ഹിന്ദുത്വ കാർഡിനെ മറികടക്കാൻ പിന്നാക്കസംവരണ രാഷ്ട്രീയത്തിനാകുമോ?
മധ്യപ്രദേശില്‍ ബി ജെ പിയും കോൺഗ്രസും നേര്‍ക്കുനേര്‍

ഹിന്ദുത്വ കാർഡിനെ മറികടക്കാൻ പിന്നാക്കസംവരണ രാഷ്ട്രീയത്തിനാകുമോ? മധ്യപ്രദേശില്‍ ബി ജെ പിയും കോൺഗ്രസും നേര്‍ക്കുനേര്‍

സംസ്ഥാനത്ത് അഞ്ചാം തവണയും അധികാരം പിടിക്കുകയെന്ന ഏകലക്ഷ്യവുമായി ബിജെപി ഹിന്ദുത്വ കാർഡിറക്കുമ്പോൾ ജാതി സെൻസസും പിന്നാക്ക സംവരണവുമാണ് കോൺഗ്രസിന്റെ തുറുപ്പുചൂട്ട്
Updated on
3 min read

ഹൃദയഭൂമിയില്‍ പോരാട്ടം നേര്‍ക്കുനേര്‍ ആണ്. അഞ്ചാംതവണയും അധികാരം ലക്ഷ്യമാക്കി ബിജെപിയും 'ഇന്ത്യ' മുന്നണിയായതിന്റെ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ പയറ്റിനിറങ്ങുമ്പോള്‍ ഹിന്ദുത്വയും ജാതി സെന്‍സസും സംവരണവും തൊഴിലില്ലായ്മയയും അടക്കം വിഷയങ്ങള്‍ നിരവധിയാണ്. നവംബര്‍ 17ന് വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളില്‍ എത്തും മുന്‍പ് ജനമനസുകളില്‍ ഇടംനേടാനുള്ള രാഷ്ട്രീയകരുനീക്കങ്ങളാല്‍ സജീവമാണ് മധ്യപ്രദേശ്.

പതിനഞ്ച് വര്‍ഷത്തെ ബിജപി ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു 2018 തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിന്റെ അധികാരം കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 230 അംഗ സഭയില്‍ 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയപ്പോള്‍ ബിജെപിക്ക് നേടാനായത് 109 സീറ്റാണ്. ബിഎസ്‍‌പി അടക്കം പ്രാദേശിക പാര്‍ട്ടികള്‍ ചിത്രത്തില്‍നിന്ന് മാഞ്ഞ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2018ലേത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മന്ത്രിസഭയുടെ ആയുസ് പക്ഷേ 15 മാസം മാത്രമായിരുന്നു. ജനാധിപത്യപരമായി അധികാരം നഷ്ടമാകുന്നിടങ്ങളില്‍ തിരിച്ചെത്താന്‍ ബിജെപി പ്രയോഗിക്കുന്ന ഓപ്പറേഷന്‍ താമര തന്നെയായിരുന്നു മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെ പതനത്തിന്റെയും ആധാരശില. സംസ്ഥാനത്തെ ജനപ്രിയനായ കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യയുടെ മകനും രാഹുല്‍ഗാന്ധി ബ്രിഗേഡിലെ പ്രമുഖനും യുവതുര്‍ക്കിയുമായി ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു ബിജെപി വലയില്‍ വീണ വന്‍ മത്സ്യം. ജ്യോതിരാദിത്യയും ആറ് മന്ത്രിമാരും അടക്കം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാളയത്തിലെ പടയില്‍ മറുകണ്ടം ചാടിയതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തുകയും നാലാം തവണ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഉദയം കൊള്ളുകയും ചെയ്തത്.

ഹിന്ദുത്വ കാര്‍ഡ് വീണ്ടും പ്രയോഗിക്കാൻ ബിജെപി

അഞ്ചാം തവണയും അധികാരം പിടിക്കുക എന്ന ഏകലക്ഷ്യവുമായാണ് ബിജെപി രാഷ്ട്രീയകരുക്കള്‍ നീക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് പാര്‍ട്ടി. ഹിന്ദുത്വകാര്‍ഡ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ തുറുപ്പുചീട്ട്. തിരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി തന്ത്രപരമായി ഹിന്ദുത്വ വിഷയം ഉയര്‍ത്തുന്നുണ്ട്. ഇതില്‍ പ്രദാനം സനാതന ധര്‍മ തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് നേരെയുള്ള ആക്രമണമാണ്. സനാതന ധര്‍മത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി ശ്രമിക്കുന്നെന്ന പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പരസ്യമായ പോര് തുടങ്ങിയത്. ഉജ്ജയിനിലെ മഹാകാല്‍ ലോക് ഇടനാഴിയും ഓംകാരേശ്വരിലെ ആദിശങ്കരാചാര്യ പ്രതിമയും ഉള്‍പ്പെടെയുള്ള മതപരമായ ടൂറിസ്റ്റ് സര്‍ക്യൂട്ടുകളുടെ വികസനവും ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് സഹായകമാകുമെന്ന് ബിജെപി കരുതുന്നു.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പരസ്യമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. മാത്രമല്ല, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍നാഥ്, താന്‍ ഹനുമാന്‍ ഭക്തനായി സ്വയം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും 'മൃദു' ഹിന്ദുത്വമാണ് പയറ്റുകയെന്ന സൂചനയും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന വിരുദ്ധ പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ ആദ്യ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കമല്‍നാഥ്. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ബജ്റംഗ്ദള്‍ അടക്കമുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തരം നിലപാട് മധ്യപ്രദേശില്‍ ഉണ്ടാകില്ല.

ഹിന്ദുത്വ അജണ്ടയ്ക്കു പുറമേ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിയും പിന്നാക്ക വിഭാഗ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ബിജെപിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ആദിവാസി മേഖലകളിലും പരമ്പരാഗതമായി കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങളിലും സ്വാധീനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട 39 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി ആദ്യം പ്രഖ്യാപിച്ചത്. ഇവയെല്ലാം ബുന്ദേല്‍ഖണ്ഡ്, ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളിലാണ്. പട്ടികയില്‍ 21 സംവരണ മണ്ഡലങ്ങളുണ്ട്. 13 പട്ടികവര്‍ഗ (എസ് ടി) സീറ്റുകളും എട്ട് പട്ടികജാതി (എസ് സി) സീറ്റുകളും അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പട്ടികയില്‍ ഇടംപിടിച്ചു.

കോൺഗ്രസിന്റെ വജ്രായുധം ജാതി സെന്‍സസ്

ജനസംഖ്യയുടെ 50 ശതമാനത്തോളം പിന്നാക്ക വിഭാഗങ്ങളു(ഒബിസി)ള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതുവരെയുള്ള ഭൂരിപക്ഷം തിരഞ്ഞെടുപ്പുകളിലും ബിജെപിക്കൊപ്പംനിന്ന ചരിത്രമാണ് ഒബിസി വിഭാഗക്കാര്‍ക്കുള്ളത്. എന്നാല്‍, ജാതി സെന്‍സസെന്ന കോണ്‍ഗ്രസിന്റെ വജ്രായുധത്തില്‍ ബിജെപി നന്നേ വിരണ്ടതായാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ നല്‍കുന്ന സൂചന. ജാതിസെന്‍സസിനോട് ഇതുവരെ ബിജെപി ഉന്നത നേതൃത്വം പ്രതികരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന് അനുകൂലഘടകമായി മാറാന്‍ സാധ്യതയേറെയാണ്.

2019-ല്‍ കമല്‍നാഥ് സര്‍ക്കാര്‍ സര്‍ക്കാര്‍ ജോലികളില്‍ ഒബിസി സംവരണം 27 ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ഇത് തള്ളി. ഈ വിഷയങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന പ്രചാരണ വിഷയങ്ങളാകും. ഒബിസി സംവരണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി മാത്രമാണ് ബിജെപിക്കെതിരേ ശക്തമായ രംഗത്തെത്തിയത്. വനിതാ ക്വോട്ടയില്‍ ഒബിസി സംവരണത്തിനായി വാദിക്കുന്ന സുപ്രധാന നേതാവാണ് ഉമ.

ജാതി സെന്‍സസിനെ ചെറുക്കാന്‍ പ്രബല ഒ ബി സി വിഭാഗക്കാരനും ലോദി സമുദായാംഗവും കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ് സിങ് പട്ടേലിനെ ബിജെപി നേരത്തേ തന്നെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ദളിത് വോട്ടുകള്‍ നേടാനാകുമെന്ന വിശ്വാസത്തില്‍ ഫഗ്ഗാന്‍ സിങ് കുല്‍സാത്തെയേയും സ്ഥാനാര്‍തിയാക്കിയിട്ടുണ്ട് ബിജെപി.

ഇതുകൂടാതെ, വനിതസംവരണ ബില്‍ എന്നത് ഉയര്‍ത്തിക്കാട്ടി ആരോപണങ്ങളെ നേരിടാമെന്ന ചിന്തയിലാണ് ബിജെപി. 5.52 കോടി ജനങ്ങളില്‍ 2.67 കോടി സ്ത്രീകളുള്ള മധ്യപ്രദേശ് വോട്ടര്‍മാര്‍ക്കു മുന്നിലേക്ക് വനിതാബില്‍ തങ്ങളുടെ സാക്ഷാത്കരണമെന്ന വാദമാകും ബിജെപി മുന്നോട്ടുവയ്ക്കുക.

വിജയം കാണുമോ പൈസ ദോ, കാം ലോ മുദ്രാവാക്യം

ഭരണവിരുദ്ധ വികാരം മറികടക്കുക എന്നതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ഹിമാചലിന്റെയും കര്‍ണാടകയുടെയും അനുഭവം മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. '50 ശതമാനം കമ്മീഷന്‍' സര്‍ക്കാര്‍ എന്ന പ്രചാരണമാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ നിലംപരിശാക്കി കോണ്‍ഗ്രസ് വന്‍വിജയം നേടാന്‍ ഇടയാക്കിയ പ്രധാന ഘടകം. ഇതേ പ്രചാരണായുധം മധ്യപ്രദേശിലും പയറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ചൗഹാന്‍ സര്‍ക്കാര്‍ അഴിമതിയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണെന്ന് കമല്‍നാഥ് നിരന്തരം ആരോപിക്കുന്നുണ്ട് 'അഴിമതിക്ക് പരിധിയില്ല' എന്നാരോപിച്ചാണ് അദ്ദേഹം ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 'പൈസ ദോ, കാം ലോ (പണം കൊടുക്കൂ, ജോലി എടുക്കൂ)' എന്ന മുദ്രാവാക്യം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.

അഴിമതിക്കുപിന്നാലെ, ഉയരുന്ന തൊഴിലില്ലായ്മ കണക്കുകള്‍ക്കും ബിജെപി മറുപടി പറയേണ്ടി വരും. സര്‍ക്കാര്‍ ജോലികളുടെ ദൗര്‍ലഭ്യം മൂലം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകളും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 21 സര്‍ക്കാര്‍ ജോലികള്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയതെന്ന് ജൂണ്‍ 12 ന് ജബല്‍പൂര്‍ പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. അതേസമയം, തൊഴിലില്ലായ്മ സംബന്ധിച്ചു നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 39,93,149 പേര്‍ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വീടുകളിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയെന്നത് പ്രാവര്‍ത്തികമാക്കുമെന്നാണ് ബിജെപി വാഗ്ദാനം.

പാര്‍ട്ടിയിലെ ശക്തികേന്ദ്രങ്ങളായ ശിവരാജ് സിങ് ചൗഹാന്‍, നരേന്ദ്ര തോമാര്‍, വി ഡി ശര്‍മ, നരോത്തം മിശ്ര, ജ്യോതിരാദിത്യ സിന്ധ്യ എന്നീ ശക്തരെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. നിലവിലെ എം എല്‍ എമാരില്‍ 35 ശതമാനം പേര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാണിക്കാതെയാണ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമായും ഉയര്‍ത്തിക്കാട്ടുകയെന്ന രാഷ്ട്രീയതന്ത്രമാണ് ബിജെപി പയറ്റുന്നത്.

നിയമസഭയിൽ കുറഞ്ഞാലും ലോക്‌സഭയില്‍ കൂടുന്ന ബിജെപി വോട്ട് വിഹിതം

1980 മുതല്‍ ഒമ്പതു തവണയാണ് ബിജെപി മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതിൽ അഞ്ച് തവണ രണ്ടായിരത്തിൽ മധ്യപ്രദേശ് വിഭിജിച്ച് ഛത്തിസ്‌ഗഡ് രൂപീകരിക്കും മുന്‍പാണ്. 320 സീറ്റാണ് വിഭജനത്തിന് മുന്‍പുണ്ടായിരുന്നത്.

1990ലെ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം സീറ്റും വോട്ടും വാങ്ങി വിജയിച്ചത്. മത്സരിച്ച 320 സീറ്റില്‍ 220 എണ്ണത്തിൽ ബിജെപി വിജയിച്ചു. 46.5 ശതമാനമായിരുന്നു വോട്ട് വിഹിതം. എന്നാല്‍, സീറ്റുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചത് 2018 തിരഞ്ഞെടുപ്പിലാണ്. എന്നാൽ വോട്ട് വിഹിതം 41.33 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ ബിജെപിക്കായി.

1980 മുതല്‍ 2018 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം 31.38 ശതമാനം മുതല്‍ 46.5 ശതമാനം വരെയാണ്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 1984 മുതല്‍ വോട്ട് വിഹിതം ക്രമാനുഗതമായി വര്‍ധിക്കുകയാണ്. 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38.82 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ 1996ല്‍ 41.32 ശതമാനം വോട്ട് നേടി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 41.33 ശതമാനമായിരുന്നു വോട്ടു വിഹിതമെങ്കില്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം നടന്ന 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 58.23 ശതമാനമായി കുത്തനെ ഉയര്‍ത്താൻ സാധിച്ചു.

logo
The Fourth
www.thefourthnews.in