വിക്ടര്‍ ലീനസ്: ത്രസിപ്പിക്കുന്ന കഥ പോലെ ജീവിച്ചു മറഞ്ഞൊരാള്‍
ജീവിതവും മരണവും ഇടകലര്‍ന്ന ഒരുപിടി കഥകള്‍ എഴുതി എഴുപതുകളുടെ ആദ്യ പകുതിയില്‍ മലയാള ചെറുകഥാ ലോകത്ത് ഒരു ക്ഷണിക തേജസ്സായി ജ്വലിക്കുകയും മിന്നി മറയുകയും ചെയ്തയാളാണ് വിക്ടര്‍ ലീനസ്. ആകെ എഴുതിയത് ഒരു ഡസന്‍ ചെറുകഥകളാണെങ്കിലും മലയാള ചെറുകഥകളെ ഗൗരവമായി സമീപിക്കുന്ന ഏതൊരാള്‍ക്കും, പിന്‍വാങ്ങലും വിട പറയലും അപകടവും മരണവുമൊക്കെ പ്രമേയമായ വിക്ടറിന്റെ കഥകള്‍ അവഗണിക്കാനാവില്ല. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന വിക്ടര്‍ ലീനസ് എന്ന കഥാകാരന്‍ ഓര്‍മയായത് 31 വര്‍ഷം മുന്‍പ് ഇതുപോലെ ഒരു ഫെബ്രുവരി രണ്ടാംവാരത്തിലായിരുന്നു.
എഴുപതുകളുടെ ആദ്യം ചെറുകഥകളുടെ ലോകത്ത് നിലനിന്നിരുന്ന സാമാന്യ രീതികളെ തമസ്‌ക്കരിച്ചാണ് വിക്ടര്‍ ലീനസ് എഴുതിയത്. എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മലയാളിയുടെ സദാചാര ബോധത്തെ വിചാരണ ചെയ്തായിരുന്നു അയാള്‍ എഴുതിയത്. സദാചാരം, സ്ത്രീ പുരുഷ ബന്ധം, ജീവിതം, മരണം ഇവയൊക്കെ പശ്ചാത്തലമാക്കി കഥയെഴുതി. ആ വ്യത്യസ്തതയാണ് കഥാലോകത്ത് വിക്ടര്‍ ലീനസിനെ മലയാള സാഹിത്യത്തിലെ അഞ്ചാം തലമുറയിലെ ശ്രദ്ധേയനായ ചെറുകഥാകൃത്തുകളില്‍ ഒരാളാക്കിയത്. ലഭ്യമായ കഥകള്‍ എല്ലാം സമാഹരിച്ച് ഡിസി ബുക്ക്‌സ് പുറത്തിറക്കിയ 'വിക്ടര്‍ ലീനസിന്റെ കഥകള്‍' എന്ന ഗ്രന്ഥം ഒരു ഒന്നാംതരം പ്രതിഭയുടെ ആത്മപ്രകാശനമായാണ് നിരൂപകര്‍ വിലയിരുത്തുന്നത്.
എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മലയാളിയുടെ സദാചാര ബോധത്തെ വിചാരണ ചെയ്തായിരുന്നു അയാള്‍ എഴുതിയത്
എറണാകുളത്ത് പെരുമാനൂരില്‍ ജനിച്ച ഒരാള്‍ക്ക് ഇങ്ങനെ അസാധാരണമായ ഒരു പേര് വരാന്‍ എന്തായിരിക്കും കാരണം? മാതാപിതാക്കള്‍ പേരിടുന്നതിനെ കുറിച്ച് തര്‍ക്കിച്ചത്രെ. അപ്പന് വിക്ടര്‍ എന്ന പേരിടണം. അമ്മക്ക് ലീനസെന്നും ! അങ്ങനെയാണ് രണ്ടും ചേര്‍ത്ത് താളബദ്ധമായ പേര് കിട്ടിയത് - വിക്ടര്‍ ലീനസ്. കൊച്ചി ഷിപ്പ് യാര്‍ഡിന് വേണ്ടി പെരുമാനൂരിലെ വീടിരിക്കുന്ന സ്ഥലം അക്വയര്‍ ചെയ്യപ്പെട്ടപ്പോള്‍ അവിടം വിട്ട് വൈറ്റിലയ്ക്കടുത്ത തൈക്കൂടത്തേക്ക് വന്ന് താമസമാരംഭിച്ചതാണയാളുടെ കുടുംബം.
ഇംഗ്ലീഷും മലയാളവും വിക്ടറിന് എഴുത്തില്‍ അസാമാന്യമായി വഴങ്ങിയിരുന്നു. സമുദ്രശാസ്ത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത വിക്ടര്‍ പി എച്ച് ഡി എടുക്കാന്‍ പോയപ്പോള്‍ ഗൈഡ് ഒരു പുസ്തകം നിര്‍ദേശിച്ചു. അത് നോക്കി പ്രബന്ധമെഴുതിയാല്‍ മതിയെന്നും പറഞ്ഞു. ആ പുസ്തകം എം എസ് സി ക്ക് പഠിക്കുമ്പോള്‍ വിക്ടര്‍ എഴുതിയതായിരുന്നു. അതോടെ ഡോക്ടറേറ്റ് ശ്രമം ഉപക്ഷിച്ചു. പിന്നീട്, വിക്ടര്‍ എഴുതി കൊടുത്ത പ്രബന്ധങ്ങള്‍ ഉപയോഗിച്ച് മറ്റ് പലരും ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നുള്ളത് മറ്റൊരു കാര്യം.
പരന്ന വായനയും അസാമാന്യ ഓര്‍മശക്തിമുള്ള അയാള്‍ സാഹിത്യത്തിലും കലയിലും എന്നും അപ്‌ഡേറ്റഡായിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ അയാള്‍ വായിക്കാത്ത ഒരു പുസ്തകവും ഇല്ലെന്ന് ഒരിക്കല്‍ വിക്ടറിന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. ''ഈ മനുഷ്യന്‍ കാരണമാണ് മദ്രാസ് പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ചിതലരിക്കാതെയിരിക്കുന്നത്'' എന്ന് ചിന്തകനായ എം ഗോവിന്ദനെ കുറിച്ച് പറഞ്ഞത് എറണാകുളം പബ്ലിക് ലൈബ്രറിയുടെയും വിക്ടറിന്റെയും കാര്യത്തില്‍ ശരിയായിരുന്നു.
1985 ല്‍ തന്റെ 9 കഥകള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം 'വിക്ടര്‍ ലീനസിന്റെ കഥകള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തി
കോളജ് പഠനശേഷം കഥാകൃത്തും സുഹൃത്തുമായ ജോസഫ് വൈറ്റിലയോടൊത്ത് 'ദളം' എന്നൊരു മാസിക പുറത്തിറക്കി. ട്രൂമാന്‍ കപ്പോട്ടിയുടെ രചനയായ 'പുല്‍മേടുകളുടെ സംഗീതം' മൊഴിമാറ്റം ചെയ്ത് വിക്ടര്‍ ദളം മാസികയില്‍ കൊടുത്തു. ട്രൂമാന്‍ കപ്പോട്ടിയെ മലയാളത്തില്‍ ആദ്യം അവതരിപ്പിച്ചത് ഈ പ്രസിദ്ധീകരണമായിരുന്നു. എന്നാല്‍ അഞ്ച് ലക്കത്തോടെ, ദളം നിന്നു പോയി. 1985 ല്‍ തന്റെ 9 കഥകള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം 'വിക്ടര്‍ ലീനസിന്റെ കഥകള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തി. അതിന്റെ കവര്‍ ചിത്രം വരച്ചതും വിക്ടര്‍ തന്നെ. മുള്ളുവേലിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു യുവാവിന്റെ ചിത്രമായിരുന്നു കവര്‍.
ഒരു ജോലി ആവശ്യമായതിനാല്‍ അതിനായി പിന്നീടുള്ള ശ്രമം. ഏത് ജോലിയും അഭിമുഖം കഴിഞ്ഞാല്‍ അയാള്‍ക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. കിട്ടിയ ജോലി അതേ വേഗതയില്‍ ഉപേക്ഷിക്കാനും മടിയില്ല. കരഞ്ജിയയുടെ ബ്ലിറ്റ്‌സിന്റെ കൊച്ചി കറസ്‌പോണ്ടന്റായിരുന്നു കുറച്ചു നാള്‍. ഒടുവില്‍, സി എം സ്റ്റീഫന്റെ 'സോഷ്യലിസ്റ്റ് ലേബര്‍' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി. പ്രശസ്ത സാഹിത്യകാരന്‍ പോഞ്ഞിക്കര റാഫിയായിരുന്നു മുഖ്യ പത്രാധിപര്‍. അതിനിടയില്‍ വിക്ടറിന്റെ കഴിവ് കണ്ടറിഞ്ഞ സി എം സ്റ്റീഫന്‍ ഇന്ദിരാ ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാനായി ശ്രമിച്ചെങ്കിലും ''പദവിയിലും ഉയര്‍ന്ന ശമ്പളത്തിലും താല്‍പ്പര്യമില്ല സാറേ, ഒരു പാവം വൈറ്റിലക്കാരനായി കഴിയാനാണിഷ്ടം'' എന്ന് പറഞ്ഞ് വിക്ടർ ഒഴിഞ്ഞു.
അകാലത്തിലുള്ള കാര്യാട്ടിന്റെ അന്ത്യം ചലച്ചിത്ര മേഖലയില്‍ തുടരാനുള്ള വിക്ടറിന്റെ താല്‍പ്പര്യം ഇല്ലാതാക്കി
കൊച്ചിയെന്ന നഗരം അയാളുടെ ആത്മാവിലും , ശരീരത്തിലും അലിഞ്ഞുചേര്‍ന്നിരുന്നു. തനിക്ക് പ്രിയപ്പെട്ട കൊച്ചി നഗരത്തെ പശ്ചാത്തലമാക്കി കഥകളെഴുതിയതും അതുകൊണ്ട് തന്നെ. അക്കാലത്താണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത അവസാന ചിത്രമായ 'അമ്മുവിന്റെ ആട്ടിന്‍കുട്ടി' യുടെ സഹ സംവിധായകനായി കാര്യാട്ടിന്റെ ഗ്രൂപ്പില്‍ എത്തുന്നത്. ആ ചിത്രം കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. വിക്ടറിനെപ്പോലൊരു പ്രതിഭ രാമു കാര്യാട്ടിന്റെ വലയത്തില്‍ നിന്നാല്‍ ഉയരങ്ങളിലേക്ക് എത്തുമെന്നുറപ്പായിരുന്നു. പക്ഷേ, അവിടെയും തടസങ്ങള്‍ കടന്നുവന്നു. പൊടുന്നനെ രാമുകാര്യാട്ട് അന്തരിച്ചു. അകാലത്തിലുള്ള കാര്യാട്ടിന്റെ അന്ത്യം ചലച്ചിത്ര മേഖലയില്‍ തുടരാനുള്ള വിക്ടറിന്റെ താല്‍പ്പര്യം ഇല്ലാതാക്കി.
സിനിമ ഉപേക്ഷിച്ചതിനു ശേഷം റബര്‍ എഷ്യ, ഓണ്‍ ലുക്കര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ കൊച്ചി ലേഖകനായി ജോലി ചെയ്യാനാരംഭിച്ചു.
ഒരു നീണ്ട കാലയളവിന് ശേഷം, പതിനാല് കൊല്ലം കഴിഞ്ഞാണ് വിക്ടര്‍ തന്റെ അവസാനത്തെ കഥകളിലൊന്ന് എഴുതുന്നത്. 1989 ല്‍, ' നീണ്ട നിശബ്ദയ്ക്ക് ശേഷം' എന്ന കഥ. തന്റെ അയല്‍ക്കാരിയായ ഒരു കൗമാരപ്രായക്കാരിയുമായുള്ള അടുപ്പം കഥയിലേക്കാവാഹിക്കുകയായിരുന്നു വിക്ടര്‍. സിനിമാ നടിയാകാന്‍ എന്തും നഷ്ടപ്പെടുത്താന്‍ തയ്യാറായ ഒരു യുവതി. അവര്‍ പിന്നീട് പ്രശസ്ത ചലച്ചിത്ര താരമായി. നടിയാവുന്നതിനു മുന്‍പും ശേഷവുമുള്ള ആ യുവതിയുടെ ജീവിതമാണ് കഥയില്‍. (ആദ്യം മലയാളത്തിലും പിന്നീട് തമിഴിലും പ്രശ്‌സ്തയായ ഒരു നടിയാണ് കഥയിലെ ഒറിജിനല്‍ കഥാപാത്രം. അകാലത്തില്‍ അന്തരിച്ച ഈ നടി തൈക്കൂടത്ത് വിക്ടറിന്റെ അയല്‍വാസിയായിരുന്നു).
ഈ കഥയ്ക്ക് പിന്നിലുമൊരു കഥയുണ്ട്, ''വളരെ നാളുകള്‍ക്ക് ശേഷമെഴുതിയതു കൊണ്ടാകാം ശരിയായില്ല വായിച്ചിട്ട് കളഞ്ഞേക്ക് , മാറ്റിയെഴുതണം'' എന്ന് പറഞ്ഞ് എഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വിക്ടര്‍ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു. അക്കാലത്ത് വിക്ടര്‍ താമസിച്ചിരുന്നത് എറണാകുളത്ത് ഈ സ്‌നേഹിതന്റെ കൂടെയായിരുന്നു. ഭാഗ്യത്തിന് അയാള്‍ സാഹിത്യത്തില്‍ തല്‍പ്പരനായിരുന്നു. അയാള്‍ക്ക് അത് വായിച്ചപ്പോള്‍ മനോഹരമായ ഒരു കഥയായ് തോന്നി. വിക്ടര്‍ ഇനി അത് തിരുത്തിയെഴുതാനൊന്നും പോകില്ല എന്നറിയാവുന്ന സ്‌നേഹിതന്‍ ഉടനെ കഥയുടെ പകര്‍പ്പ് എടുത്ത് കവറില്‍ ഇട്ട് വിക്ടറിനെക്കൊണ്ട് ഒരു ചെറു കുറിപ്പ് എഴുതിച്ച് അഡ്രസ്സ് എഴുതി തപാല്‍ പെട്ടിയില്‍ ഇട്ടു. അങ്ങനെയാണ് ചെറു കഥാരംഗത്ത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട , ആ രചന കലാകൗമുദി പ്രസിദ്ധീകരണമായ ' കഥ' ദ്വൈവാരികയില്‍ വരുന്നത്.
വിക്ടര്‍ ഇനി അത് തിരുത്തിയെഴുതാനൊന്നും പോകില്ല എന്നറിയാവുന്ന സ്‌നേഹിതന്‍ ഉടനെ കഥയുടെ പകര്‍പ്പ് എടുത്ത് കവറില്‍ ഇട്ട് വിക്ടറിനെക്കൊണ്ട് ഒരു ചെറു കുറിപ്പ് എഴുതിച്ച് അഡ്രസ്സ് എഴുതി തപാല്‍ പെട്ടിയില്‍ ഇട്ടു
അക്കാലത്ത് തന്നെ കുട്ടികളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമായ പൂമ്പാറ്റയില്‍ വിക്ടര്‍ എഴുതാന്‍ തുടങ്ങി. സ്‌ക്കോട്ടിഷ് എഴുത്തുകാരിയായ , ഷൈല ബംഫോഡിന്റെ വിഖ്യാത കൃതിയായ 'ഇന്‍ക്രിഡിബിള്‍ ജേര്‍ണി' എന്ന ക്ലാസിക്ക് 'ഒന്നാണ് നമ്മള്‍' എന്ന ശീര്‍ഷകത്തില്‍ വിക്റ്റര്‍ മൊഴിമാറ്റം നടത്തി പൂമ്പാറ്റയില്‍ പ്രസിദ്ധീകരിച്ചു. വായനക്കാര്‍ ആഘോഷമായി സ്വീകരിച്ചു.
ഇതിനിടെ വിക്ടര്‍ വിവാഹിതനായി. പ്രണയിച്ച പെണ്‍കുട്ടി ബേര്‍ഡി ആഗ്നസിനെ തന്നെ ജീവിതസഖിയാക്കി. ഒരു മകള്‍ ഉണ്ടായി. കുടുംബ ജീവിതമാരംഭിച്ച വിക്ടര്‍ കോട്ടയത്തെ ഒരു പത്ര സ്ഥാപനത്തിന്റെ മറ്റൊരു പ്രസിദ്ധീകരണശാലയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. എന്നും രാവിലെ ചോറ്റുപാത്രവും കുടയുമായി ആര്‍ കെ ലക്ഷമണന്റെ 'കോമണ്‍മാനെ'പ്പോലെ എറണാകുളം പാസ്ഞ്ചറില്‍ കോട്ടയത്തേക്ക് പോകുന്ന വിക്ടറിനെ വിസ്മയത്തോടെ ഇപ്പോഴും ഓര്‍ക്കാറുള്ളതായി ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു.
കിട്ടിയ പ്രശംസയോ നേട്ടമോ പങ്ക് വെയ്ക്കാന്‍ വിക്ടറിനെ ആവശ്യത്തിന് ഉപയോഗിച്ചയാള്‍ തയ്യാറായില്ല. ഒരിക്കല്‍ അത് നേരിട്ട് മനസിലാക്കിയ വിക്ടര്‍ രോഷത്തോടെ, സേവനം മതിയാക്കി സ്ഥലം വിട്ടു
കോട്ടയത്ത് വലിയൊരു പത്രത്തിന്റെ സഹോദര സ്ഥാപനത്തിലാണ് ചെന്ന് പെട്ടെതെങ്കിലും ആ സ്ഥാപനത്തിന്റെ മേധാവി പത്ര സ്ഥാപനത്തിന്റെ ഏറ്റവും പ്രധാന വ്യക്തികളിലൊരാളായിരുന്നു. ആ പത്രസ്ഥാപനത്തിന്റെ ക്രൈസിസ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന ബുദ്ധി രാക്ഷസന്മാരില്‍ പ്രധാനി. സ്വാഭാവികമായും വിക്ടറിനെപ്പോലെ ഒരാള്‍ക്ക് അവിടെ പ്രധാന റോള്‍ ഉണ്ടായിരുന്നു. പത്രസ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് പരസ്യ എഴുത്ത് ഉള്‍പ്പടെ പല പ്രൊജക്റ്റുകളും വിക്ടര്‍ ഏറ്റെടുത്തു. അത് വളരെ പ്രശംസ നേടുകയും ചെയ്തു. പക്ഷേ, അതിന്റെ നേട്ടം ലഭിച്ചത് വിക്ടറിനായിരുന്നില്ല. കിട്ടിയ പ്രശംസയോ നേട്ടമോ പങ്ക് വയ്ക്കാന്‍ വിക്ടറിനെ ആവശ്യത്തിന് ഉപയോഗിച്ചയാള്‍ തയ്യാറായില്ല. ഒരിക്കല്‍ അത് നേരിട്ട് മനസിലാക്കിയ വിക്ടര്‍ രോഷത്തോടെ, സേവനം മതിയാക്കി സ്ഥലം വിട്ടു.
പിന്നീട് തുടര്‍ച്ചയായുള്ള മദ്യപാനം അയാളെ കീഴടക്കിയിരുന്നു. കുടുംബ ജീവിതത്തിന്റെ താളപ്പിഴകളുടെ തുടക്കവും അതായിരുന്നു. ആ സമയത്ത് കോട്ടയത്തെ ഒരു മുതലാളി 'സിനിമാ വീഡിയോ ടിവി' എന്നൊരു പ്രസിദ്ധീകരണം എറണാകുളത്തില്‍ നിന്ന് ആരംഭിച്ചു. അതിന്റെ ചുമതലയേറ്റെടുത്ത വിക്ടര്‍ ആ പ്രസിദ്ധീകരണത്തെ പ്രചാരമുള്ളതാക്കി മാറ്റി. പിന്നീട് പൂമ്പാറ്റയുടെ എഡിറ്ററായ ആര്‍ ഗോപാലകൃഷ്ണന്‍, പൂമ്പാറ്റയിലെ പ്രസിദ്ധമായ പല നോവലുകളും എഴുതിയ കെ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഇതിന്റെ എഡിറ്റോറിയലില്‍ വിക്ടറിനോടൊപ്പം പ്രവര്‍ത്തിച്ചത്. പുതിയ വാരിക ഈ തുറയിലെ മറ്റ് പ്രസിദ്ധീകരണങ്ങളെ പ്രചാരത്തില്‍ പിന്നിലാക്കി മുന്നേറി.
'സിനിമ ടിവി വീഡിയോ' എന്ന പുതിയ പ്രസിദ്ധീകരണം തങ്ങളെ തകര്‍ക്കുമെന്ന് മനസിലാക്കിയ ഒരു പ്രധാന സിനിമാ വാരികക്കാര്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒരു കളി കളിച്ചു. അവരുടെ പ്രേരണ മൂലമാണെന്ന് പറയുന്നു. അശ്ലീല ചിത്രങ്ങള്‍ അച്ചടിച്ചു എന്ന കുറ്റം ചുമത്തി സിനിമ ടി വി വീഡിയോക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ അകത്താവുമെന്ന സ്ഥിതിയായപ്പോള്‍ ഉടമ തന്നെ സിനിമ വീഡിയോ ടി വി വാരികയുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.
അന്ന് അതില്‍ പ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകന്‍ ഓര്‍ക്കുന്നത് ഇങ്ങനെ: ''ആ പ്രസിദ്ധീകരണം തുടര്‍ന്നെങ്കില്‍ അതൊരു വന്‍ പ്രസിദ്ധീകരണശാലയായി മാറുകയും വിക്ടര്‍ അതിന്റെ മേധാവിയാവുകയും ചെയ്‌തേനെ. സാമ്പത്തികമായി അയാള്‍ കര കേറുമായിരുന്നു. കുടുംബ ജീവിതം സാധാരണ നിലയിലായി, അച്ചടക്കത്തോടെ മുന്നോട്ട് പോയേനേ! പക്ഷേ, വിധി അതിനും ഇടം കോലിട്ടു. അതിനിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ ഭാര്യ ജീവനൊടുക്കി . തീര്‍ത്തും ഒറ്റപ്പെട്ട വിക്ടര്‍ പരിപൂര്‍ണ മദ്യപാനിയായി മാറുകയായിരുന്നു.''
അവസാനമെഴുതിയ രണ്ട് കഥകളിലും വിഷയമാക്കിയത് വേര്‍പാടുകള്‍ തന്നെ. സ്വയം വിട പറയാന്‍ കഥാകാരന്‍ തീരുമാനിച്ചത് പോലെ ! അവസാനത്തെ രണ്ട് കഥയുടെ പേരുകളും അതുറപ്പിക്കുന്നുണ്ടായിരുന്നു - 'വിട', 'യാത്രാമൊഴി'. 1991 ഡിസംബറിലെ ആദ്യ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഏറെ നാളുകള്‍ക്കു ശേഷം വിക്ടറെഴുതിയ ' വിട' എന്ന കഥ അച്ചടിച്ചു വന്നു. അപകട മരണം സംഭവിച്ച് മോര്‍ച്ചറിയില്‍ വെച്ച ഒരു യുവതിയുടെ അജ്ഞാത ജഡം അവിടെയെത്തിയ ഒരു പത്രപ്രവര്‍ത്തകന്‍ തിരിച്ചറിയുന്നതും ആ മൃതശരീരം, കോട്ടയത്ത് മരിച്ച യുവതിയുടെ വീട്ടിലെത്തിക്കുന്നതുമാണ് 'വിട' യെന്ന കഥ.
സ്വയം വിട പറയാന്‍ കഥാകാരന്‍ തീരുമാനിച്ചത് പോലെ ! അവസാനത്തെ രണ്ട് കഥയുടെ പേരുകളും അതുറപ്പിക്കുന്നുണ്ടായിരുന്നു - 'വിട', 'യാത്രാമൊഴി'
ഈ കഥ പ്രസിദ്ധീകരിച്ച ശേഷം നടന്ന സംഭവങ്ങള്‍ ഒരു സിനിമാ കഥ പോലെയാണ്. മനസിന്റെ താളം തെറ്റിയ നാളുകളൊന്നില്‍ പനമ്പിള്ളി നഗറിലെ മലയാള മനോരമയിലെ തന്റെ സുഹൃത്തിനെ കാണാനെത്തിയ വിക്ടര്‍ നല്ല പോലെ മദ്യപിച്ചിരുന്നു. സുഹൃത്ത് ലീവായിതിനാല്‍ കാണാനാവാതെ തിരികെ പോകുമ്പോള്‍ ബാലന്‍സ് തെറ്റി റോഡില്‍ തലയടിച്ച് വീണു. അബോധാവസ്ഥയില്‍ അവിടെ കിടന്നു. മദ്യപിച്ച് കിടക്കുന്നയാളിനെ ആര് തിരിഞ്ഞ് നോക്കാന്‍ ?
കുറെ നേരം കഴിഞ്ഞ് അത് വഴി കടന്നുപോകുകയായിരുന്ന സന്നദ്ധ സംഘടനയുടെ ഒരു വാന്‍ നിറുത്തി വീണു കിടക്കുന്നയാളിന് വെള്ളമൊക്കെ കൊടുത്തു. അയാള്‍ മദ്യ ലഹരിയിലാണെന്ന് കരുതി, അവര്‍ ഒരു വശത്തുള്ള രാജമല്ലി മരത്തിന്റെ കീഴില്‍ മാറ്റി കിടത്തി സ്ഥലം വിട്ടു. അപ്പോഴെക്കും വിക്ടര്‍ ചലനമറ്റു കഴിഞ്ഞിരുന്നു. തന്റെ കഥയായ 'വിട' യിലെ അവസാന വരിയിലേത് പോലെ മടക്കയാത്രയ്ക്ക് ഒന്നര മണിക്കൂറേ എടുത്തുള്ളൂ.
തന്റെ കഥയായ 'വിട' യിലെ അവസാന വരിയിലേത് പോലെ മടക്കയാത്രക്ക് ഒന്നര മണിക്കൂറേ എടുത്തുള്ളൂ.
പിന്നിടെപ്പോഴൊ പോലീസ് എത്തി ആബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും മരണം സംഭവിച്ചതിനാല്‍ അവിടെ മോര്‍ച്ചറിയില്‍ തിരിച്ചറിയാത്ത മൃതശരീരമായി കിടക്കുകയും ചെയ്തു. തന്റെ കഥയിലെ നായികയെപ്പോലെ തന്നെ!
പത്രത്തില്‍ വന്ന അജ്ഞാത ജഡത്തിന്റെ വാര്‍ത്ത വായിച്ച് വിക്ടറിന്റെ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. അവരെല്ലാം വിക്ടറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ രണ്ട് ദിവസമായി അവിടെ നിന്ന് പോയിട്ട് എന്നറിഞ്ഞു. അജ്ഞാത മൃതശരീരത്തിന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ തപ്പിയെടുത്ത് നെഗറ്റീവില്‍ നിന്ന് പ്രിന്റ് എടുപ്പിച്ചു. അവരെല്ലാം നോക്കി നില്‍ക്കെ . പ്രിന്റ് എക്‌പോസ് ചെയ്യുമ്പോള്‍ കട്ടിമീശയുള്ള വിക്ടര്‍ ലീനസിന്റെ മുഖം തെളിഞ്ഞു വന്നു.
അപ്പോള്‍ കലൂരിലെ ശ്മാശനത്തില്‍ അജ്ഞാത ജഡമായി കണക്കാക്കി വിക്ടറിനെ മറവു ചെയ്യാനായി എടുത്തിരുന്നു. ഉടനെ തന്നെ, എറണാകുളത്തെ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഇടപെട്ട കാരണം അജ്ഞാതനായി മറവു ചെയ്യപ്പെടാതെ വിക്ടര്‍ ലീനസിന്റെ സഹോദരി ഭര്‍ത്താവും അടുത്ത സുഹുത്തുക്കളും ചേര്‍ന്ന് മൃതശരീരം ഏറ്റുവാങ്ങി തൈക്കൂടം പള്ളിയില്‍ സംസ്‌കരിച്ചു.
അതിന്റെ ആദ്യ വരികള്‍ ഇങ്ങനെയായിരുന്നു, 'എനിക്കൊരു യാത്ര പോകണം; ഒരു നീണ്ട യാത്ര'.
വിക്ടര്‍ ലീനസ് ഈ ലോകത്തില്‍ നിന്ന് വിട വാങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ അവസാനത്തെ കഥ' യാത്രാമൊഴി' മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്നു. അതിന്റെ ആദ്യ വരികള്‍ ഇങ്ങനെയായിരുന്നു, 'എനിക്കൊരു യാത്ര പോകണം; ഒരു നീണ്ട യാത്ര'.