ജഗദീഷ് ഷട്ടറിന്റെ കാര്യത്തിൽ സസ്പെൻസ് തുടരുന്നു: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങി
മുതിർന്ന നേതാവ് ജഗദീഷ് ഷട്ടറിന്റെ കാര്യത്തിൽ സസ്പൻസ് നിലനിർത്തി കർണാടകയിൽ ബിജെപിയുടെ രണ്ടാംഘട്ട പട്ടിക. 23 പേരാണ് രണ്ടാംഘട്ട പട്ടികയിൽ ഇടം നേടിയത്. നേരത്തെ 189 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞ മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാറിനെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ സീറ്റിന്റെ കാര്യത്തിൽ പുതിയ പട്ടികയിൽ തീരുമാനമായില്ല.
പുതിയ പട്ടികയിലും പുതുമുഖങ്ങൾക്ക് ബിജെപി സ്ഥാനം നൽകിയിട്ടുണ്ട്. ഇതിനായി സുകുമാർ ഷെട്ടി ഉൾപ്പടെയുള്ള സിറ്റിങ് എംഎൽഎമാരെ സ്ഥാനാർഥി പട്ടികയിൽ നിന്ന് വെട്ടിമാറ്റി. കൈക്കൂലി പണം കയ്യോടെ പിടികൂടിയതിന്റെ പേരിൽ ലോകായുകത കേസിനെ തുടർന്ന് അറസ്റ്റിലായ മതാൽ വിരുപക്ഷപ്പക്ക് സീറ്റ് നൽകിയില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ ചന്നഗിരിയിൽ പുതുമുഖത്തെ ഇറക്കി. സിറ്റിങ് എംഎൽഎ സുകുമാർ ഷെട്ടിക്കും സീറ്റില്ല.
ബിജെപിയുടെ ആദ്യപട്ടിക ഇറങ്ങിയത് മുതൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടവരുടെ അമർഷത്തിനും പ്രതിഷേധത്തിനും വേദിയാകുകയാണ് കർണാടകയിലെ ബിജെപി കാര്യാലയങ്ങൾ. അത്താനി മണ്ഡലത്തിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി ബിജെപി വിട്ടിരുന്നു. ജഗദീഷ് ഷട്ടറും കെ എസ് ഈശ്വരപ്പയും ഉൾപ്പടെ ദേശീയ നേതൃത്വവുമായി അസ്വാരസ്യത്തിലാണ്. പുതുമുഖങ്ങളെ ഇറക്കി ഭരണവിരുദ്ധ വികാരം മറികടക്കുക എന്ന തന്ത്രമാണ് ബിജെപി കർണാടകയിലും പയറ്റുന്നത്. 224 സീറ്റുകളിൽ ഇനി 12 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവരാനുള്ളത്.