ബൈ ബൈ ബിജെപി ട്വിറ്ററിൽ ട്രെൻഡിങ്‌;
40 ശതമാനം കമ്മീഷൻ സർക്കാരിന് വോട്ടില്ലെന്ന് നെറ്റിസൺ

ബൈ ബൈ ബിജെപി ട്വിറ്ററിൽ ട്രെൻഡിങ്‌; 40 ശതമാനം കമ്മീഷൻ സർക്കാരിന് വോട്ടില്ലെന്ന് നെറ്റിസൺ

മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്കെതിരെയും ബിജെപിക്കെതിരെയും വ്യാപക പ്രതിഷേധം
Updated on
2 min read

സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു 'ബൈ ബൈ ബിജെപി' ഹാഷ്ടാഗ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവെയാണ് കോൺഗ്രസ് നേതാക്കളും അനുഭാവികളും സമ്മതിദായകരും ബിജെപി സർക്കാരിനെതിരെ ഹാഷ് ടാഗ് പ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ബൈ ബൈ ബിജെപി' ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. 40 ശതമാനം കമ്മീഷൻ സർക്കാരിന് വോട്ടില്ലെന്ന പ്ലക്കാർഡുകളുമായി യുവാക്കൾ അണി നിരക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ഉൾപ്പെടുത്തിയാണ് ഹാഷ്ടാഗ് പ്രചാരണം.

രാജ്യത്തെ മുഴുവൻ കോൺഗ്രസ് പിസിസികളും പ്രചാരണം ഏറ്റു പിടിച്ചിരിക്കുകയാണ്. നിമിഷങ്ങൾ കൊണ്ടാണ് പോസ്റ്റുകളുടെ എണ്ണം കൂടുന്നത്. നിശബ്ദ പ്രചാരണ ദിവസം ബിജെപിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇങ്ങനെയൊരു ഷോക്ക് നൽകാൻ കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗം നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് വ്യക്തമാകുന്നത്. പൊതു ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം, ഇന്ധന വില വർധന, പാചകവാതക സിലിണ്ടർ വിലക്കയറ്റം, തൊഴിലില്ലായ്മ, റോഡിന്റെ ശോച്യാവസ്ഥ, മാലിന്യ പ്രശ്നം, തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് 'നാൽപതു ശതമാനം കമ്മീഷൻ സർക്കാരിന്റെ' അഴിമതി ഭരണം തുറന്നുകാട്ടുന്നത് .

കൂടുതൽ യുവാക്കൾ വിഷയം ഏറ്റു പിടിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ബിജെപി ദേശീയ നേതൃത്വം വികസനം ചൂണ്ടിക്കാട്ടുമ്പോൾ സംസ്ഥാനത്തെ യഥാർഥ പ്രാദേശിക ചിത്രം തുറന്നുകാട്ടുകയാണ് ഹാഷ്ടാഗ് പ്രചാരണത്തിലൂടെ നെറ്റിസൺ. അതുകൊണ്ടു തന്നെ നരേന്ദ്ര മോദി അടക്കമുള്ള ഒറ്റ ബിജെപി നേതാക്കളുടെയും ഫോട്ടോകളോ വീഡിയോകളോ പ്രചാരണത്തിൽ പങ്കെടുക്കുന്നവർ ഉപയോഗിക്കുന്നില്ല . എല്ലാ പോസ്റ്റുകളിലും മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ മുഖം മാത്രമാണ് കാണാൻ കഴിയുന്നത് .

കോൺഗ്രസ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപേ മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ട്രെൻഡിങ് ആയ പോസ്റ്റുകൾ. ഇലക്ട്രോണിക് പെയ്‌മെന്റ് ആപ്ലിക്കേഷനായ പേ ടിഎം ( PayTM ) മാതൃകയിൽ ക്യു ആർ കോഡ് വെച്ച് ബൊമ്മെയുടെ മുഖം ആലേഖനം ചെയ്തു 'പേ സി എം' എന്ന ഹാഷ് ടാഗുമായായിരുന്നു അന്ന് കോൺഗ്രസ് രംഗത്തു വന്നത് . ഇതേ ചിത്രങ്ങളും പോസ്റ്ററുകളും ഇന്നത്തെ പ്രചാരണത്തിലും നെറ്റിസൺ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .

ബൈ ബൈ ബിജെപി ട്വിറ്ററിൽ ട്രെൻഡിങ്‌;
40 ശതമാനം കമ്മീഷൻ സർക്കാരിന് വോട്ടില്ലെന്ന് നെറ്റിസൺ
കര്‍ണാടകയില്‍ ഇന്ന് നിശബ്ദപ്രചാരണം; ഹനുമാന്‍ ചാലീസ പാരായണവുമായി സംഘപരിവാര്‍
logo
The Fourth
www.thefourthnews.in