കനക്പുരയിൽ ഡി കെ ശിവകുമാറിന് ഡമ്മി സ്ഥാനാർഥിയായി സഹോദരൻ; നീക്കം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരിച്ചടി ഭയന്ന്
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനക്പുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കോൺഗ്രസ് അധ്യക്ഷന് ഡമ്മി സ്ഥാനാർഥിയായി സഹോദരൻ പത്രിക സമർപ്പിച്ചു. ബെംഗളൂരു റൂറൽ ലോക്സഭാംഗവും കോൺഗ്രസിന്റെ സംസ്ഥാനത്തെ ഏക എം പിയുമായ ഡി കെ സുരേഷാണ് പത്രിക സമർപ്പിച്ചത്. ഡി കെ ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് പകരം സ്ഥാനാർഥിയെന്ന നിലയിൽ ഡി കെ സുരേഷ് പത്രിക നൽകിയത്.
കർണാടക ഊർജ മന്ത്രിയായിരുന്ന ഡി കെ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി 2020 ൽ ആണ് അഴിമതി നിരോധന വകുപ്പുകൾ ചുമത്തി സിബിഐ കേസെടുത്തത്
കർണാടക ഊർജ മന്ത്രിയായിരുന്ന ഡി കെ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി 2020 ൽ ആണ് അഴിമതി നിരോധന വകുപ്പുകൾ ചുമത്തി സിബിഐ കേസെടുത്തത്. 74 കോടി രൂപയുടെ അനധികൃത സ്വത്താണ് അന്വേഷണത്തിൽ സിബിഐ കണ്ടെത്തിയത്. ശിവകുമാറിന്റെ മകളെയും അമ്മയെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മകളുടെ പേരിലുള്ള 150 കോടി രൂപയുടെ സ്വത്ത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് സിബിഐയുടെ വാദം. എന്നാൽ സിബിഐ അന്വേഷണവും തന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ ചിലപ്പോൾ ശിവകുമാറിന്റെ സ്ഥാനാർഥിത്വം റദ്ദ് ചെയ്യപ്പെട്ടേക്കാം. ഇത് മുന്നിൽ കണ്ടാണ് സഹോദരനെ ഡമ്മി സ്ഥാനാർഥിയായി കനക്പുരയിൽ ഇറക്കിയിരിക്കുന്നത്. സംസ്ഥാന റവന്യു മന്ത്രി ആർ അശോകാണ് മണ്ഡലത്തിൽ ശിവകുമാറിന്റെ എതിരാളി. കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറുടെ പരാജയമുറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് ആർ അശോകിനെ ബിജെപി ഇറക്കിയിരിക്കുന്നത്. ബിജെപി സർവ സന്നാഹങ്ങളുമായി മണ്ഡലത്തിൽ തമ്പടിക്കാനുള്ള നീക്കത്തിലാണ്.