നമ്പൂതിരിയെ മനുഷ്യനാക്കിയ വിടി

നമ്പൂതിരിയെ മനുഷ്യനാക്കിയ വിടി

ഇരുപതാം നൂറ്റാണ്ടിന്റെ വിപ്ലവശബ്ദമായി ഉയര്‍ന്നു കേട്ട വിടി ഓര്‍മയായിട്ട് ഇന്ന് 41 വര്‍ഷം
Updated on
2 min read

തീയാടിപ്പെണ്‍കുട്ടി കൊളുത്തിയ അക്ഷര വിളക്കില്‍ നിന്ന് കേരള നവോത്ഥാനത്തെ ആളിക്കത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്- വിടി ഭട്ടതിരിപ്പാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ വിപ്ലവശബ്ദമായി ഉയര്‍ന്നു കേട്ട വിടി ഓര്‍മയായിട്ട് ഇന്ന് 41 വര്‍ഷം. ഒരു സാധാരണ നമ്പൂതിരി ഗൃഹത്തിലെ അപ്ഫനായ വിടിയ്ക്ക് തന്റെ സമുദായത്തിലെ വ്യവസ്ഥകളോട് തോന്നിത്തുടങ്ങിയ മടുപ്പ് പിന്നീട് കേരളക്കരയാകെ പടര്‍ന്നു കയറുകയായിരുന്നു. മീശ മുളച്ചിട്ടും ഉരുവിട്ട് പഠിച്ച വേദപാഠങ്ങളല്ലാതെ തനിക്ക് അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയില്ലെന്ന ബോധമാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ സമരവഴികള്‍ക്ക് അടിത്തറ പാകിയത്.

പൊന്നാനി താലൂക്കിലെ മേഴത്തൂരില്‍ തുപ്പന്‍ ഭട്ടതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് വെള്ളിത്തുരുത്തി താഴില്ലത്ത് രാമന്‍ ഭട്ടതിരിപ്പാടെന്ന വിടിയുടെ ജനനം. സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉമ്മറത്ത് കുടുമകെട്ടി കാലും കയറ്റിവച്ച് മുറുക്കിത്തുപ്പിയ തന്റെ സമുദായക്കാരെ ആഞ്ഞ് ചവിട്ടാന്‍ വിടിക്ക് കരുത്തായത് അക്ഷരങ്ങളാണ്.

മകനെ വൈദികനാക്കാന്‍ ആഗ്രഹിച്ച പിതാവ് അവനെ വേദപഠനത്തിനയച്ചു. ഷൊര്‍ണൂരിനടുത്ത് മുണ്ടമുക ശാസ്താം കോവിലില്‍ ശാന്തിക്കാരനായിരിക്കുന്ന കാലത്താണ് വിടി മലയാളത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത്. ഗുരു ക്ഷേത്രത്തിനടുത്തുള്ള ഒരു തീയാടി പെണ്‍കുട്ടി. പായസമുണ്ടാക്കാന്‍ ശര്‍ക്കര പൊതിഞ്ഞു കൊണ്ടു വന്ന ഒരു കീറ് കടലാസില്‍ നിന്ന് 'മാന്‍മാര്‍ക്ക് കുടകള്‍' എന്ന പരസ്യവാചകം ആദ്യമായി വായിച്ചെടുത്തതിനെക്കുറിച്ച് അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും കേന്ദ്രമായ നമ്പൂതിരി സമുദായത്തിന്റെ ദുഷിച്ച മുഖം വലിച്ചു കീറുകയായിരുന്നു അദ്ദേഹം ആ എഴുത്തിലൂടെ

"അരനൂറ്റാണ്ടിനു മുൻപു ജീവിച്ച ഒരപ്‌ഫൻ നമ്പൂതിരിയുടെ ജീവചരിത്രമോ ആത്മകഥയോ എഴുതുന്നതുപോലെ അത്ര എളുപ്പമായ പണി വേറെയില്ല" 'കണ്ണീരും കിനാവും' എന്ന ആത്മകഥ ഇങ്ങനെ എഴുതിത്തുടങ്ങിയ വി ടി യ്ക്ക് തന്റെ ജീവിതത്തെ അത്ര എളുപ്പത്തിൽ എഴുതി പൂർത്തിയാക്കുവാൻ സാധിക്കുമായിരുന്നില്ല. ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും കേന്ദ്രമായ നമ്പൂതിരി സമുദായത്തിന്റെ ദുഷിച്ച മുഖം വലിച്ചു കീറുകയായിരുന്നു അദ്ദേഹം ആ എഴുത്തിലൂടെ. ഒരു കാലഘട്ടത്തിന്റെ കണ്ണാടിയായി ആ കൃതി മാറിയത് അങ്ങനെയാണ്.

വിടി ഭട്ടതിരിപ്പാട്
വിടി ഭട്ടതിരിപ്പാട്

അടുക്കളക്കോണിൽ കരിപിടിച്ചിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളെ അരങ്ങത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. പുരുഷാധിപത്യത്തിന്റെ കോട്ടകള്‍ പൊളിച്ചു നീക്കി അന്തര്‍ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റ വെളിച്ചം പകരാനായി അദ്ദേഹം ശബ്ദമുയര്‍ത്തി. അന്തർജനങ്ങൾ മാത്രമല്ല അപ്ഫൻമാരുടെ സ്ഥിതിയും അക്കാലത്ത് വ്യത്യസ്തമായിരുന്നില്ല. അപ്ഫൻമാർ സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം ചെയ്യുന്നത് മഹാപാപമെന്ന് വിശ്വസിച്ചിരുന്ന നെറികേടിന് നേരെ പ്രതികരിക്കാനും അതിനെ മറികടക്കാനും അദ്ദേഹം അറച്ചു നിന്നില്ല.

യോഗക്ഷേമസഭയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളായിരുന്നു വി ടിയെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായി വളര്‍ത്തിയെടുക്കുന്നതിൽ ആദ്യപടിയായത്. 1929 ൽ യോഗക്ഷേമ സഭയുടെ 22 മത് വാർഷികത്തിനാണ് വിടിയുടെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം അരങ്ങേറുന്നത്. നമ്പൂതിരി ഇല്ലങ്ങളുടെ അകത്തളങ്ങളിലെ ഇരുളിൽ ജീവിതം ഹോമിച്ച അന്തർജനങ്ങൾ അന്ന് വെളിച്ചത്തേക്ക് ഇറങ്ങി നിന്നു. മറക്കുടകളുടെ നിഴലുകൾ പറ്റാതെ തല ഉയർത്തിപ്പിടിച്ച് നിൽക്കാൻ അവരെ പ്രാപ്തരാക്കിയതിൽ വിടി യുടെ അക്ഷരങ്ങളുടെ പങ്ക് ചെറുതല്ല. നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച വിടിയ്ക്ക് സ്വന്തം സമുദായത്തിൽ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികൾ ചെറുതല്ല.

'' അയിത്തോച്ചാടനത്തിന് അമ്പലങ്ങൾക്ക് തീ കൊളുത്താം'' എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ അദ്ദേഹം ലവലേശം പോലും ആരെയും ഭയപ്പെട്ടില്ല. യുവാക്കളെ കൂട്ടുപിടിച്ച് അനാചാരങ്ങളുടെ മേൽ ഉണ്ടും ഉറങ്ങിയും വാണരുളിയ തമ്പുരാക്കന്മാരെ അദ്ദേഹം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഈഴവരുടെ പൊതുയോഗങ്ങളിൽ പങ്കെടുത്തും മിശ്രഭോജനവും മിശ്ര വിവാഹം നടത്തിയും അദ്ദേഹം ആചാരക്കോട്ടകളെ തച്ചുടച്ചു. സ്വസമുദായത്തിൽ ആദ്യമായി വിധവാവിവാഹം നടത്താനും വിടി മുൻകൈ എടുത്തു.

വി ടി എന്ന രണ്ടക്ഷരത്തെ ചുറ്റിപറ്റി ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. അറിവിനെ ആയുധമാക്കിയാണ് വിടി യുദ്ധം ചെയ്തത്. ഒരു ശാന്തിക്കാരൻ സാമൂഹ്യ പരിഷ്കർത്താവിന്റെ വേഷമണിഞ്ഞപ്പോൾ സമൂഹത്തിൽ വന്ന മാറ്റങ്ങൾ ചെറുതല്ല.ജീവിതത്തിന്റെ അവസാന നിമിഷം വരെ സമൂഹത്തിലെ ദുരാചാരങ്ങളോട് പോരാടിയ യുഗപുരുഷൻ. അന്ന് ആ കൊച്ചു പെൺകുട്ടി കൊളുത്തിയ 'അറിവിന്റെ കെടാവിളക്ക്' കേരളത്തെ മുഴുവൻ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in