ഇത്തവണ 'കനല്‍ ഒരു തരിയായി' സിപിഐ; രാജസ്ഥാനിൽ കൈയിലുണ്ടായിരുന്ന രണ്ടും നഷ്ടമായി സിപിഎം
ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളല്ലെങ്കിലും നാല് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ സിപിഎമ്മിനും സിപിഐയ്ക്കും നിരാശ. സിപിഎമ്മിന് രാജസ്ഥാനില്‍ കൈയിലുണ്ടായിരുന്ന രണ്ട് സീറ്റും നഷ്ടമായി. തെലങ്കാനയില്‍ സിപിഐയ്ക്ക് ഒരു സീറ്റ് കോണ്‍ഗ്രസ് പിന്തുണയോടെ ലഭിച്ചത് മാത്രമാണ് ഇടതുപാര്‍ട്ടികള്‍ക്കുണ്ടായ 'നേട്ടം'.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച ഏക സീറ്റിലാണ് സിപിഐ വിജയമുറപ്പിച്ചത്. കൊത്തഗുഡെം മണ്ഡലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കുന്നമേനി സാംബശിവ റാവു 23,224 വോട്ടിന് മുന്നിലാണ്. 2009ല്‍ അവിഭക്ത ആന്ധ്രാപ്രദേശായിരുന്നപ്പോഴും കൊത്തഗുഡെം മണ്ഡലത്തില്‍നിന്ന് സാമ്പശിവ റാവു വിജയിച്ചിരുന്നു. ഛത്തീസ്‌ഗഡിലെ കോണ്ട മണ്ഡലത്തില്‍ സിപിഐയുടെ മനിഷ് കുഞ്ചം പൊരുതിനിന്നെങ്കിലും അവസാന റൗണ്ടില്‍ പരാജയപ്പെടുകയായിരുന്നു. കടുത്ത മത്സരമാണ് മനിഷ് കുഞ്ചവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കവാസി ലാഖ്മയും തമ്മില്‍ നടന്നത്. ഒരവസരത്തില്‍ ഇരുവരും തമ്മിലുള്ള ലീഡിന്റെ വ്യത്യാസം വെറും രണ്ട് വോട്ട് മാത്രമായിരുന്നു. പിന്നീട് മനീഷ് കുഞ്ചം ഏറെനേരം ഒന്നാമതായി ലീഡ് ചെയ്‌തെങ്കിലും അവസാന റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേക്ക് എത്തുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഛത്തീസ്‌ഗഡില്‍ സിപിഐ 16 സീറ്റിലാണ് മത്സരിച്ചത്.
രാജസ്ഥാന്‍
കര്‍ഷക പ്രക്ഷോഭത്തിന്റെ ബലത്തില്‍ 2018ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ സിപിഎം രണ്ട് സീറ്റ് നേടിയിരുന്നു. കര്‍ഷക മുന്നേറ്റങ്ങള്‍ വീണ്ടും തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടറി അമ്രാ റാമിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി 17 സീറ്റുകളില്‍ മത്സരിച്ചത്. നാലു തവണ നിയമസഭാംഗമായിരുന്ന അമ്രാ റാം ഇത്തവണയും മത്സരരംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യനീക്കങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സിപിഎം രാജസ്ഥാനില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ബാദ്രയില്‍ ബല്‍വന്‍ പുനിയയും ദന്താഘറില്‍ ഗിരിധരി ലാലും സിപിഎമ്മിനു വേണ്ടി ശക്തമായ പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല.
1957ല്‍ സിപിഐ നേടിയ ഒരു സീറ്റിലൂടെയായിരുന്നു രാജസ്ഥാനില്‍ ഇടതുപക്ഷം സാന്നിധ്യമറിയിച്ചത്. 2008-ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മൂന്നു സീറ്റ് ലഭിച്ചതാണ് ഇടതുപാര്‍ട്ടികളുടെ 'ഏറ്റവും മികച്ച പ്രകടനം'. ധോദ്, അനുപ്ഘര്‍, ഡൂംഗര്‍ഘര്‍ മണ്ഡലങ്ങള്‍ സിപിഎമ്മിന് ശക്തിയുള്ള മേഖലകളായിരുന്നു. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്ന പ്രദേശങ്ങളാണിവ. സിപിഎമ്മിന് ഇവിടെ പരമ്പരാഗത വോട്ട് ബാങ്കുകളുണ്ടായിരുന്നു.
എന്നാല്‍, 2008ന് ശേഷം പാര്‍ട്ടിയുടെ ശക്തി കുറഞ്ഞുവന്നു. വോട്ട് രാഷ്ട്രീയത്തില്‍ പിന്നോട്ടുപോയെങ്കിലും അഖിലേന്ത്യ കിസാന്‍ സഭ ഇപ്പോഴും രാജസ്ഥാനില്‍ പ്രധാനപ്പെട്ട സാന്നിധ്യമാണ്. 2017ല്‍ എഐകെഎസിന്റേയും മറ്റ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സികറില്‍നിന്ന് ആരംഭിച്ച വന്‍ കര്‍ഷക പ്രക്ഷോഭം, 2018ല്‍ വസുന്ധര രാജെ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
തെലങ്കാന
കേരളവും ത്രിപുരയും ബംഗാളും കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകളില്‍ 'രണ്ടക്കം' കടന്നിരുന്ന സംസ്ഥാനമായിരുന്നു അവിഭക്ത ആന്ധ്രാപ്രദേശ്. 1994 തിരഞ്ഞെടുപ്പിലാണ് ഇടത് പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയത്. സിപിഐ 19 ഇടത്തും സിപിഎം 15 സീറ്റിലും വിജയിച്ചു. 2009വരെ ആന്ധ്ര നിയമസഭയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് സാന്നിധ്യമുണ്ടായിരുന്നു. തെലങ്കാന രൂപീകരണ ശേഷം, തെലുഗ് മണ്ണില്‍ തിരിച്ചുവരവിന് ശ്രമിച്ച സിപിഎമ്മിനും സിപിഐയ്ക്കും പക്ഷേ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2014ല്‍ സിപിഎമ്മും സിപിഐയും ഓരോ സീറ്റില്‍ വിജയിച്ചു. 2018ല്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സംപൂജ്യരായി.
കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സമര വേദികളിലെല്ലാം വലിയ ജനപിന്തുണയുണ്ടെങ്കിലും തെലങ്കാനയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് അത് വോട്ടാക്കി മാറ്റാന്‍ സാധിക്കാറില്ല. ബിആര്‍എസിനൊപ്പം സഖ്യമുണ്ടാക്കാനായിരുന്നു ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ആദ്യ ശ്രമം. എന്നാല്‍ അവസാനനിമിഷം, കെസിആര്‍ ഇടതുപാര്‍ട്ടികളെ തഴഞ്ഞു. പിന്നീട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎം ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. തുടര്‍ന്ന് പാര്‍ട്ടി 19 സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ചു. ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല.
ഛത്തീസ്‌ഗഡ്
ഛത്തീസ്‌ഗഡില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ശക്തമായ ബെല്‍റ്റുകളുണ്ടെങ്കിലും വോട്ടാക്കി മാറ്റാന്‍ സാധിച്ചിട്ടില്ല. ഇവിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഇടത് പാര്‍ട്ടികള്‍ ശ്രമിച്ചെങ്കിലും സഖ്യനീക്കങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സിപിഐ 16 സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിച്ചു. സിപിഐ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് ഒഴിച്ചാല്‍, ഇരു പാര്‍ട്ടികള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
മധ്യപ്രദേശ്
മധ്യപ്രദേശിലും സിപിഐയും സിപിഎമ്മും അപ്രസക്തമാണ്. അവിഭക്ത മധ്യപ്രദേശില്‍ 1980ലും (രണ്ട് സീറ്റ്) 1990ലും (മൂന്നു സീറ്റ്) വിജയിച്ചതൊഴിച്ചാല്‍ പിന്നീട് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നാല് സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചത്. നാലിടത്തും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
മിസോറാം
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന മിസോറാമിലും ഇടത് പാര്‍ട്ടികളുടെ സ്ഥിതി വിഭിന്നമല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഖ്യധാര ഇടതുപാര്‍ട്ടികളുടെ സാന്നിധ്യം നാമമാത്രമാണ്. നാഗാലാന്‍ഡിലും മണിപ്പൂരിലുമെല്ലാം മാവോയിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍, മുഖ്യധാര ഇടതുപാര്‍ട്ടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് മേഖല ബാലികേറാ മലയാണ്. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സംഘടനാ സ്വാധീനം തീരെയില്ലാത്ത സംസ്ഥാനങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ കൂടുതലും. മിസോറാമില്‍ 2003ല്‍ മാത്രമാണ് സിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. നാല് സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. പിന്നീട് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിച്ചിട്ടില്ല.
കൈകൊടുക്കാതെ കോണ്‍ഗ്രസ്
ബിജെപിക്ക് എതിരെ 'ഇന്ത്യ' മുന്നണി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും മുന്നണിയിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും അവസാനംവരെ സഖ്യശ്രമങ്ങള്‍ക്ക് വേണ്ടി ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി വിലപേശി നോക്കിയെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. തെലങ്കാനയില്‍ സിപിഐക്ക് ഒരു സീറ്റ് നല്‍കി 'മുന്നണി മര്യാദ' പാലിച്ചു കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും ബിജെപി പുറത്താക്കാന്‍ പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.
വലിയ പ്രതിന്ധിയിലൂടെയാണ് ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷം കടന്നുപോകുന്നത്. സിപിഐയുടെ ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു. ഛത്തീസ്‌ഗഡില്‍ അരിവാള്‍ നെല്‍ക്കതിരിനു പകരം മറ്റു ചിഹ്നങ്ങളിലാണ് സിപിഐ മത്സരിച്ചത്. കേരളമെന്ന 'സേഫ് സോണിനപ്പുറത്ത്' കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന ചോദ്യം പ്രസക്തമായി നിലനില്‍ക്കുന്നു.