എന്തുകൊണ്ട് ഒവൈസിയെ വീണ്ടും ചർച്ചയ്‌ക്കെടുക്കണം?

ഇന്ത്യന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താനാണോ ദുര്‍ബലപ്പെടുത്തനാണോ എഐഎംഐഎം മത്സരിക്കുന്നതെന്നതാണ് ചോദ്യം

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തെലങ്കാന രാഷ്ട്രീയവും അസദുദ്ദീൻ ഒവൈസിയെന്ന രാഷ്ട്രീയ നേതാവിന്റെ നിലപാടുകളും വീണ്ടും ചര്‍ച്ചയാവുകയാണ്. ബിജെപിയും ബിജെപിയുടെ എതിരാളികളും എന്ന നിലയില്‍ തിരഞ്ഞെടുപ്പ് രംഗം ധ്രൂവീകരിക്കപ്പെടുമ്പോള്‍, ഈ ചേരികളില്‍ പെടാതെ മുസ്ലീം താല്‍പര്യം മുന്‍നിര്‍ത്തി പോരാടുന്നുവെന്ന് പറയുന്ന ഒവൈസിയുടെ രാഷ്ട്രീയ താല്‍പര്യം എന്താണെന്നത് ഒരിക്കല്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഇന്ത്യന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താനാണോ ദുര്‍ബലപ്പെടുത്തനാണോ എഐഎംഐഎം എന്ന സംഘടന മത്സരിക്കുന്നതെന്നതാണ് ചോദ്യം. 2015 ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തന്നെ ഈ ചോദ്യം ശക്തമായി കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. അന്ന് കെട്ടിവച്ച കാശുപോലും കിട്ടിയില്ലെങ്കിലും ഒവൈസിയും സംഘവും തങ്ങളാണ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ രക്ഷകരെന്ന് അവകാശപ്പെടുന്ന സാഹചര്യം മതേതര വോട്ടില്‍ വിള്ളല്‍ ഉണ്ടാക്കിയെന്ന ആരോപണം ശക്തമായിരുന്നു. പിന്നീട് കഴിഞ്ഞ 2020 ബീഹാര്‍ തിരഞ്ഞെടുപ്പിലാണ് അഞ്ച് സീറ്റുകളിലേക്ക് ഐഎംഐഎം എത്തുന്നത്. അതുകൊണ്ടു തന്നെ ഒവൈസിയുടെ തട്ടകമായ തെലങ്കാനയില്‍ ഇത്തവണ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാചകം പ്രസക്തമാണ്. അതിങ്ങനെയാണ്; 'ഞങ്ങള്‍ ബിആര്‍എസ്സിനെതിരെ മാത്രമല്ല മത്സരിക്കുന്നത്. ബിആര്‍എസും ബിജെപിയും എഐഎംഐഎമ്മും ചേരുന്ന സഖ്യത്തിനെതിരെയാണ്.'

മതേതര കക്ഷികള്‍ മുസ്ലീങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്നും, സ്വയം സംഘടിക്കുക മാത്രമെ പോംവഴിയുള്ളൂവെന്നുമാണ് ഒവൈസിയുടെ വാദം. ബിജെപിയെ എതിര്‍ക്കുമ്പോഴും, മതേതര പാര്‍ട്ടികളെയും അതേ അളവിലോ അതേക്കാള്‍ തീവ്രമായോ അദ്ദേഹം എതിര്‍ത്തുകൊണ്ടിരുന്നു.

എന്തുകൊണ്ട് ഒവൈസിയെ വീണ്ടും ചർച്ചയ്‌ക്കെടുക്കണം?
'മുസ്ലീങ്ങൾ കൂടെയുണ്ടാവുമോ?' ആശങ്കയിൽ ചന്ദ്രശേഖര റാവു, പ്രതീക്ഷയിൽ കോൺഗ്രസ്

ഈ രാജ്യത്ത് മുസ്ലിമായി തുടരുന്നത് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ മതേതര ചേരിക്കൊപ്പം അടിയുറച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി കണക്കാക്കപ്പെടുമ്പോഴാണ് ഇവരോടൊപ്പമൊന്നും ചേരരുത്, നിങ്ങളുടെ യഥാര്‍ത്ഥ രക്ഷകന്‍ താനാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒവൈസി വരുന്നത്. ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം മതേതര വോട്ടുകള്‍ ഭിന്നിച്ചുപോയാല്‍ മാത്രമേ അവര്‍ക്ക് വര്‍ഗ്ഗീയത എന്ന ഒറ്റ ആയുധം വച്ച് ജയിച്ചുകയറാനാകൂ. മതേതര കക്ഷികള്‍ മുഴുവന്‍ ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വര്‍ഗ്ഗീയമല്ല തങ്ങളുടെ പ്രത്യേശാസ്ത്രമെന്ന് പുറംമോടിക്കെങ്കിലും കാണിക്കേണ്ട സാഹചര്യത്തിലേക്ക് സംഘപരിവാര്‍ എത്തും. അതുകൊണ്ട് ഒവൈസിയെ പോലുള്ളവര്‍ നിലനില്‍ക്കേണ്ടതും വളരേണ്ടതും ബിജെപിയുടെ കൂടി താല്‍പര്യമാണെന്ന് പല നിരീക്ഷകരും കരുതുന്നു.

1992 ലെ ബാബരി മസ്ജിദ് സംഭവത്തോടെ കോണ്‍ഗ്രസിലുള്ള മുസ്ലീം സമൂഹത്തിന്റെ വിശ്വാസ്യതയില്‍ വിള്ളല്‍ വീണെങ്കിലും ഇന്ത്യയിലെ മുസ്ലിങ്ങള്‍ മതേതര ശക്തികള്‍ക്കൊപ്പം തന്നെ അടിയുറച്ച് നിന്നു. ഉത്തര്‍പ്രദേശില്‍ അവര്‍ സമാജ്‍വാദി പാര്‍ട്ടിയോടൊപ്പവും മുലായം സിംഗ് യാദവിനൊപ്പവും നിന്നു. ബീഹാറില്‍ ലാലുവിനൊപ്പവും, വല്ലപ്പോഴും നിതീഷ് കുമാറിനൊപ്പവും നിന്നു. ബംഗാളില്‍ ഇടതുപക്ഷത്തോടോപ്പം. അങ്ങനെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ കൂടി പണിയെടുത്ത് കെട്ടിപ്പൊക്കിയതാണ് ഇന്നുകാണുന്ന മതേതരചേരി. അതുകൊണ്ടു തന്നെ ആ ചേരിയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയും, മുസ്ലീങ്ങളില്‍ രാഷ്ട്രീയ നൈരാശ്യം വളര്‍ത്തുകയും ചെയ്യുന്നു ഒവൈസിയെന്ന നിരീക്ഷണം പ്രസക്തമാണ്. ഒവൈസിയുടെ ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ തന്നെയാണെന്ന് കരുതുന്നവരും ഏറെയാണ്.

എന്തുകൊണ്ട് ഒവൈസിയെ വീണ്ടും ചർച്ചയ്‌ക്കെടുക്കണം?
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന

ഇത്രയും പ്രതിപക്ഷ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന സംഘപരിവാര്‍ എന്തുകൊണ്ടാണ് ഒവൈസിക്കുനേരെ പോകാത്തതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒവൈസി പറഞ്ഞതിങ്ങനെയാണ്; 'രാഹുലിന് 50 വയസാവുകയാണ്, ഇപ്പോള്‍ കുറച്ച് ഒറ്റപ്പെടലൊക്കെ തോന്നാം. ഒരു പങ്കാളിയെ കണ്ടെത്തൂ.' ഒവൈസിക്ക് രാഷ്ട്രീയമായി മറുപടിയില്ലെന്നാണ് ഈ വാചകം വ്യക്തമാക്കുന്നതെന്നു പറഞ്ഞാല്‍ അത് തള്ളികളയനാവില്ല. എല്ലാ ആരോപണങ്ങളെയും ഒവൈസി മറികടക്കുന്നത് അദ്ദേഹത്തിന്റെ വാക്ചാതുരിയിലൂടെയാണ്. ഒഴുക്കോടെ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന ഒവൈസി തന്റെ നിയമ ബിരുദം എടുക്കുന്നത് ലണ്ടനിലെ ലിങ്കണ്‍സ് ഇന്നില്‍ നിന്നാണ്. ബാരിസ്റ്ററായാണ് അദ്ദേഹം തിരിച്ചു വരുന്നത്.

എന്തുകൊണ്ട് ഒവൈസിയെ വീണ്ടും ചർച്ചയ്‌ക്കെടുക്കണം?
കെ സി ആര്‍ 'വന്ന വഴി മറന്നോ?'; ചോരചിന്തി നേടിയ തെലങ്കാനയില്‍ പ്രക്ഷോഭകര്‍ക്ക് എന്തുകിട്ടി?

നൈസാമിന്റെ കാലത്തെ ഫ്യൂഡല്‍ വര്‍ഗീയ ഭരണത്തെ പിന്താങ്ങുകയും അതിനെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത മജിലിസ് ഇ ഇത്തേഹാദുല്‍ മുസ്ലീമിന്‍ എന്ന രാഷ്ട്രീയ സംഘടനയുടെ തുടര്‍ച്ചയായാണ് ഒവൈസിയുടെ പാര്‍ട്ടിയെയും കാണേണ്ടത്. കമ്മ്യൂണിസ്റ്റുകളെയും മതേതര വാദികളെയും എതിര്‍ത്ത, വര്‍ഗീയ വാദികളുടെ കൂട്ടായ്മയായിരുന്നു അന്നത്തെ സംഘടന. നിലപാടുകള്‍ പലതും മാറ്റിയെങ്കിലും ചരിത്രം ഒവൈസിയെ വിടാതെ പിന്തുടരുകയാണ്. ഒവൈസി സ്വീകരിക്കുന്ന ഇപ്പോഴത്തെയും നിലപാടുകളില്‍ വിഭാഗീയത തെളിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, മതേതരത്വം - ഹിന്ദുത്വം എന്നിങ്ങനെ രാഷ്ട്രീയം നെടുകെ പിളര്‍ന്നുനില്‍ക്കുമ്പോള്‍, ഒവൈസിയുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. തെലങ്കാനയിലെ ഫലവും തെളിയിക്കുന്നത് മറ്റൊന്നല്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in