'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ

'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ

മോദിക്കും അമിത് ഷായ്ക്കും പുറമേ, തെലങ്കാനയിലേക്ക് വേറൊരാളെ കൂടി ബിജെപി കൊണ്ടുവന്നിട്ടുണ്ട്. ഛത്രപതി ശിവജിയാണ് ബിജെപിയുടെ 'താര പ്രചാരകരില്‍' ഒരാള്‍
Updated on
3 min read

കർണാടകയ്ക്കുശേഷം ദക്ഷിണേന്ത്യയില്‍ ബിജെപി ദീര്‍ഘകാലമായി ലക്ഷ്യം വച്ചിരിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടമെങ്കിലും സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. നിലവില്‍ നിയമസഭയില്‍ ഒന്നും ലോക്‌സഭയില്‍ നാലും സീറ്റുകളാണ് ബിജെപിക്കുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടിക്കടിയുള്ള സന്ദര്‍ശനങ്ങളും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ കടന്നാക്രമിക്കാന്‍ മോദി കാണിക്കുന്ന ഉത്സാഹവും തെലങ്കാനയില്‍ 'അഗ്രസീവ്' നീക്കത്തിനാണ് ബിജെപിക്ക് കൂടുതല്‍ താത്പര്യമെന്ന സൂചനകളാണ് നല്‍കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഹൈദരാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഹൈദരാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നു

മോദിക്കും അമിത് ഷായ്ക്കും പുറമേ, തെലങ്കാനയിലേക്ക് വേറൊരാളെ കൂടി ബിജെപി കൊണ്ടുവന്നിട്ടുണ്ട്. ഛത്രപതി ശിവജിയാണ് ബിജെപിയുടെ 'താര പ്രചാരകരില്‍' ആ ആള്‍. തെലങ്കാനയുടെ രാഷ്ട്രീയ, സാമൂഹിക ചരിത്രവുമായി ശിവജിയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് ഒട്ടാകെ ശിവജി പ്രതിമകള്‍ സ്ഥാപിക്കുന്ന തിരക്കിലായിരുന്നു ബിജെപി.

'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ
മൂന്നാമൂഴം ചന്ദ്രശേഖറാവുവിന് അന്യമോ? തെലങ്കാനയില്‍ 'കര്‍ണാടക' പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ശിവജിയുടെ പേരിലെ ചോരക്കളികള്‍

ഭിന്നിച്ചുനില്‍ക്കുന്ന വിവിധ സമുദായങ്ങളെ ഹിന്ദു ഐക്യത്തിന് കീഴില്‍ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശിവജി പ്രതിമകളുമായി ബിജെപി തെലങ്കാനയില്‍ കളം പിടിക്കാന്‍ ശ്രമിക്കുന്നത്. മുഗളന്‍മാര്‍ക്കെതിരെ പോരാടിയ ഭരണാധികാരിയെന്ന നിലയിലാണ് ശിവജിയെ, മഹാരാഷ്ട്രയ്ക്ക് പുറത്ത് ബിജെപി 'ബ്രാന്‍ഡ് ചെയ്യാന്‍' ശ്രമിക്കുന്നത്.

ശിവജി പ്രതിമകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വര്‍ഗീയസംഘര്‍ഷങ്ങളും ഇതിനോടകം തന്നെ തെലങ്കാനയില്‍ നടന്നുകഴിഞ്ഞു. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ആദിലാബാദ്, നിസാമുദിന്‍, നിര്‍മല്‍ ജില്ലകളില്‍ നിരവധി ശിവജി പ്രതിമകളാണ് ബിജെപി സ്ഥാപിച്ചത്. ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ നിരന്തരമായി നടക്കുന്ന മേഖലകള്‍ കൂടിയാണിത്. ഇത്തരം സംഘര്‍ഷങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു വികാറാബാദ് ജില്ലയിലെ യലാല്‍ മണ്ഡലില്‍ ദെവനൂരില്‍ നടന്ന സംഘര്‍ഷവും തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട കൊലപാതകവും.

'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ
വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്‌ഗഢില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍

ജനുവരിയിലാണ് ശിവജി- അംബേദ്കര്‍ പ്രതിമ സ്ഥാപിക്കല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരു ദളിത് യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. ഗ്രാമത്തിലെ പ്രധാന ഗേറ്റില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിച്ചതില്‍ അക്രമാസക്തരായ ഹിന്ദു യുവവാഹിനിയെന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകർ മെത്തലി നരേഷ് എന്ന ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദെവനൂര്‍ ഗ്രാമത്തിലെ ഭൂരിഭാഗം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരും യാദവ, ഗൗഡ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാനുള്ള ദലിത് യുവാക്കളുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍, ശിവജിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

നരേഷും ഹിന്ദു യുവവാഹിനി പ്രവര്‍ത്തകന്‍ ബോദ്ക നരേന്ദറുമായി വാക്‌തര്‍ക്കമുണ്ടായി. ശിവ ദീക്ഷ ധരിച്ചിരുന്ന തന്നെ നരേഷ് അപമാനിച്ചുവെന്നാരോപിച്ച് ബോദ്ക പോലീസില്‍ പരാതി നല്‍കി. പിന്നാലെ നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറ്റേദിവസം, ശിവഭക്തരാണെന്ന് അവകാശപ്പെട്ട വലിയ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറുകയും നരേഷിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നരേഷ് പിന്നീട് മരിച്ചു. അക്രമം നടത്താന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിന് മുരളി ഗൗഡ് എന്ന ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശിവജി പ്രതിമകളുടെ പേരില്‍ തെലങ്കാന ഗ്രാമങ്ങളില്‍ നടന്നുവരുന്ന വര്‍ഗീയ, സമുദായ സംഘര്‍ഷങ്ങളില്‍ ഒരു സംഭവം മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. ശിവജി-അംബേദ്കര്‍ പ്രതിമകളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍, ശിവജി പ്രതിമകള്‍ വ്യാപകമായി സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. വരുംകാലങ്ങളില്‍ ശിവജി തെലങ്കാനയുടെ പ്രധാന രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചാ വിഷയമാകുമെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ നല്‍കുന്ന സൂചന.

'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ
മിസോറാം: ആണധികാരത്തിന് എതിരാകുമോ ജനവിധി?

മുന്‍കൂട്ടി കണ്ട കെസിആര്‍

ദക്ഷിണേന്ത്യയില്‍ എന്തുവില കൊടുത്തും സാന്നിധ്യമുറപ്പിക്കുകയെന്നതാണ് ബിജെപിയുടെ അജൻഡ. ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ പ്രകടനം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതോടൊപ്പം കേരളത്തിനെയും തമിഴ്‌നാടിനെയും അപേക്ഷിച്ച് തെലങ്കാനയില്‍ പ്രതികൂല സാഹചര്യങ്ങള്‍ അത്രമേല്‍ ഇല്ലെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

തെലങ്കാന മുഖ്യമന്ത്രി കെസിആർ
തെലങ്കാന മുഖ്യമന്ത്രി കെസിആർ

അതേസമയം, കോണ്‍ഗ്രസുമായാണ് നിലവിലെ ഏറ്റുമുട്ടലെങ്കിലും, ബിജെപിയുടെ 'കടന്നുകയറ്റം' മുഖ്യമന്ത്രി കെസിആര്‍ മുന്നേകൂട്ടി കണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ്, മൂന്നാം മുന്നണി നീക്കവുമായി ടിആര്‍എസിനെ ബിആര്‍എസ് എന്നാക്കി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 'ഡല്‍ഹിയില്‍ നിന്ന് ഇങ്ങോട്ടുവന്നാല്‍, ഞങ്ങള്‍ ഹൈദരാബാദില്‍നിന്ന് അങ്ങോട്ടുവരുമെന്ന' അമിത് ഷായ്ക്കുള്ള സൂചനയായിരുന്നു 2022ലെ ബിആര്‍എസ് രൂപീകരണമെന്ന വിലയിരുത്തലുണ്ടായി.

തെലങ്കാനയിലെ മുഖ്യശത്രുവായ കോണ്‍ഗ്രസിനൊപ്പം ദേശീയതലത്തില്‍ കൈകോര്‍ക്കുന്നത് ഉത്തമമാകില്ലെന്ന വിലയിരുത്തലും പുതിയ നീക്കങ്ങള്‍ക്ക് കെസിആറിനെ പ്രേരിപ്പിച്ചു. എന്നാല്‍, പേരു മാറ്റം നടന്നതല്ലാതെ, ദേശീയ രാഷ്ട്രീയ നീക്കത്തില്‍ കാര്യമായ ചുവടുവയ്പ് നടത്താന്‍ കെസിആറിന് സാധിച്ചില്ല.

'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ
തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം
തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

തെലങ്കാന ഇത്തവണ കോണ്‍ഗ്രിനൊപ്പം?

സംസ്ഥാന രാഷ്ട്രീയത്തില്‍ ബിആര്‍എസിന് തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പ്രകടനം ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചെങ്കിലും അവസാന പോരാട്ടം ബിആര്‍എസും കോണ്‍ഗ്രസും തമ്മിലാണെന്നാണ് ചിത്രം തെളിയുന്നത്.

കോണ്‍ഗ്രസിന് 48 മുതല്‍ 61 സീറ്റുവരെയാണ് എബിപി-സീ വോട്ടർ സർവേയുടെ പ്രവചനം. 119 അംഗസഭയില്‍ 43 മുതല്‍ 55 സീറ്റുവരെയാണ് ബിആര്‍എസിന് സര്‍വെ പ്രകാരം ലഭിക്കുക. ബിജെപി രണ്ടക്കത്തിലേക്ക് (5-11) എത്തിയേക്കുമെന്നും ഫലം പറയുന്നു. സ്വതന്ത്രസ്ഥാനാര്‍ഥികളുടേയും ബിജെപിയുടേയും സാധ്യതകള്‍ സമാനമാണെന്നതാണ് സര്‍വേയുടെ മറ്റൊരു സവിശേഷത.

119 അംഗ നിയമസഭയില്‍, 2018ല്‍ 88 സീറ്റാണ് ബിആര്‍എസ് നേടിയത്. കോണ്‍ഗ്രസിന് 19 സീറ്റുമാത്രമാണ് അന്ന് ലഭിച്ചത്. ബിജപിക്ക് 2014ല്‍ ലഭിച്ച അഞ്ച് സീറ്റ്, 2018ല്‍ ഒന്നായി ചുരുങ്ങി.

logo
The Fourth
www.thefourthnews.in