''ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ സംസാരിച്ചാൽ വെടിവച്ചു കൊല്ലും''; 'യോഗി' മാതൃക കർണാടകയിലും നടപ്പാക്കുമെന്ന് ബിജെപി എംഎൽഎ

''ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ സംസാരിച്ചാൽ വെടിവച്ചു കൊല്ലും''; 'യോഗി' മാതൃക കർണാടകയിലും നടപ്പാക്കുമെന്ന് ബിജെപി എംഎൽഎ

വിവാദ പ്രസംഗം വിജയപുരയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ
Updated on
1 min read

ഹൈന്ദവ വിശ്വാസങ്ങളെ എതിർത്ത് സംസാരിക്കുന്നവരെ ഉത്തർപ്രദേശ് മാതൃകയിൽ നേരിടുമെന്ന് കർണാടക ബിജെപി എം എൽ എ ബസന ഗൗഡ പാട്ടീൽ യത്നാൽ. തോക്കു ചൂണ്ടി വെടി ഉതിർക്കുന്ന ആംഗ്യത്തോടെ ആയിരുന്നു ബസനഗൗഡയുടെ പരാമർശം. കർണാടകയിലെ വിജയപുരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. "കർണാടകയിൽ ബിജെപി തുടർ ഭരണം പിടിച്ചാൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ മാതൃകയാകും. രാജ്യത്തിനെതിരെ സംസാരിക്കുന്നവരെയും ഹൈന്ദവ വിശ്വാസത്തെ നിന്ദിക്കുന്നവരെയും വെടിവച്ചു കൊല്ലും. ആരെയും ജയിലിലടക്കാൻ പോകുന്നില്ല. റോഡിൽ വച്ച് തന്നെ കാര്യങ്ങൾ തീരുമാനിക്കും " യത്നാൽ വിശദീകരിച്ചു.

ഉത്തർപ്രദേശിൽ മുൻ എംപി ആതിഖ് അഹമ്മദ് വെടിയേറ്റു മരിച്ചതിനെക്കുറിച്ച് സൂചിപ്പിക്കവെയായിരുന്നു യത്നാലിന്റെ ഭീഷണി കലർന്ന മുന്നറിയിപ്പ്. കൊലക്കേസ് പ്രതിയായ ആതിഖ് പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സർക്കാറിന് കുറ്റവാളികളോടുള്ള സമീപനം വിവരിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയുമായിരുന്നു പ്രസംഗം. ഏറ്റുമുട്ടൽ കൊലപാതകത്തെയും കസ്റ്റഡി കൊലപാതകങ്ങളെയും ന്യായീകരിക്കുന്ന പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നേരത്തെയും വർഗീയ - വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് ഇദ്ദേഹം. ബിജെപി ഔദ്യോഗിക പക്ഷ നേതാവായ യത്നാൽ, യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ ദേശീയ നേതൃത്വത്തിൽ സമ്മർദം ചെലുത്തിയവരിൽ ഉൾപ്പെടും. മുസ്ലിം -ക്രിസ്ത്യൻ മത വിഭാഗങ്ങളെയും ഇതര പാർട്ടി നേതാക്കളെയും ആക്ഷേപിക്കൽ പതിവാക്കിയ ആളാണ് ഇദ്ദേഹം. വിജയപുരയിലെ നഗരസഭാ അംഗങ്ങളോട് ഹിന്ദു മത വിശ്വാസികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കാൻ ഇദ്ദേഹം ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരെ ടിപ്പുവിന്റെ ആളുകൾ എന്ന് മോശം അർഥത്തിൽ ആക്ഷേപിച്ചും ബസന ഗൗഡ പാട്ടീൽ യത്നാൽ വിവാദമുണ്ടാക്കി.

logo
The Fourth
www.thefourthnews.in