'എവിടെ ജോണ്‍?': കവിതയും ചരിത്രവും സിദ്ധാന്തങ്ങളും
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'എവിടെ ജോണ്‍?' മലയാളഭാഷയിലെ അനന്യമായ ഒരു കവിതയാണ്. ഭാവ, വൈകാരികവിക്ഷുബ്ധതകളുടെ പ്രവാഹമായി മാറുന്ന കവിത. ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നതോ താരതമ്യം ചെയ്യാവുന്നതോ ആയ ഒരു കവിത മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല. അത് വായനക്കാരിലും കേള്‍വിക്കാരിലും ഒരു സ്ഫോടനം സൃഷ്ടിക്കുന്നു. കവിതയ്ക്കുള്ളിലെ സ്ഫോടനത്തിന്റെ തുടര്‍ച്ചയാണത്.
ഫാദര്‍ ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്നിരുന്ന 'ഉപാസന'യുടെ ഒരു ഞായറാഴ്ച വൈകുന്നേരത്തെ വേദിയില്‍, പുറത്തേക്കു ഏറെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചിരുന്ന യുവകവി തന്റെ ഇരമ്പുന്ന ശബ്ദത്തില്‍ (ആ ശബ്ദം പാറ മേല്‍ ചിരട്ടയിട്ടുരയ്ക്കുന്ന ശബ്ദമാണെന്നു പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് ആ വേദിയില്‍ അയാള്‍ പറയുന്നുണ്ട്) 'എവിടെ ജോണ്‍?' ചൊല്ലുന്നതു സമ്മിശ്രമായ ഒരുനൂറുവികാരങ്ങളോടെ; പൊട്ടുന്ന കരച്ചില്‍ അടക്കിയും തല കൈകള്‍ കൊണ്ടു പൊത്തിപ്പിടിച്ചും കുമ്പിട്ടും ഇപ്പോള്‍ ഇറങ്ങി ഓടിക്കളയുമോയെന്നു സ്വയം ഭയപ്പെട്ടും കവിയുടെ കാലുകളില്‍ ചെന്നു വീഴാന്‍ മോഹിച്ചും, കേട്ടിരുന്നത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. 'എവിടെ ജോണ്‍?' എന്ന കവിതയെക്കുറിച്ചുള്ള ചില വിചാരങ്ങളാണിത്.
കൊടികളെല്ലാം ഉപേക്ഷിച്ച്, രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ദര്‍ശനങ്ങളൊന്നിന്റെയും ഭാരങ്ങളില്ലാതെ, തന്നെ നിര്‍മിക്കുന്ന എല്ലാ കോശങ്ങളെയും തരിശാക്കിയിട്ട്, വിഹ്വലപഥങ്ങളിലൂടെയുള്ള ദീര്‍ഘ ദു:ഖസഞ്ചാരങ്ങള്‍ അവസാനിപ്പിച്ച് കവി വീണ്ടും നഗരത്തിലേക്കു വരികയാണ്, ഒരു മഞ്ഞസന്ധ്യയില്‍. കാലത്തിന് മഞ്ഞ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍, അവന് പിച്ചളക്കണ്ണുകള്‍. അലിവില്ലാത്ത ലോഹത്തിന്റെ നോട്ടം അവന്‍ പഠിച്ചിരിക്കുന്നു. പഴയതെല്ലാറ്റിനോടും കഠിനഹൃദയം വേണമെന്ന ദൃഢനിശ്ചയം അവനിലുണ്ട്. എന്നിട്ടും, എല്ലാറ്റിനെയും തൂത്തുവാരിക്കളഞ്ഞ് ശൂന്യമാക്കിയിട്ടും അയാള്‍ എന്തിനായോ തിളയ്ക്കുന്നുണ്ട്. ഇപ്പോഴും കോപിക്കുന്നുണ്ട്. ഇപ്പോഴും പഴയതെന്തോ അവനില്‍ ഉറങ്ങി കിടക്കുന്നുണ്ട്. തന്നിലെ പഴയതൊന്നും വിളിച്ചുണര്‍ത്തരുതെന്ന് ഇയാള്‍ നഗരത്തോടു കേഴുന്നു. ഭ്രാന്തനെന്ന് സ്വയം മനസ്സിലാക്കുന്ന ഭ്രാന്തനാണ്, അയാള്‍. തലയിലെ തീ അണയാന്‍ വൈദ്യുതാഘാതം വേണമെന്ന് തിരിച്ചറിയുന്നവന്‍. എഴുപതുകളുടെ അന്ത്യത്തിലെ സജീവമനസ്സുള്ള യൗവ്വനം അയാളായിരുന്നു; അല്ലെങ്കില്‍, ഈ കവിയെ പോലുള്ളവര്‍. തങ്ങളെ ബാധിച്ച ഭ്രാന്തിനെ അവര്‍ക്ക് അറിയാമായിരുന്നു. അതിനെയും പേറി, താലോലിച്ച് അവര്‍ നടന്നു, ഇനി ഒട്ടും മുന്നോട്ടേക്കാവില്ലെന്ന് എന്നറിയും വരെ. ഇപ്പോള്‍, എല്ലാം ഒഴിച്ചു കളഞ്ഞിട്ടും അവന്‍ ജോണിനെ തേടി വരികയാണ്. കവിയില്‍ തിളയ്ക്കുന്നത് ജോണ്‍ തന്നെ. ജോണ്‍ സുതാര്യന്‍. അവന് മേല്‍വിലാസമില്ല, എവിടെയും കണ്ടുമുട്ടാവുന്നവന്‍. അവന് വിശപ്പില്ല.
എന്തിന് ജോണ്‍? ആരായിരുന്നു ജോണ്‍? കവിയുടെ ബുദ്ധിജീവിതത്തിന് എത്തിപ്പിടിക്കാനുള്ള മൂര്‍ത്തരൂപമോ അഭയരൂപമോ ആദര്‍ശരൂപമോ അവനായിരുന്നു. എല്ലാ അപഭ്രംശങ്ങള്‍ക്കിടയിലും ധൈഷണികജീവിതം ഉയര്‍ത്തിപ്പിടിക്കേണ്ട മഹത്ത്വത്തിന്റെ ആള്‍രൂപമായിരുന്നു അത്. ഒന്നും വേണ്ടാതിരുന്നതുകൊണ്ട് അവന്‍ എല്ലാ കാര്യങ്ങളിലും ധനവാനായിരുന്നു. അവനിലെത്താനായിരുന്നു യുവത ജ്വലിച്ചത്. സജീവമായിരുന്ന മനസ്സുകളില്‍ അവനിലെ തരിമ്പെങ്കിലുമുണ്ടായിരുന്നു. എന്നാല്‍, അവനാകുക അസാധ്യമെന്ന കാഴ്ച കൂടുതല്‍ കൃത്യം. 1 മിശിഹായുടെ മൂന്നാമത്തെ വെള്ളില്‍പ്പറവ. 2 ഞാനൊരു പ്രതിഭാസമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍ ഏബ്രഹാം തന്റെ ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോണിനെക്കുറിച്ച് കേള്‍ക്കുന്നവരില്‍ പോലും അയാള്‍ ഇപ്പോഴും പ്രേരണയായി പ്രവര്‍ത്തിക്കുന്നുണ്ട്. '...ഇവരില്‍ നിന്നെല്ലാം നേര്‍വിപരീതമായി ജീവിതത്തെയും കലയെയും നോക്കിക്കണ്ട ജോണ്‍ ഏബ്രഹാമായിരുന്നുവോ ശരി?... ചലച്ചിത്രമാധ്യമത്തിന്റെ നടപ്പുനിയമങ്ങള്‍ അലംഘനീയമാണെന്ന് ഉറപ്പിക്കാന്‍ മാത്രം പൂര്‍ണവും ശുദ്ധവുമാണോ?' 3 - ഇത്തരം സന്ദേഹങ്ങള്‍ തന്നെ സര്‍ഗാത്മകപ്രവര്‍ത്തനത്തിനുള്ള പ്രേരണകളാണ്.
ജോണ്‍ എപ്പോഴും നിങ്ങളെ തേടിയാണ് വരിക! കവിയുടെ ജോണിനെത്തേടിയുള്ള വരവ് അവന്റെ ബലിക്കുശേഷമുള്ളതാണ്. നഷ്ടപ്പെട്ടവനെത്തേേടിയുള്ള വരവാണത്. അതിവിദൂരമല്ലാതിരുന്ന ഒരു ഭൂതകാലത്തില്‍ ജോണിനോടൊപ്പം പൊട്ടിത്തെറിച്ചിരുന്ന യൗവ്വനം ജോണിന്റ ഇല്ലായ്മ സൃഷ്ടിച്ച ശൂന്യതയില്‍ വീണ്ടും പൊട്ടിത്തെറിച്ചതായിരുന്നു ബാലചന്ദ്രന്റെ കവിത. ഒരു പക്ഷേ, അപ്പോള്‍ ബാലചന്ദ്രനില്‍ മാത്രം സംഭവിക്കുന്ന ഒരു സ്ഫോടനമായിരുന്നു അത്. മറ്റാരേക്കാളും മൂര്‍ത്തതയില്‍, ഏറിയ അളവിലെങ്കിലും ജോണിനൊപ്പമുള്ള നാളുകള്‍ ആ കാലത്തിന്റെ യുവകവിയില്‍ സൃഷ്ടിച്ചിരുന്ന സ്നേഹവും വിവേകവും ലോകബോധവും അയാളില്‍ അന്തഃസ്ഥിതമാക്കിയ ഭാവശക്തിയുടെ പകര്‍ച്ചകളാണ് ഈ കവിതയായി ഉരുവം കൊണ്ടത്.
ജോണിന്റെ ആത്മബലിയ്ക്ക് മുന്നേ തന്നെ അയാള്‍ ഇവിടെനിന്ന് പുറത്താക്കപ്പെട്ട് കഴിഞ്ഞിരുന്നു. ജനത എന്തിനെച്ചൊല്ലിയാണോ സന്തോഷം പൂണ്ടിരുന്നത്, ആ പ്രസ്ഥാനം സ്വയം പിരിഞ്ഞുപോകുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത ഘട്ടമായിരുന്നു അത്. ആ സാംസ്‌കാരികപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നല്ലോ, ജോണും കവിയും. കവിതയിലെ ഈ വരികള്‍ ഭാവനയെന്നതിലുപരി ചരിത്രത്തിന്റെ ഭാഗം തന്നെയായിരുന്നു.
'പഴയ ജീവിതം പാടേ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ
സര്‍പ്പസാന്നിദ്ധ്യം
എന്റെയിപ്പടി കയറുവാന്‍ പാടില്ല
മേലില്‍ നീ
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍'
കവിയുടെ സുഹൃത്ത് സ്വാനുഭവത്തില്‍നിന്ന് ആര്‍ജിച്ച പ്രതിലോമബോധം; പ്രതിഭയുള്ളവര്‍ വിഷസര്‍പ്പങ്ങളാണെന്നും അവരുടെ ആശയങ്ങളും ചിന്തകളും ജീവിതത്തെ തുലയ്ക്കുന്നതാണെന്നും ഉറപ്പിച്ച പൊതുബോധം, അയാളുടേതു മാത്രമായിരുന്നില്ല. അത് സാംസ്‌കാരികപ്രസ്ഥാനത്തെ നയിച്ച രാഷ്ട്രീയപ്രസ്ഥാനത്തിന്റേത് കൂടിയായിരുന്നു. ജനകീയസാംസ്‌കാരികവേദി പിരിഞ്ഞുപോകുന്നത് അതിന് സ്വേച്ഛയാ ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വിഭാഗീയവും ഇടതുതീവ്രവാദപരവുമായ സമീപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭവിഷ്യത്തുകള്‍ അതിന്റെ ചുമലിലാകുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു.
അന്റോണിയോ ഗ്രാംചിയുടെയും മറ്റും ആശയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നവര്‍ പോലും ജനാധിപത്യപൊതുമണ്ഡലത്തിന്റെ രൂപീകരണത്തിനോ സാംസ്‌കാരികമായ അധീശത്വത്തിനോ ഉള്ള ശ്രമങ്ങളിലായിരുന്നില്ല വ്യാപിച്ചിരുന്നത്. മറിച്ച്, വലിയ സിദ്ധാന്തകാരന്മാര്‍ പോലും സ്റ്റാലിന്റെ പ്രേതം വിടാതെ പിടികൂടിയിരുന്നവരായിരുന്നു. രാഷ്ട്രീയപ്രസ്ഥാനത്തിന് അതിന്റെ കീഴ്‌വേലക്കാരായ ബുദ്ധിജീവികളെയും സാംസ്‌കാരികപ്രവര്‍ത്തകരെയും മാത്രമേ സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. ജനതയുടെ താല്‍പ്പര്യങ്ങളെ പോലും നിഹനിച്ചുകൊണ്ട് സാംസ്‌കാരികപ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ അതിനു കഴിഞ്ഞത് ഇതുകൊണ്ടായിരുന്നു. ബുദ്ധിജീവിതത്തിന്റെ സ്വതന്ത്രമായ ചിന്തയും ഇടപെടലുകളും അതിന് സഹജമായ അരാജകത്വവും വിഷസര്‍പ്പങ്ങളുടേതാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. വ്യവസ്ഥാപിതത്വവും ഭരണകൂടവും ഇതിന് വലിയ പങ്കു വഹിക്കുന്നുണ്ടെന്നത് തീര്‍ച്ച. എന്നാല്‍, രാഷ്ട്രീയ കേന്ദ്രീകരണത്തെ അണുവിടാതെ പിന്തുടരുന്ന, എങ്കിലും പുരോഗമനപ്രസ്ഥാനങ്ങളെന്ന് ഗണിക്കപ്പെടുന്ന, രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു.
കവിയെ തന്റെ ലോഡ്ജില്‍നിന്ന് പുറത്താക്കുന്ന സുഹൃത്ത് സ്വയം വെളിപ്പെടുത്തുന്നതുപോലെ ധിഷണയുടെ ഇടപെടലുകളെ തന്റെ ജീവിതത്തില്‍നിന്ന് എത്രയോ മുന്നേ അയാള്‍ പുറത്താക്കിക്കഴിഞ്ഞിരുന്നു. ധൈഷണികജീവിതത്തിന്റെ മൂര്‍ത്തഭാവങ്ങളെ എത്തിപ്പിടിച്ചിരുന്ന ജോണ്‍ ഈ സമൂഹത്തില്‍നിന്ന് വളരെ നേരത്തെ ബഹിഷ്‌കൃതനാകുന്നത് സ്വാഭാവികമായിരുന്നു. കൊടികളെല്ലാം ഉപേക്ഷിച്ച്, രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഭാരങ്ങളില്ലാതെ, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നല്ല അരാഷ്ട്രീയക്കാരനായി കവിയെ മാറ്റുന്നത് ജോണിനെ ബഹിഷ്‌കരിച്ച അവസ്ഥ തന്നെ. എന്നിട്ടും കവിയില്‍ ജോണിന്റെ ബാധ അകന്നിട്ടില്ല. അയാള്‍ വീണ്ടും നഗരത്തിലേക്കെത്തുന്നത് ജോണിനെ തേടിയാണ്.
'ഇവിടെയുണ്ടായിരുന്നു ജോണ്‍, എപ്പൊഴോ
ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ -
പ്പതറിനിര്‍ത്തി അവനിറങ്ങിപ്പോയി.'
അത്രയേയുള്ളൂ. ജോണ്‍ പോയിരിക്കുന്നു. നാം തുടരുന്നു. എല്ലാം വീണ്ടും പഴയപടിയില്‍ ക്രമീകരിക്കപ്പെട്ടു കഴിഞ്ഞു. 'ഇതു ചെകുത്താന്റെ രക്തം കുടിക്കുക.' നരകതീര്‍ത്ഥം പകരുന്ന പരിഷയ്ക്ക് മറ്റൊന്നും പറയാനില്ല. ശമനമില്ലാത്ത തൃഷ്ണയില്‍ തുടരുന്ന മറിയയ്ക്കും എല്ലാവര്‍ക്കും ഒരു ഉത്തരം മാത്രം. അവന് ഞങ്ങള്‍ കാവലാളാവുകയില്ല. അവനെ ഈ സമൂഹം ബഹിഷ്‌കരിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് അറിയുന്ന കവിക്ക് തന്റെ മനഃസാക്ഷിയോടും തന്നോട് തന്നെയും 'എവിടെ ജോണ്‍?' എന്ന് ചോദിക്കാതെ മുന്നോട്ടുപോകാനാകില്ല. സ്വയം ഞെട്ടിത്തെറിക്കാതെ കവിക്ക് തന്റെ മനഃസാക്ഷിയോടു മറുപടി പറയാനാകുന്നില്ല. സഹോദരനെ നിഗ്രഹിച്ച കായേന് സമാനനാണ് താനെന്ന് അവന്റെ ഉള്ളം പിടയുന്നു. ദൈവത്തോടുള്ള നിലവിളിയായി ഇതുയരുന്നു.
'അവനെ ഞാനറിയുന്നില്ല ദൈവമേ
അവനു കാവലാള്‍ ഞാനല്ല ദൈവമേ'
ഈ കവിത ഉള്‍പ്പെടുന്ന 'മാനസാന്തരം' എന്ന സമാഹാരത്തിന് അവതാരിക എഴുതിയ കെ എസ് രാധാകൃഷ്ണന്‍ നിരൂപിക്കുന്നതുപോലെ, കായേനെ അറിയാത്തതിനാലുണ്ടായ പ്രതികാരബുദ്ധികൊണ്ട് അവനെ കൊന്ന സഹോദരനായ ഹാബേലിന് സമാനനായി ഇവിടെ കവിയെ കാണാന്‍ കഴിയില്ല. ജോണിനെതിരെ കവിയില്‍ ഒരു പ്രതികാരബുദ്ധിയും ശത്രുതയും പ്രവര്‍ത്തിക്കുന്നില്ല. കവി ജോണിനെ അറിയാതിരിക്കുന്നുമില്ല. സമൂഹം നടത്തിയ ജോണിന്റെ ബലിയില്‍ താനും പങ്കാളിയാണല്ലോയെന്ന തിരിച്ചറിവാണ് തന്നെ കായേന്റെ സമാനസ്ഥാനത്ത് നിര്‍ത്താന്‍ കവിയെ പ്രേരിപ്പിക്കുന്നത്. സെമിത്തേരിയിലെ കോണ്‍ക്രീറ്റ് ശവക്കല്ലറയ്ക്കരുകില്‍ കിടുകിടുക്കുന്ന കവിയുടെ ആത്മാവില്‍നിന്ന് ഉയരുന്ന വിലാപത്തോടെയാണ് ഈ കവിത അവസാനിക്കുന്നത്.
മലയാളിയുടെ ബുദ്ധിജീവിതത്തോട് വിമര്‍ശപരമായി സംവദിക്കുന്ന നിരവധി കവിതകള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിക്കുന്നതിന്റെ സവിശേഷമാനങ്ങള്‍ ഇതിനുണ്ട്. പി കുഞ്ഞിരാമന്‍നായരെയാണ് എഴുതുന്നതെന്ന് കരുതപ്പെടുന്ന ആറ്റൂരിന്റെ 'മേഘരൂപനി'ല്‍ കണ്ടെത്താന്‍ കഴിയാത്ത സംവാദാത്മകത 'എവിടെ ജോണ്‍?'എന്ന കവിതയ്ക്കുണ്ട്. ബുദ്ധിജീവിതത്തിന് കല്‍പ്പിച്ചിരുന്ന പ്രഭാവലയത്തെ ഉപേക്ഷിക്കാത്ത ജോണിനെയാണ് കവി അവതരിപ്പിക്കുന്നതെന്ന് വിമര്‍ശിക്കുന്നവരുമുണ്ടാകും. കവിതയുടെ ആട്ടപ്രകാരമെന്നു മണ്ഡനമായി, 4 ആട്ടപ്രകാരത്തിനുനിരക്കാത്ത അതിനാടകീയതയെന്നു ഖണ്ഡനമായി 5... ഒക്കെ വിരുദ്ധധ്രുവങ്ങളില്‍ നിര്‍ത്തി ഈ കവിത വായിക്കപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും നില്‍ക്കുന്ന ഇത്തരം വായനാപാഠങ്ങള്‍ തന്നെ വായനക്കാരുടെ മനസ്സുകള്‍ എത്ര മാത്രം കവിതയെ പുനര്‍നിര്‍മിച്ചുവെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്. അവ ആവശ്യമുള്ളതു തന്നെ. കവിതയുടെ വായനയ്ക്ക് പല വഴികളുണ്ട്. ഇപ്പോള്‍, ഈ കവിതാവായനയ്ക്ക് പുറത്തുള്ള ചില കാര്യങ്ങളെ കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ.
കവിതയിലെ അന്തഃസ്ഥിതമായ ഭാവശക്തിയെക്കുറിച്ച് വിമര്‍ശകന്‍ പറയുന്നതുകൊണ്ട് കവിതയിലെ രൂപകങ്ങളുടെ കലയെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ മിണ്ടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത് സാഹിത്യനിരൂപണപ്രയോഗങ്ങളില്‍ സിദ്ധാന്തത്തെ അതേപടി പിന്തുടരണമെന്ന പിടിവാശിയുടെ ഫലമല്ലേ? ബാര്‍ഥിന്റെയോ ദെല്യൂസിന്റെയോ സിദ്ധാന്തങ്ങളുടെ സംസ്‌കാരത്തില്‍നിന്നുകൊണ്ട് നിരൂപണലേഖനങ്ങളെഴുതുന്നവരോട് നിങ്ങള്‍ അവരുടെ സിദ്ധാന്തങ്ങളെ അതേപടി സ്ഥാപിക്കുന്നില്ലെന്നോ അതില്‍നിന്ന് വ്യതിചലിക്കുന്നുവെന്നോ പറയുന്നതില്‍ ഗൗരവതരമായി ഒന്നുമില്ല. തത്ത്വചിന്തയുടെ പഠനക്ലാസുകളിലും സൈദ്ധാന്തികപുസ്തകങ്ങളുടെ രചനയിലും അങ്ങനെ ചെയ്യാം, ചെയ്യാന്‍ ശ്രമിക്കാം. സാഹിത്യനിരൂപകന്‍ സിദ്ധാന്തങ്ങളോട് പോലും സ്വീകരിക്കുന്ന അനിശ്ചിതത്വത്തിലാണ് അയാളുടെ എഴുത്തിലെ സര്‍ഗാത്മകതയുള്ളത്. അല്ലെങ്കില്‍ തന്നെ ആരാണ് സിദ്ധാന്തത്തെ അതിന്റെ പരിപൂര്‍ണതയില്‍, മൂര്‍ത്തതയില്‍ മനസ്സിലാക്കിയിട്ടുള്ളത്? അത് സാധ്യമാകുമോ? ഗ്രന്ഥകാരന്റെ മരണം എന്ന ആശയത്തെക്കുറിച്ചറിയാവുന്നതു കൊണ്ട് ഗ്രന്ഥനിരൂപണസന്ദര്‍ഭത്തില്‍ ഗ്രന്ഥകാരന്റെ പേര് പറയരുതെന്ന് ആരെങ്കിലും നിര്‍ദേശിക്കുന്നത് എത്രമേല്‍ യാന്ത്രികമായ അതിവാദമാണ്? ഗ്രന്ഥകാരന്റെ ഏകപാഠത്തിനപ്പുറത്തെ ബഹുപാഠങ്ങളെ അറിയുകയെന്ന ബാര്‍ഥിന്റെ നിര്‍ദ്ദേശത്തെ ഉള്‍ക്കൊള്ളുകയെന്നതിലുപരിയായ സിദ്ധാന്തശാഠ്യം എന്തിനാണ്? ബാര്‍ഥിന്റെ വാക്കിന് കേവലമായ സിദ്ധാന്തമെന്ന പദവിയുണ്ടോ? കവിതയ്ക്ക് അതിന്റെ രചനാസന്ദര്‍ഭങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന അസ്തിത്വമുണ്ടെന്നും അതാണ് കവിതയെ കവിതയാക്കുന്നതെന്നും പറയുന്നത് ശരിയാണ്. 6 എന്നാല്‍, ഇത് രചനാസന്ദര്‍ഭങ്ങളെയും ചരിത്രത്തേയും മറ്റും മുന്‍നിര്‍ത്തിയുള്ള കവിതാവായനകളെ അപ്രസക്തമാക്കുന്നതേയില്ലല്ലോ? കവിതയെ കാവ്യഗുണത്തിന്റെ അടിസ്ഥാനത്തില്‍, സാഹിത്യത്തെ സാഹിതീയത കൊണ്ട് അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കുമെന്ന് തീര്‍ച്ച! അതുകൊണ്ട് കവിതയുടെ വൈജ്ഞാനികമൂല്യത്തേയോ സാമൂഹികശാസ്ത്രപരമായ വിശകലനങ്ങളെയോ ബഹിഷ്‌കരിക്കുന്നത് എന്തിനാണ്? ചിലപ്പോള്‍, ഇത്തരം അന്വേഷണങ്ങള്‍ തന്നെ കവിതയുടെ ഭാവശക്തിയെ നിര്‍ണയിക്കുന്ന ഘടകങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുകയല്ലേ ചെയ്യുക? ശാസ്ത്രത്തിനും സാഹിത്യത്തിനും തത്ത്വചിന്തയ്ക്കും പരസ്പരം പങ്കുവയ്ക്കാവുന്ന മണ്ഡലങ്ങളുണ്ടെന്നു പറഞ്ഞ ദെല്യൂസ് മറ്റെന്തായിരിക്കാം അര്‍ത്ഥമാക്കിയത്?
ഈ ലേഖനം, 'എവിടെ ജോണ്‍?' എന്ന കവിതയെ അതിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തിലും നേരനുഭവത്തിലും നിര്‍ത്തി പരിശോധിക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു. കവിതാവിരുദ്ധം, അനുഭവൈകവാദം, യാന്ത്രികചരിത്രവാദം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കുമുള്ള പഴുതുകള്‍ കാണാതിരിക്കുന്നില്ല.
സൂചനകള്‍:
1.സക്കറിയ 2.കെ ജി എസ് 3.ഒ കെ ജോണി 4.നരേന്ദ്രപ്രസാദ് 5.സജയ് കെ വി 6.പി പി സത്യന്‍