കനക്പുരയിൽ ശിവകുമാറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു; ബിജെപി തകർക്കാൻ ശ്രമിക്കുന്നെന്ന് ഡി കെ

കനക്പുരയിൽ ശിവകുമാറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു; ബിജെപി തകർക്കാൻ ശ്രമിക്കുന്നെന്ന് ഡി കെ

ബിജെപി നീക്കം മുന്നിൽ കണ്ട് സഹോദരൻ സുരേഷ് മണ്ഡലത്തിൽ ഡമ്മി പത്രിക നൽകിയിരുന്നു
Published on

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനക്പുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഡി കെ ശിവകുമാറിന്റെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ശിവകുമാറിന്റെ പത്രിക തള്ളുമെന്ന ആശങ്കകൾക്കിടയിലാണ് നാമനിർദേശ പത്രിക സ്വീകരിച്ചത്. നേരത്തെ, രാഷ്ട്രീയമായി തന്നെ തകർക്കാനുള്ള കരുനീക്കങ്ങൾ ബിജെപി പാളയത്തിൽ നടക്കുന്നതായി ഡി കെ ശിവകുമാർ ആരോപിച്ചിരുന്നു.

നൂറ് ശതമാനം കൃത്യമായും സത്യസന്ധവുമായ കാര്യങ്ങൾ ബോധിപ്പിച്ചാണ് കനക്പുര മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശിക പത്രിക സമർപ്പിച്ചത്. എന്നാൽ ഏത് വിധേനയും പത്രിക തള്ളാനുള്ള ശ്രമം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്താനുള്ള നീക്കം നടന്നിരുന്നു. അതുകൊണ്ടാണ് സഹോദരൻ ഡി കെ സുരേഷ് മണ്ഡലത്തിൽ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതെന്നും ശിവകുമാർ ബെംഗളൂരുവിൽ പറഞ്ഞു.

കനക്പുരയിൽ ശിവകുമാറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു; ബിജെപി തകർക്കാൻ ശ്രമിക്കുന്നെന്ന് ഡി കെ
കനക്പുരയിൽ ഡി കെ ശിവകുമാറിന് ഡമ്മി സ്ഥാനാർഥിയായി സഹോദരൻ; നീക്കം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരിച്ചടി ഭയന്ന്

''വൻ ഗൂഢാലോചനയാണ് ബിജെപി പാളയത്തിൽ എനിക്കെതിരെ നടക്കുന്നത്. വരണാധികാരിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ ഉൾപ്പടെ ബിജെപിയുടെ ഐ ടി സെൽ പരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നാമനിർദേശ പത്രിക പൂരിപ്പിക്കേണ്ടതെങ്ങനെയെന്ന് നന്നായി അറിയുന്ന ആളാണ്. പക്ഷേ അത് തള്ളുന്നതിനായി ബിജെപി എന്തും ചെയ്യുമെന്ന നിലയായിരുന്നു''- ഡി കെ ശിവകുമാർ ആരോപിച്ചു.

നാമനിർദേശിക പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയായിരുന്നു ശിവകുമാറിന്റെ മൂത്ത സഹോദരനും ബെംഗളൂരു റൂറൽ ലോക്സഭാംഗവുമായ ഡി കെ സുരേഷ് കനക്പുരയിൽ പത്രിക സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനമുൾപ്പടെ 19 കേസുകളാണ് ശിവകുമാറിന്റെ പേരിലുള്ളത്. എന്നാൽ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി തടസമുണ്ടാക്കുമോ എന്ന ഭീതിയിലായിരുന്നു അദ്ദേഹം.

അഞ്ച് കൊല്ലം കൊണ്ട് ശിവകുമാറിന്റെ ആസ്തി 500 കോടിയിലധികം വർധിച്ചെന്നാണ്‌ അനധികൃത സ്വത്ത് സമ്പാദന കേസന്വേഷിക്കുന്ന സിബിഐയുടെ കണ്ടെത്തൽ. എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടെ താൻ സ്വന്തമാക്കിയത് ഒരു വീട് മാത്രമാണെന്നാണ് ശിവകുമാറിന്റെ മറുപടി. വരണാധികാരിക്ക് മുന്നിൽ 1,414 കോടി രൂപയുടെ വസ്തുവകകൾ തനിക്കുണ്ടെന്നാണ് ശിവകുമാർ വെളിപ്പെടുത്തിയത്. 2018 ൽ സമർപ്പിച്ച രേഖകൾ പ്രകാരം നോക്കിയാൽ 68  ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

കനക്പുര മണ്ഡലത്തിൽ ഏഴാം തവണയും ജനവിധി തേടുന്ന ശിവകുമാറിന്റെ എതിരാളിയായി ബിജെപി ഇറക്കിയിരിക്കുന്നത് റവന്യു മന്ത്രിയും ബിജെപിയുടെ വൊക്കലിഗ മുഖവുമായ ആർ അശോകിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള താര പ്രചാരകരെ മണ്ഡലത്തിലിറക്കി ഡി കെയുടെ പരാജയം ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം.

logo
The Fourth
www.thefourthnews.in