മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കും; വന്യമൃഗ ഭീഷണി തടയാന്‍ 50.85 കോടി
വന്യജീവി ആക്രമണത്തെ ഗൗരവകരമായി പരിഗണിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ 50.85 കോടി രൂപ ബജറ്റിൽ വകയിരുത്തി. കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം തടയാന്‍ 2 കോടി രൂപ. മനുഷ്യ വന്യജീവി സംഘര്‍ഷം തടയുകയാണ് പ്രധാന ലക്ഷ്യം. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക എന്നും മന്ത്രി അറിയിച്ചു.
കാട്ടുപന്നി, മുള്ളന്‍പന്നി, ആന, കടുവ, പുലി തുടങ്ങിയവയുടെ ആക്രമണങ്ങള്‍ തടയേണ്ടതുണ്ട്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം മനുഷ്യജീവനും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
അതിനായുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങളും പരിഹാരങ്ങളും സര്‍ക്കാര്‍ അടിയന്തിരമായി നേടും. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനായും റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുന്നതിനുമായിരിക്കും പദ്ധതി തുകയായ 50.85 കോടി രൂപ വിനിയോഗിക്കുക.