പൊതുതിരഞ്ഞെടുപ്പിന്  മുൻപുള്ള സമ്പൂർണ ബജറ്റ്, പ്രതീക്ഷകൾ എന്തൊക്കെ ?

പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള സമ്പൂർണ ബജറ്റ്, പ്രതീക്ഷകൾ എന്തൊക്കെ ?

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ നികുതി കുറയ്ക്കൽ, ഉത്പാദനം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാകും ഊന്നൽ നൽകുക
Updated on
2 min read

2023-24 വർഷത്തെ പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ ബജറ്റെന്ന നിലയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ നികുതി കുറയ്ക്കൽ,ഉത്പാദനം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാകും ബജറ്റിൽ ഊന്നൽ നൽകുക. മധ്യവർഗങ്ങൾക്ക് ആശ്വാസമേകാൻ നികുതിയിൽ മാറ്റങ്ങളുണ്ടായേക്കും. ഇതോടൊപ്പം ദരിദ്ര വിഭാഗങ്ങൾക്കുള്ള നീക്കിയിരുപ്പ് വർധിപ്പിക്കാനും ബജറ്റിൽ നടപടിയുണ്ടായേക്കും. ഇതിനായി തദ്ദേശീയ ഉത്പാദനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും, ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

പൊതുതിരഞ്ഞെടുപ്പിന്  മുൻപുള്ള സമ്പൂർണ ബജറ്റ്, പ്രതീക്ഷകൾ എന്തൊക്കെ ?
തിരഞ്ഞെടുപ്പ് മുന്നില്‍: ജനകീയ ബജറ്റിന് സാധ്യത

മധ്യ വർഗ്ഗത്തെയും സാധാരണ ജനവിഭാഗത്തേയും ആകർഷിക്കുന്ന തരത്തിലുള്ള ബജറ്റാകുമെന്നാണ് പൊതു വിലയിരുത്തൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സർക്കാരിന് ലഭിച്ചിട്ടുള്ള അവസാന സമ്പൂർണ ബജറ്റാണ് ഇത്. അതനുസരിച്ച് മധ്യ വർഗത്തെയും സാധാരണ ജനവിഭാഗത്തേയും ആകർഷിക്കുന്ന തരത്തിലുള്ള ബജറ്റാകുമെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ വർധിച്ചുവരുന്ന പലിശ നിരക്കും മന്ദഗതിയിലായ ആഗോള വളർച്ചയും കൂടുതൽ ഉദാരമാകുന്നതിൽ നിന്നും മോദിയെ അകറ്റി നിർത്താനാണ് സാധ്യത. എന്നിരുന്നാലും ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ നിക്ഷേപകർക്ക് എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് അറിയാൻ ഏവരും കാത്തിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ കടുത്ത തൊഴില്ലായ്മയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇതിന് പരിഹാരം കാണാനുള്ള നടപടികളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. ജനങ്ങളുടെ ഇടയിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. ബജറ്റ് പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നികുതി സ്ലാബ്‌

നിലവിലെ ആദായ നികുതി നിരക്കുകൾ കുറയ്ക്കാനും ശമ്പളക്കാർക്കായി പുതുക്കിയ നികുതി സ്ലാബുകൾ കൊണ്ടുവരാനുമുള്ള നീക്കം ഈ വർഷത്തെ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ചില ഇളവുകളൊഴിച്ചാൽ 2016-17 ബജറ്റ് മുതൽ നികുതി സ്ലാബുകൾ മാറ്റിയിട്ടില്ല. പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ നിലവിലുള്ള 30 ശതമാനം എന്നത് പുതുക്കി 25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാന ഇളവ് പരിധി

കൂടുതൽ തുക ജനങ്ങളിലേക്ക് എത്താൻ ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷത്തിലേക്ക് ഉയർത്തണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി നിലവിലുള്ള മൂന്ന് ലക്ഷം രൂപയിൽ നിന്ന് 7.5 ലക്ഷം രൂപയിലേക്ക് ഉയർത്താനും അവർ പറയുന്നു. 12.5 ലക്ഷം രൂപ വരെ വരുമാനമുള്ള 80ന് മുകളിൽ പ്രായമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഓഫ് ഇന്ത്യയുടെ നിർദേശം.

മൂലധന നേട്ട നികുതിയിൽ ഇളവ്

ഓഹരി വിപണി നിക്ഷേപകർക്ക് ആശ്വാസമായി മൂലധന നേട്ട നികുതിയിൽ ഇളവ് ഉണ്ടായേക്കാം. ലിസ്റ്റഡ് ഇക്വിറ്റി ഷെയറുകളുടെ വില്പനയിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടം പ്രതിവർഷം ഒരു ലക്ഷത്തിൽ കൂടുതലായതിനാൽ നികുതി വിധേയമാണ്. ഈ പരിധി രണ്ട് ലക്ഷം രൂപയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നികുതി ഇളവ് പരിധി

* സെക്ഷൻ 80സി പ്രകാരം ലഭിക്കുന്ന നികുതി ഇളവ് പരിധി 1.50 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയർത്തിയേക്കും.

* സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ലഭിക്കുന്ന നികുതി ഇളവ് നിലവില്‍ 25,000 രൂപയും, മുതിർന്ന പൗരന്മാർക്ക് 50,000 രൂപയുമാണ്. ഇവ യഥാക്രമം 50,000, ഒരു ലക്ഷം എന്നിങ്ങനെയാക്കി ഉയർത്തണമെന്നും നിര്‍ദേശമുണ്ട്.

* ഭവന വായ്പയിലും ഇളവ് പ്രതീക്ഷിക്കാം. സെക്ഷൻ 24ബി പ്രകാരം ഒരു വർഷം ഭവന വായ്പ പലിശയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന നികുതി ഇളവ് രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തുമെന്നാണ് പ്രതീക്ഷ.

* ഇൻഷുറൻസ് മേഖലയിൽ 80സി പ്രകാരമുള്ള നികുതി ഇളവ് വർധിപ്പിക്കുക, ഇൻഷുറൻസ് പോളിസിക്കുള്ള പെൻഷൻ തുക നികുതി രഹിതമാക്കുക, ​പ്രൊട്ടക്ഷൻ പ്ലാനുകളിൽ ജിഎസ്ടി ഒഴിവാക്കുക തുടങ്ങിയ നടപടികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in