46 ലിംഗായത്ത് സീറ്റിൽ 37ലും വിജയം; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ

46 ലിംഗായത്ത് സീറ്റിൽ 37ലും വിജയം; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ

മുംബൈ കർണാടക, മധ്യ കർണാടക മേഖലയിൽ ലിംഗായത്ത്‌ സമൂഹത്തിന്‌ സ്വാധീനമുള്ള 67 മണ്ഡലങ്ങളിൽ 42 ഉം ഇത്തവണ കോൺഗ്രസ്‌ സ്വന്തമാക്കി
Updated on
2 min read

38 വർഷമായി ഒരു കക്ഷിക്കും ഭരണത്തുടര്‍ച്ച നൽകാത്ത സംസ്ഥാനമാണ് കര്‍ണാടക. ഇത്തവണയും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. 224 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി ജെ പിയെ 66 സീറ്റിലേക്ക് ഒതുക്കിയ കോൺഗ്രസ് 135 സീറ്റിന്റെ തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്.

കോണ‍്‍‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ തുണയായത് സമുദായിക പിന്തുണയും ഭരണവിരുദ്ധവികാരവുമാണ്. ഇത്തവണ 46 ലിംഗായത്തുകളെയാണ് കോൺഗ്രസ് ഭാഗ്യപരീക്ഷണത്തിനിറക്കിയത്. ഇതില്‍ 37 പേരും വിജയിച്ചു. അതേസമയം, കോൺഗ്രസ് നേട്ടം എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിനെ സീറ്റ് എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

മൂന്നു പതിറ്റാണ്ട്‌ മുമ്പ്‌ നഷ്ടപ്പെട്ട ലിംഗായത്ത്‌ പിന്തുണയാണ്‌ കോൺഗ്രസ്‌ തിരിച്ചുപിടിച്ചത്‌. വൊക്കലിഗ സ്വാധീനമേഖലയിലും കോൺഗ്രസ്‌ മുന്നേറ്റം നടത്തി

ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ന്യൂനപക്ഷങ്ങൾ ഒപ്പം നിന്നതുമെല്ലാം മുംബൈ കർണാടക, മധ്യ കർണാടക, ഹൈദരാബാദ്‌ കർണാടക, പഴയ മൈസൂരു, ബംഗളൂരു നഗരമേഖലകളിൽ കോൺഗ്രസിന്‌ മേൽക്കൈ നേടാൻ സഹായിച്ചു. മുംബൈ കർണാടക, മധ്യ കർണാടക മേഖലയിൽ ലിംഗായത്ത്‌ സമൂഹത്തിന്‌ സ്വാധീനമുള്ള 67 മണ്ഡലങ്ങളിൽ 42 ഉം ഇത്തവണ കോൺഗ്രസ്‌ സ്വന്തമാക്കി. ഇതോടെ മൂന്നു പതിറ്റാണ്ട്‌ മുമ്പ്‌ നഷ്ടപ്പെട്ട ലിംഗായത്ത്‌ പിന്തുണയാണ്‌ കോൺഗ്രസ്‌ തിരിച്ചുപിടിച്ചത്‌. വൊക്കലിഗ സ്വാധീനമേഖലയിലും കോൺഗ്രസ്‌ മുന്നേറ്റം നടത്തി.

46 ലിംഗായത്ത് സീറ്റിൽ 37ലും വിജയം; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ; കർണാടകയിൽ നേതൃപോരുമായി ഡി കെയും സിദ്ധരാമയ്യയും

ബി എസ്‌ യെദ്യുരപ്പ, ജഗദീഷ്‌ ഷെട്ടാർ, ലക്ഷ്‌മൺ സവദി ഉൾപ്പെടെയുള്ള ലിംഗായത്ത്‌ സമുദായ നേതാക്കളെ മുന്നിൽ നിർത്തി മത്സരിച്ചപ്പോഴാണ്‌ സമുദായ പിന്തുണയിൽ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാനായത്. ഇത്തവണ ഷെട്ടാറും സവദിയും കോൺഗ്രസിലേക്ക് വന്നതോടെ ബി ജെ പിയുടെ സ്ഥിതി ദയനീയമായി.

വൊക്കലിഗ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മൈസൂരു മേഖല ഉൾപ്പെടുന്ന ഏഴ് ജില്ലകളിലെ 61 സീറ്റുകളിൽ 30 എണ്ണത്തിലും കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച് ഡി കെ ശിവകുമാർ പാർട്ടിയിലെയും സമുദായത്തിലെയും സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ഡി കെ ശിവകുമാർ പിസിസി അധ്യക്ഷനായതോടെ വൊക്കലിഗ സമുദായത്തിലെ വലിയൊരു വിഭാഗം കോൺഗ്രസിലേക്ക്‌ മാറി. എച്ച് ഡി കുമാര സ്വാമി നയിക്കുന്ന ജെ ഡി എസിന് വൊക്കലിഗ വിഭാഗത്തിനിടയിലെ സ്വാധീനം കുറഞ്ഞതും കോൺഗ്രസിന് നേട്ടമായി. വിജയം 19 മണ്ഡലങ്ങളിലൊതുങ്ങിയ ജെ ഡി എസ്, സീറ്റ് എണ്ണത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ഓരോ തവണയും സീറ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ബി ജെ പിക്ക് ഈ മേഖലയിൽ നഷ്ടപ്പെട്ട ആറ് സീറ്റുകളിൽ അഞ്ചെണ്ണവും കോൺഗ്രസ് പിടിച്ചെടുത്തു. ഇത് ബിജെപിയെ കൂടുതൽ താഴ്ന്ന നിലയിലേക്ക് എത്തിച്ചു.

46 ലിംഗായത്ത് സീറ്റിൽ 37ലും വിജയം; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ
'സിദ്ധരാമയ്യയുമായി അഭിപ്രായ ഭിന്നതകളില്ല, ഞാന്‍ ത്യാഗം സഹിച്ചവന്‍': ഡി കെ ശിവകുമാര്‍

അതേസമയം, സീറ്റ് നിഷേധത്തെത്തുടർന്ന് ബി ജെ പിയിൽനിന്ന് കോൺഗ്രസിലെത്തിയെ ലിംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാറിന്റെ തോൽവി ശ്രദ്ധേയമായി. തന്റെ തോൽവിക്ക് കാരണം പണവും സമ്മർദതന്ത്രങ്ങളുമാണെന്നാണ് ഷെട്ടാറിന്റെ ആരോപണം. തന്‍റെ എതിരാളി വോട്ടര്‍മാര്‍ക്ക് 500,1000 രൂപവരെ വിതരണം ചെയ്തതായി അദ്ദേഹം ആരോപിച്ചു.

ബി ജെ പിയുടെ കുത്തകയായ ഹുബ്ലി-ധാർവാഡ് സെൻട്രൽ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്ങിനകൈയോട് 34,289 വോട്ടിന് ഷെട്ടാർ പരാജയപ്പെട്ടത്. ഷെട്ടാറിനെതിരെ പ്രചാരണത്തിന് മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ബി എസ് യെദ്യൂരപ്പയെ ബി ജെ പി ഇറക്കിയിരുന്നു.

ബിജെപി ലിംഗായത്ത് സമുദായത്തിലെ നേതാക്കളെ അവഗണിക്കുന്നുവെന്ന വിഷയം ഉന്നയിച്ചത് താനാണെന്നും ഇത് കോൺഗ്രസിന് ഗുണകരമായെന്നുമാണ് ഷെട്ടാർ പറയുന്നത്. ഇത് കൂടുതൽ സീറ്റ് നേടാൻ കോൺഗ്രസിനെ സഹായിച്ചതായും താൻ പ്രചാരണത്തിനുപോയ സ്ഥലങ്ങളിലെല്ലാം ലിംഗായത്തുകൾ ഒന്നടങ്കം കോൺഗ്രസിനൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക തിരഞ്ഞെടുപ്പ് ഫലം 2024 ലും ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

logo
The Fourth
www.thefourthnews.in