ഷെട്ടാറിനെ നേരിടാൻ സംസ്ഥാന ജനറൽ സെക്രട്ടറി: ശിവമോഗ ഒഴിച്ചിട്ട് ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക
ശിവമോഗ ഉൾപ്പടെ രണ്ട് മണ്ഡലങ്ങൾ മാറ്റി നിർത്തി ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക. 10 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിക്ക് 222 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളായി.
സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായ ജഗദീഷ് ഷെട്ടാറിനെതിരെ ബിജെപി മഹേഷ് തേങ്ങിൻകായിയെ ഇറക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് മഹേഷ്. കരുത്തനായ പാർട്ടി ഭാരവാഹിയെ രംഗത്തിറക്കി ഷെട്ടാറിനെ മുട്ട് കുത്തിക്കാനാണ് ബിജെപി നീക്കം.
അതേസമയം, മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പക്ക് സ്ഥാനാർഥിത്വം നിഷേധിച്ച സിറ്റിങ് സീറ്റായ ശിവമോഗയിൽ ബിജെപിക്ക് ഇതുവരെ സ്ഥാനാർഥിയായില്ല. ഈശ്വരപ്പ മകൻ കാന്തേഷിനായി സീറ്റ് ചോദിച്ചിരുന്നെങ്കിലും ബിജെപി ആവശ്യം തള്ളിയിരുന്നു. പകരം ആരെന്ന കാര്യത്തിൽ ബിജെപി ഇപ്പോഴും ധാരണയിൽ എത്തിയിട്ടില്ല. റായ്ച്ചൂരിലെ സംവരണ മണ്ഡലമായ മൻവിയിലും ബിജെപിക്ക് സ്ഥാനാർഥിയായിട്ടില്ല. ജെ ഡിഎസിന്റെ സിറ്റിങ് സീറ്റാണ് മൻവി.
ശിവമോഗയിൽ കെ എസ് ഈശ്വരപ്പയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്
പുതിയ സ്ഥാനാർഥി പട്ടികയിൽ രണ്ട് പുതുമുഖങ്ങളാണ് ഇടം പിടിച്ചത്. ഇതോടെ ബിജെപി സ്ഥാനാർഥികൾക്കിടയിലെ പുതു മുഖങ്ങളുടെ എണ്ണം 68 ആയി. ഒന്നും രണ്ടും ഘട്ട സ്ഥാനാർഥിപട്ടിക ഇറങ്ങിയതോടെയായിരുന്നു കർണാടക ബിജെപിയിൽ വിമത നീക്കം ശക്തമായതും നിരവധി പേർ പാർട്ടി വിട്ടതും. ശിവമോഗയിൽ കെ എസ് ഈശ്വരപ്പയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.