കന്നഡ ജനതയ്ക്ക് നന്ദിപറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം; വികാരാധീനനായി ഡി കെ ശിവകുമാര്‍
കര്‍ണാടകയിലെ മിന്നുംജയത്തിന്റെ ആവേശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നു. നിയമസഭാ കക്ഷിയോഗം നാളെ ചേരും. ഫലം വരുന്ന മുറയ്ക്ക് ബെംഗളൂരുവിലേക്ക് എത്തിച്ചേരാനാണ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട ഡി കെ ശിവകുമാര്‍ വികാരാധീനനായി. ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തകര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്ന ഐക്യത്തിനാണ് മുന്‍ഗണന. പൂര്‍ണപിന്തുണ നല്‍കിയ ഗാന്ധി കുടുംബത്തിനും ഡി കെ ശിവകുമാര്‍ നന്ദി പറഞ്ഞു. കര്‍ണാടകയില്‍ നേതാക്കളെയും പ്രവർത്തകരെയും ഒന്നിച്ച് ചേർത്തത് ശിവകുമാറിന്റെ നേതൃത്വമാണ്.
ബിജെപിക്കെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി, അമിത് ഷാ തുടങ്ങിയവരെല്ലാം 20 തവണയിലേറെയാണ് സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നുപോയത്. എന്നിട്ടും ഫലമുണ്ടായില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.' മോദി വന്നാലും ഒന്നും നടക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. ഇപ്പോഴെന്ത് സംഭവിച്ചുവെന്ന് നോക്കൂ . ഞങ്ങൾ പറഞ്ഞത് പോലെ തന്നെ കോൺഗ്രസ് ഭൂരിപക്ഷം നേടിക്കഴിഞ്ഞു'' - സിദ്ധരാമയ്യ വ്യക്തമാക്കി.
കര്‍ണാടകയിലേത് ജനങ്ങളുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നാളെ നിയമസഭാ കക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.