നിര്‍മലാ സീതാരാമന്‍
നിര്‍മലാ സീതാരാമന്‍

ആദായ നികുതി ഇളവുകൾ എല്ലാവർക്കും ബാധകമല്ല; പുതിയ സ്കീമിൽ മാത്രം

പുതിയ നികുതി വ്യവസ്ഥയിലുള്ളവർക്കായി ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ, പഴയ നികുതി വ്യവസ്ഥയിലുള്ളവർക്ക് നിരാശ
Updated on
2 min read

ബജറ്റവതരണ ദിവസമെത്തുമ്പോള്‍ കൂടുതല്‍ പേരും കാത്തിരിക്കുന്നത് ആദായ നികുതി പരിധിയിൽ ഇളവ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ്. ഇത്തവണ നികുതി സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായി എന്നതും ശ്രദ്ധേയം. പുതിയ നികുതി ഘടനയിലേക്ക് ആളുകളെ ആകർഷിക്കുന്നതാണ് പ്രഖ്യാപനങ്ങൾ. ആദായ നികുതി പരിധിയില്‍ മാറ്റം, നികുതി സ്ലാബുകളുടെ പരിഷ്ക്കരണം എന്നിവ പുതിയ നികുതി സ്കീമിലുള്ളവർക്കായി പ്രഖ്യാപിച്ചപ്പോൾ പഴയ നികുതി സ്കീമിൽ കാര്യമായ ഇളവുകളൊന്നും വരുത്തിയിട്ടില്ല.

പുതിയ നികുതി ഘടനയും പഴയ നികുതി ഘടനയും

രാജ്യത്ത് നിലവിൽ രണ്ട് ആദായ നികുതി വ്യവസ്ഥയാണ് പ്രാബല്യത്തിലുള്ളത്. ഇതിൽ പുതിയ നികുതി ഘടനയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഇന്നത്തെ പ്രഖ്യാപനം. 2020 കേന്ദ്ര ബജറ്റിലാണ് പുതിയ ആദായ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നിലവില്‍ വന്നു. പുതിയ സ്‌കീം വേണോ പഴയ സ്‌കീം വേണോ എന്ന് വ്യക്തികള്‍ക്ക് തിരഞ്ഞെടുക്കാം. ഇതുവരെ പഴയ നികുതി വ്യവസ്ഥയായിരുന്നു സ്വാഭാവികമായും ഉണ്ടായിരുന്നത്. പുതിയതിലേക്ക് മാറേണ്ടവര്‍ ഓപ്ഷന്‍ നല്‍കണം. ഇത് ഇനി മുതല്‍ മാറും. പഴയ നികുതി വ്യവസ്ഥയില്‍ നിലനില്‍ക്കാന്‍ ഓപ്ഷന്‍ കൊടുക്കാത്തവരെല്ലാം ഇനി മുതല്‍ പുതിയ നികുതി വ്യവസ്ഥയുടെ ഭാഗമാകും. അതായത് പുതിയ നികുതി വ്യവസ്ഥയാണ് ഇനി സ്വാഭാവികമായ ഓപ്ഷന്‍.

1961 ലെ ആദായ നികുതി നിയമത്തിന്‌റെ 80 സി വകുപ്പ് പ്രകാരം ഒന്നര ലക്ഷം രൂപയുടെ വരെ റിബേറ്റ് പഴയ സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നു. എച്ച് ആര്‍എ , എല്‍ ടി എ തുടങ്ങി വിവിധ ഇനങ്ങളിലായിരുന്നു ഇത്. നിക്ഷേപം, വായ്പ തുടങ്ങിയവയിലൂടെ നികുതി ഇളവ് നേടാന്‍ സാധിക്കില്ല എന്നതാണ് പുതിയ സ്‌കീമിന്‌റെ പ്രധാന അനാകർഷണം. 50,000 രൂപയുടെ അടിസ്ഥാന ഇളവും പഴയ നികുതി വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. പഴയ വ്യവസ്ഥയിലെ ഉളവുകളും കിഴിവുകളും കലാനുസൃതം പരിഷ്‌ക്കരിക്കുമെന്നും ഒറ്റ ആദായ നികുതി വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്നില്‍വെച്ച് പുതിയ നികുതി വ്യവസ്ഥയിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമം കൂടിയാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം.

പഴയ നികുതി വ്യവസ്ഥ വേണോ പുതിയ നികുതി വ്യവസ്ഥവേണോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാം. പ്രത്യേക ഓപ്ഷൻ നൽകിയില്ലെങ്കിൽ പുതിയ വ്യവസ്ഥയിൽ പരിഗണിക്കും.

പുതിയ നികുതി വ്യവസ്ഥയ്ക്ക് മാത്രമായാണ് ഇത്തവണത്തെ ബജറ്റിലെ നികുതി പരിധി ഉയർത്തലും സ്ലാബ് മാറ്റവും വരുത്തിയത്. വരുമാനം 2.5 ലക്ഷം രൂപ വരെയുള്ളവരെയാണ് നിലവില്‍ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി. 2.5 ലക്ഷം മുതല്‍ ആറ് സ്ലാബ് ആണ് നികുതി ദായകര്‍ക്ക് നിലവില്‍ ഉണ്ടായിരുന്നത് . ഇത് മൂന്ന് ലക്ഷം മുതല്‍ അഞ്ച് സ്ലാബുകളാക്കി പുനഃസംഘടിപ്പിച്ചു.

സ്ലാബ് മാറ്റം ഇങ്ങനെ

പുതുക്കിയ ആദായ നികുതി സ്ലാബുകള്‍ (പുതിയ വ്യവസ്ഥ)

  • മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല

  • മൂന്ന് മുതല്‍ ആറ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% നികുതി ചുമത്തും

  • ആറ് മുതല്‍ ഒന്‍പത് ലക്ഷം വരെയുള്ള വരുമാനത്തിന് 10% നികുതി

  • ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15% നികുതി

  • 12-15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20% നികുതി ചുമത്തും

  • 15 ലക്ഷം രൂപയും അതില്‍ അധികവുമുള്ള 30% നികുതി

പഴയ ആദായ നികുതി സ്ലാബുകള്‍ (പുതിയ വ്യവസ്ഥ)

  • 2.5 ലക്ഷം വരെ വരുമാനമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

  • 2.5 മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് 5% നികുതി

  • അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് 10%

  • 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15% നികുതി

  • 10 മുതല്‍ 12.5 ലക്ഷം വരെ 20%

  • 12.5 മുതല്‍ 15 ലക്ഷം വരെ 25%

  • 15 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് 30% നികുതി

ആദായ നികുതി സ്ലാബ് ( പഴയ വ്യവസ്ഥ)

  • 2.5 ലക്ഷം വരെ വരുമാനമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

  • 2.5 മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് 5% നികുതി

  • അഞ്ച് മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20% നികുതി

  • 10 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് 30% നികുതി

2.5 ലക്ഷമായിരുന്നു നികുതി അടയ്ക്കാതിരിക്കാനുള്ള ഉയർന്ന വരുമാന പരിധിയെങ്കിലും റിബേറ്റടക്കം അഞ്ച് ലക്ഷം രൂപ വരെയുള്ളവർക്ക് നിലവിൽ ആദായ നികുതി അടക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ഇവർക്കും ടാക്സ് റിട്ടേൺ നൽകണം. റിബേറ്റ് അടക്കം നികുതി ഇളവ് ലഭിക്കുന്ന ഉയർന്ന പരിധി പുതിയ സ്കീമിൽ ഉള്ളവർക്ക് അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തി. പഴയ സ്കീമിൽ ഉള്ളവർക്ക് ഇത് ബാധകമല്ല.

ഫലത്തില്‍ ഏഴ് ലക്ഷം രൂപ വരെ നികുതി കൊടുക്കേണ്ടി വരില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഇടത്തരക്കാര്‍ക്ക് ഏറെ പ്രയോജനമാകും എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഈ ഇളവ് ലഭിക്കാൻ പുതിയ സ്കീമിലേക്ക് മാറണം.

logo
The Fourth
www.thefourthnews.in