മോദി പ്രഭാവം ഫലിച്ചില്ല; ബിജെപിയെ കൈവിട്ട് കര്‍ണാടകം, തകര്‍പ്പന്‍ ജയവുമായി കോണ്‍ഗ്രസ്
മോദി മുന്നില്‍ നിന്ന് നയിച്ചിട്ടും ദക്ഷിണേന്ത്യയിലെ ഏകപ്രതീക്ഷയായിരുന്ന കര്‍ണാടക ബിജെപിയെ കൈവിട്ടു. 65 സീറ്റിലേക്ക് ബിജെപിയുടെ ലീഡ് ഒതുങ്ങിയതോടെ ജെഡിഎസിനെ കൂട്ടുപിടിച്ചെങ്കിലും കേവലഭൂരിപക്ഷമായ 113ലേക്ക് എത്താമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിയുടെ മന്ത്രിമാരില്‍ പലര്‍ക്കും വിജയിക്കാനായില്ല. 130 ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് തുടരുകയാണ്.
പ്രതീക്ഷിച്ച വിജയം ബിജെപി സ്വന്തമാക്കിയത് തീരദേശ മേഖലയില്‍ മാത്രമാണ്. ഇവിടെയും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. തീരദേശ കര്‍ണാടകയിലെ 18 സീറ്റുകളില്‍ 14 എണ്ണത്തില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം. സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയുടെ കര്‍ണാടകയിലെ ഏറ്റവും വലിയ പരീക്ഷണശാലയായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഹിജാബ്, ഹലാല്‍, ഗോവധം, ലൗ ജിഹാദ്, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഏറ്റവുമധികം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയ മേഖലയും ഇതുതന്നെ.
28 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബെംഗളൂരു നഗരമേഖല. ബിജെപി-12 കോണ്‍ഗ്രസ്-14 ജെഡിഎസ്-2 എന്നിങ്ങനെയായിരുന്നു 2018ലെ സീറ്റ് നില. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗരത്തിലെ മൂന്നു മണ്ഡലങ്ങളും ബിജെപിയെ തുണച്ചതാണ് ചരിത്രം. ഇത്തവണ 14 സീറ്റുകളില്‍ ബിജെപിയും 13 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ബെംഗളുരുവില്‍ ആധിപത്യമുറപ്പിക്കാന്‍ ബിജെപി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 36 കിലോമീറ്റര്‍ നീളുന്ന മെഗാ റോഡ് ഷോയാണ് സംഘടിപ്പിച്ചത്.
മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകളിലെ 50 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മുംബൈ കര്‍ണാടക മേഖല. ലിംഗായത്ത് സമുദായത്തിന്റെ ചായ്‌വ് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന മേഖലയാണിത്. 2018ല്‍ 30 സീറ്റ് ബിജെപിയും 17 സീറ്റ് കോണ്‍ഗ്രസും രണ്ട് സീറ്റുകള്‍ ജെഡിഎസും നേടിയ മേഖലയില്‍ ഇത്തവണ ബിജെപിക്കുണ്ടായത് കനത്തതിരിച്ചടി. ഇവിടെ 50 സീറ്റുകളില്‍ 30 എണ്ണത്തിലും കോണ്‍ഗ്രസ് ഭൂരിപക്ഷം ഉറപ്പാക്കി. 19 എണ്ണത്തിലാണ് ബിജെപിയുടെ വിജയം. ഒരു സീറ്റിലാണ് ഇവിടെ ജെഡിഎസിന്റെ ജയം. ബിജെപി ശക്തമായി പിടിച്ചുനില്‍ക്കുമെന്ന് വിലയിരുത്തപ്പെട്ട മേഖലയിലെ തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചു.
ശക്തികേന്ദ്രമായ ഹൈദരബാദ് കര്‍ണാടകയെന്ന കല്യാണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. ഇവിടെ 13 സീറ്റുകളില്‍ ബിജെപിയും മൂന്ന് സീറ്റുകളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് തന്നെയാണ് ഹൈദരാബാദ് കര്‍ണാടക മേഖലയുടെ രീതി. ആകെയുള്ള 40 സീറ്റില്‍ 21 എണ്ണം കൈപ്പത്തിക്കൊപ്പവും 15 എണ്ണം ബിജെപിക്കൊപ്പം നാലെണ്ണം ജെഡിഎസിനൊപ്പവുമാണ് 2018ല്‍ അണിനിരന്നത്.
മൈസൂരു മേഖലയില്‍ ജെഡിഎസാണ് തിരിച്ചടി നേരിട്ടത്. ജെഡിഎസിന്റെ ശക്തി കേന്ദ്രത്തില്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. ജെഡിഎസ് 21 എണ്ണത്തിലേക്ക് ഒതുങ്ങി. ബിജെപി നാല് സീറ്റുകളിലും തളയ്ക്കപ്പെട്ടു. ഇവിടത്തെ 59 മണ്ഡലങ്ങളില്‍ 29 എണ്ണം 2018ല്‍ ജെഡിഎസിന്റെ കൈകളിലായിരുന്നു.
കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളുടെ സ്വാധീന മേഖലയാണ് മധ്യ കര്‍ണാടകയും. ബിജെപിയുടെ എക്കാലത്തെയും തകരാത്ത കാവിക്കോട്ടയായ മധ്യ കര്‍ണാടകയില്‍ പാര്‍ട്ടി എട്ട് സീറ്റിലേക്ക് ഒതുങ്ങി. 15 സീറ്റുകളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തി. മേഖലയിലെ 28 ല്‍ 23 മണ്ഡലങ്ങളും 2018 ല്‍ കാവിക്കൊടിക്കൊപ്പമാണ് നിന്നത്. അഞ്ച് സീറ്റ് മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ഇവിടെനിന്ന് നേടാനായത്.
തീരമേഖലയിലൊഴിക ബാക്കിയെല്ലാം ബിജെപിക്ക് തിരിച്ചടിയാണ്. മുംബൈ കര്‍ണാടകയില്‍ 2018ല്‍ നേടിയ സീറ്റുകളില്‍ നല്ലൊരു പങ്കും പാര്‍ട്ടി കൈവിട്ടു. മൈസൂരു മേഖലയില്‍ ജെഡിഎസിനെ തറപറ്റിച്ചു. മുംബൈ കര്‍ണാടകയില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. അപ്പോഴും ജഗദീഷ് ഷെട്ടാര്‍ പിന്നിലാണ്.മധ്യ കര്‍ണാടക, ഹൈദരബാദ് കര്‍ണാടക കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.
മുസ്ലിം സംവരണം, ഹിജാബ്, ബജ്റംഗ് ദള്‍, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളാണ് ഇത്തവണ കര്‍ണാടകത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ലിംഗായത്ത് വോട്ടുബാങ്ക് ഭിന്നിപ്പിക്കാനായെന്നത് ഡി കെ ശിവകുമാറിന്റേയും കോണ്‍ഗ്രസിന്റെയും വിജയമായാണ് കണക്കാക്കുന്നത്.