'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്
അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന കോണ്‍ഗ്രസ്, തങ്ങളുടെ മൃദു ഹിന്ദുത്വ സമീപനവും കടുപ്പിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷമായി കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ മുഖമാണ് കമല്‍ നാഥ്.
ബാബ്റി മസ്ജിദ് സമുച്ചയത്തിലെ താത്കാലിക രാമക്ഷേത്രത്തിന്റെ താക്കോല്‍ നല്‍കിയത് രാജീവ് ഗാന്ധിയാണെന്ന കാര്യം മറക്കരുതെന്നാണ് കമല്‍ നാഥ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ചരിത്രം മറക്കാന്‍ പാടില്ല' അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴായിരുന്നു ബാബ്റി പള്ളിയ്ക്ക് സമീപം അനധികൃതമായി പണിത ക്ഷേത്രത്തിന്റെ പൂട്ട് തുറന്നു നൽകിയത്. ഇത് വലിയ വിവാദമായിരുന്നു.
'രാമക്ഷേത്രം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ നേതാക്കളുടെയോ അല്ല, രാജ്യത്തിന്റെതാണ്. എല്ലാ പൗരന്മാരുടേതുമാണ്. രാമക്ഷേത്രം തങ്ങളുടെ സ്വത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ സ്വന്തം പണം കൊണ്ടല്ല, സര്‍ക്കാരിന്റെ പണം കൊണ്ടാണ് ക്ഷേത്രം പണിതത്' കമല്‍ നാഥ് പറഞ്ഞു. ശ്രീലങ്കയില്‍ സീതാ ദേവിയ്ക്ക് വേണ്ടി ക്ഷേത്രം പണിയുമെന്ന വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം ജീവിതരീതിയുടെ ഭാഗം
കമല്‍നാഥ്
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് കമല്‍ നാഥ്. ഒമ്പത് തവണ എം പിയായിരുന്ന കമല്‍നാഥ്, ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.
എന്നാല്‍, താന്‍ മൃദുഹിന്ദുത്വ വാദിയാണോ അടിയുറച്ച ഹിന്ദുത്വ വാദിയാണോ എന്ന കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതരീതിയുടെ ഭാഗമാണ് വിശ്വാസം കമല്‍ നാഥ് പറഞ്ഞു. 2020ല്‍ അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഭൂമി പൂജ സംഘടിപ്പിച്ചപ്പോള്‍ അന്നേ ദിവസം കമല്‍ നാഥ് ഹനുമാന്‍ ചാലിസ നടത്തി, ഫലത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ 1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അതിന് മുമ്പ് രാജീവ് ഗാന്ധി അധികാരത്തിലായിരിക്കുമ്പോഴാണ് ബാബ്‌റി മസ്ജിദിന് മുന്നില്‍ സ്ഥാപിച്ച താല്‍ക്കാലിക ക്ഷേത്രത്തിന്റെ പൂട്ടുകള്‍ തുറന്നു നല്‍കിയത്. ഇതോടെയാണ് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെട്ടത്. ഷാ ബാനു കേസില്‍ മുസ്ലീം സ്ത്രീകള്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കുന്നതിന് രാജീവ് ഗാന്ധി നിയമ നിര്‍മ്മാണം നടപ്പിലാക്കിയിരുന്നു. മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതിക പക്ഷത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്ന ആരോപണം ശക്തമായിരുന്നു.
2020 ല്‍ അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഭൂമി പൂജ സംഘടിപ്പിച്ചപ്പോള്‍ അന്നേ ദിവസം കമല്‍ നാഥ് ഹനുമാന്‍ ചാലിസ നടത്തി ഫലത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു
ആ സാഹചര്യത്തിലാണ് താല്‍ക്കാലിക ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറക്കാന്‍ രാജീവ് ഗാന്ധി അനുമതി നല്‍കിയത്. ഹിന്ദുത്വ വാദികൾ നിരന്തരം ആവശ്യപ്പെടുന്ന കാര്യമായിരുന്നു അത്. അതിന് കീഴടങ്ങിയാണ് ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കിയത്. ഇതാണ് ഹിന്ദുത്വ ശക്തികള്‍ക്ക് ആവേശം നല്‍കുകയും, എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കാനുളള രഥയാത്ര നടത്താനും ഇടയാക്കിയത്. തുടര്‍ന്നാണ് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബിജെപിയുടെ നേതാക്കള്‍ നോക്കി നില്‍ക്കെ ബാബ്‌റി മസ്ജിദ് തകര്‍ത്തുകളഞ്ഞത്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും ഉചിതമായ നടപടിയെടുക്കാതെ നരസിംഹ റാവു ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പള്ളി പൊളിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. കമല്‍ നാഥ് രാമക്ഷേത്രം ഉയര്‍ത്തിയതോടെ, കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന മൃദു ഹിന്ദുത്വം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും ചര്‍ച്ചയാകും. ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥനങ്ങളില്‍ ഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.