ആരെയും പിന്നില്‍ നിന്ന് കുത്താനും ഭീഷണിപ്പെടുത്താനുമില്ലെന്ന് ഡി കെ ശിവകുമാര്‍; ഡല്‍ഹിക്ക് തിരിച്ചു

ആരെയും പിന്നില്‍ നിന്ന് കുത്താനും ഭീഷണിപ്പെടുത്താനുമില്ലെന്ന് ഡി കെ ശിവകുമാര്‍; ഡല്‍ഹിക്ക് തിരിച്ചു

മുഖ്യമന്ത്രി തർക്കത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും
Updated on
1 min read

മുഖ്യമന്ത്രി തർക്കത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്ന കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ മുന്നിലേക്ക് ഡി കെ ശിവകുമാറും . തിങ്കളാഴ്ച അനാരോഗ്യം ചൂണ്ടിക്കാട്ടി യാത്ര മാറ്റിവച്ച ശിവകുമാർ ഡൽഹിക്കു പുറപ്പെട്ടു . സിദ്ധരാമയ്യയുമായുള്ള ഭിന്നത പരസ്യമാക്കി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം  നടത്തിയാണ്  ഡികെ ശിവകുമാർ ഡൽഹിക്കു പോയത്.

" ആരെയും പിന്നിൽ നിന്ന് കുത്താനും ഭീഷണിപ്പെടുത്താനും ഞാനില്ല . എന്റെ ദൗത്യം  ഞാൻ നിർവഹിച്ചു  കഴിഞ്ഞു . ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജാതിയോ ഗ്രൂപ്പോ നോക്കി ആരെയും വേർതിരിച്ചു കാണാൻ ആവില്ല . എന്റെ പിന്തുണ 135 എംഎൽഎമാരാണ് . അവരെയെല്ലാം ഞാൻ ഒരേ കണ്ണ് കൊണ്ടാണ് കാണുന്നത് " - ഡി കെ ശിവകുമാര്‍ പറഞ്ഞു. ഭൂരിപക്ഷ എംഎൽഎമാരും തനിക്കൊപ്പമാണെന്ന സിദ്ധരാമയ്യയുടെ  പരാമർശത്തിനെതിരെയായിരുന്നു ഡികെയുടെ പരാമർശം .

തിങ്കളാഴ്ച  ഡികെയോടും സിദ്ധരാമയോടും ഒരുമിച്ചെത്താനായിരുന്നു  ഹൈക്കമാൻഡ് നിർദേശിച്ചത് . എന്നാൽ സിദ്ധരാമയ്യക്കൊപ്പമുള്ള യാത്ര ഡികെ ഒഴിവാക്കുകയായിരുന്നു. തിങ്കളാഴ്ച  വൈകിട്ട്  ഡൽഹിയിൽ എത്തിയ സിദ്ധരാമയ്യ  എഐസിസി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു . ഇന്നും ചർച്ചകൾ തുടരും . കോൺഗ്രസ് അധ്യക്ഷൻ  മല്ലികാർജുൻ ഖാർഗെ , രൺദീപ് സിങ് സുർജേവാല , കെ സി വേണുഗോപാൽ എന്നിവർ  ശിവകുമാറുമായും സിദ്ധരാമയ്യയുമായും  ഒറ്റയ്ക്കും ഒരുമിച്ചും വിഷയം ചർച്ച ചെയ്യും . 

മുഖ്യമന്ത്രി പദവി  വർഷ കണക്കിൽ വീതം വയ്ക്കുമ്പോൾ എത്ര വര്‍ഷം ,ആദ്യ അവസരം  ആർക്ക്  എന്നതാണ് തർക്ക വിഷയം . ആദ്യ അവസരം  സിദ്ധരാമയ്യക്ക് നൽകിയാൽ  പാർലമെന്റ് തിരഞ്ഞെടുപ്പ്  കഴിഞ്ഞ ഉടൻ  മുഖ്യമന്ത്രി കസേര വിട്ടു നൽകണമെന്നാണ്  ഡികെയുടെ ആവശ്യം . 

ഐ റ്റി , ഇ ഡി , സിബിഐ തുടങ്ങിയ ഏജൻസികളുടെ റഡാറിലുള്ള ഡികെ ശിവകുമാറിനെ  മുഖ്യമന്ത്രിയാക്കുന്നതോടെ കേന്ദ്ര സർക്കാർ  കർണാടക സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ഇറങ്ങിത്തിരിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ . ഭരണം കിട്ടിയ സ്ഥിതിക്ക്  കർണാടകയിൽ നിന്ന്  കൂടുതൽ ലോക്സഭാ സീറ്റുകൾ പ്രതീക്ഷിക്കുന്ന ദേശീയ നേതൃത്വത്തിന്  ഇപ്പോൾ  സിദ്ധരാമയ്യയാണ്  മികച്ച  ഓപ്‌ഷൻ .നേതാക്കളെ കാര്യം പറഞ്ഞു മനസിലാക്കി സമവായത്തിലെത്താനായാൽ  വൈകിട്ടോടെ  മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും .

logo
The Fourth
www.thefourthnews.in