കൈപിടിച്ച് കർണാടക; മൂന്നരപ്പതിറ്റാണ്ടിലെ വലിയ ഭൂരിപക്ഷവുമായി കോൺഗ്രസ് അധികാരത്തിൽ, എല്ലാ മേഖലകളിലും ബിജെപിയ്ക്ക് തകർച്ച
രാജ്യത്താകമാനം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കി കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. തൂക്കുസഭയ്ക്ക് സാധ്യതയെന്ന ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വെകളെ തള്ളി, കോണ്‍ഗ്രസ് കര്‍ണാടക തൂത്തുവാരി. 136 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജയിക്കുകയോ ജയം ഉറപ്പിക്കുകയോ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ടിറങ്ങിയിട്ടും തെക്കേയിന്ത്യയില്‍ വേരോട്ടമുള്ള ഏക സംസ്ഥാനത്തും അധികാരത്തുടര്‍ച്ച നേടാന്‍ ബിജെപിക്കായില്ല.
മോദിപ്രഭാവമില്ല, ഭരണവിരുദ്ധ വികാരം
ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് വ്യക്തമാകുന്നത്. 2018 ലെ വോട്ട് വിഹിതത്തില്‍ ബിജെപിക്ക് വലിയ നഷ്ടമുണ്ടായിട്ടില്ലെങ്കിലും 39 സീറ്റ് കുറഞ്ഞു. കോണ്‍ഗ്രസ് 56 സീറ്റ് അധികമായി നേടിയപ്പോള്‍ ജെഡിഎസിന് 18 സീറ്റിന്‌റെ നഷ്ടമുണ്ടായി.
നിലവിലെ കക്ഷിനില ( ബിജെപി- 120 കോണ്‍ഗ്രസ്-69 , ജെഡിഎസ്- 32 ) കണക്കാക്കിയാല്‍ ബിജെപിക്കും ജെഡിഎസിനുമേറ്റ തിരിച്ചടി വലുതാണ്. 'ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍' എന്ന ബിജെപി അവകാശവാദം തള്ളിയ കന്നഡിഗര്‍, കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയാണ് നല്‍കിയത്. എട്ട് മന്ത്രിമാര്‍ തോറ്റു. ഇതിലേറെയും സഖ്യ സര്‍ക്കാരിനെ വീഴ്ത്തി ബിജെപി പാളത്തിലെത്തിയവരാണ്.
നഗരമേഖലയില്‍ മുന്‍പില്ലാത്ത മേധാവിത്തമാണ് കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത്. ബെംഗളൂരു നഗരമേഖലയില്‍ ബിജെപിയെ പിന്തള്ളി. ആറ് മേഖലകളില്‍ തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് മേല്‍ക്കൈ നേടിയത്. അവിടെയും 2018 ല്‍ നേടിയ മൂന്ന് സീറ്റെന്ന നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായി. പരമ്പരാഗതമായി ബിജെപിക്ക് വേരോട്ടമുള്ള മുംബൈ കര്‍ണാടകയിലും മധ്യകര്‍ണാടകയിലും കോണ്‍ഗ്രസ് ആധിപത്യം നേടി. ഹൈദരാബാദ്, ബെംഗളൂരു മേഖലകളില്‍ കൂടുതല്‍ കരുത്തുകാട്ടി. ജെഡിഎസിന് വേരോട്ടമുള്ള ഓള്‍ഡ് മൈസൂരു മേഖലയിലും കോണ്‍ഗ്രസിനാണ് നേട്ടം.
കോൺഗ്രസ് തരംഗത്തിലും വീണ ഷെട്ടാര്‍
ശക്തമായ കോണ്‍ഗ്രസ് തരംഗത്തിലും നേട്ടമുണ്ടാക്കാന്‍ ജഗദീഷ് ഷെട്ടാറിനായില്ല. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശ്വാസമായ ഏക മുന്നേറ്റമുണ്ടായത് ഹുബ്ബള്ളി- ധന്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലാണ്. അവിടെ ബിജെപിയുടെ മഹേഷ് തേങ്കിനക്കിയാണ് മുന്‍മുഖ്യമന്ത്രി ഷെട്ടാറിനെ തോല്‍പ്പിച്ചത്. 35,570 വോട്ടിന്‌റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ജയം. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷെട്ടാര്‍ കോണ്‍ഗ്രസിനൊപ്പം ചേർന്നത്. അതേസമയം ബി ജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദി , അത്താനി മണ്ഡലത്തില്‍ വിജയിച്ചു.
അപ്രസക്തം ജെഡിഎസ്
കിങ്‌മേക്കറല്ല, ഇത്തവണ കിങ് തന്നെയാകുമെന്ന എച്ച് ഡി കുമാരസ്വാമിയുടെ അവകാശവാദങ്ങള്‍ കര്‍ണാടക തള്ളി. ശക്തികേന്ദ്രമായ മൈസൂരു മേഖലയിലടക്കം ജെഡിഎസ് വോട്ടുറപ്പിക്കാന്‍ പാടുപെട്ടു. 2018 ല്‍ 37 മണ്ഡലങ്ങളിൽ വിജയിച്ച ജനതാദള്‍ എസിന് ഇത്തവണ ലഭിച്ചത് 19 സീറ്റ്. വോട്ട് ശതമാനം 13.3 ആയി കൂപ്പുകുത്തി. 2004 ( 55 സീറ്റുകള്‍ )ന് ശേഷം നില മെച്ചപ്പെടുത്താനാകാതെ താഴോട്ട് പോവുകയാണ് ജെഡിഎസിന്‌റെ കക്ഷിനില.
ജനവിധിയില്‍ വീണവരും വാണവരും
കനക്പുരയില്‍ ബിജെപിയിലെ കരുത്തന്‍ ആര്‍ അശോകയെ ഒരുലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡി കെ ശിവകുമാര്‍ തോല്‍പ്പിച്ചത്. അതേസമയം സിറ്റിങ് മണ്ഡലമായ പദ്മനാഭ നഗരയില്‍ ആര്‍ അശോക വിജയിച്ചു. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയില്‍ വിജയിച്ചു. സിദ്ധരാമയ്യയോട് തോറ്റ വി സോമണ്ണ സിറ്റിങ് മണ്ഡലമായ ചാമ്രാജ്‌നഗറിലും തോറ്റു.
ശിക്കാരിപുരയില്‍ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര വിജയിച്ചു. ചിക്കമംഗളൂരുവില്‍ സി ടി രവി തോറ്റു. കോണ്‍ഗ്രസിലെ പ്രമുഖരായ കെ എച്ച് മുനിയപ്പ, എം ബി പാട്ടീല്‍, പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവിലും മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയില്‍ വിജയിച്ചു.
സഹോദരങ്ങള്‍ രണ്ടു ചേരിയില്‍ അണിനിരന്ന സൊറബയില്‍ കോണ്‍ഗ്രസിന്‌റെ മധു ബംഗാരപ്പ ബിജെപിയുടെ കുമാര്‍ ബംഗാരപ്പയെ തോല്‍പ്പിച്ചു. കർണാടക നിയമസഭയിലേക്ക് മത്സരിച്ച മലയാളികളായ കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു.
നാലോളം സ്വതന്ത്രര്‍ കര്‍ണാടകയില്‍ വിജയക്കൊടി പാറിച്ചു. ബിജെപി ബന്ധം പിരിഞ്ഞ്, കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച ജനാര്‍ദന റെഡി ഗംഗാവതിയി വിജയിച്ചു. കോണ്‍ഗ്രസിന്‌റെ ഇഖ്ബാല്‍ അന്‍സാരിയെയാണ് തോല്‍പ്പിച്ചത്. മണ്ഡലത്തില്‍ ബിജെപി മൂന്നാമതായി. ജെഡിഎസ് പിന്തുണയോടെ മത്സരിച്ച ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
കോണ്‍ഗ്രസിലേക്ക് ചെരിഞ്ഞ ലിംഗായത്തുകള്‍
സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തുണയായി. പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിനെ തുണച്ചു. ലിംഗായത്ത് മേഖലകളില്‍ ബിജെപിക്ക് തിരിച്ചടിയാണുണ്ടായത്. 30 വര്‍ഷത്തിനുശേഷമാണ് ലിംഗായത്തുകള്‍ കോണ്‍ഗ്രസിനോടടുക്കുന്നത്. മുഖ്യമന്ത്രി ആയിരുന്ന വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി മാറ്റിയതോടെ 1989 ലാണ് ലിംഗായത്തുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. തുടര്‍ന്ന് ബിജെപിയുടെ ഉറച്ച വോട്ടായിരുന്നു ലിംഗായത്തുകള്‍.
മുഖ്യമന്ത്രിയാര്? ചർച്ചകൾ സജീവം
അധികാരം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേത്ത് കോൺഗ്രസ് കടന്നു. നാളെ ചേരുന്ന നിയസഭാകക്ഷിയോഗം മുഖ്യമന്ത്രിയടക്കമുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കും. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മേൽക്കൈ. കോൺഗ്രസിലെ ഏറ്റവും ജനകീയമായമുഖമാണ് സിദ്ധരാമയ്യ. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ സിദ്ധരാമയ്യയ്ക്ക് അനുകൂല ഘടകമാണ്.
കർണാടകയിലെ ചാണക്യൻ, ഡി കെ ശിവകുമാറിന്റെ പേരും മുഖ്യമന്ത്രി പദത്തിൽ സജീവമായി പരിഗണിക്കുന്നുണ്ട്. ലിംഗായത്ത് വോട്ടിൽ കോൺഗ്രസിന് അനുകൂലമായി ഉണ്ടായ വലിയ ഷിഫ്റ്റ് , എം ബി പാട്ടീലിനും സാധ്യത നൽകുന്നു. മുതിർന്ന നേതാവ് ജി പരമേശ്വരയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. തർക്കമില്ലാതെ നേതാവിനെ തിരഞ്ഞെടുത്ത്, വലിയ വിജയത്തിന്റെ ശോഭ കെടുത്താതിരിക്കാനാകും സംസ്ഥാന- ദേശീയ നേതൃത്വത്തിന്റെ ശ്രമം.