സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ബിജെപിയും കോണ്‍ഗ്രസും; ഇന്ന് പത്രിക സമര്‍പ്പണത്തിന്റെ അവസാന നാള്‍
ഘട്ടം ഘട്ടമായി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി. ഇരു ദേശീയ പാര്‍ട്ടികള്‍ മാത്രമാണ് മുഴുവന്‍ സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. 224 അംഗ നിയമസഭയാണ് കര്‍ണാടകയുടേത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് കോണ്‍ഗ്രസിന്റെ ആറാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത്. റായ്ച്ചൂര്‍, സിദ്ധഘട്ട, സി വി രാമന്‍ നഗര്‍, അര്‍ക്കല്‍ഗുഡ്, മംഗളുരു നോര്‍ത്ത് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഏറ്റവും ഒടുവില്‍ ഇറങ്ങിയത് . ഇതോടെ കോണ്‍ഗ്രസിന് 224 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളായി.
ബുധനാഴ്ച രാത്രി 2 മണ്ഡലങ്ങളിലേക്കു കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപിയുടെയും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. ശിവമോഗയും മന്‍വിയുമായിരുന്നു ബിജെപി ഒഴിച്ചിട്ടിരുന്നത്. ശിവമോഗയില്‍ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പക്ക് സീറ്റില്ലെന്നായതോടെ തലപൊക്കിയ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരമുണ്ടാക്കിയ ശേഷമാണു സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്.
നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രില്‍ 24 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഏപ്രില്‍ 25 ഓടെ സംസ്ഥാനത്തെ മത്സര ചിത്രം തെളിയും. മെയ് 10 ന് ആണ് വോട്ടെടുപ്പ്. മെയ് 13 ന് തിരഞ്ഞെടുപ്പ് ഫലം അറിയാം.