മണ്ഡലത്തിലെത്താന്‍ സമയമില്ലാതെ 'പറന്ന്' ശിവകുമാറും സിദ്ധരാമയ്യയും; വോട്ടഭ്യര്‍ഥിച്ച് കുടുംബാംഗങ്ങള്‍
കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ മണ്ഡലങ്ങളിലുടനീളം അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറും സിദ്ധരാമയ്യയും. വാടക ഹെലികോപ്റ്ററുകളിൽ സഞ്ചരിച്ചാണ് ഇരുവരും പ്രചാരണം കൊഴുപ്പിക്കുന്നത്. ഇതിനിടയില്‍ സ്വന്തം മണ്ഡലത്തില്‍ ഇരുവര്‍ക്കും വോട്ടഭ്യര്‍ഥിക്കാന്‍ നേരം കിട്ടിയത് മണിക്കൂറുകള്‍ മാത്രം.
കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍ക്കൊപ്പം വേദി പങ്കിടാന്‍ ശിവകുമാറും സിദ്ധരാമയ്യയും 'പറന്നുനടക്കുമ്പോള്‍' ഇരുവരുടെയും പരാജയമുറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇവര്‍ മത്സരിക്കുന്ന കനക്പുരയിലും വരുണയിലും കരുത്തരെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ശിവകുമാറിനെതിരെ കനക്പുരയില്‍ മന്ത്രി ആര്‍ അശോകും സിദ്ധരാമയ്യക്കെതിരെ വരുണയില്‍ മന്ത്രി വി സോമണ്ണയുമാണ് കളത്തില്‍. ഈ സാഹചര്യത്തില്‍, മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കുടുംബാംഗങ്ങളെയും വിശ്വസ്തരെയും കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തെയും ഏല്‍പ്പിച്ചാണ് ശിവകുമാറും സിദ്ധരാമയ്യയും സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്നത്.
ഡികെ സുരേഷ് പ്രചാരണപരിപാടികളില്‍ സംസാരിക്കുമ്പോള്‍ കുടുംബയോഗങ്ങളിലാണ് ഉഷ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിലെ ഓരോ വീടുകളിലും ചെന്ന് സ്ത്രീകളോട് ഉള്‍പ്പടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നതും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിശദീകരിക്കുന്നതും ഉഷ തന്നെ. പൊതുവെ രാഷ്ട്രീയവേദികളില്‍നിന്ന് മാറി നില്‍ക്കുന്ന ഉഷ ആദ്യമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്ര സജീവമാകുന്നത്. പ്രചാരണത്തിന് മുന്നോടിയായി ശിവകുമാര്‍ നടത്തിയ ആരാധനാലയ പര്യടനത്തില്‍ ഉഷയുമുണ്ടായിരുന്നു.
വമ്പിച്ച ഭൂരിപക്ഷത്തില്‍ ഡികെ ശിവകുമാര്‍ ജയിച്ചുകയറിയിരുന്ന കനക്പുരയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചൊന്നുമല്ല ബിജെപി ആര്‍ അശോകിനെ ഇറക്കിയത്. മത്സരം കടക്കുമ്പോള്‍ ശിവകുമാര്‍ മണ്ഡലത്തില്‍ തന്നെ തമ്പടിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഭാര്യ ഉഷയെയും സഹോദരന്‍ ഡികെ സുരേഷിനെയും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രചാരണം ഏല്‍പ്പിച്ച് ഡികെ മണ്ഡലങ്ങളിലുടനീളം പറക്കുകയാണ്. കോണ്‍ഗ്രസിന്റെ താരപ്രചാരകരെത്തുന്ന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ എത്താതെ തരമില്ല ഡി കെ ശിവകുമാറിന്.
സമാനസ്ഥിതിയാണ് മൈസൂരുവിലെ വരുണ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും. താരപ്രചാരകര്‍ കര്‍ണാടകയില്‍ കളം നിറഞ്ഞതോടെ സിദ്ധരാമയ്യക്കും മണ്ഡലത്തിലിറങ്ങാന്‍ അധികം സമയം കിട്ടിയിട്ടില്ല. മകനും സിറ്റിങ് എം എല്‍ എയുമായ ഡോ. യതീന്ദ്രയാണ് മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണുന്നത്. നേരത്തെ രണ്ടുതവണ സിദ്ധരാമയ്യ വിജയിച്ച മണ്ഡലമായതിനാല്‍ പരാജയ ഭീതിയില്ല.
സിദ്ധരാമയ്യക്കെതിരെ ബിജെപി ഇറക്കിയ മന്ത്രി വി സോമണ്ണ മണ്ഡലത്തിന് പുറത്തു നിന്നുള്ള ആളാണെന്നതും സിദ്ധരാമയ്യയുടെ ജനകീയതയുമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. അതേസമയം വി സോമണ്ണയുടെ വിജയം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവിലും അമിത് ഷാ, ബി എസ് യെദ്യൂരപ്പ എന്നിവരടങ്ങുന്ന താരപ്രചാരകര്‍ വരുണയില്‍ നേരിട്ടെത്തിയും തിരഞ്ഞെടുപ്പ് റാലികളുടെ ഭാഗമായി. കനക്പുരയിലെ പോലെയല്ല, വരുണയില്‍ സിദ്ധരാമയ്യയുടെ പരാജയം ഉറപ്പാക്കാനാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അഞ്ച് വര്‍ഷം കൊണ്ട് വരുണയിലെ സമ്മതിദായകരുടെ പ്രീതി സമ്പാദിക്കാന്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്ക്കായിട്ടുണ്ട്. സിദ്ധരാമയ്യ നേരിട്ടുവന്ന് വോട്ട് അഭ്യര്‍ഥിച്ചില്ലെങ്കിലും ഉറപ്പായും കൈ ചിഹ്നത്തിന് വോട്ട് കിട്ടുമെന്നതാണ് സ്ഥിതി. പ്രചാരണ വാഹനത്തില്‍ മണ്ഡലത്തില്‍ കറങ്ങുന്നതും വീടുകള്‍ തോറും സ്ലിപ്പുമായി പോകുന്നതുമൊക്കെ യതീന്ദ്രയുടെ നേതൃത്വത്തിലാണ്. സിദ്ധരാമയ്യയുടെ മുഖം ആലേഖനം ചെയ്ത പീതവര്‍ണക്കൊടി ഏന്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിദ്ധരാമയ്യ അനുയായികളും യതീന്ദ്രയെ അനുഗമിക്കുന്നത്.
ചാമുണ്ഡേശ്വരി ദേവിയെ പ്രാര്‍ഥിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മടങ്ങിയ സിദ്ധരാമയ്യ മെയ് നാലിനാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കന്നഡ നടന്‍ ശിവരാജ്കുമാറിനെ കൂട്ടിയായിരുന്നു വരവ്. ഇത്രയും നാള്‍ മണ്ഡലത്തില്‍ ഇല്ലാതിരുന്നതിന്റെ പരുക്ക് തീര്‍ക്കുന്ന റോഡ് ഷോയും തിരഞ്ഞെടുപ്പ് റാലിയുമാണ് വരുണയില്‍ നടന്റെ സാന്നിധ്യത്തില്‍ സിദ്ധരാമയ്യ നടത്തിയത്. ഇനി നിശബ്ദ പ്രചാരണ ദിവസം മാത്രമേ അദ്ദേഹം മണ്ഡലത്തില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ.
കോണ്‍ഗ്രസ് പ്രചാരണത്തിന്റെ സാരഥികള്‍ക്കെതിരെ ബിജെപി ഇറക്കിയ ഇരു സ്ഥാനാര്‍ത്ഥികളും ഇരട്ട മണ്ഡലങ്ങളില്‍ ജനവിധി തേടുന്നവരാണ്. ആര്‍ അശോക് സിറ്റിങ് സീറ്റായ പത്മനാഭ നഗറിലും വി സോമണ്ണ സിറ്റിങ് മണ്ഡലമായ ചാമരാജ് നഗറിലുമാണ് മത്സരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസില്‍നിന്ന് ആരും ഇരട്ട മണ്ഡലങ്ങളില്‍ മത്സരിക്കുന്നില്ല. സിദ്ധരാമയ്യ കോലാറില്‍ കൂടി ജനവിധി തേടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു.