സാഹിത്യകാരന്‍ സി ആർ ഓമനക്കുട്ടന്‍ അന്തരിച്ചു

സാഹിത്യകാരന്‍ സി ആർ ഓമനക്കുട്ടന്‍ അന്തരിച്ചു

23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള സി ആർ ഓമനക്കുട്ടന്‍ ഹാസസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ്.
Updated on
1 min read

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി ആർ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള സി ആർ ഓമനക്കുട്ടന്‍ ഹാസസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ്. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്കാരം.

ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി

ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതിയിട്ടുള്ള സി ആർ ഓമനക്കുട്ടന്റെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് എഴുതിയ ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച രാഷ്ട്രീയ-സാമൂഹിക പഠന വിഭാഗത്തില്‍പ്പെട്ട പരമ്പര പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര.

കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിആര്‍ എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകളും എഴുതിയിട്ടുണ്ട്.

പെണ്ണമ്മയും രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയം തിരുനക്കരയില്‍ 1943 ലായിരുന്നു സിആര്‍ ഓമനക്കുട്ടന്റെ ജനനം. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സിഎംഎസ്‌. കോളജ്‌, കൊല്ലം എസ്‌എൻ കോളജ്‌, ചങ്ങനാശേരി എസ്‌ബി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പത്രപ്രവർത്തന, അധ്യാപന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി നോക്കിയ ശേഷമായിരുന്നു ഗവൺമെന്റ്‌ കോളജുകളിൽ മലയാളം അധ്യാപകനായി എത്തുന്നത്.

സംവിധായകന്‍ അമല്‍ നീരദ് മകനാണ്. നാളെ രാവിലെ 9 മണി മുതൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓമനക്കുട്ടന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം നാളെ വൈകിട്ട് 3 ന് എറണാകുളം രവിപുരം ശ്മശാനത്തിൽ

logo
The Fourth
www.thefourthnews.in