ഗാന്ധിപര്‍വം

ഗാന്ധിപര്‍വം

ഗാന്ധിജിയുടെ ജീവിതത്തിലെ സവിശേഷസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി വരുംകാലത്തിനു വേണ്ടി ഒരു ഐതിഹ്യത്തെ നിര്‍മിച്ച സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' എന്ന കഥയെക്കുറിച്ച് വി വിജയകുമാർ എഴുതുന്നു
Updated on
6 min read

മഹാത്മാഗാന്ധിയെ തിരിച്ചുപിടിക്കുകയെന്ന മുദ്രാസൂക്തം മുഴങ്ങുന്ന നാളുകളാണിത്. ഗാന്ധിജയന്തി ദിനത്തില്‍, ഇതേ ശീര്‍ഷകത്തില്‍ ബി രാജീവന്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. കേന്ദ്രത്തിലെ ഹിന്ദുത്വസര്‍ക്കാരിന്റെ നയസമീപനങ്ങളുടെ തുടര്‍ച്ചയില്‍, രാജ്യത്തെ ന്യൂനപക്ഷജനവിഭാഗങ്ങള്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും വീണ്ടും വീണ്ടും പ്രാന്തവല്‍ക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന നിര്‍ണായകമായ ഒരു സാഹചര്യത്തില്‍, ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധപ്രക്ഷോഭത്തിന്റെ കാലത്ത് ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടേയും വ്യത്യസ്തസ്വത്വങ്ങളെ ആദരിച്ചുകൊണ്ട് ഏകോദരസഹോദരങ്ങളെയെന്ന പോലെ അവരെ ഒരുമിപ്പിച്ചുനിര്‍ത്താന്‍ ശ്രമിച്ച സ്വാതന്ത്ര്യസമരത്തിന്റെ മഹാനേതാവെന്ന നിലയ്ക്ക്, ഇപ്പോള്‍ ഗാന്ധിജിയിലേക്ക് ഈ രാജ്യത്തിന്റെ ശ്രദ്ധയുണ്ടാകുകയെന്നത് സ്വാഭാവികമാണ്.

മറാത്തയില്‍ ബാലഗംഗാധര തിലകിന്റെയും ബംഗാളിലെ അനുശീലന്‍സമിതിയുടെയും ഒക്കെ കാര്‍മികത്വത്തില്‍ ഹൈന്ദവശക്തിയെ ഉദ്ദീപിപ്പിച്ച് നടത്തപ്പെട്ട വിഭാഗീയവും ഹിംസാപൂരിതവുമായ പ്രക്ഷോഭങ്ങളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബഹുസ്വരാത്മകവും ജനാധിപത്യപരവുമായ പ്രക്ഷോഭങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നത് ഗാന്ധിജിയുടെ സമര്‍ത്ഥവും തന്ത്രപരവുമായ ഇടപെടലുകളിലൂടെയാണ്. ഹിന്ദുത്വത്തിന്റെ ശക്തികളോട് ഗാന്ധിജി ഒരിക്കലും ബന്ധുത്വം പുലര്‍ത്തിയിരുന്നില്ലെന്ന കാര്യം സുവിദിതമാണ്.

തന്നോട് വലിയ വിയോജിപ്പുകള്‍ പുലര്‍ത്തിയിരുന്ന അംബേദ്കറോടോ മുഹമ്മദാലി ജിന്നയോട് പോലുമോ നിരന്തരം വലിയ സംവാദങ്ങള്‍ക്ക് തയാറായ മഹാത്മജി ഹിന്ദുത്വത്തിന്റെ വക്താക്കളായിരുന്ന സവര്‍ക്കറോടും ഗോള്‍വാള്‍ക്കറോടും മറ്റും സാര്‍ത്ഥകമായ സംവാദങ്ങള്‍ക്കോ ആശയവിനിമയത്തിനോ തയാറായിരുന്നില്ലെന്നത് സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. ഒഴിച്ചുനിര്‍ത്തേണ്ട വെറുപ്പിന്റെ ശക്തികളായി, പ്രതിലോമകാരികളായി ഗാന്ധിജി അവരെ മനസ്സിലാക്കിയിരുന്നിരിക്കണം.

ഈ ഗാന്ധിജയന്തി ദിനത്തില്‍ പുറത്തുവന്ന സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' എന്ന കഥയിലും ഗാന്ധിജിയെ തിരിച്ചുപിടിക്കാനുള്ള അബോധപ്രേരണകളാണ് പ്രവര്‍ത്തിക്കുന്നത്

ഹിന്ദുമതത്തിന്റെ ദാര്‍ശനികപാരമ്പര്യത്തെ ഹിന്ദുത്വശക്തികള്‍ക്ക് വിട്ടുകൊടുക്കാതെ സങ്കീര്‍ണവും വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ തന്റേതായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് സ്വന്തമാക്കാനും തന്റെ രാഷ്ട്രീയപ്രയോഗത്തിന്റെ ഭാഗമാക്കാനും ഗാന്ധിജിക്ക് കഴിയുന്നു. വിഭാഗീയശക്തികളുടെ കൈയ്യിലെ പ്രധാന ആയുധമായിരുന്ന ഭഗവത്ഗീതയെ അനാസക്തിയോഗമാക്കുന്ന മാന്ത്രികകലയിലൂടെ ഹിന്ദുക്കളുടെ പുണ്യഗ്രന്ഥത്തില്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്തതിനെ കണ്ടെത്തുകയോ ആരോപിക്കുകയോ ചെയ്തു, മഹാത്മജി. ഇന്ത്യയിലെ ഹിന്ദുജനവിഭാഗങ്ങളെ കോണ്‍ഗ്രസിനൊപ്പം അണിനിരത്തുന്നതില്‍ ഇത് വലിയ പങ്കാണ് വഹിച്ചത്.

ഹിന്ദുത്വവിഭാഗീയതയുടെ ഹിംസാസന്ദേശത്തെ മറികടക്കാനും ഇന്ത്യയുടെ സന്ദേശം അഹിംസയുടേതാണെന്ന് സ്ഥാപിക്കാനും ഗാന്ധിജിക്ക് കഴിയുന്നു. ഒരു പക്ഷേ, ബ്രാഹ്‌മണമതത്തിന്റെ സന്ദേശത്തിന് പകരം ഇന്ത്യയില്‍ ജന്മമെടുത്തെങ്കിലും അപ്രത്യക്ഷമായി കഴിഞ്ഞിരുന്ന ബുദ്ധമതത്തിന്റെ സന്ദേശത്തെ പുനരാനയിക്കുന്നു, അദ്ദേഹം. ഗാന്ധിജി ഹിന്ദുവിനെ നിരായുധമാക്കിയെന്നോ ദുര്‍ബലപ്പെടുത്തിയെന്നോയുള്ള ഹിന്ദുത്വവാദവിമര്‍ശനത്തിന്റെ; നാഥുറാം ഗോഡ്സെയുടെ വാക്കുകള്‍ ഓര്‍ക്കുക, പ്രകരണവും ഇതാണ്. തിലകിനെ പോലുള്ള ഹൈന്ദവദേശീയതാവാദികളില്‍നിന്ന് മാറി കോണ്‍ഗ്രസിന്റെ നേതൃത്വം ഗാന്ധിജിയുടെ കൈകളിലേക്ക് വരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലാണ്. ഒരു പക്ഷേ, വളരെ വിഭാഗീയവും രക്തപങ്കിലവുമാകുമായിരുന്ന ഒരു സന്ദര്‍ഭത്തെ ബഹുസ്വരാത്മകവും ജനാധിപത്യപരവുമായി പരിവര്‍ത്തിപ്പിച്ച സന്ദര്‍ഭമാണിത്.

ഗാന്ധിപര്‍വം
സ്വത്വപ്രതിസന്ധിയോ? നന്മയുടെ മരണമോ?

ഹിന്ദു, ഇസ്ലാം, സിഖ് മതവിഭാഗങ്ങളില്‍പ്പെട്ട മുഴുവന്‍ ജനങ്ങളുടെയും സ്വത്വങ്ങളെ ആദരിച്ചുകൊണ്ട് അവരെ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിലെ പങ്കാളികളാക്കാന്‍ മഹാത്മജിക്ക് കഴിഞ്ഞത് സൂക്ഷ്മദൃക്കായ രാഷ്ട്രീയനേതാവിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്. ഗാന്ധിജിയെ തിരിച്ചുപിടിക്കാനുള്ള സമകാലത്തിന്റെ വിളികളിലും ഗാന്ധിജിക്കുള്ള പ്രകീര്‍ത്തനങ്ങളിലും ആ പഴയകാലത്തിന്റെ ഓര്‍മകളുണ്ട്. ഈ ഗാന്ധിജയന്തി ദിനത്തില്‍ പുറത്തുവന്ന സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' എന്ന കഥയിലും ഗാന്ധിജിയെ തിരിച്ചുപിടിക്കാനുള്ള അബോധപ്രേരണകളാണ് പ്രവര്‍ത്തിക്കുന്നത്.

ക്രാഫ്റ്റില്‍ അനിതരസാധാരണമായ വൈദഗ്ധ്യം പുലര്‍ത്തിയിരുന്ന ഈ കഥാകാരന്റെ ആദ്യകാലത്തെ ആഖ്യാനങ്ങളെ 'ജ്ഞാനസ്നാനം' ഓര്‍മിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ, അതിലും മികച്ച ശില്‍പ്പവൈദഗ്ധ്യമാണ് സുഭാഷ് ചന്ദ്രന്‍ ഈ കഥയില്‍ പ്രകടിപ്പിക്കുന്നത്

സുഭാഷിന്റെ കഥയുടെ നിര്‍മാണത്തില്‍ ഈ ബാഹ്യയാഥാര്‍ത്ഥ്യം സ്വാധീനമായിട്ടുണ്ടാകാമെങ്കിലും അതിനെ പരിചരിക്കേണ്ടത് കഥയ്ക്കുള്ളിലെ മൂലകങ്ങള്‍ കൊണ്ടാണ്. ക്രാഫ്റ്റില്‍ അനിതരസാധാരണമായ വൈദഗ്ധ്യം പുലര്‍ത്തിയിരുന്ന ഈ കഥാകാരന്റെ ആദ്യകാലത്തെ ആഖ്യാനങ്ങളെ 'ജ്ഞാനസ്നാനം' ഓര്‍മിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ, അതിലും മികച്ച ശില്‍പ്പവൈദഗ്ധ്യമാണ് സുഭാഷ് ചന്ദ്രന്‍ ഈ കഥയില്‍ പ്രകടിപ്പിക്കുന്നത്. ഓരോ വാക്കും വളരെ കരുതലോടെ എടുത്തുപയോഗിച്ചതിന്റെ ശക്തിയും ചാരുതയും കഥയ്ക്ക് കൈവന്നിരിക്കുന്നുവെന്ന് ആദ്യമേ പറയണം.

ഗാന്ധിജിയുടെ ദണ്ഡി മാര്‍ച്ചിന്റെയും ഉപ്പുസത്യഗ്രഹത്തിന്റെയും കഥയാണിത്. ഉപ്പ് കുറുക്കുന്നതിന് മുന്നേ ദണ്ഡിയിലെ കടലില്‍ മുങ്ങുന്ന ഗാന്ധിജിയുടെ കര്‍മത്തെ ജ്ഞാനസ്നാനം എന്ന രൂപകം കൊണ്ട് കഥാകാരന്‍ സംബോധന ചെയ്യുന്നു. തന്റെ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും സത്യഗ്രഹങ്ങളെയും കൂടി സത്യത്തെ ഗ്രഹിക്കാനുള്ള മാര്‍ഗമായി കണ്ട മഹാത്മാവിന്റെ അന്തരാത്മാവിനെ അറിയുന്ന രൂപകമായി ആ വാഗ്‌സംയുക്തം മാറിത്തീരുന്നുണ്ട്. സത്യഗ്രഹം എന്ന വാക്കിനെ മഹാത്മജി രൂപപ്പെടുത്തുന്നത് തന്നെ സത്യത്തെ ഗ്രഹിക്കാനുള്ള കര്‍മം എന്ന നിലയ്ക്കാണല്ലോ? ജ്ഞാനസ്നാനം എന്ന കല്‍പ്പന യേശുവിനെയും സ്നാപകയോഹന്നാനെയും കൂടി നമ്മുടെ ഓര്‍മകളിലേക്കു കൊണ്ടുവരികയും മനുഷ്യരാശിയുടെ മഹാജ്യോതിസ്സുകളെ ബന്ധിപ്പിക്കുന്ന കണ്ണികളെ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഗാന്ധിപര്‍വം
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം
ഗണ്‍പത് റാവു ഗോഡ്സേ എന്ന പദയാത്രികന്റെ നാമം തന്നെ കഥയ്ക്കുള്ളില്‍ വിശ്ലേഷണത്തിനു വിധേയമാകുന്നുണ്ട്. ഗോഡ്സെ എന്ന പേര് നാഥുറാം ഗോഡ്സെയെ ഓര്‍മിപ്പിക്കുന്നുവെന്നതു മാത്രമല്ല, ഗണ്‍ എന്ന വാക്കിനെ വേര്‍തിരിച്ചെടുക്കുകയും അതിന്റെ ആംഗലഭാഷയിലെ അര്‍ഥത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ കഥയില്‍ തന്നെയുണ്ടെന്നുള്ളത് സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്

പതിനാറുകാരനായ വിത്തല്‍ ലീലാധര്‍ താക്കറുടെ അനുഭവങ്ങള്‍, സബര്‍മതിയില്‍നിന്ന് ആരംഭിക്കുന്നതു മുതല്‍ ദണ്ഡിയിലെ കടലില്‍ ജ്ഞാനസ്നാനം നിര്‍വഹിക്കപ്പെടുന്നത് വരെയുള്ള യാത്രയുടെ വിവരണങ്ങളായി കഥയില്‍ വായിക്കാം. ഗാന്ധിജിയോടൊപ്പം പദയാത്ര നടത്തുന്ന പണ്ഡിറ്റ് ഖരേ, ലീലാധര്‍ താക്കര്‍, ദുര്‍ഗേഷ് ചന്ദ്രദാസ്, രാംജിഭായി വാങ്കര്‍, ഗണ്‍പത് റാവു ഗോഡ്സേ, മഹാദേവ് ദേശായി, കൃഷ്ണന്‍, രാഘവന്‍, ശങ്കരന്‍, ടൈറ്റസ്, കാന്തിലാല്‍ ഗാന്ധി, ഹരിഭായി, പുരതന്‍, രസിക് ദേശായി, രമണിക് ലാല്‍, അബ്ബാസ് വര്‍ത്തേജി, ശങ്കര്‍, ഖരേഗ് ബഹാദുര്‍ സിങ്, ഹരഖ് ജി, സരോജിനി നായിഡു എന്നിവരുടെ പേരുവിവരങ്ങള്‍ കഥയില്‍ എഴുതപ്പെടുന്നുണ്ട്. വ്യത്യസ്തമായ നാടുകളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നും വന്ന വ്യത്യസ്ത മതങ്ങളില്‍പ്പെട്ട പദയാത്രികര്‍ ഇന്ത്യയുടെ ബഹുസ്വരാത്മകസമൂഹത്തിന്റെ പ്രതിനിധികളാണെന്നു നാം മനസിലാക്കുന്നുണ്ട്. ലീലാധറുടെ ഗാന്ധിജിയോടുള്ള ഭക്തിയോളമെത്തുന്ന ആദരവിന്റെ അന്തരീക്ഷം കഥയിലെമ്പാടും നിലനില്‍ക്കുന്നു. വ്യാഖ്യാനങ്ങള്‍ക്കും പ്രശ്നീകരണങ്ങള്‍ക്കുമുള്ള സാധ്യതകള്‍ തുറക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളെ കഥാകാരന്‍ നിര്‍മിച്ചെടുക്കുന്നു.

ഗണ്‍പത് റാവു ഗോഡ്സേ എന്ന പദയാത്രികന്റെ നാമം തന്നെ കഥയ്ക്കുള്ളില്‍ വിശ്ലേഷണത്തിനു വിധേയമാകുന്നുണ്ട്. ഗോഡ്സെ എന്ന പേര് നാഥുറാം ഗോഡ്സെയെ ഓര്‍മിപ്പിക്കുന്നുവെന്നതു മാത്രമല്ല, ഗണ്‍ എന്ന വാക്കിനെ വേര്‍തിരിച്ചെടുക്കുകയും അതിന്റെ ആംഗലഭാഷയിലെ അര്‍ഥത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ കഥയില്‍ തന്നെയുണ്ടെന്നുള്ളത് സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. ഗണ്‍പത് റാവു രമണിക് ലാലുമായി നടത്തുന്ന സംഭാഷണങ്ങളില്‍ പദയാത്രികരിലെ മുസ്ലിങ്ങളുടെ എണ്ണവും മറ്റും പരാമര്‍ശിക്കപ്പെടുന്നു. ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ അബോധത്തിലെങ്കിലും ഉള്ളില്‍ പേറുന്നവര്‍ കൂടി ഗാന്ധിജിയുടെ സമരസേനയിലുണ്ടായിരുന്നുവെന്ന് ഈ സൂചകങ്ങളിലൂടെ കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ഗണ്‍, ഗോഡ്സെ എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഗാന്ധിവധത്തിന്റെ പ്രകരണത്തിലേക്ക് വരെ ഈ പ്രശ്നീകരണങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

ഇന്ത്യയിലെ 20 ശതമാനത്തിലേറെ വരുന്ന മുസ്ലിം ജനതയെ രാജ്യത്തിന്റെ കേന്ദ്രത്തില്‍നിന്ന് വിഭജിച്ച് മാറ്റിനിര്‍ത്താന്‍, പാര്‍ശ്വവല്‍ക്കരിക്കാന്‍ ഭരണയന്ത്രം തന്നെ പദ്ധതീകൃതമായി ശ്രമിക്കുന്ന നാളുകളില്‍ സുഭാഷ് ചന്ദ്രന്റെ ആഖ്യാനത്തിലെ ഗാന്ധിജിയുടെ ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്, ഉന്നതമായ മാനങ്ങളുണ്ട്

കഥയുടെ മര്‍മപ്രധാനമായ ഒരു ഭാഗം അമോദ് എന്ന സ്ഥലത്തുവച്ചുള്ള ലീലാധറിന്റെ അനുഭവവും അത് അയാള്‍ തന്റെ കുറിപ്പുകളുടെ പുസ്തകത്തില്‍ എഴുതുന്നതും ഗാന്ധിജി അത് വായിക്കുന്നതുമാണ്. ബാപ്പു മൗനം നോക്കുന്ന ദിവസമായിരുന്നു, അന്ന്. ഉച്ചക്ക്, പദയാത്രക്കിടയില്‍ ഒരു റെയില്‍പ്പാളം മുറിച്ചുകടക്കുമ്പോള്‍ ഗാന്ധിജിയുടെ വിരലുകള്‍ക്കു മുറിവേറ്റു. വൈകിട്ട് ഗാന്ധിജിയോട് സുഖാന്വേഷണം നടത്തണമെന്ന ആഗ്രഹവുമായി ലീലാധര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നുണ്ട്. അപരിചിതവും ഹൃദ്യവുമായ സുഗന്ധം നിറഞ്ഞുനില്‍ക്കുന്നിടത്തേക്കാണ് അവന്‍ കടന്നുചെല്ലുന്നത്. നീണ്ടു നരച്ചതാടിയുള്ള, തൊപ്പിധരിച്ച വൃദ്ധന്‍ ബാപ്പുവിന്റെ കാല്‍ക്കീഴില്‍ ചമ്രം പടിഞ്ഞിരുന്ന് മുറിവുപറ്റിയ വിരലുകള്‍ ഉഴിയുന്നതാണ് അവന്‍ കാണുന്നത്. ആ വൃദ്ധന്‍ പറയുന്നു. ''സുബ്ഹാനള്ളാ, അങ്ങയുടെ മുറിവ് ഉണക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ ഈ മഹാരാജ്യത്ത് ജീവിച്ചിരുന്നിട്ടെന്തു കാര്യം?'' കാല്‍ ഉഴിയുന്നതിന്നിടയില്‍ ബാപ്പുവിന്റെ മുറിവിലെ ചോരത്തുള്ളിയിലേക്ക് ആ വൃദ്ധന്റെ വിയര്‍പ്പുകണം വീഴുന്നു. ഓ എന്ന ബാപ്പുവിന്റെ ഞരക്കം ലീലാധര്‍ ഓം എന്നു വിവര്‍ത്തനം ചെയ്യുന്നു. വൃദ്ധന്റെ വിയര്‍പ്പുകണത്തിലെ ഉപ്പ് ഉപ്പുസത്യഗ്രഹിയുടെ വേദനയെ പിന്നീട് ശമിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ വിവരണം ലീലാധറിന്റെ കുറിപ്പില്‍നിന്ന് വായിക്കുന്ന ബാപ്പു ഇടയ്ക്ക് മുസ്ലിം വൃദ്ധന്‍ എന്ന വാക്കില്‍ തടഞ്ഞുനില്‍ക്കുന്നു. അദ്ദേഹത്തിന് ഒരു പേരില്ലേയെന്ന് ബാപ്പു അവനോട് ചോദിക്കുന്നു. എല്ലാറ്റിലും ബാപ്പുവിനെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന ലീലാധര്‍ ആളുകളെ ജാതിപ്പേരിലും മതപ്പേരിലും ഓര്‍ക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യരുതെന്ന ഗാന്ധിയുടെ ആശ്രമത്തിലെ നിയമം എന്തുകൊണ്ട് ലംഘിച്ചുവെന്നത് അവന്റെ മനസ്സിനെ മാത്രം കുഴക്കുന്ന, പിടയ്ക്കുന്ന ചോദ്യമല്ല, അത് ഇപ്പോഴും മുഴങ്ങുകയും നമ്മെയൊക്കെ പിന്തുടരുകയും ചെയ്യുന്ന ഒന്നത്രേ!

ഗാന്ധിപര്‍വം
'മുതലാണുലകം'; മറ്റെല്ലാം മിഥ്യയെന്നതിലൂന്നിയാണ്

ഹിന്ദുത്വവാദം സൃഷ്ടിക്കുന്ന അപരവല്‍ക്കരണം ഉപ്പുസത്യഗ്രഹത്തിന്റെ കാലത്തും നിലനില്‍ക്കുന്നുണ്ടായിരുന്നു. അത് സത്യഗ്രഹസേനയിലെ ഗണ്‍പത് റാവു ഗോഡ്സേയില്‍ മാത്രമല്ല, ആദര്‍ശവാനായ ലീലാധറിന്റെ അബോധങ്ങളിലുമുണ്ടായിരുന്നു. ഇപ്പോള്‍, അത് കൂടുതല്‍ മാരകമായ രീതിയില്‍ വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ 20 ശതമാനത്തിലേറെ വരുന്ന മുസ്ലിം ജനതയെ രാജ്യത്തിന്റെ കേന്ദ്രത്തില്‍നിന്ന് വിഭജിച്ച് മാറ്റിനിര്‍ത്താന്‍, പാര്‍ശ്വവല്‍ക്കരിക്കാന്‍ ഭരണയന്ത്രം തന്നെ പദ്ധതീകൃതമായി ശ്രമിക്കുന്ന നാളുകളില്‍ സുഭാഷ് ചന്ദ്രന്റെ ആഖ്യാനത്തിലെ ഗാന്ധിജിയുടെ ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്, ഉന്നതമായ മാനങ്ങളുണ്ട്. ഗാന്ധിജി ഈ അപരവല്‍ക്കരണത്തെ ചികിത്സിക്കാന്‍ ശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിരുന്നുവല്ലോ. ഗാന്ധിജിയെ തിരിച്ചുപിടിക്കണമെന്ന മുദ്രാസൂക്തങ്ങളോടൊപ്പം സുഭാഷ്ചന്ദ്രന്റെ ആഖ്യാനം പങ്കുചേരുന്ന സന്ദര്‍ഭവും ഇതായിരിക്കണം. ഗാന്ധിജിയുടെ കാലിലെ മുറിവിനെ പരിചരിച്ച വൃദ്ധനെ സംബോധന ചെയ്യാന്‍ അമോദി എന്ന വാക്കിനെ കണ്ടെത്തുന്ന ലീലാധറിനെ പിന്നീട് നാം ആഖ്യാനത്തില്‍ വായിക്കുന്നുണ്ട്. അമോദി എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? സന്തോഷചിത്തന്‍ എന്ന് സാമാന്യമായ അര്‍ത്ഥം പറയാം. മലയാളത്തില്‍, ഇപ്പോള്‍ അത് മോദി അല്ലാത്തവന്‍ എന്നത്രേ! സമകാല ഇന്ത്യയിലെ മോദിരാഷ്ട്രീയത്തിനെതിരായ ഒരു ശബ്ദം കഥയില്‍നിന്ന് ഉയര്‍ന്നു വരുന്നു. വാക്കുകളെ കൗശലപൂര്‍വം ഉപയോഗിക്കാനുള്ള കഥാകാരന്റെ ത്വര ഈ ഭാഗത്തു തെളിയുന്നുണ്ട്. സര്‍ഗാത്മകസാഹിത്യത്തില്‍ അത് കൃത്രിമത്വത്തിന്റെ അനുഭവമാണ് നല്‍കുന്നതെന്നു പറയുന്നവരുണ്ടാകും.

സുഭാഷ് ചന്ദ്രന്റെ ആഖ്യാനം മഹാത്മാഗാന്ധിയുടെ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ പ്രകീര്‍ത്തനങ്ങള്‍ക്കപ്പുറം ഗാന്ധിജിക്കെതിരായ വിമര്‍ശസ്വരങ്ങള്‍ കഥയില്‍നിന്ന് കേള്‍ക്കുന്നുണ്ടോ? ആരും വിമര്‍ശത്തിന് അതീതരല്ല. പ്രകീര്‍ത്തനങ്ങളല്ല, വിമര്‍ശം തന്നെയാണ് പ്രധാനം. ആത്യന്തികമായി വിമര്‍ശവും സ്വയം വിമര്‍ശവുമാണ് പുതിയ വഴികള്‍ തുറക്കുക! അഹിംസയുടെ വലിയ ദൂതനായിരുന്ന ഗാന്ധിജിയില്‍ ഹിറ്റ്ലറേക്കാളും ഹിംസാത്മകതയുണ്ടെന്ന് ഈയിടെ ഉച്ചത്തില്‍ പറഞ്ഞത് പ്രമുഖ തത്ത്വചിന്തകനായ സ്ലാവോജ് സിസെക്ക് ആണ്. ഇപ്പോള്‍, വൈക്കം സത്യഗ്രഹത്തെക്കുറിച്ചും സനാതനധര്‍മത്തെക്കുറിച്ചും വിശദവും വ്യാപകവുമായ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഗാന്ധിജി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഇണ്ടംതുരുത്തി നമ്പൂതിരിയുടെ മനയ്ക്കു പുറത്തിരുന്നുകൊണ്ട് താന്‍ സനാതനധര്‍മവിശ്വാസിയാണെന്ന് പറഞ്ഞ ഗാന്ധിജി എന്തെല്ലാം സംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകില്ല! സനാതനധര്‍മവിശ്വാസിയാണെങ്കില്‍, പൂര്‍വജന്മത്തിലെ കര്‍മഫലം കൊണ്ട് നായയേക്കാളും നികൃഷ്ടരായി ക്ഷേത്രത്തിന് മുന്നിലെ വഴിയില്‍ നടക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ദളിതരെന്ന വിശ്വാസത്തെ നിങ്ങള്‍ സ്വീകരിക്കണമെന്ന ഇണ്ടംതുരുത്തി നമ്പൂതിരിയുടെ വിധിയെ ഗാന്ധിജി എങ്ങനെയാണ് കേട്ടിരുന്നത്? അംബേദ്കര്‍ മുന്നോട്ടുവച്ച പ്രാതിനിധ്യപങ്കാളിത്തത്തെക്കുറിച്ചുള്ള ആശയങ്ങളില്‍നിന്ന് മുഖം തിരിച്ച ഗാന്ധിജി വലിയ വിമര്‍ശത്തിന് അര്‍ഹനായിരുന്നു. പരസ്പരം വിലയിക്കാന്‍ വിസമ്മതിക്കുന്ന നിരവധി വൈരുധ്യങ്ങളുടെ കൂടായിരുന്നു, ഗാന്ധിജി. ഹൈന്ദവജനതയെ ഒപ്പം നിര്‍ത്തുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളെന്നതിലുപരി അതിനു മാനങ്ങളുണ്ടായിരുന്നില്ലേ? തീര്‍ച്ചയായും! ഗാന്ധിജിയും വിമര്‍ശങ്ങളോടെ മാത്രം സ്വീകരിക്കപ്പെടേണ്ട മഹാത്മാവാണ്. രാഷ്ട്രീയത്തില്‍ ആത്മീയമൂല്യങ്ങളെ സ്ഥാപിക്കുന്നതിന് അതിനെ മതവുമായി ബന്ധിപ്പിക്കാവുന്നതാണെന്ന തന്റെ വീക്ഷണത്തെ കുറിച്ച് ഗാന്ധിജി അവസാനനാളുകളില്‍ പശ്ചാത്തപിച്ചിരുന്നുവത്രേ!

ഗാന്ധിജിയെ പ്രകീര്‍ത്തിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സുഭാഷ് ചന്ദ്രന്റെ ആഖ്യാനവും വിമര്‍ശമുക്തമായിരിക്കുന്നില്ല. ഒരു ആഖ്യാനവും വിശുദ്ധമായ പദങ്ങളില്‍ മാത്രം എഴുതപ്പെടുന്നില്ലല്ലോ?

'ജ്ഞാനസ്നാന'ത്തില്‍ ചലച്ചിത്രദൃശ്യമെന്ന പോലെ നമ്മുടെ മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്ന സമുദ്രസ്നാനം ഓര്‍ക്കുക. ഗാന്ധിജിയുടെ സ്നാനത്തിനുള്ള സഹചാരികളായി ഇളംമുറക്കാരായ ലീലാധര്‍ താക്കറേയും ഹരഖ് ജിയേയുമാണ് പണ്ഡിറ്റ് ഖരേ നിര്‍ദേശിച്ചിരുന്നത്. അബ്ബാസ് വര്‍ത്തേജിയും കൂടെ വരട്ടെയെന്ന് അവസാനനിമിഷം ഗാന്ധിജി പറയുന്നതായി കഥാകാരന്‍ കല്‍പ്പന ചെയ്തിരിക്കുന്നു. കഥയില്‍ എഴുതപ്പെടുന്നത് ഇങ്ങനെയാണ്: ''അബ്ബാസിനെ ഇടതുകൈയിലും ലീലാധറിനെ വലതുകൈയ്യിലും ചേര്‍ത്ത് നരച്ച ഇരുട്ടിലൂടെ മഹാത്മാവ് തിരകളെ കവച്ച് കുളിക്കാനിരങ്ങി. ബാപ്പുവിന്റെ ലോട്ടയും കുളിച്ചു മാറാനുള്ള ഒരു ജോഡി മുണ്ടും പിടിച്ച് ഹരഖ് ജി പിന്നില്‍ ചെന്നു.'' മൂന്നാമതൊരാളെ കൂടി തന്റെ സമുദ്രസ്നാനത്തിനു കൂട്ടായി തെരഞ്ഞെടുത്ത ഗാന്ധിജി അവര്‍ക്ക് നല്‍കിയ സ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. ലീലാധറിനേയും അബ്ബാസിനേയും ഇടത്തും വലത്തും കൂട്ടുന്ന ഗാന്ധിജി ദളിതനായ ഹരഖ്ജിയെ സ്പര്‍ശിക്കുന്നില്ല. അയാള്‍ അസ്പര്‍ശ്യനാണ്. നൂറ്റാണ്ടുകളായി അസ്പര്‍ശ്യനായിരുന്നവന്‍ ഈ സമരമുഹൂര്‍ത്തത്തിലും അസ്പര്‍ശ്യനായി തുടരുന്നു. അയാള്‍ക്ക് നിര്‍വഹിക്കാനുള്ളത് ഗാന്ധിജിക്ക് ഒപ്പം നടക്കുന്ന പ്രവൃത്തിയല്ല. അയാള്‍ പിന്നാലെ നടക്കണം. അയാള്‍ ലോട്ട ചുമക്കേണ്ടുന്ന ദാസ്യപ്പണിയാണ് നിര്‍വഹിക്കേണ്ടത്. ഇന്ത്യയില്‍ വിരുദ്ധചേരികളിലായി പ്രത്യക്ഷപ്പെട്ടിരുന്ന രണ്ട് ജനവിഭാഗങ്ങളുടെ പ്രതിനിധികളെയാണ് ഗാന്ധിജി കൂടെക്കൂട്ടുന്നതെന്നു പറയാമെങ്കിലും വലിയ ജനസമൂഹങ്ങളുടെ പ്രതിനിധികളെയല്ല, ഗാന്ധി ഇടത്തും വലത്തും കൂട്ടുന്നത്. തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം അതായിരുന്നെങ്കില്‍, ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ദളിതനെ ബാപ്പുവിന് ഇടത്തോ വലത്തോ കൂട്ടേണ്ടി വരുമായിരുന്നു. യാദൃച്ഛികമെങ്കിലും അതിസൂക്ഷ്മമായി തീര്‍ന്ന ഈ കല്‍പ്പനയിലൂടെ, ചിഹ്നവിന്യാസങ്ങളിലൂടെ, മഹാത്മാവിന്റെ സനാതനധര്‍മബോധത്തിനെതിരായിട്ടാണ് കഥാകാരന്‍ പേന ചലിപ്പിച്ചത്. ഇതാകട്ടെ, വൈക്കം സത്യഗ്രഹത്തിന്റെ സന്ദര്‍ഭത്തിലും അംബേദ്കറുമായുള്ള സംവാദങ്ങളിലും മറ്റും ഗാന്ധിജി പുലര്‍ത്തിയ തിരസ്‌കാരമനോഭാവങ്ങളോടും മൗനങ്ങളോടുമുള്ള പ്രതിഷേധമായി കൂടി ഉയര്‍ന്നു കേള്‍ക്കുന്നതുമാണ്.

ഗാന്ധിജിയെ പ്രകീര്‍ത്തിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സുഭാഷ് ചന്ദ്രന്റെ ആഖ്യാനവും വിമര്‍ശമുക്തമായിരിക്കുന്നില്ല. ഒരു ആഖ്യാനവും വിശുദ്ധമായ പദങ്ങളില്‍ മാത്രം എഴുതപ്പെടുന്നില്ലല്ലോ? ലീലാധറുടെ സ്വപ്നങ്ങളിലും വിചാരങ്ങളിലും കടന്നുവന്ന് ബാപ്പുവിനെ അയാളുടെ അച്ഛനോട് സാത്മീകരിക്കുന്ന ആഖ്യാനസന്ദര്‍ഭങ്ങള്‍ കഥാകാരന്റെ കേന്ദ്രകര്‍തൃത്വത്തിലുള്ള വിശ്വാസങ്ങളുടെ പ്രഖ്യാപനമാണ്. സുഭാഷ്ചന്ദ്രന്റെ രചനകളില്‍ പലപ്പോഴും കടന്നുവരുന്ന ആത്മാംശത്തിന്റെ പ്രത്യക്ഷീകരണവുമാണത്. ചില കഥകളില്‍, അത് കൃതിക്ക് ലാവണ്യദായകമായി തീരാറുണ്ടെങ്കിലും ഇവിടെ അത് ഋണാത്മകഫലമാണ് സൃഷ്ടിക്കുന്നത്.

സുഭാഷ് ചന്ദ്രന്റെ കഥ സംവാദത്തിന്റെ അനേകം സാധ്യതകളെ തുറന്നിടുന്നു. പാഠാന്തരസമൃദ്ധി കൊണ്ട് അനുഗൃഹീതമാകുന്നതിലും വലുതായി മറ്റൊന്നും ഒരു കഥാഖ്യാനത്തിന് നേടാനില്ല. സുഭാഷിന്റെ കഥ അത് കരസ്ഥമാക്കിയിരിക്കുന്നു

'ജ്ഞാനസ്നാന'ത്തിന്റെ സുപ്രധാനമുഹൂര്‍ത്തത്തില്‍ ഗാന്ധിജി പറയുന്നതായി എഴുത്തുകാരന്‍ നല്‍കുന്ന വാക്കുകളിൽ വീഴ്ചകളുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണ് ഉപ്പ് സമരായുധമാക്കുന്നതെന്ന യുവാക്കളുടെ ചോദ്യത്തിന് മഹാത്മാവ് മറുപടി പറയുകയാണ്. ജീവോ ജീവസ്യ ജീവാനി എന്നൊരു പ്രമാണമുണ്ട്. പ്രകൃതിയില്‍ ജീവനുള്ളതെല്ലാം ആശിക്കുന്നത് ജീവനുള്ളതിനെ തന്നെയാണ്. അങ്ങനെയല്ലാത്ത ഒന്നിനെ മനുഷ്യന്‍ ഭക്ഷിക്കുന്നുണ്ടെന്ന് മഹാത്മജി പറയുന്നു. അത് ഉപ്പാണെന്ന് യുവാക്കള്‍ തിരിച്ചറിയുന്നു. മനുഷ്യനെ ജന്തുവില്‍നിന്നദ ഉയര്‍ത്തിയത് ഈ അജൈവവസ്തുവാണെന്ന് ഗാന്ധിജി അവരോടു പറയുന്നു. സമുദ്രസ്നാനത്തിന്നിടയിലെ ഈ സംവാദം എത്തിച്ചേരുന്നത് മനുഷ്യന്റെ/മനുഷ്യത്വത്തിന്റെ അനിവാര്യതയെക്കുറിച്ചു പറയുന്ന അത്യന്തം സത്താവാദപരമായ ഒരു നിലപാടിലാണ്. 'നിന്നിലെ ഉപ്പായിരിക്കുമേ മുത്തശ്ശിയെന്നും' എന്ന കാവ്യശകലം വായിച്ചവര്‍ക്കെങ്കിലും ഈ വാഖ്യാനത്തോട് യോജിക്കാനാകുമെന്നു തോന്നുന്നില്ല. സത്താവാദത്തിന്റെ പ്രതിലോമപരതയെ തിരിച്ചറിയുന്നവരും ഈ വ്യാഖ്യാനം സ്വീകരിച്ചേക്കില്ല! മറ്റു ജീവികള്‍ ഉപ്പു ഭക്ഷിക്കുന്നില്ല എന്ന ധാരണയിലും പിശകുകളുണ്ട്. എല്ലാ മൃഗങ്ങള്‍ക്കും അതിജീവിക്കുന്നതിന് ഉപ്പ് വേണം. കുടിക്കുന്ന വെള്ളത്തിലൂടെയോ ഇതരരൂപങ്ങളിലോ എല്ലാ ജന്തുക്കളും ഉപ്പിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വളരെ അയുക്തികവും സത്താവാദപരവുമായ ഒരു വ്യാഖ്യാനമാണ് ഇവിടെ എഴുത്തുകാരന്‍ നിര്‍വഹിക്കുന്നത്.

ഭൂമിയിലെ ജീവികളുടെ ഭക്ഷണശൃംഖലയുടെ ചാക്രികവലയത്തില്‍ ഉപ്പ് എപ്പോഴുമുണ്ടായിരുന്നു. ഇതില്‍, മനുഷ്യന്റെ സവിശേഷവും അനിവാര്യവുമായ ഒരു സംഭാവനയുമില്ല. മനുഷ്യന്‍ ശുദ്ധരൂപത്തില്‍ ഉപ്പിനെ വേര്‍തിരിച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് വ്യാഖ്യാനമെങ്കില്‍, പഞ്ചസാരയെയും അനേകം ഔഷധങ്ങളെയും കുറിച്ചും ഇതു പറയാന്‍ കഴിയും. ശുദ്ധമായ രാസവസ്തുക്കളുടെ നിര്‍മാണം ശാസ്ത്രനാഗരികതയുടെ സംഭാവനയാണ്. ഗാന്ധിജി അതിനോട് വലിയ മമത കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഉപ്പിനെക്കുറിച്ചുള്ള ഈ വ്യാഖ്യാനം ഗാന്ധിയന്‍ ദര്‍ശനത്തോട് അനല്‍പ്പമായി വൈരുധ്യത്തിലാകുന്നതുമാണ്. 'ജ്ഞാനസ്നാന'ത്തില്‍, ഗാന്ധിയും സമരഭടന്മാരും സത്യജ്ഞാനം ആര്‍ജ്ജിക്കുന്നത് ഈ വൈരുധ്യത്തിന്റെ മറവിലാണെന്നത് കഥയുടെ മാറ്റുകുറയ്ക്കുന്നുണ്ട്.

സുഭാഷ് ചന്ദ്രന്റെ കഥ സംവാദത്തിന്റെ അനേകം സാധ്യതകളെ തുറന്നിടുന്നു. പാഠാന്തരസമൃദ്ധി കൊണ്ട് അനുഗൃഹീതമാകുന്നതിലും വലുതായി മറ്റൊന്നും ഒരു കഥാഖ്യാനത്തിന് നേടാനില്ല. സുഭാഷിന്റെ കഥ അത് കരസ്ഥമാക്കിയിരിക്കുന്നു. ആത്മീയത തുളുമ്പുന്ന വാക്യങ്ങള്‍ - 'അറിയാമോ, ബാപ്പു നമ്മളെ പോലെ പ്രാര്‍ത്ഥിക്കുകയല്ല, ദൈവവുമായി അഭിമുഖസംഭാഷണം നടത്തുകയാണ്.', ലാവണ്യപൂരിതമായ കല്‍പ്പനകള്‍ - 'ചര്‍ക്കയുടെ മുഖചക്രം പോലെ വെളിപ്പെട്ടു തുടങ്ങുന്ന സൂര്യന്‍. നരച്ച ആകാശത്തില്‍ അങ്ങിങ്ങു പാറിക്കിടക്കുന്ന വെണ്‍മേഘങ്ങളുടെ പരുത്തിത്തുണ്ടുകള്‍...ഗഗനദൃശ്യത്തിന്റെ ഗാംഭീര്യം പൊറാനാവാതെ പതിനാറുകാരന് ദേഹം ഉടുമ്പിച്ചു', പാരിസ്ഥിതികവും അര്‍ത്ഥശാസ്ത്രപരവുമായ ധ്വനികള്‍ നിറഞ്ഞിരിക്കുന്ന ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ചുരുക്കെഴുത്തുകള്‍ - 'മണ്ണടിഞ്ഞ കോടിക്കണക്കിനു ജീവജാലങ്ങളെ കാലം ഭൂഗര്‍ഭത്തിലിട്ടു വാറ്റിയെടുക്കുന്നതാണ് പെട്രോള്‍ എന്നു നിങ്ങള്‍ വിളിക്കുന്ന ശിലാതൈലം...അതിന്റെ ഉടമസ്ഥത നീട്ടി ഒരു പാവം പദയാത്രികനെ പ്രലോഭിപ്പിക്കാതിരിക്കുക.'

സുഭാഷ് ചന്ദ്രന്റെ കഥ വളരെ സാര്‍ത്ഥകമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്നു. അത് ഗാന്ധിജിയുടെ ജീവിതത്തിലെ സവിശേഷസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി വരുംകാലത്തിനു വേണ്ടി ഒരു ഐതിഹ്യത്തെ നിര്‍മിച്ചിരിക്കുന്നു. കേരളീയരെ ഭേദിച്ചുകൊണ്ട് ഈ ഐതിഹ്യം പ്രചരിതമാകും. മലയാളത്തിലെ ആരിലും കുറയാത്ത കഥാകാരനാണ് താനെന്ന് സുഭാഷ്ചന്ദ്രന്‍ വീണ്ടും തെളിയിക്കുന്നു.

logo
The Fourth
www.thefourthnews.in