ന്യൂസ് ക്ലിക്ക് കേസ്: നെവില്‍ റോയ് സിങ്കം ഹാജരാകണം, നോട്ടീസയച്ച് ഇ ഡി
വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കന്‍ വ്യവസായിയായ നെവില്‍ റോയ് സിങ്കത്തിന് ഹാജാരാകാന്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കഴിഞ്ഞ മാസമാണ് നെവില്‍ റോയ്ക്ക് നോട്ടീസ് നല്‍കിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് നെവില്‍ റോയ്ക്ക് നോട്ടീസ് അയച്ചതെന്ന് അധികൃതർ അറിയിച്ചു. നെവില്‍ റോയ്ക്ക് നോട്ടീസ് നല്‍കാനുള്ള സമാനശ്രമം കഴിഞ്ഞ വർഷം ചൈന തടഞ്ഞതായും അധികൃതർ അവകാശപ്പെട്ടു.
ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീർ പുരകായസ്തേയും ഹ്യൂമന്‍ റിസോഴ്സസ് തലവന്‍ അമിത് ചക്രവർത്തിയേയും ഡല്‍ഹി പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. വിദേശ ഫണ്ടിങ് നിയമലംഘനം ആരോപിച്ച് ഒക്ടോബർ ഏഴിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
സിബിഐയുടെ പ്രാഥമിക വിവര റിപ്പോർട്ടില്‍ പുരകായസ്തയ്ക്കും ജേസണ്‍ ഫെച്ചറിനുമൊപ്പം (വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്സ്) നെവില്‍ റോയിയും കുറ്റാരോപിതനാണ്. എഫ് സി ആർ എ വ്യവസ്ഥകള്‍ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 28.46 കോടി രൂപ സ്വീകരിച്ചതായാണ് ആരോപണം. ന്യൂസ് ക്ലിക്കിലേക്കുള്ള നെവില്‍ റോയിയുടെ ഫണ്ടിങ് ആദായ നികുതി വകുപ്പിന് പുറമെ ഡല്‍ഹി പോലീസ്, സിബിഐ, ഇഡി, എന്നീ അന്വേഷണ ഏജന്‍സികളുടേയും പരിധിയില്‍ വരുന്നു.
സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ന്യൂസ് ക്ലിക്ക് നിഷേധിച്ചിരുന്നു. ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെ നിർദേശപ്രകാരം വാർത്തകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. ന്യൂസ് ക്ലിക്കിന് ലഭിച്ച എല്ലാ ധനസഹായവും കൃത്യമായ ബാങ്കിംഗ് അക്കൗണ്ടുകളില്‍ നിന്ന് മാത്രമാണെന്നും പ്രസ്താവനയില്‍ അവർ കൂട്ടിച്ചേർത്തു.
ആക്ടിവിസ്റ്റ് ഗൗതം നവ്ലഖയ്ക്കും നെവില്‍ റോയ്ക്കുമെതിരെ ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിച്ചെന്ന് ആരോപിച്ചും ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. പുരകായസ്തയുമായി 1991 മുതല്‍ ഗൗതമിന് ബന്ധമുണ്ടെന്നും എഫ്ഐആർ വ്യക്തമാക്കുന്നു. അരുണാചല്‍ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കാനുള്ള ഉദ്ദേശം പുരകായസ്തയ്ക്കും നെവിലിനും ഉണ്ടായിരുന്നതായും എഫ്ഐആറില്‍ പറയുന്നു. പുരകായസ്തയും നെവിലും ചില ചൈനീസ് ജീവക്കാരുമായുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ആരോപണം.
2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ് ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവില്‍ റോയ്.