ബോൺസായ് പോലെ വളർച്ച മുരടിച്ച ജെഡിഎസ്

ബോൺസായ് പോലെ വളർച്ച മുരടിച്ച ജെഡിഎസ്

2004 ന് ശേഷം നില മെച്ചപ്പെടുത്താതെ പ്രാദേശിക പാർട്ടിയായ ജനതാദൾ (എസ്)
Updated on
3 min read

കർണാടകയിൽ വീണ്ടും തൂക്കുസഭ വരാൻ മുട്ടിപ്പായി പ്രാർഥിച്ച ഒരേ ഒരു കൂട്ടരേയുള്ളൂ. അത് പ്രാദേശിക പാർട്ടിയായ ജെഡിഎസാണ്. ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്ന ദേശീയ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച് കിങ് മേക്കറോ പറ്റിയാൽ കിങോ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേതാവ് എച്ച് ഡി കുമാരസ്വാമി. എന്നാൽ കോൺഗ്രസ് കർണാടക തൂത്തുവാരിയതോടെ ഒരു ഗതിയുമില്ലാതായി ജെഡിഎസിനും കുമാരസ്വാമിക്കും.

കർണാടകയിൽ സ്വാധീനമുള്ള ഏക പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ജനതാദൾ എസ് മുൻപെങ്ങുമില്ലാത്ത വിധം പരാജയത്തിന്റെ പടുകുഴിയിൽ വീണിരിക്കുകയാണ്. 2004 ന് ശേഷം പടവലങ്ങ പോലെ കീഴ്പ്പോട്ടായിരുന്നു ജെഡിഎസിന്റെ വളർച്ച. സീറ്റുകളുടെ എണ്ണം ഓരോ തിരഞ്ഞെടുപ്പിലും ചുരുങ്ങി ഒരു ബോൺസായ് മരമായി പരിണമിച്ചിരിക്കുകയാണ് കർണാടകയിൽ ഈ പാർട്ടി .

സോഷ്യലിസ്റ്റ് പരിവാർ ആയിരുന്ന ജനതാദൾ എസ് 'ഗൗഡ പരിവാറായി 'മാറിയതോടെയായിരുന്നു പതനം ആരംഭിച്ചത്. 2004ൽ 58 സീറ്റുകൾ നേടിയതായിരുന്നു തിരഞ്ഞെടുപ്പ് ഗോദയിൽ പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം. 2008 ൽ 28 സീറ്റുകൾ മാത്രമായി പ്രകടനം മങ്ങി. ബിജെപി വിരുദ്ധ വികാരം ആഞ്ഞടിച്ച 2013 ൽ പോലും 40 സീറ്റുകൾ നേടാനേ പാർട്ടിക്കായുള്ളൂ. തൂക്കുസഭ വിധിയെഴുതിയ 2018 ൽ 37 സീറ്റുകളായിരുന്നു ജെഡിഎസിന്റെ കൈവശമെത്തിയത്. എന്നാൽ ഇത്തവണ അത് 19 സീറ്റുകളിൽ ഒതുങ്ങിയിരിക്കുകയാണ്.

എന്തുകൊണ്ട് സ്വന്തം നാട്ടിലെ പാർട്ടിയെ കന്നഡിഗർ കയ്യൊഴിയുന്നു എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം അതൊരു സാധാരണക്കാരന്റെ പാർട്ടിയല്ലാതായി വെറും കുടുംബ പാർട്ടിയായി മാറി എന്നതാണ്. മുൻ പ്രധാനമന്ത്രി മുതൽ ജില്ലാ പഞ്ചായത്ത് അംഗം വരെയുള്ള കുടുംബമാണ് ഗൗഡ പരിവാർ. ദേവഗൗഡയുടെ കുടുംബത്തിൽ പാർലമെന്ററി മോഹം മുളപൊട്ടാത്തതായി പൗത്രൻ നിഖിൽ കുമാരസ്വാമിയുടെ കുഞ്ഞു മാത്രമേ കാണൂ. മുൻ പ്രധാനമന്ത്രി ആയിരുന്ന ദേവഗൗഡ നിലവിൽ രാജ്യസഭാംഗമാണ്, മക്കളായ കുമാരസ്വാമിയും രേവണ്ണയും നിയമസഭാംഗങ്ങൾ, കൊച്ചു മകൻ പ്രജ്വൽ രേവണ്ണ ലോക്സഭാംഗം പ്രജ്വലിന്റെ അനിയൻ സ്വരൂപ് രേവണ്ണ കർണാടക നിയമസഭയുടെ ഉപരിസഭാംഗം, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ഇതുവരെ രാമാനഗരയിലെ എംഎൽഎ ആയിരുന്നു. മകൻ നിഖിൽ കുമാരസ്വാമി ഇപ്പോൾ അമ്മയുടെ സിറ്റിങ് സീറ്റിൽ മത്സരിച്ച്‌ പരാജയം രുചിച്ചു.

എച്ച് ഡി രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയ്ക്ക് ഇടക്ക് പാർലമെന്ററി മോഹം കലശലായിരുന്നു. വീട്ടിൽ നിന്ന് എല്ലാവരും നിയമനിർമാണ സഭയിൽ പോയാൽ നാട്ടുകാരെന്തു വിചാരിക്കുമെന്ന ചോദ്യത്തിലാണ് ഭവാനിക്ക് ടിക്കറ്റ് കിട്ടാതെ പോയത്. ഈ കുടുംബ വാഴ്ച സാധാരണ പ്രവർത്തകരെ ജെഡിഎസിൽ നിന്ന് കുറച്ചൊന്നുമല്ല അകറ്റിയത്.

ഓൾഡ് മൈസൂരു മേഖലയിൽ മാത്രമാണ് ജെഡിഎസിന് പറയത്തക്ക സ്വാധീനമുള്ളത്. ഇത്രവർഷമായിട്ടും മറ്റൊരു മേഖലയിലും സ്വാധീനമുണ്ടാക്കാനോ വേരൂന്നാനോ പാർട്ടിക്കായിട്ടില്ല. കറ്റ ഏന്തിയ കർഷക സ്ത്രീയാണ് ജെഡിഎസിന്റെ ചിഹ്നം. കർഷക വിരുദ്ധമായ നയങ്ങൾ പാസാക്കാൻ ബിജെപിക്ക് ഉപരിസഭയിൽ പിന്തുണ നൽകിയ പാർട്ടിയും ജെഡിഎസ് തന്നെ. കർഷകർ - വൊക്കലിഗ സമുദായക്കാർ ഇതുരണ്ടുമാണ് എക്കാലവും ജെഡിഎസിനെ കരകയറ്റി പോന്നത്. സുരക്ഷിതമെന്ന് കരുതിയ ആ ബെൽറ്റിലാണ് ഇത്തവണ കോൺഗ്രസ് കയറി മേഞ്ഞത്. അങ്ങനെ ജെഡിഎസ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി അറിഞ്ഞു.

കർണാടകയിൽ നിരന്തരം തൂക്കുസഭകൾ വരാൻ കാരണക്കാർ ജെഡിഎസ് ആണ്. ആ അവസ്ഥക്ക് മാറ്റം വരുത്താൻ കോൺഗ്രസ് മത്സരം കടുപ്പിച്ചു, മേഖല പിടിക്കാൻ ബിജെപി കൂടി ഇറങ്ങിയതോടെ ജെഡിഎസിന്റെ വോട്ടുകൾ കോൺഗ്രസിന് മറിഞ്ഞു. അനാരോഗ്യം അലട്ടുന്ന ദേവഗൗഡ ചക്ര കസേരയിൽ ഇരുന്നു വോട്ടഭ്യർഥിച്ചിട്ടും കന്നഡിഗർ കേട്ടില്ല.

തൂക്കു സഭ വന്നാൽ മകൻ നിഖിൽ കുമാരസ്വാമിയെ നിർത്തി ദേശീയ പാർട്ടികളോട് വിലപേശി ഒരു ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണമെന്നതായിരുന്നു കുമാരസ്വാമിയുടെ മോഹം. പക്ഷെ മുൻ പ്രധാനമന്ത്രി ആയിരുന്ന മുത്തച്ഛന്റെ അനുഗ്രഹമുണ്ടായിട്ടും നിഖിൽ പച്ച തൊട്ടില്ല. അധികാര രാഷ്ട്രീയത്തിന് വേണ്ടി എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്ന ജെഡിഎസ് കർണാടകയിൽ അനുഭവിക്കുന്നത് വിശ്വാസരാഹിത്യമാണ്. സംസ്ഥാന രാഷ്ട്രീയം ക്ലച്ചു പിടിക്കില്ലെന്ന് നേരത്തെ മനസിലാക്കിയാവണം മമത ബാനർജിയും കെ ചന്ദ്രശേഖർ റാവുവും ചന്ദ്രബാബു നായിഡുവും ഒക്കെയായിചേർന്ന് കേന്ദ്രത്തിൽ ഒരു പിടിപിടിക്കാനുള്ള ശ്രമം കുമാരസ്വാമി നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in