തൊട്ടറിവിന്റെ കല

തൊട്ടറിവിന്റെ കല

തത്വശാസ്ത്രത്തിലും മനഃശാസ്ത്രത്തിലുമുള്ള കാഴ്ചയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ ആധിപത്യം ഒരുപരിധിവരെ സ്പര്‍ശവുമായി ബന്ധപ്പെട്ട ചിന്തകളെ നിഷ്പ്രഭമാക്കുന്നതായി കാണാമെന്ന് വരമൊഴി പംക്തിയിൽ ലേഖിക
Updated on
3 min read

''And Jesus said, who touched me? When all denied, Peter and they that were with him said, Master, the multitude throng thee and press thee, and sayest thou, Who touched me? And Jesus said, Somebody hath touched me: for I perceive that virtue is gone out of me.'' (Luke 8:45-46 KJV)

അറിവിനെ സംബന്ധിച്ച തത്വചിന്താവിചാരങ്ങളില്‍ തൊട്ടറിവിനെ പലമട്ടില്‍ സമീപിച്ചിട്ടുള്ളതായി കാണാം. സ്പര്‍ശം എന്ന ഇന്ദ്രിയാനുഭവത്തിന്റെ സാധ്യതകളെ ജീവിതാനുഭവവുമായി ചേര്‍ത്താലോചിക്കുന്നതുപോലെതന്നെ അറിവുത്പാദനവുമായും ചേര്‍ത്തുവെക്കേണ്ടതുണ്ട്. തത്വശാസ്ത്രത്തിലും മനഃശാസ്ത്രത്തിലുമുള്ള കാഴ്ചയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ ആധിപത്യം ഒരു പരിധിവരെ സ്പര്‍ശവുമായി ബന്ധപ്പെട്ട ചിന്തകളെ നിഷ്പ്രഭമാക്കുന്നതായി കാണാം. എന്നാല്‍ സമകാലികതത്വശാസ്ത്രത്തില്‍ സ്പര്‍ശത്തെക്കുറിച്ചുള്ള ചിന്തകള്‍ പ്രാമുഖ്യം നേടുന്നുണ്ട്. സ്പര്‍ശത്തെപ്പറ്റിയുള്ള സമകാലികചിന്തയെ കലയും പലമട്ടില്‍ സംബോധന ചെയ്യുന്നുണ്ട്. ദൃശ്യകലയില്‍ കാഴ്ചയ്ക്കുള്ള മുന്‍തൂക്കത്തെ (ocular centrism) പൊളിച്ചെഴുതുന്ന സമകാലിക ഇടപെടലുകള്‍ നിരവധിയാണ്. കാഴ്ചയ്ക്കുള്ള മുന്‍തൂക്കത്തിന്റെ ചരിത്രം പ്ലേറ്റോ മുതലിങ്ങോട്ടുള്ള ചിന്തകരില്‍ പലമട്ടില്‍ കാണാം. ക്ലാസിക്കല്‍ ഗ്രീക്ക് തത്വചിന്ത കണ്ണിനെ ഇന്ദ്രിയങ്ങളിലെ ഏറ്റവും സുപ്രധാനമായ ഗണിച്ചുപോന്നു.

തൊട്ടറിവിന്റെ കല
വരയുടെ സ്വകാര്യചലനങ്ങള്‍
ദൃശ്യകലയിലെ അഭിരുചികളെ (taste) പറ്റിയുള്ളവിചാരങ്ങളില്‍ നാവെന്ന ഇന്ദ്രിയമുള്‍പ്പടെയുള്ള ഇന്ദ്രിയങ്ങള്‍ തരുന്ന അനുഭവപരിസരങ്ങള്‍ മറക്കപ്പെട്ടിരുന്നു. എന്നാല്‍ വിവിധ ഇന്ദ്രിയങ്ങളെ ചേര്‍ത്തുവച്ച് ആസ്വദിക്കാവുന്ന കലാപദ്ധതികളും കലാവസ്തുക്കളും പ്രകടനങ്ങളും പ്രതിഷ്ഠാപനങ്ങളുമുണ്ട്.

ദൃശ്യങ്ങളുമായും കാഴ്ചയുമായും ബന്ധപ്പെട്ട രൂപകങ്ങളുപയോഗിച്ച് അറിവിനെ തെളിവുള്ള കാഴ്ചയായും വെളിച്ചത്തെ സത്യമായും വിശദീകരിക്കുകയായിരുന്നു ഗ്രീക്ക് ചിന്തകര്‍ ചെയ്തത്. ഈ ചിന്തയുടെ തുടര്‍ച്ചയെ അക്വിനാസിലും കാണാവുന്നതാണ്. നവോത്ഥാനകാലത്ത് പഞ്ചേന്ദ്രിയങ്ങളെ ശ്രേണീബദ്ധമായി മനസ്സിലാക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇന്ദ്രിയങ്ങളെ പ്രാപഞ്ചികശരീരവുമായി ചേര്‍ത്താലോചിക്കുന്ന നവോത്ഥാനമാതൃകയില്‍ കാഴ്ചയെ തീയായും വെളിച്ചമായും ചേര്‍ത്തുവെച്ചു. കേള്‍വി വായുവായും ഗന്ധം ബാഷ്പമായും രുചി ജലമായും കണക്കിലാക്കപ്പെട്ടു. സ്പര്‍ശത്തെ ഭൂമിയായാണ് ഈ ശ്രേണി പരിഗണിച്ചത്. ഡേവിഡ് മിഷേല്‍ ലെവിന്‍ എഡിറ്റ് ചെയ്ത Modernity and the Hegemony of Vision എന്ന പുസ്തകത്തിലുള്‍പ്പെട്ട പ്രബന്ധങ്ങള്‍ കാഴ്ചയ്ക്ക് അറിവുമായും അധികാരവുമായും നൈതികതയുമായും ഭവശാസ്ത്രവുമായുമൊക്കെയുള്ള ബന്ധത്തെ വിശദമായി പരിശോധിക്കുന്നുണ്ട്. കാഴ്ചയ്ക്കുള്ള ഈ ജ്ഞാനശാസ്ത്രപരമായ മേല്‍ക്കോയ്മയെ ആദ്യമായി പ്രശ്‌നവത്കരിച്ച ചിന്തകന്‍ ഒരുപക്ഷേ നീച്ചെ ആയിരിക്കാം. കാലത്തിനും ചരിത്രത്തിനും അതീതമായ ഒരു കണ്ണിനെക്കുറിച്ചുള്ള നിലവിലുണ്ടായിരുന്ന തത്വചിന്തകരുടെ പൂര്‍വധാരണയ്‌ക്കെതിരെ അദ്ദേഹം വാദിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ linguistic turn കാഴ്ചക്കുള്ള മേല്‍ക്കോയ്മയെ മറ്റൊരര്‍ത്ഥത്തില്‍ തകിടം മറിക്കുന്നുണ്ട്.

ചിലിയന്‍ കവിയായ റൗള്‍ സുറിറ്റയുടെ (Raul Zurita) The Sea of Pain എന്ന പ്രതിഷ്ഠപനം
ചിലിയന്‍ കവിയായ റൗള്‍ സുറിറ്റയുടെ (Raul Zurita) The Sea of Pain എന്ന പ്രതിഷ്ഠപനം

ഘടനാവാദ ചിന്താപദ്ധതിയില്‍ കാഴ്ചയില്‍നിന്ന് കേള്‍വിയിലേക്കും പറച്ചിലിലേക്കുമുള്ള വിചാരമാതൃകാവ്യതിയാനം സംഭവിക്കുന്നതു കാണാം. ഭാഷയെപ്പറ്റിയാണിവിടെ ചര്‍ച്ചകള്‍ തുടങ്ങിയതെങ്കിലും ഘടനാവാദചിന്ത പല ജ്ഞാനമേഖലകളിലേയ്ക്കും പടരുകയുണ്ടായി. അവിടെയൊക്കെ ദൃശ്യത്തില്‍നിന്ന് വാക്കിലേയ്ക്കും ശബ്ദത്തിലേക്കുമുള്ള ചുവടുമാറ്റം കാണാം. പില്‍ക്കാലത്ത് മെര്‍ലിയൂ പോണ്ടി ഉള്‍പ്പടെയുള്ള ചിന്തകരും കാഴ്ചക്കുള്ള ഈ മുന്‍തൂക്കത്തെ പ്രശ്‌നവത്കരിക്കുന്നുണ്ട്. ദൃശ്യകലയില്‍ കണ്ടറിവിനപ്പുറമുള്ള ഇന്ദ്രിയാനുഭവങ്ങളെ സംബോധനചെയ്യാന്‍ പാകത്തിനുള്ള സമകാലിക ഇടപെടലുകള്‍ ഉണ്ടാകുന്നതുകാണാം. 2016 ലെ കൊച്ചി- മുസിരിസ് ബിനാലെയില്‍ പ്രദര്ശിപ്പിക്കപ്പെട്ട ചിലിയന്‍ കവിയായ റൗള്‍ സുറിറ്റയുടെ (Raul Zurita) The Sea of Pain എന്ന പ്രതിഷ്ഠപനം ഒരു ഉദാഹരണമാണ്. അഭയാര്‍ത്ഥിപ്രശ്‌നങ്ങളെ ഐലന്‍ കുര്‍ദിയുടെയും സഹോദരനായ ഗലിപ് കുര്‍ദിയുടെയും ദാരുണമായ മരണവുമായി ചേര്‍ത്തുവച്ചുകൊണ്ടാണ് ഈ പ്രതിഷ്ഠപനം ഒരുക്കിയത്. തണുത്തവെള്ളത്തിലൂടെ നടന്നെത്തി ഗലിപ് കുര്‍ദിയെക്കുറിച്ചെഴുതിയ കവിത വായിച്ചുമടങ്ങുന്ന ബിനാലെ സന്ദര്‍ശകരില്‍ വെള്ളത്തിന്റെ തണുപ്പ് മരണത്തിന്റെ മരവിപ്പായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. സ്പര്‍ശം അവിടെ കലയനുഭവത്തിന്റെ ഭാഗമാണ്. അങ്ങനെ അനുഭവിക്കാന്‍ പാകത്തിനാണ് കലയെ അവിടെ ഒരുക്കിയിരിക്കുന്നതും.

സാമ്പ്രദായിക നോട്ടപ്പാടില്‍ ഗാലറികള്‍ക്കുള്ളിലെ കല തൊട്ടറിവിന്റെ സാധ്യതകളെ അടച്ചുകളയുന്നവയാണ്. സമകാലിക കലയുടെ അനുഭവപരിസരമാകട്ടെ ഈ സാധ്യതയെ ചേര്‍ക്കുകയും ഇന്ദ്രിയാനുഭവത്തിന്റെ വിവിധ തലങ്ങളെ ആരായുകയും ചെയ്യുന്നു. ദൃശ്യകലയിലെ അഭിരുചികളെ (taste) പറ്റിയുള്ള വിചാരങ്ങളില്‍ നാവെന്ന ഇന്ദ്രിയമുള്‍പ്പടെയുള്ള ഇന്ദ്രിയങ്ങള്‍ തരുന്ന അനുഭവപരിസരങ്ങള്‍ മറക്കപ്പെട്ടിരുന്നു. എന്നാല്‍ വിവിധ ഇന്ദ്രിയങ്ങളെ ചേര്‍ത്തുവച്ച് ആസ്വദിക്കാവുന്ന കലാപദ്ധതികളും കലാവസ്തുക്കളും പ്രകടനങ്ങളും പ്രതിഷ്ഠാപനങ്ങളുമുണ്ട്. എന്നാല്‍ നാം കണ്ടുശീലിച്ച, കണ്ടുമറന്ന, കണ്ടറിഞ്ഞ നമുക്കുചുറ്റുമുള്ള കലാവസ്തുവിന്റെ അനുഭവസാധ്യതകളെ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്.

എന്‍ എന്‍ റിംസണിന്റെ 'അമ്മവീട്' എന്ന ശില്പം
എന്‍ എന്‍ റിംസണിന്റെ 'അമ്മവീട്' എന്ന ശില്പം

മനസിന് അറിയാനുള്ള ഉപകരണമാണ് ഇന്ദ്രിയമെന്ന കാര്‍ടീഷ്യന്‍ യുക്തിക്കപ്പുറം ഇന്ദ്രിയാനുഭവത്തിന് സാംസ്‌കാരികനിലകളും മാനങ്ങളും അര്‍ഥങ്ങളുമുണ്ട്. അതുകൊണ്ടാണ് എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിക്ക് മുന്‍പിലെ എന്‍ എന്‍ റിംസണിന്റെ 'അമ്മവീട്' എന്ന ശില്പം കാണുമ്പോള്‍ അതിന്റെ മിനുക്കമുള്ള പ്രതലത്തില്‍ കൈയ്യോടിക്കാന്‍ തോന്നുന്നതും ആ സ്പര്‍ശം ശില്പത്തെ സ്പര്‍ശിക്കുന്നുവെന്ന സാമാന്യമായ അറിവിനപ്പുറം നിറവയറില്‍ കൈചേര്‍ക്കുന്ന മാര്‍ദവമുള്ള അനുഭവവും കൈയിലേക്കൊരു കുഞ്ഞിക്കാലിന്റെ ചെറു അനക്കത്തെ ചേര്‍ത്തനുഭവിക്കാനുള്ള അധികഭാവനയും മുന്‍പൊട്ടുവെക്കുന്നത്. 'അമ്മവീട്' എന്ന പേരുകൂടി അതിനൊപ്പം ചേരുമ്പോള്‍ അമ്മത്തത്തിന് അധികമാനങ്ങള്‍ കൈവരുന്നു. ഗര്‍ഭിണിയുടെ നിറവയറില്‍ തൊട്ടുകൊണ്ടും ചെവിചേര്‍ത്തുകൊണ്ടും ചലനമറിയുകയും ചെയ്യുന്ന പതിവുകളില്‍ ഓരോ വിരലോട്ടവും ഭാഗമാകുന്നു. 'അമ്മവീട്' ഒരു പൊതുവിടശില്പമല്ലായിരുന്നെങ്കിലോയെന്ന് നടുക്കത്തോടെ വിചാരിക്കുന്നു.

തൊട്ടറിവിന്റെ കല
കേരളത്തിനുണ്ടോ ഒരു കലാചരിത്രം?

ഒരു പൂര്‍ണകായസ്ത്രീരൂപം അല്ലെങ്കില്‍ തന്നെയും ആ കലാവസ്തു ഒരു ഗര്‍ഭിണിയുടെ ശരീരത്തില്‍ തൊടുന്ന മട്ടില്‍ മെല്ലെ തൊടാന്‍ പാകത്തിന് തലച്ചോറിനെ പരുവപ്പെടുത്തുന്നു. തൊട്ടുപ്രാര്‍ത്ഥിക്കുകയും തൊട്ടനുഗ്രഹിക്കുകയും തൊട്ടാശ്വസിപ്പിക്കുകയും ചെയ്തതുപോലെ തന്നെ ഹിംസിക്കുകയും അശുദ്ധികല്പിക്കുകയുമൊക്കെ ചെയ്ത സ്പര്‍ശത്തിന്റെ ചരിത്രപരിസരത്തില്‍ നിന്നുകൊണ്ടാണ്, ആ സഞ്ചിത സ്മൃതികളെ (collective memory) വഹിച്ചുകൊണ്ടാണ് കലയെ തൊട്ടറിയാന്‍ നാം മുതിരുന്നത്.

logo
The Fourth
www.thefourthnews.in