്ടിയും എടുത്ത് ആനയെയും പെണ്ണിനേയും സംഘടിപ്പിക്കാൻ ശിങ്കിടികളും ഒപ്പമുണ്ട്. ഇവിടെയും ലീല എന്ന പെൺകുട്ടിയെ കണ്ടെത്തി അവളെ ആനയുടെ തുമ്പിക്കൈയിൽ ചാരി നിർത്തി നെറ്റിയിൽ ഉമ്മ വച്ചുകൊണ്ട് അയാൾ തിരിഞ്ഞു നടക്കുകയാണ്. പക്ഷേ, തൊട്ടുപിന്നാലെ ലീലയെ ആന കൊല്ലുകയാണ്.
മനുഷ്യന്റെ ആഗ്രഹ പൂർത്തീകരണത്തിന് ഏതറ്റം വരേയും കടന്നുപോകാവുന്ന മനസ്സിനോട് അടങ്ങ് മലയാളി എന്നൊക്കെ പറയാം പക്ഷേ ഇത്തരത്തിലുള്ള ഭയാത്മകമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന കഥകളെ രതിക്കഥകളായി അടയാളപ്പെടുത്താൻ കഴിയില്ല. പെണ്ണിനെ വെറും ശരീരമായാണ് ഈ കഥയിൽ (മറ്റു കഥകളിലും) ചിത്രീകരിക്കുന്നത്. കുട്ടിയപ്പന്റെ ആഗ്രഹം നിറവേറ്റാൻ എത്തുന്ന ലീല അടക്കമുള്ള പെണ്ണുങ്ങൾ, സ്വന്തം ശരീരം വിറ്റുകൊണ്ട് മറ്റു പെൺകുട്ടികളെ ഏർപ്പാടാക്കി കൊടുക്കുന്ന ചെയ്യുന്ന ഉഷ ഇവരൊക്കെ വെറും വില്പന ചരക്കായി മാത്രമായിട്ടാണ് എഴുത്തുകാരൻ ചിത്രീകരിക്കുന്നത്.
ഉണ്ണിയുടെ ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങൾ ലോക കാര്യങ്ങളെപ്പറ്റി നല്ല വിവരമുള്ളവരും സാഹിത്യത്തിലും കലകളിലും താൽപര്യമുള്ളവരുമാണെന്ന പൊതുസവിശേഷത നമുക്ക് കാണാം പക്ഷേ ശരാശരി നായകന്മാരെല്ലാം മാനസികമായി ദുർബലരാണെന്നും പ്രണയത്തിലും രതിയിലും അധീരരും അബലരുമാണെന്നും വ്യക്തമാണ്.
ആണത്തം വെറും വീമ്പ് പറച്ചിൽ മാത്രമാകുന്ന മറ്റൊരു കഥാപാത്രമാണ് 'ഒരു ഭയങ്കര കാമുകൻ 'എന്ന കഥയിലെ മത്ത മാപ്പിള. കാമം അവസാനിക്കാത്തവനാണ് മത്ത മാപ്പിള എന്നാണ് നാട്ടുകാരുടെ പക്ഷം. പ്രായം 80- 90 എന്നത് കൃത്യമല്ലെങ്കിലും മത്തമാപ്പിളയുടെ ലിംഗത്തിന്റെ ബലവും ആളിന്റെ കാര്യശേഷിയും ശരീരത്തിന്റെ വഴക്കവും നാട്ടുകാർക്ക് വല്യ അത്ഭുതമാണ്. കുട്ടിയപ്പനെ പോലെ നാട്ടുകാർ നിർമ്മിച്ച അടുത്ത മറ്റൊരു ടിപ്പിക്കൽ 'ആണൊരുത്തൻ' തന്നെയാകുന്നു കഥയിൽ മത്തമാപ്പിള. വയസ്സാംകാലത്ത് ആളിന്റെ ആഗ്രഹം വീട്ടുപടിക്കൽ പിയത്തയുടെ (മേരി) ശിൽപം ഉണ്ടാക്കണം എന്നതാണ്. പിയത്തയ്ക്ക് നാട്ടിലെ പേരുകേട്ട വേശ്യയായ ചുങ്കം കുട്ടിയമ്മയുടെ മുഖം ആയിരിക്കണമെന്നും പ്രതിമയ്ക്ക് മേലുടുപ്പുകൾ ഉണ്ടാവരുതും എന്നുമാണ് മത്തമാപ്പിളയുടെ നിർദ്ദേശം. എത്ര രൂപ വേണമെങ്കിലും ചിലവഴിച്ച് പ്രതിമ തയ്യാറാക്കാൻ മത്ത മാപ്പിള കണ്ടെത്തുന്നത് പരമേശ്വരൻ എന്ന ശില്പിയെയാണ്. മാപ്പിളയുടെ നല്ല നാളുകളിലെ ഉറക്കം കെടുത്തിയ സ്വപ്ന സുന്ദരിയായിരുന്നു ചുങ്കം കുട്ടിയമ്മ. അവരുടെ മുഖം ഓർത്തെടുത്തുകൊണ്ട് മുഷ്ടികൾ ചലിപ്പിച്ച് ആനന്ദധാര ഒഴുക്കിയ കഥയോർത്ത് കുളിരു കോരുന്നുണ്ട് പരമേശ്വരനും.
ശിൽപം പൂർത്തീകരിക്കുന്നതനുസരിച്ച് ശില്പത്തോടും അതിലെ കുട്ടിയമ്മയോടും ശില്പിക്ക് ആത്മബന്ധം തോന്നുകയും പതിയെ പിതൃ പുത്രി ബന്ധത്തിലേക്ക് വരെ ആ ആത്മബന്ധം വളരുന്നു എന്നുമാണ് കഥയിൽ പറയുന്നത്. ശരീരത്തിൽ അറുപത്തി നാല് മറുകുകളുള്ള കുട്ടിയമ്മയുടെ രൂപത്തെയും മത്തമാപ്പിളയും കുട്ടിയമ്മയും ചേർന്നുള്ള രതിയുടെയും വർണനകൾ കേട്ട് പരമേശ്വരൻ ശില്പം പൂർത്തിയാക്കുന്നു. പുറം ലോകത്തെ കാണിക്കേണ്ട അവസാന ദിവസത്തിൽ പിയത്തയുടെ മടിയിൽ (കുട്ടിയമ്മയുടെ മടിയിൽ മുലയിലേക്ക് മുഖം തിരിച്ചു) കിടക്കുന്ന മനുഷ്യനെ കണ്ട് പരമേശ്വരൻ കയ്യിൽ കിട്ടിയ കൂടം കൊണ്ട് അയാളെ അടിച്ചു വീഴ്ത്തുകയാണ്.
പരമേശ്വരന്റെ ജന്മസിദ്ധമായ അസൂയ തന്നെയാണ് അയാളെ കൊണ്ട് ഈ കൃത്യം നടത്തിക്കുന്നത്. പൂർണ്ണ നഗ്നനായ ആ മനുഷ്യന്റെ കാമസക്തിയെ തച്ചുടക്കനായ് ലിംഗത്തെ ഉന്നം വെച്ചുയർത്തിയ കൈകൾ വായുവിൽ നിശബ്ദമായി എന്നാണ് എഴുത്തുകാരൻ പറയുന്നത്. അവിടെ ലിംഗത്തിന് പകരം സർപ്പ ശിരസ്സ് പോലൊരു യോനി. കഥയിലെ മത്ത മാപ്പിള ഇരുട്ടിന്റെ മറവിലൊരു പരാജയമായിരുന്നു. അല്ലെങ്കിൽ ഒരു ഹിജഡ. തന്റെ കുറവുകൾ മറച്ചുവെക്കാൻ വീരശൂരത്വത്തിന്റെ കഥകൾ പറഞ്ഞു നടത്താൻ അയാൾ ആളുകളെ നിർത്തിയിരിക്കുകയായിരുന്നു.
ആണത്തം വെറും വീമ്പ് പറച്ചിൽ മാത്രമാകുന്ന മറ്റൊരു കഥാപാത്രമാണ് 'ഒരു ഭയങ്കര കാമുകൻ 'എന്ന കഥയിലെ മത്ത മാപ്പിള. കാമം അവസാനിക്കാത്തവനാണ് മത്ത മാപ്പിള എന്നാണ് നാട്ടുകാരുടെ പക്ഷം.
ഭീകരത സൃഷ്ടിക്കുന്ന രതി വൈകൃതങ്ങളും ആൺ ശൂരത്വങ്ങളും മാത്രമാണ് ഈ രതിക്കഥകളിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റു ഭാഷകളിലെ മഹത്തായ രതി കഥകൾ ലിംഗഭേദമന്യേ വായനക്കാരുടെ ചോദനകളെ ഉണർത്താൻ പര്യാപ്തമാകുമ്പോൾ ഭയവും അറപ്പും വെറുപ്പുമൊക്കെ ജനിപ്പിക്കാൻ പര്യാപ്തമായ സന്ദർഭസൃഷ്ടിയും പാത്രസൃഷ്ടിയും കൊണ്ട് ഏതോ തരത്തിലെ ആത്മ സംതൃപ്തി തേടാൻ ശ്രമിക്കുകയാണ് കഥാകൃത്ത് എന്നുപോലും തോന്നിപ്പോകും.
മറ്റുകഥകളായ വാത്സ്യായനൻ, മാവ് വെട്ടുന്നില്ല, പ്രിയനേ വാഴ്ത്തപെട്ട പാപീ, നീലച്ചിത്രം, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, എന്നിവയെല്ലാം വെറുതെ വായിച്ചു പോകാവുന്നവ മാത്രമായിട്ടാണ് തോന്നിയത്. കഥയുടെ ദൃഢതയോ സന്ദർഭങ്ങളുടെ ബാഹുല്യമോ ഒന്നും ഇവിടെ സ്പഷ്ടമാകുന്നില്ല. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ മുൻ നിർത്തി, അത്തരം ആളുകളെ ചൂഷണം ചെയ്യുന്ന കഥയാണ് 'വാത്സ്യായനൻ '. സാമ്പത്തിക ഭദ്രതക്കായി വാത്സ്യായനനെ പ്രതിഷ്ഠിച്ച് അമ്പലം നിർമ്മിക്കുന്ന ചന്ദ്രൻ, സുഹൃത്ത് പരമേശ്വരൻ. ലൈംഗിക വിഷയത്തിലുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രസ്തുത അമ്പലത്തിൽ വന്നു പ്രാർത്ഥിച്ചാൽ മതിയെന്ന നോട്ടീസിറക്കുകയും ദൂരെ നിന്ന് പോലും ജാതി മത വ്യത്യാസമില്ലാതെ കാര്യസാധ്യത്തിനായ് ആളുകൾ അമ്പലത്തിലേക്ക് എത്തുകയും ചെയ്യുന്നു. പ്രശ്നപരിഹാരത്തിന് ചന്ദ്രനെ സഹായിക്കുന്നത് നാട്ടിലെ അരങ്ങൊഴിഞ്ഞ വേശ്യയായ സുമതിയും. നാൾക്ക് നാൾ അഭിവൃദ്ധിപെടുന്ന അമ്പല ബിസിനസിൽ കണ്ണ് കടിയുള്ള ഒരുപറ്റം ആൾക്കാർ അമ്പലമുറ്റം ആക്രമിക്കുന്നതും യുദ്ധത്തിനായ് പടയൊരുങ്ങുന്നതും കഥയിൽ കാണാം.
പാരമ്പര്യ ചിന്താരീതികളെ മുഴുവൻ മേൽകീഴ് മറിക്കുന്ന അശോകന്റെ രതി താല്പര്യങ്ങളും ഭ്രാന്തമായ രീതികളും ആവിഷ്കരിക്കുന്ന കഥയാണ് ജലം.ഭ്രാന്തൻ രീതിയിലുള്ള രതി രീതികളും കഥകളും വായനക്കാരെ മുഷിപ്പിക്കാൻ പാകത്തിലാണ് ഇതിൽ ചേർത്തിരിക്കുന്നത്.
സ്വവർഗാനുരാഗിയായ ഒരുവനോടുള സ്നേഹത്തിന്റെ അടയാളമായി ഒരാൾ എഴുതുന്ന കത്ത് പോലുള്ള കഥയാണ് 'പ്രിയനേ വാഴ്ത്തപ്പെട്ട പാപീ’. സ്വവർഗ വ്യക്തികൾ തമ്മിലുള്ള സ്നേഹവും സ്പർശവും രതിയുടെ അനുഭവത്തിലേക്ക് (അറിവിലേക്ക് ) കൊണ്ടെത്തിക്കുന്നു. ‘സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ 'എന്നതാകട്ടെ ഗോത്രനിവാസികളായ ആദിമ മനുഷ്യരുടെ രതി രീതികൾ വിവരിക്കുന്ന കഥ പോലെയുള്ളതൊന്നും. രതി എങ്ങനെയാവണമെന്നും പ്രകൃതിയേയും പുഴയേയും പങ്കാളികളാക്കി കൊണ്ട് ശുക്ലവും വിയർപ്പും പ്രകൃതിക്ക് സമ്മാനിക്കുന്ന രതിരീതിയുടെ പഠനക്ലാസാണ് ഈ കഥ.
ചുരുക്കി പറഞ്ഞാൽ മലയാളികളുടെ സാമ്പ്രദായികമായ ലൈംഗിക സദാചാരത്തെയും അവന്റെ അടക്കി വെയ്ക്കപ്പെട്ട തൃഷ്ണകളേയും വെളിപ്പെടുത്തുന്നതോടൊപ്പം വികലമായ മാനസികാവസ്ഥയിലുള്ള ആൺ വർഗത്തെയും കാമപൂരണത്തിനായി മാത്രം ജനിച്ചവർ എന്ന് വിധിയെഴുതാൻ തോന്നിപ്പിക്കുന്ന ആൺ സമൂഹത്തേയും ചേർത്തുവെയ്ക്കുകയാണ് ഉണ്ണി ആർ തന്റെ പുതിയ പുസ്തകത്തിലൂടെ. ലോകത്തെ സകലമാന അറിവുകളുമുള്ള കഥാപാത്രങ്ങൾക്ക്, പരസ്പരം ഇടപെടാനോ, ഉള്ളിലെ വികാരം പങ്കു വെയ്ക്കാനോ അറിയാതെ പോകുന്നുഎന്നത് തമാശയാണ്.
സ്വവർഗാനുരാഗിയായ ഒരുവനോടുള സ്നേഹത്തിന്റെ അടയാളമായി ഒരാൾ എഴുതുന്ന കത്ത് പോലുള്ള കഥയാണ് 'പ്രിയനേ വാഴ്ത്തപ്പെട്ട പാപീ’.
സ്ത്രീയും പുരുഷനും ഒരുമിച്ച് ആസ്വദിച്ചു ചേരുമ്പോഴേ രതി സമ്പൂർണമാകൂ എന്നും സ്ത്രീയുടെ സുഖവും സംതൃപ്തിയും കണക്കിലെടുക്കാതെയുള്ള രീതി വെറും ബാലാൽക്കാരം മാത്രമാണെന്നും എഴുത്തുകാരന് അറിയാത്തതാവില്ല. ഈ കഥാസമാഹാരം ലക്ഷ്യമിടുന്നത് ഗൗരവമുള്ള ഒരു വായനയല്ല, മറിച്ച് വളരെ തരളിതമായ രതിയുടെ സാധ്യകളെയാണ്. ഇതിലെ കഥകൾ മിക്കതും നേരത്തെ പ്രസിദ്ധീകരിച്ചതും വിവാദങ്ങൾ സൃഷ്ടിച്ചതുമാണ്. പ്രത്യേകിച്ച് രഞ്ജിത്ത് സിനിമയാക്കിയ ലീല എന്ന കഥ. യഥാർത്ഥ പ്രണയമായ സാഹിത്യ മേന്മയെ മറന്ന് ലൈംഗിക തൊഴിലിനു സമാനമായ ശ്രദ്ധയാകർഷിക്കൽ, കുറുക്കുവഴിയിലെ കച്ചവടം തുടങ്ങിയ മുതലാളിത്ത വിപണന തന്ത്രങ്ങൾക്ക് വശംവദനാകാൻ ഒരു നല്ല കഥാകാരൻ തയ്യാറായപ്പോൾ ഉണ്ടായ ഉല്പന്നമാണ് ‘അടങ്ങ് മലയാളീ’ എന്ന പുസ്തകം.